Image

ശാലുവിനെ സംശയിക്കാന്‍...ജോര്‍ജ്ജ് പറയുന്നതില്‍ കഴമ്പുണ്ടാകും

Published on 30 June, 2013
ശാലുവിനെ സംശയിക്കാന്‍...ജോര്‍ജ്ജ് പറയുന്നതില്‍ കഴമ്പുണ്ടാകും
സോളാര്‍ തട്ടിപ്പ് കേസിലെ പ്രമുഖരായ സരിതയും, ബിജു രാധാകൃഷ്ണനും ജോപ്പനും പോലും കുടുങ്ങുമ്പോള്‍ എന്തുകൊണ്ട് ശാലുമേനോന്‍ മാത്രം ഈ ചിത്രത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നു. ശാലുമേനോനെ ഒരു തവണ ചോദ്യം ചെയ്തതല്ലാതെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നതാണ് സത്യം. ശാലുമേനോനെ തൊടരുത് എന്ന് പോലീസ് ഉന്നതര്‍ക്ക് ഭരണ നേതൃത്വത്തില്‍ നിന്നും വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നു. ഒരുപക്ഷെ കോണ്‍ഗ്രസിലെ ചില ഉന്നതര്‍ക്ക് ശാലുവുമായിട്ടുള്ള ബന്ധമാവാം ഇതിനു കാരണം. ശാലു കുടുങ്ങിയാല്‍ തങ്ങളുമായിട്ടുള്ള ബന്ധം പുറത്തു വരുമെന്ന് ഇവര്‍ ഭയക്കുന്നുണ്ടാകാം. അല്ലെങ്കില്‍ സരിത എസ്. നായരും ബിജുവും നടത്തിയ വലിയ അഴിമതിയുടെ പുതിയ മേഖലകള്‍ ശാലുവിലൂടെ പുറത്തു വരുമെന്നും ചിലര്‍ ഭയക്കുന്നുണ്ടാകാം. എന്തായാലും ശാലുമേനോനെ ചിലര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവിശ്യപ്പെട്ടിരിക്കുന്നത് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് തന്നെയാണ്. സോളാര്‍ തട്ടിപ്പ് കേസ് എന്നത് തന്നെ പി.സി ജോര്‍ജ്ജ് ഏറ്റെടുത്തിരിക്കുന്ന കേസായതിനാല്‍ ജോര്‍ജ്ജ് പറയുന്നതില്‍ കഴമ്പുണ്ടാകും എന്നത് വാസ്തവം. 

ബിജു രാധാകൃഷ്ണനും ശാലുമേനോനും തമ്മില്‍ ഏറെക്കാലത്തെ അടുപ്പമുണ്ടായിരുന്നു എന്നത് വ്യക്തമായും തെളിഞ്ഞു കഴിഞ്ഞതാണ്. എന്നാല്‍ ബിജുവുമായിട്ടുള്ള അടുപ്പം വെറും സുഹൃത്ത് എന്ന നിലയില്‍ മാത്രമായിരുന്നു എന്നും തട്ടിപ്പ് കേസില്‍ അയാള്‍ പ്രതിയാകുന്നതോടെയാണ് അയാളുടെ തനിനിറം താന്‍ മനസിലാക്കുന്നതെന്നും തനിക്ക് ഇതില്‍ കൂടുതലൊന്നും തനിക്ക് അറിയില്ലെന്നും സോളാര്‍ തട്ടിപ്പ് എന്നത് തന്നെ എന്താണെന്ന് പിടിയില്ലെന്നുമാണ് ശാലു മേനോന്‍ പറഞ്ഞു നടക്കുന്നത്. 

ഇവിടെ വിവാദമായ സോളാര്‍ തട്ടിപ്പ് കേസിന്റെ ചിത്രത്തിലേക്ക് എങ്ങനെയാണ് ശാലുമേനോന്‍ കടന്നു വരുന്നതെന്ന് നോക്കണം. ബിജു രാധാകൃഷ്ണന്‍ അറസ്റ്റിലായതിന്റെ പിറ്റേന്ന് ശാലുമേനോന്‍ ബിജു സോളാര്‍ തട്ടിപ്പിലൂടെ തന്റെ കൈയ്യില്‍ നിന്നും ഇരുപത് ലക്ഷം രൂപ കബളിപ്പിച്ചുവെന്ന് കാണിച്ച് ചങ്ങനാശേരി എസ്.ഐക്ക് പരാതി നല്‍കി. ബിജുവിന്റെ തട്ടിപ്പിന് ഇരയായ ഒരാള്‍ എന്ന നിലയില്‍ ഒരു ഇമേജ് സൃഷ്ടിക്കാനാണ് ഈ അവസരത്തില്‍ ശാലു ശ്രമിച്ചത്. എന്നാല്‍ പിടിക്കപ്പെടുന്നതിന് തൊട്ടു മുമ്പുള്ള ദിവസം കോയമ്പത്തൂരിലേക്ക് കടക്കാന്‍ ബിജുവിനെ കാറില്‍ പാലക്കാട് എത്തിച്ചതും, ബിജുവിന് സ്വന്തം മൊബൈല്‍ ഫോണ്‍ നല്‍കി സഹായിച്ചതും ശാലൂമേനോനാണ് എന്ന് തെളിഞ്ഞ സ്ഥിതിക്ക് ശാലുമേനോന്‍ എത്രത്തോളം സത്യം പറയുന്നു എന്ന് ആലോചിക്കേണ്ടതുണ്ട്. 

ബിജുമായി ഏറെ അടുപ്പമുള്ള ശാലുമേനോന്‍ ബിജു അറസ്റ്റിലായതിന് തൊട്ടുപുറകെ പരാതിയുമായി എത്തിയത് സത്യത്തില്‍ ഒരു അതിബുദ്ധിയായിരുന്നു എന്ന് വേണം മനസിലാക്കാന്‍. ബിജു അറസ്റ്റിലാകുന്നതോടെ സംഭവത്തില്‍ ശാലുമേനോനുള്ള ബന്ധം സ്വഭാവികമായും പുറത്തു വരുമായിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ഒരുമുഴം മുമ്പേ എറിയുകയായിരുന്നു ശാലു. അതായത് ബിജുവിനെതിരെ ഒരു മുന്‍കൂര്‍ പരാതി നല്‍കി തന്റെ ഭാഗം ക്ലീനാക്കി വെക്കുക. ഇതിനായി ശാലുവിനെ പ്രേരിപ്പിച്ചത് കോണ്‍ഗ്രസിലെ ഒരു എം.പിയാണ് എന്ന് പറയപ്പെടുന്നു.

ഗള്‍ഫിനെ ബിസ്‌നസുകാരനായ റഫീക്ക് അലിയുടെ പരാതിയിലാണ് ശാലുമേനോനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുക്കാന്‍ മതിയായ കാരണങ്ങളുള്ളത്. മണര്‍കാട് സ്വദേശിയായ റഫീക്ക് അലിയില്‍ നിന്നും എഴുപത് ലക്ഷം രൂപയാണ് ബിജു രാധാകൃഷ്ണന്‍ തട്ടിയെടുത്തത് എന്നാണ് പരാതി. അദ്ദേഹത്തിന്റെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന വ്യാജേന തന്നെയായിരുന്നു ഇത്. എഴുപത് ലക്ഷം രൂപയില്‍ ഇരുപത് ലക്ഷം ശാലുമേനോന്റെയും കൂടെ സാന്നിധ്യത്തിലാണ് റഫീക്ക് അഹമ്മദ് ബിജുവിന് നല്‍കിയതെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഇതു മാത്രമല്ല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും വിരമിച്ച ഡോക്ടര്‍ മാത്യു തോമസ് ബിജുവിനെതിരെ നല്‍കിയ പരാതിയില്‍ ശാലുമേനോനെ ബിജുവിന്റെ കമ്പിനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായിട്ടാണ് പരിചയപ്പെടുത്തിയിരുന്നത് എന്ന് പറയുന്നു. എന്നാല്‍ ഈ പരാതികളിലുള്ള ശാലുമേനോന്റെ പേര് മരവിപ്പിക്കാനാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനുള്ള നിര്‍ദ്ദേശം. എന്നാല്‍ സരിതാ നായരും, ബിജുരാധാകൃഷ്ണനും അടങ്ങുന്ന സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജോപ്പന്‍ എപ്രകാരം പ്രതിയാകുന്നോ അതേപോലെ തന്നെ പ്രതിയായി അറസ്റ്റ് ചെയ്യാന്‍ മതിയാകുന്നതാണ് ശാലുവിനെക്കൂടി ആരോപണ വിധേയയാക്കുന്ന റഫീക്ക് അഹമ്മദിന്റെ പരാതി. 

ചലച്ചിത്രതാരമെന്ന നിലയില്‍ ശാലുമേനോനുള്ള ഇമേജും താരമൂല്യവും ഇവിടെ പലരെയും കബളിപ്പിക്കാന്‍ ബിജു രാധാകൃഷ്ണനെ സഹായിച്ചിരുന്നു. ശാലു ഇത് കൃത്യമായി പ്രതിഫലം വാങ്ങിക്കൊണ്ട് ചെയ്തതാണോ, അതോ ബിജു ശാലുവിനെ പറഞ്ഞ് കബളിപ്പിച്ച മുതലെടുക്കുകയായിരുന്നോ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളു. എന്നാല്‍ കബളിപ്പിക്കപ്പെടാന്‍ മാത്രമുള്ള ബന്ധമായിരുന്നില്ല ബിജുവും ശാലുവും തമ്മില്‍ എന്ന് മനസിലാക്കണം. ശാലുവിന് കേരളത്തിലെമ്പാടും ശാഖകളുള്ള നൃത്ത വിദ്യാലയം തുടങ്ങാന്‍ സഹായിച്ചത് ബിജുവായിരുന്നു. ചങ്ങനാശേരിയില്‍ കോടികള്‍ വിലവരുന്ന വീട് ശാലൂ പണിയിച്ചതിനു പിന്നിലും ദുരൂഹതകളുണ്ട്. സിനിമയില്‍ കാര്യമായ വേഷങ്ങളൊന്നും ചെയ്തിട്ടില്ലാത്ത ശാലു പിന്നീട് തിളങ്ങിയത് സീരിയലിലാണ്. എന്നാല്‍ ഒരു സീരിയല്‍ താരത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ പകിട്ടിനേക്കാള്‍ ഏറെ വലുതായിരുന്നു ആഡംബര വീടും കാറുമൊക്കെയായി നടന്നിരുന്ന ശാലൂവിനുണ്ടായിരുന്നത്. 

ഇതിനൊപ്പം കോണ്‍ഗ്രസിലെ കോട്ടയം ജില്ല നേതൃത്വത്തിലുള്ള ഒരു ഉന്നതനും ശാലുവുമായി പണമിടപാട് നടത്തിയിട്ടുണ്ട് എന്നും പറയപ്പെടുന്നു. ശാലുവിനെതിരെ പരാതിയില്‍ പരാമര്‍ശങ്ങളുണ്ടായിട്ടും ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്നു തന്നെ അവരെ അറസ്റ്റ് ചെയ്തത് ഒഴിവാക്കാന്‍ പോലീസിന് നിര്‍ദ്ദേശം വന്നുവെന്ന് പറയപ്പെടുന്നതിന് പിന്നിലെ കാരണം ഇതുതന്നെയാവണം. 

ഇതിനെല്ലാം പുറമെ വെറും സീരിയല്‍ താരം മാത്രമായിരുന്നു ശാലുവിനെ കേന്ദ്രസെന്‍സര്‍ ബോര്‍ഡ് അംഗമായി നിയമിച്ചതിനു പിന്നില്‍ കൊടിക്കുന്നില്‍ സുരേഷായിരുന്നു. എന്നാല്‍ എന്ത് മാനദണ്ഡങ്ങളുടെ പേരിലാണ് കൊടിക്കുന്നില്‍ സുരേഷ് ശാലുവിനെ സെന്‍സര്‍ ബോര്‍ഡില്‍ എത്തിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഒപ്പം മറ്റൊരു കേന്ദ്രമന്ത്രിയുമായിട്ടും സെന്‍സര്‍ബോര്‍ഡ് അംഗമായതിനു ശേഷം ശാലു നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ഭരണ തലത്തിലെ ചില നേതാക്കളെ ഉള്‍പ്പെടുത്തി ചങ്ങനാശേരിയില്‍ ചില സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ശാലു ഏര്‍പ്പെട്ടിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനായി വലിയ സഹായങ്ങളാണ് മന്ത്രിതലങ്ങളില്‍ നിന്നുപോലും ലഭിച്ചതത്രേ. ഇതും ഇനി അറിയപ്പെടാത്ത മറ്റൊരു തട്ടിപ്പിന്റെ കഥകളായിരിക്കുമോ എന്നും സംശയിക്കേണ്ടതുണ്ട്. 

രണ്ടു വര്‍ഷം മുമ്പാണ് ശാലു മേനോന്‍ സെന്‍സര്‍ ബോര്‍ഡ് സ്ഥാനത്തേക്ക് വരുന്നത്. ടീം സോളാറിന്റെ തട്ടിപ്പുകള്‍ പലതും സംഭവിച്ചതും ഈ കാലയളവിലൊക്കെ തന്നെ. അങ്ങനെ വരുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന പദവി പോലും ശാലുമേനോന്‍ തട്ടിപ്പിനുള്ള ആധികാരിക തെളിവായി ഉപയോഗിച്ചു എന്ന് മനസിലാക്കണം. ഒപ്പം ബിജുരാധാകൃഷ്ണനെ കോയമ്പത്തൂരിലേക്ക് രക്ഷപെടാന്‍ സഹായിക്കുകയും പിന്നീട് അയാള്‍ പിടിയിലായപ്പോള്‍ പരാതിയുമായി വരുകയും ചെയ്ത സാഹചര്യവും തീകച്ചും സംശയാസ്പദമാണ്. 

എന്തായാലും ലക്ഷങ്ങളുടെ തട്ടിപ്പിന് ഇരയായ രണ്ടു പേരുടെ പരാതികളില്‍ ശാലുമേനോന്റെ പേര് വ്യക്തമായി പറയുന്ന സാഹചര്യത്തില്‍ പി.സി ജോര്‍ജ്ജ് ആവിശ്യപ്പെട്ടതുപോലെ തന്നെ ശാലുവിനെക്കൂടി ഉള്‍പ്പെടുത്തി തന്നെ അന്വേഷണം നടത്തേണ്ടതുണ്ട്. ചലച്ചിത്ര താരമെന്ന ലേബല്‍ പലപ്പോഴും തട്ടിപ്പുകളില്‍ ഒരു മുതല്‍ക്കൂട്ടാകുന്നത് എത്രയോ തവണ കണ്ടിട്ടുള്ളതാണ്. ഇവിടെയും അതു തന്നെയാണോ സംഭവിച്ചതെന്ന് വ്യക്തമാകണമെങ്കില്‍ ശാലുവിനെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുക തന്നെ ചെയ്യണം.
ശാലുവിനെ സംശയിക്കാന്‍...ജോര്‍ജ്ജ് പറയുന്നതില്‍ കഴമ്പുണ്ടാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക