Image

മലയാളിയുടെ അമേരിക്കന്‍ സ്വാതന്ത്ര്യം! (ജൂലൈ 4, സ്വാതന്ത്ര്യ ദിന ചിന്തകള്‍-കോര ചെറിയാന്‍)

Published on 02 July, 2013
മലയാളിയുടെ  അമേരിക്കന്‍ സ്വാതന്ത്ര്യം!  (ജൂലൈ 4, സ്വാതന്ത്ര്യ ദിന ചിന്തകള്‍-കോര ചെറിയാന്‍)
37 സംവത്സരം മുന്‍പ് ജീവിതത്തിന്റെ കൗമാരദിശയും യുവത്വത്തിന്റെ പ്രാഥമിക കാലഘട്ടവും വിദ്യാര്‍ത്ഥിയായും തുടര്‍ന്ന് ഉദ്യോഗസ്ഥനായും സ്വഛമായി വിഹരിച്ച ഡല്‍ഹിയോടു വിടവാങ്ങി അമേരിക്കന്‍ യാത്ര ആരംഭിച്ചു. കുടുംബത്തേയും കൂട്ടരേയും, സഹപ്രവര്‍ത്തകരേയും സ്‌നേഹിതരേയും വിട്ടകന്ന ക്ലേശമായ മനോവിഷമത്തിലും ഉപരിയായി അമേരിക്കയില്‍ എന്റെ ആഗമനം അംഗീകരിക്കുമോ എന്ന സംശയവും ഭയവും യാത്രാമദ്ധ്യേ അലട്ടിക്കൊണ്ടിരുന്നു. പുതിയ രാജ്യം അപരിചിതരായ മനുഷ്യര്‍. പലമണ്ഡലങ്ങളിലും വിദേശികള്‍ക്ക് പരിധികള്‍ കാണുമെന്നു കരുതിയിരുന്നു.
ആയിരത്തി തൊള്ളായിരത്തി എഴുപതിന്റെ ആദ്യകാലഘട്ടങ്ങളില്‍ അനേകദശലക്ഷകണക്കിനു അമേരിക്കന്‍ പൗരന്മാര്‍തന്നെ തൊഴില്‍രഹിതര്‍ ഉണ്ടായിരുന്നിട്ടും പരദേശിയായ എനിക്കു സാമാന്യം മെച്ചമായ ജോലി ലഭിച്ചു. നിസ്വാര്‍ത്ഥമായ അമേരിക്കന്‍ ഭരണഘടനയില്‍ വിവേചനം ഇല്ലെന്നു സ്വയമായി മനസ്സിലാക്കിയ സുന്ദരസുദിനം. സ്വദേശിയും വിദേശിയും തുല്യരാണെന്നും വിവേചനം വിലക്കപ്പെട്ടതാണെന്നും അനുഭവിച്ചറിഞ്ഞ ആദ്യസംഭവം.

ന്യൂയോര്‍ക്ക് കെന്നടി എയര്‍പോര്‍ട്ടില്‍ നിന്നും ഫിലാഡല്‍ഫിയായിലേക്കുള്ള കന്നിയാത്രയില്‍ വെര്‍സോണ ബ്രിഡ്ജിന്റെ മുകളില്‍ക്കൂടി കടന്നുപോകുമ്പോള്‍ വിദൂരതയില്‍ ഇല്ലിസ് ഐലന്റില്‍ വീക്ഷിച്ച അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ പ്രീകമായ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയുടെ ഉദ്ദേശം ഉത്തമം ആണെന്നും സത്യമാണെന്നും ആദ്യ ശമ്പളം ഡോളര്‍ ചെക്കായി കിട്ടിയപ്പോള്‍ മനസ്സിലാക്കി. 1886 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഗ്രോവര്‍ ക്ലീവ്‌ലണ്ടിന്റെ ആഗ്രഹാനുസരണം അമേരിക്കയുടെയും ഫ്രാന്‍സിന്റേയും സൗഹൃദബന്ധത്തിന്റെ സ്മരണയ്ക്കായി ഫ്രഞ്ചുശില്പി ഫെഡറിക്ക് ഓഗസ്റ്റി ബര്‍ത്തോലോഡി ചെമ്പുതകിടില്‍ നിര്‍മ്മിച്ച സ്വാതന്ത്ര്യബിംബം വിദേശികളെ കരങ്ങള്‍ ഉയര്‍ത്തി ആശീര്‍വദിക്കുന്നു. 305 അടി ഉയരമുള്ള പ്രതിമയുടെ അനുഗ്രഹപ്രതിഭ ഇവിടെ എത്തിയ എല്ലാ ഇന്‍ഡ്യക്കാരിലും പ്രത്യേകിച്ചു മെഡിക്കല്‍ പ്രൊഫഷനില്‍ കൂടുതല്‍ ആധിപത്യമുള്ള മലയാളികള്‍ക്ക് അധികമായി ലഭിച്ചിട്ടുണ്ട്. 

1978-ല്‍ ഫിലാഡല്‍ഫിയായില്‍ ചെസ്റ്റനട്ട് സ്ട്രീറ്റിലുള്ള എപ്പിസ്‌കോപ്പന്‍ പള്ളിയുടെ ഉള്ളില്‍ ഉത്തരേന്ത്യക്കാരായ ഹിന്ദുസഹോദരങ്ങള്‍ ഹൈന്ദവദേവന്റെ ബിംബം പ്രതിഷ്ഠിച്ചു പൂജാകര്‍മ്മാദികള്‍ നടത്തിയതു സംബന്ധിക്കുവാന്‍ സാധിച്ചു. അമേരിക്കന്‍ ജനത കമ്മ്യൂണിസത്തെ ശക്തമായി എതിര്‍ക്കുന്നവരാണെങ്കിലും യശ്ശശരീരനായ തോപ്പില്‍ ഭാസിയുടെ നേതൃത്വത്തില്‍ കെ. പി. എ. സി. നാടകസംഘം അമേരിയ്ക്കയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് "മുടിയനായ പുത്രന്‍' തുടങ്ങിയ പല നാടകങ്ങളും പല നഗരങ്ങളിലും യാതോരുവിധമായ പ്രതിബന്ധങ്ങളും ഇല്ലാതെ അവതരിപ്പിച്ചു. കേരളത്തില്‍ കമ്മ്യൂണിസം ഏറ്റവും അധികം പ്രചരിപ്പിച്ച സാംബശിവന്‍ അദ്ദേഹത്തിന്റെ മിക്ക കഥാപ്രസംഗങ്ങളും അമേരിക്കന്‍ വേദിയില്‍ ആയിരങ്ങളുടെ സമക്ഷം അരങ്ങേറി. അമേരിക്കന്‍ സ്വാതന്ത്ര്യം ഏറ്റവും അധികം ആസ്വദിച്ചത് മലയാളിമക്കളാണ്.

35 വര്‍ഷം മുന്‍പ് അമേരിക്കന്‍ സെന്‍സെസ് അനുസരിച്ച് ഉഗാണ്ടയില്‍നിന്നും കുടിഇറക്കിവിട്ട ഗുജറാത്തികളടക്കം കേവലം മൂന്നുലക്ഷം ഇന്‍ഡ്യാക്കാര്‍ മാത്രമായിരുന്നു. ഇവിടെ ഇപ്പോള്‍ 35 ലക്ഷത്തിലധികം ഇന്‍ഡ്യാക്കാര്‍ സ്ഥിരതാമസക്കാരായി. ചില മാധ്യമങ്ങളിലൂടെ നാലുലക്ഷത്തിലധികം മലയാളികള്‍ ഉള്ളതായി അറിയുന്നു. ആളോഹരി പ്രതിവര്‍ഷ വരുമാനം (Per Capita Income) അനുസരിച്ച് ഏറ്റവും മുന്നില്‍ ഇന്‍ഡ്യാക്കാരാണ്. ആതുരസേവനവിഭാഗത്തില്‍ മലയാളി സാന്നിധ്യം അധികം ആയതിനാലും ഉന്നതവിദ്യാഭ്യാസം ഉള്ളതിനാലും ഇന്‍ഡ്യാക്കാരില്‍ ഏറ്റവും സമ്പന്നര്‍ മലയാളികളാണ്.

അമേരിക്കന്‍ സ്വാതന്ത്ര്യദിനം ആത്മാര്‍ത്ഥമായി ആഘോഷിക്കേണ്ടതു ഇന്‍ഡ്യാക്കാരാണ്. അതിലും ഉപരിയായി ലക്ഷക്കണക്കിനു മലയാളി നഴ്‌സുമാര്‍ക്കു ഗ്രീന്‍കാര്‍ഡു കൊടുത്തു ഉയര്‍ന്ന വേതനത്തില്‍ ആശുപത്രി ജോലിയില്‍ പ്രവേശിക്കുവാനുള്ള വിശാലമനസ്സുകാണിച്ച അമേരിക്കന്‍ ഭരണഘടനയോടു കടപ്പെട്ടിരിക്കണം. നിയമാനുസരണം ഇവിടെ എത്തിയ ബഹുഭൂരിപക്ഷം മലയാളികളും എമിഗ്രേഷന്‍ നിയമത്തിന്റെ പഴുതുകളിലൂടെ മാതാപിതാക്കളേയും സഹോദരി സഹോദരങ്ങളേയും അമേരിയ്ക്കയില്‍ എത്തിച്ചു. ഈ ആധുനിക യുഗത്തില്‍ സൗദി അറേബ്യ തുടങ്ങി പലരാജ്യങ്ങളില്‍നിന്നും തെരുവുനായ്ക്കളെപ്പോലെ ഇന്‍ഡ്യാക്കാരെ ഓടിച്ചുവിടുകയാണ്. സത്യവഴിയിലൂടെ ഇവിടെ എത്തിയ ആരേയും തിരികെ അയയ്ക്കുന്നില്ല.

അമേരിക്കന്‍ ജനത അനുഭവിക്കുന്ന വ്യക്തിസ്വാതന്ത്ര്യം ലോകജനത മൊത്തമായി കൈവരിയ്ക്കണമെന്ന അമേരിക്കയുടെ നിസ്വാര്‍ത്ഥ നിലപാടു ആനന്ദപൂര്‍വ്വം അംഗീകരിക്കണം. ഏകാധിപത്യത്തിന്റെ ഭീകരതകൊണ്ടു താണ്ഡവ നൃത്തം ചെയ്യുന്ന സിറിയന്‍ പ്രസിഡന്റ് ബഷ്ഹാര്‍ അല്‍ അസാദിന്റെ ക്രൂരചെയ്തികള്‍ അവസാനിപ്പിക്കുവാന്‍ സധൈര്യം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മുന്നറിയിപ്പ് നല്‍കി. നീതിയ്ക്കും നിയമത്തിനുംവേണ്ടി സ്വജീവിതം ത്യജിച്ച് പോരാടുന്നവര്‍ക്കു ആയുധങ്ങള്‍ നല്‍കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 93000 നിരപരാധികളെ നിര്‍ദാരുണ്യം സെറീന്‍ വിഷവാതകം വിതറിയും വെടിവെച്ചും കൊന്നു. അമേരിക്ക ഒഴികെ ഒരു രാജ്യവും ശക്തമായി പ്രതികരിച്ചില്ല. 30 വര്‍ഷം മുന്‍പ് അമേരിക്ക റഷ്യ ശീതസമരം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടം ഇത്ര ശക്തമായി അമേരിക്ക പ്രതികരിക്കുക ഇല്ലായിരുന്നു.

1976 ല്‍ ഫിലാഡല്‍ഫിയായില്‍ ആദ്യമായി ഒരു മലയാളി ഓര്‍ത്തഡോക്‌സ് ദേവാലയം ആരംഭിച്ചു. ഇന്ന് ഇരുപത്തിയഞ്ചിലധികം മലയാളി പള്ളികളും അമ്പലങ്ങളും മസ്ജിത്തും ആയി. എന്‍. എസ്. എസ്സും, എസ്. എന്‍. ഡി.പി. യും ശക്തമായി പ്രവര്‍ത്തിക്കുന്നു. കൈവരിച്ച സ്വാതന്ത്ര്യത്തേയും സമ്പദ്‌സമൃദ്ധിയേയും ദുരുപയോഗം ചെയ്തു മദ്യപാനവും ചൂതുകളിയുമായി ഭാര്യമാരുടെ ശമ്പളത്തെ ആശ്രയിച്ചു ജീവിതം പാഴാക്കുന്ന മലയാളി വെകിടന്മാരും വിരളമല്ല. ആദ്യകാലഘട്ടങ്ങളില്‍ ഇവിടെ യെത്തിയ മലയാളികള്‍ അദ്ധ്വാന ശീലരും സന്മാര്‍ഗ്ഗികളും ആയിരുന്നു.

237 വര്‍ഷം മുന്‍പ് സ്വതന്ത്രമായ അമേരിക്കയുടേയും അമേരിക്കന്‍ ജനതയുടെയും സുരക്ഷിതത്വം പരിരക്ഷിക്കുക ഇപ്പോള്‍ അപ്രാപ്തമായി തോന്നുന്നു. പല നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പായ് കപ്പലില്‍ പ്രകൃതിക്ഷോഭത്തോടും പട്ടിണിയോടും പടപൊരുതി അമേരിക്കയില്‍ എത്തി പടുത്തുയര്‍ത്തിയ ഐക്യഅമേരിക്കയില്‍ അനുവദിക്കപ്പെട്ടിട്ടുള്ള വ്യക്തിസ്വാതന്ത്ര്യം നിര്‍ഭയം പലരും ദുരുപയോഗപ്പെടുത്തുന്നു. ബിന്‍ലാദന്റെ അനുയായികള്‍ അമേരിക്കയിലെത്തി പലവര്‍ഷങ്ങളായി തയ്യാറെടുപ്പ് നടത്തി 2001 സെപ്റ്റംബര്‍ മാസം പതിനൊന്നാം തീയതി ലോകതലസ്ഥാനമെന്ന് കരുതാവുന്ന ന്യൂയോര്‍ക്ക് സിറ്റിയില്‍ മൂവായിരത്തിലധികം നിരപരാധികളെ ചുട്ടുകൊന്നു. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ ജോലിചെയ്തുകൊണ്ടിരുന്ന ഇരുപത്തി ഒന്‍പതുകാരന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ എന്ന അമേരിക്കന്‍ പൗരന്‍ സാമ്പത്തിക നേട്ടത്തിനോ സ്വന്തം പ്രശസ്തിക്കുവേണ്ടിയോ ബ്രട്ടീഷ് പത്രമായ ഗാര്‍ഡിയന്‍സിനു പല വിലപ്പെട്ട അതീവരഹസ്യരേഖകള്‍ കൈമാറി. ഒളിവില്‍ കഴിയുന്ന രാജ്യദ്രോഹിയും ചാരനുമായ സ്‌നോഡന്‍ പല രാജ്യങ്ങളോടും പൊളിറ്റിക്കല്‍ അസലീയം ആവശ്യപ്പെട്ടിട്ടുണ്ട്.

NAACP എന്ന സിവില്‍ റയിറ്റ് സംഘടന വ്യക്തി സ്വാതന്ത്ര്യവും സാമൂഹ്യനീതിയും നിലനിറുത്തുവാനുള്ള സദുദ്ദേശത്തോടെ 1909 ല്‍ സ്ഥാപിതരായതാണ്. എന്നാല്‍ പലരും ഈ സംഘടനയുടെ മറവില്‍ നീതി നിര്‍വഹണത്തെ ഹനിക്കുകയാണ്. EEOC എന്ന സര്‍ക്കാര്‍ ഏജന്‍സി വിവേചനം, വൈവിധ്യം, പീഢനം, സ്ത്രീ-പുരുഷ വ്യതിയാനം, തൊഴില്‍ പ്രശ്‌നം ആദിയായ പ്രശ്‌നങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും പരിഹരിക്കുവാനും വേണ്ടി നിലകൊള്ളുന്നു. എന്നാല്‍ ചിലര്‍ സത്യസന്ധമായ ഉദ്ദേശത്തോടെ ഈ ഏജന്‍സിയെ സമീപിക്കുന്നില്ല. അമേരിക്കന്‍ ഭരണഘടന പ്രതിനിദാനം ചെയ്യുന്ന പല വ്യവസ്ഥയും ദുര്‍വിനിയോഗം ചെയ്യപ്പെടുന്നതായി തോന്നുന്നുണ്ട്. വ്യക്തിപരമായ എന്റെ വീക്ഷണത്തില്‍ 35 വര്‍ഷം മുന്‍പുള്ള സുരക്ഷിതത്വം ഇപ്പോള്‍ അനുഭവപ്പെടുന്നില്ല. ഈ വ്യതിയാനത്തിനു അമേരിക്കന്‍ ഭരണാധികാരികളോ ഭരണകൂടമോ ഉത്തരവാദികളല്ല.
മലയാളിയുടെ  അമേരിക്കന്‍ സ്വാതന്ത്ര്യം!  (ജൂലൈ 4, സ്വാതന്ത്ര്യ ദിന ചിന്തകള്‍-കോര ചെറിയാന്‍)മലയാളിയുടെ  അമേരിക്കന്‍ സ്വാതന്ത്ര്യം!  (ജൂലൈ 4, സ്വാതന്ത്ര്യ ദിന ചിന്തകള്‍-കോര ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക