Image

നിറമഴയുടെ സാന്നിധ്യത്തില്‍ നിരുപമ റാവുവിന്റെ കവിതകള്‍

അനില്‍ പെണ്ണുക്കര Published on 02 July, 2013
നിറമഴയുടെ സാന്നിധ്യത്തില്‍ നിരുപമ റാവുവിന്റെ കവിതകള്‍
തേഞ്ഞിപ്പലം: പുറത്ത് കോരിച്ചൊരിയുന്ന മഴ, അകത്ത് "മഴ കനക്കുന്നു' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം. പ്രകൃതിയും കവിത ചൊരിഞ്ഞ മുഹൂര്‍ത്തത്തില്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവുവിന്റെ "റെയ്ന്‍ റൈസിംഗ്' എന്ന കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷ കാലിക്കട്ട് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ അമേരിക്കന്‍ മുന്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ. ടി.പി ശ്രീനിവാസന്‍ പ്രകാശനം ചെയ്തു. 

കാലിക്കട്ട് സര്‍വ്വകലാശാലാ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ "മഴ കനക്കുന്നു' കവിതാ സമാഹാരത്തിന്റെ പ്രകാശനവേള മഴയെക്കുറിച്ചുള്ള ചര്‍ച്ചാവേദി തന്നെയായി. ഒപ്പം ജന്മനാടിന്റെ ആദരം ലഭിക്കുക എന്നതിന്റെ നിര്‍വൃതിയും. മലപ്പുറത്തുകാരുടെ സ്വന്തം നിരുപമ മേനോന്‍ റാവുവിനെ മലപ്പുറം ആദരിക്കുന്ന ചടങ്ങകൂടിയായി അത്. 

സാഹിത്യ അസ്വാദകനും എം.എല്‍.എയുമായ അഡ്വ. കെ.എന്‍.എ ഖാദര്‍ അധ്യക്ഷതവഹിച്ചു. കാവ്യത്തിന്റെ ശക്തിയും നയതന്ത്രത്തിന്റെ ശക്തിയും ഒത്തുചേരുന്ന നിമിഷമാണിതെന്നും, ജീവിതത്തിന്റെ ഒരുവശത്ത് ഗൃഹാതുരത്വവും മറുവശത്ത് സ്വന്തം ജോലിയിലെ പ്രതിബദ്ധതയും കൂടിച്ചേരുമ്പോള്‍ ജീവിതത്തില്‍ കവിത നിരുപമ റാവുവിന് വലിയ ആശ്വാസമായിത്തീരുന്നുവെന്ന് "മഴ കനക്കുന്നു' എന്ന കവിത വായിക്കുമ്പോള്‍ മനസിലാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മഴയുടെ വിവിധ വികാരങ്ങളില്‍ ശോക രസമാണ് നിരുപമ തന്റെ കവിതകളില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാലിക്കട്ട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാം നിരുപമ റാവുവിനെ സദസിന് പരിചയപ്പെടുത്തി. കാലിക്കട്ട് സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഇക്ബാല്‍ ഹസ്‌നൈനാണ് "റെയ്ന്‍ റൈസിംഗ്' മലയാളത്തിലേക്ക് മൊഴിമാറ്റംനടത്തുന്നതിനെക്കുറിച്ച് തന്നോട് ആലോചിച്ചതെന്നും രണ്ടാമതൊന്ന് ആലോചിക്കാതെ സര്‍വ്വകലാശാ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നും വൈസ് ചാന്‍സലര്‍ ഓര്‍മ്മപ്പെടുത്തി. മലപ്പുറം ജില്ലക്കാരിയായ നിരുപമ റാവുവിന്റെ ഇംഗ്ലീഷിലുള്ള കവിതാ ഗ്രന്ഥം മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കട്ട് യൂണിവേഴ്‌സിറ്റി മലയാളത്തില്‍ പ്രസിദ്ധീകരിക്കുകവഴി ആദരവിന് ഒരു പുതിയ മുഖംകൂടി ഞങ്ങള്‍ നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരളാ സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടി.പി. ശ്രീനിവാസന്‍, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ശ്രീമതി പി. വത്സലയ്ക്ക് നല്‍കിയാണ് "മഴ കനക്കുന്നു' പ്രകാശനം ചെയ്തത്. 

നിരുപമ റാവുവിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്യുവാന്‍ ലഭിച്ച അവസരം വലിയ ഭാഗ്യമാണെന്നും നിരുപമയെ കേരളത്തിലെ യുവതമുറ മാതൃകയാക്കണമെന്നും ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. പലപ്പോഴും നര്‍മ്മഭാഷണങ്ങള്‍ നടത്തുന്ന നിരുപമ ശോകഛായയുള്ള കവിതകള്‍ എങ്ങനെ എഴുതിയെന്നത് തനിക്ക് കൗതുകമാണെന്നും അദ്ദേഹം പറഞ്ഞു. 

നിരുപമ റാവു മറുപടി പ്രസംഗം നടത്തി. മലയാളത്തില്‍ എഴുതിവായിച്ച പ്രസംഗം ഏവരേയും അത്ഭുതപ്പെടുത്തി. എന്തുകൊണ്ട് താന്‍ കവിതകളെ ആശ്രയിച്ചുവെന്നും കവിതകളിലൂടെ മാത്രമേ ബാല്യം, കൗമാരം, കുടുംബം, ജീവിതാനുഭവങ്ങള്‍ എന്നിവ വളരെ സ്വതന്ത്രമായി വരിച്ചിടുവാന്‍ സാധിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു. കവിത തനിക്ക് കണ്ണാടിയാണെന്നും ഈ കണ്ണാടിയിലൂടെയാണ് താന്‍ ലോകത്തെ കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മങ്ങാട് പുസ്തകം പരിചയപ്പെടുത്തി. പരിഭാഷയെക്കുറിച്ച് പ്രൊഫ. എം.എന്‍. കാരശേരി പ്രസംഗിച്ചു. സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ ആര്‍.എസ് പണിക്കര്‍, ടി.വി. ഇബ്രഹിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. രവീന്ദ്രനാഥ് സ്വാഗതവും രജിസ്ട്രാര്‍ ഡോ. അബ്ദുള്‍ റസാഖ് നന്ദിയും പറഞ്ഞു.
നിറമഴയുടെ സാന്നിധ്യത്തില്‍ നിരുപമ റാവുവിന്റെ കവിതകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക