Image

എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് വില്‍പ്പനയ്ക്ക്

ജോര്‍ജ് തുമ്പയില്‍ Published on 03 July, 2013
എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് വില്‍പ്പനയ്ക്ക്
ന്യൂയോര്‍ക്ക്: എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് വില്‍പ്പനയ്ക്ക്. 2.1 ബില്യന്‍ ഡോളറില്‍ കൂടുതല്‍ മുടക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇത് സുവര്‍ണ്ണാവസരം. ഇതുവരെ രണ്ട് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളാണ് ഈ അഭിമാനസ്തംഭം അമേരിക്കന്‍ കള്‍ച്ചറല്‍ ഐക്കണില്‍ നോട്ടമിട്ടിരിക്കുന്നതെന്നാണ് ബ്ലൂംബര്‍ഗ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിലൊന്നാണ് 2.1 ബില്യണിന്റേത്. ഇതാരാണെന്ന് ഇതേവരെ അറിവായിട്ടില്ല. വൂള്‍വര്‍ത്ത് ഉടമസ്ഥരിലൊരാളായ റൂബിള്‍ ഷ്രോണ്‍ രണ്ട് ബില്യണിന് വില പറയുക മാത്രമല്ല, 50 മില്യന്‍ ഡോളറിന്റെ നോണ്‍ റീഫണ്ടബിള്‍ ഡിപ്പോസിറ്റ് കെട്ടിവെയ്ക്കാന്‍ തയാറായി നില്‍ക്കുകയുമാണ്. 90 ദിവസത്തിനകം ഇടപാട് പൂര്‍ത്തിയാക്കണമെന്നാണ് റൂബിന്‍ അധികൃതരെ അറിയിച്ചിരിക്കുന്നത്.

ഇതിനിടെ, 1961-ല്‍ എമ്പയര്‍ സ്റ്റേറ്റ് വാങ്ങിയ മാല്‍കിന്‍ പ്രോപ്പര്‍ട്ടീസിന്റെ ഷെയര്‍ഹോള്‍ഡര്‍മാര്‍ 4.2 ബില്യന് പബ്ലിക് ആക്കാന്‍ പോകുന്നു എന്ന ശ്രുതിയുമുണ്ട്. മാല്‍കിന്‍ പ്രോപ്പര്‍ട്ടീസ് എന്ന സ്ഥാപനത്തിന് 2800 പേരാണ് ഉടമസ്ഥര്‍. ഇവര്‍ ഇപ്പോള്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് നടത്തുന്ന ചക്കുളത്തിക്കളിയുടെ ഭാഗമാണ് ഇപ്പോള്‍ കേള്‍ക്കുന്ന വില്‍പ്പന വിവാദം എന്നും റിയല്‍ എസ്റ്റേറ്റ് വൃത്തങ്ങളില്‍ സംസാരമുണ്ട്. ഒരു ഗ്രൂപ്പ് ഇപ്പോഴത്തെ നിലയില്‍ യാതൊരു മാറ്റവുമില്ലാതെ മുന്നോട്ടുപോകണം എന്ന് വാദിക്കുമ്പോള്‍, മറുഗ്രൂപ്പ് പബ്ലിക് ഇഷ്യുവിലൂടെ ഇത് "റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്' (ആര്‍.ഇ.ഐ.ടി) എന്ന സ്ഥാപനവുമായി ലയിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. 

1961-ല്‍ എമ്പയര്‍ സ്റ്റേറ്റ്ബില്‍ഡിംഗ് വാങ്ങുമ്പോള്‍ 2800 ഉടമസ്ഥരും ഒരു ലക്ഷം ഡോളറോ അതില്‍കൂടുതലോ മുടക്കിയവരാണ്. അന്നത്തെ ഒരു ലക്ഷം ഡോളറിന്റെ ഇന്നത്തെ വില മൂന്നര മില്യന്‍ ആണ്. അന്ന് പണം മുടക്കിയ ഭൂരിഭാഗം പേരും മിഡില്‍ക്ലാസില്‍നിന്നുള്ളവരായിരുന്നു. 

40 വര്‍ഷക്കാലം ലോകത്തിലെ ഏറ്റവും പൊക്കംകൂടിയ അംബരചുംബി എന്ന സ്ഥാനം അലങ്കരിച്ച എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന് ഇന്ന് ഇരുപത്തിരണ്ടാം സ്ഥാനമാണുള്ളത്. അമേരിക്കയില്‍ മൂന്നാംസ്ഥാനവും. 1454 അടി ഉയരത്തില്‍ 102 നിലകളുമായി നിലകൊള്ളുന്ന ഈ അഭിമാനസ്തംഭം ഇന്ത്യന്‍ സ്വാതന്ത്ര്യാഘോഷവേളയില്‍, പതാകയുടെ നിറമായ പച്ച, വെള്ള, ഓറഞ്ച് കളറുകളില്‍ അലങ്കരിക്കപ്പെടാറുണ്ട്. 1929-ലാണ് ഇതിന്റെ പണി തുടങ്ങിയത്.
എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് വില്‍പ്പനയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക