Image

ലീഗ്‌വിരുദ്ധ പ്രസ്താവനയുടെ രാഷ്ട്രീയം

Published on 30 June, 2013
ലീഗ്‌വിരുദ്ധ പ്രസ്താവനയുടെ രാഷ്ട്രീയം
കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ മറ്റൊരു പോര്‍മുഖം തുറന്നിരിക്കുകയാണ് രമേശ് ചെന്നിത്തലയും മുരളിധരനും ചേര്‍ന്ന്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് അസന്നിഗ്ധമായി തുറന്നു പറയുകയായിരുന്നു കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല. രമേശില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ലീഗ്‌വിരുദ്ധ വിമര്‍ശനങ്ങള്‍ യുഡിഎഫ് മുന്നണി സംവിധാനത്തെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. താന്‍ ഉദ്ദേശിച്ചത് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ രമേശ് ചെന്നിത്തല പിന്നീട് പറയുന്നുണ്ടെങ്കിലും ചെന്നിത്തല പറഞ്ഞത് എന്തൊക്കെയെന്ന് വ്യക്തമായും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. 

മുസ്ലിംലീഗ് കോണ്‍ഗ്രസിന് ഒരു ബാധ്യതയാകുമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് സി.കെ ഗോവിന്ദന്‍ നായര്‍ പറഞ്ഞിരുന്നുവെന്നും ഗോവിന്ദന്‍ നായരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നിലപാട് ഇന്ന് ശരിയായി വന്നിരിക്കുന്നുവെന്നുമാണ് ചെന്നിത്തല കോഴിക്കോട് വെച്ച് കഴിഞ്ഞ ദിവസം തുറന്നടിച്ചത്. ഒപ്പം വര്‍ഗീയ ശക്തികളുമായിട്ടുള്ള ബന്ധത്തില്‍ ലക്ഷമണ രേഖ വേണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തപ്പോള്‍ ലീഗിനെ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ എങ്ങനെ കാണുന്നുവെന്നതിന് മറ്റൊരു ദൃഷ്ടാന്തം വേണ്ടതില്ലല്ലോ. 

ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. മുസ്ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണോ എന്ന ചോദ്യം. ഒരിക്കലുമല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മത വര്‍ഗീയതയെ പ്രത്യക്ഷത്തില്‍ പ്രോല്‍സാഹിപ്പിച്ച ചരിത്രം മുസ്ലിം ലീഗിനില്ല. മാത്രമല്ല മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ഏറെ പ്രവര്‍ത്തിച്ചിട്ടുള്ള സംഘടന കൂടിയാണത്. ഹിന്ദുത്വ ശക്തികള്‍ ബാബറി മസ്ജിദ് പൊളിക്കപ്പെട്ട കാലത്ത് ഇന്ത്യയിലെമ്പാടും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായപ്പോള്‍ കേരളത്തില്‍ വര്‍ഗീയയെ ചെറുക്കാനും മുസ്ലിം സമൂഹത്തെ ശാന്തമാക്കാനും മുസ്ലിംലീഗും പാണക്കാട് കുടുബവും രംഗത്തിറങ്ങിയത് കേരളീയ ചരിത്രം മറക്കാന്‍ പാടില്ല. അന്ന് പാണക്കാട് ശിഹാബ് തങ്ങളുടെ ധീരമായ പ്രവര്‍ത്തനം വലിയ കെടുതികളില്‍ നിന്നും കേരളത്തെ രക്ഷിച്ചു എന്ന് തന്നെ പറയണം. ഒപ്പം ഇസ്ലാമിന്റെ പേരില്‍ രംഗത്തെത്താറുള്ള മത വര്‍ഗീയ ശക്തികളെ തുരത്തുന്നതില്‍ ലീഗ് ശക്തമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. യൂത്ത് ലീഗിന്റെ സാരഥിയായിരുന്നപ്പോള്‍ കെ.എം ഷാജി എം.എല്‍.എ ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിരന്തരമായ സമരങ്ങള്‍ തന്നെ നടത്തിയിരുന്നു. ഷാജിയും മുനീറുമെല്ലാം ഇപ്പോഴും ഇക്കാര്യത്തില്‍ കര്‍ശന നിലാപടുള്ളവരാണ്. മാത്രമല്ല മുസ്ലിം സമുദായത്തില്‍ നിന്നും ഇതര സമുദായങ്ങളിലേക്കുള്ള സൗഹൃദം സൃഷ്ടിക്കുന്നതിനും ഒരു കാലത്ത് ലീഗായിരുന്നു പ്രധാന പങ്കുവഹിച്ചിരുന്നത്. 

എന്നാല്‍ ഇവിടെ പ്രശ്‌നം മറ്റൊന്നാണ്. ഒരു മതവര്‍ഗീയ ശക്തിയെന്ന പേരില്‍ ഒരിക്കലും കാണാന്‍ കഴിയില്ല എങ്കിലും ഇന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു സാമുദായിക പാര്‍ട്ടിയായി ലീഗ് മാറി കഴിഞ്ഞിരിക്കുന്നു എന്നത് യഥാര്‍ഥ്യമാണ്. ഇവിടെയാണ് മുസ്ലിം ലീഗ് സാര്‍വത്രികമായി മറ്റു മതേതര സംഘടനകളാല്‍ എതിര്‍ക്കപ്പെടുന്നത്. ഏറ്റവും അവസാനമായി മുസ്ലിം പെണ്‍കുട്ടികളുടെ വിവഹപ്രായം 16 വയസായി കുറച്ചുകൊണ്ടുള്ള ഗവണ്‍മെന്റ് സര്‍ക്കുലറിന്റെ കാര്യമെടുക്കുക. ഇതിന് പിന്നീല്‍ മുസ്ലിംലീഗായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. തീര്‍ത്തും പുരോഗമന വിരുദ്ധമായ, സ്ത്രീ വിരുദ്ധമായ, വാസ്തവത്തില്‍ മുസ്ലിം വിരുദ്ധം കൂടിയായ ഇത്തരമൊരു നീക്കത്തിന് ലീഗിനെ പ്രേരിപ്പിച്ചത് യാഥാസ്തിക മനോഭാവത്തില്‍ മുസ്ലിം സമൂഹത്തെ നിലനിര്‍ത്താവാനുള്ള താത്പര്യം കൂടിയാണെന്നതില്‍ സംശയവുമില്ല. കാരണം ലീഗിനെപ്പോലെ മുസ്ലിം സമുദായത്തിനുള്ളില്‍ മാത്രമായി ചട്ടക്കൂടുള്ള ഒരു പാര്‍ട്ടിക്ക് മുസ്ലിം സമുദായത്തിന്റെ പിന്തുണ മാത്രമേ പ്രതീക്ഷിക്കാന്‍ കഴിയുക. അപ്പോള്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമുഹം പുരോഗമന ചിന്തയിലേക്ക് ഒരു പരിധിയില്‍ കൂടുതലായി പ്രവേശിക്കരുതെന്ന് ഒരു രഹസ്യമായ അജണ്ട അവര്‍ക്കുണ്ടാകാം. അല്ലെങ്കില്‍ പിന്നെ എന്തിന്റെ പേരിലായിരുന്നു മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറാക്കാനുള്ള നീക്കം നടത്തിയത്. ഇതിനെ പിന്തുണച്ചത് മതയാഥാസ്ഥിതികരാണെന്ന് തുടര്‍ ദിവസങ്ങളിലെ പ്രസ്താവനകള്‍ തെളിയിച്ചതാണ്. പൊതുവെ പുരോഗമനത്തിന്റെ മുഖംമൂടിയണിയുന്ന ജമാത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും പോലുള്ള ഇസ്ലാമിക സംഘടനകള്‍ പോലും ഈ നീക്കത്തെ പിന്തുണച്ചു. എന്നുവെച്ചാല്‍ മുസ്ലിം സമൂഹത്തിലെ ഒട്ടുമിക്ക സംഘടനകളുടെയും രഹസ്യമായ ഒരു താത്പര്യമായിരുന്നു ലീഗ് ഭരണ തലത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. ഇവിടെയാണ് സാമുദായിക താത്പര്യങ്ങള്‍ നടപ്പാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു സംഘടനയായി ലീഗ് മാറുന്നത്. 

ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വേണം രമേശ് ചെന്നിത്തലയുടെ പ്രസ്താവനകളെ കാണാന്‍. അതുകൊണ്ടു തന്നെ രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ലീഗിന് അത്ര എളുപ്പം കഴിയുകയുമില്ല. അഞ്ചാം മന്ത്രി വിവാദം, പച്ച ബ്ലൗസ് വിവാദം, നിലവിളക്ക് വിവാദം തുടങ്ങിയ ഓരോ വിഷയങ്ങളും ലീഗിന്റെ യാഥാസ്തികതയും, സമര്‍ദ്ദ രാഷ്ട്രീയവും വെളിപ്പെടുത്തുന്നതാണ്. എന്നാല്‍ പൊതുവില്‍ സാമൂദായിക പ്രീണനം രാഷ്ട്രീയ അജണ്ടയായി സ്വീകരിച്ച കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് ഇത്തരം സമര്‍ദ്ദങ്ങള്‍ക്ക് മുമ്പില്‍ അടിയറവ് പറയുന്ന കാഴ്ചയാണ് കണ്ടു വന്നിരുന്നത്. ഇതിനെതിരെ കോണ്‍ഗ്രസില്‍ നിന്നു തന്നെയുള്ള ആദ്യത്തെ ശക്തമായ പ്രതികരണമാണ് കോണ്‍ഗ്രസ് അധ്യക്ഷനായ രമേശ് ചെന്നിത്തലയുടേത്. 

ഇനി രമേശ് ചെന്നിത്തലയുടെ ലീഗ് വിമര്‍ശന പ്രസ്താവനയുടെ പൊളിറ്റിക്കല്‍ താത്പര്യം എന്തെന്ന് കൂടി പരിഗണിക്കേണ്ടതുണ്ട്. നിലവില്‍ യുഡിഎഫ് ഭരണം ഉമ്മന്‍ചാണ്ടിയുടെ പിടിയില്‍ നില്‍ക്കുമ്പോള്‍ ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പിന് അവിടെ പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ല. മന്ത്രിസഭാ വികസനം അടക്കമുള്ള ഭരണ കാര്യങ്ങളിലൊന്നും കോണ്‍ഗ്രസ് കേരളാ ഘടകത്തെ എ ഗ്രൂപ്പ് അടുപ്പിക്കുന്നില്ല എന്നതാണ് യഥാര്‍ഥ്യം. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരാന്‍ ഐ ഗ്രൂപ്പ് ശക്തമായ നിലപാട് എടുത്തതിന് പിന്നില്‍ ഭരണത്തില്‍ തങ്ങള്‍ക്കും പ്രതിനിധ്യം വേണമെന്ന താത്പര്യമായിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി സ്ഥാനത്തെ എ ഗ്രൂപ്പ് പൊളിച്ചടുക്കിയത് ലീഗിനെ കൂട്ടുപിടിച്ചായിരുന്നു. ഉപമുഖ്യമന്ത്രി പദം എന്നൊന്ന് സൃഷ്ടിച്ചാല്‍ അത് ലീഗിന് വേണമെന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നയം. ലീഗ് ഇവിടെ എന്നത്തെയും പോലെ ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്നു. അതോടെ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം പാടെ പൊളിഞ്ഞു വീണു. ഇതിനു പിന്നാലെയാണ് കെ.മുരളീധരന്‍ രമേശ് ചെന്നിത്തലക്ക് ഒപ്പമെത്തുന്നത്. ഐ ഗ്രൂപ്പ് ശക്തിപ്പെടുത്തുക എന്നതായിരുന്നു മുരളീധരനുമായി ചെന്നിത്തല സമവായത്തില്‍ എത്താന്‍ കാരണം. രമേശ് ചെന്നിത്തലയുടെ ലീഗ് വിമര്‍ശനത്തോട് ഏറ്റവും അധികം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് മുരളീധരന്‍ തന്നെ. മുമ്പിം മുസ്ലിംലീഗിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിട്ടുണ്ട് മുരളീധരന്‍. ഇതോടെ ലീഗ് വിമര്‍ശനത്തില്‍ ചെന്നിത്തല ഒറ്റപ്പെടില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. 

താനുമായി ഇടഞ്ഞു നിന്ന എന്‍.എസ്.എസിനെ അനുനയിപ്പക്കേണ്ട ബാധ്യതയും രമേശ് ചെന്നിത്തലക്കുണ്ടായിരുന്നു. അതിന് ഏറ്റവും നല്ല മാര്‍ഗം മുസ്ലിം ലീഗിനെ വിമര്‍ശിക്കുകയാണെന്ന് ചെന്നിത്തലക്ക് അറിയുകയും ചെയ്യാം. 

എന്തായാലും ചെന്നിത്തലയുടെ ലീഗ് വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെ വല്ലാതെ പ്രതിരോധത്തില്‍ എത്തിച്ചിരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന് എതിരെ ശക്തമായി തിരിയാന്‍ ലീഗിന് കഴിയുമോ എന്നത് പ്രധാന ചോദ്യമാണ്. ചുമ്മാ വിരട്ടാമെന്നാല്ലാതെ ലീഗ് ഒരിക്കലും യുഡിഎഫ് പാളയം ഉപേക്ഷിക്കില്ല എന്നതാണ് സത്യം. ഉപേക്ഷിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ ലീഗ് അസ്തിത്വമില്ലാതെ കറങ്ങുന്ന അവസ്ഥയാകും വന്നു ചേരുക.
ലീഗ്‌വിരുദ്ധ പ്രസ്താവനയുടെ രാഷ്ട്രീയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക