Image

വിവാഹമോചനം- വിലകുറഞ്ഞ വാണിജ്യതന്ത്രം: രാജശ്രീ

രാജശ്രീ പിന്റോ Published on 04 July, 2013
വിവാഹമോചനം- വിലകുറഞ്ഞ വാണിജ്യതന്ത്രം: രാജശ്രീ
കേരളത്തിലെ ശരാശരി വികാരവിചാരങ്ങള്‍ ഉള്ള ഏതൊരു വ്യക്തിയേയും മാനസികമായി തളര്‍ത്തുന്ന വാര്‍ത്തകളിലൂടെയാണ് നാം കടന്നു പോകുന്നത്. സമചിത്തത വീണ്ടെക്കാന്‍ ന്യൂസ് ഫാസ്റ്റ് (വാര്‍ത്തകള്‍ക്ക് ഒരു ഉപവാസം)അനുഷ്ഠിക്കേണ്ട ഗതികേടിലാണ്. ഓരോരുത്തരും ആനുകാലികമായി കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വാര്‍ത്തകളെ എനിക്ക് കേവലം സദാചാരവിരുദ്ധം എന്നു പോലും വിശേഷിപ്പിക്കാന്‍ താത്പര്യമില്ല. മറിച്ച് ധാര്‍മ്മികത പാടെ നഷ്ടപ്പെട്ടുപോയ ഒരു വിഭാഗം ജനത കോമരം തുള്ളുകയാണ് ഇവിടെ. അച്ഛനും മകനും പകുത്തെടുക്കുന്ന സോഷ്യലിസത്തില്‍ വരെ എത്തിനില്‍ക്കുന്നു നമ്മുടെ സാമൂഹിക സാംസ്‌കാരം. ഈ വിശേഷങ്ങളുടെ ന്യായാന്യായങ്ങളിലേക്കല്ല മറിച്ച് മറ്റൊരു ചിന്തയാണ് ഈ ലേഖനത്തിന്റെ ആധാരം.

കലുഷിതമായ വാര്‍ത്താ പ്രളയത്തിലും, താണ്ഡവമാടുന്ന പ്രകൃതിയും ജീവനെടുക്കുന്ന മാരക രോഗങ്ങളും വേട്ടയാടി തളര്‍ന്നു നില്‍ക്കുന്ന സാധാരണക്കാരനിലേക്ക് എത്താത്ത നമ്മുടെ മാധ്യമ മനസ്സ് ചില അപ്രസക്ത വാര്‍ത്തകള്‍ക്ക് ഇത്രയേറെ പ്രാധാന്യം നല്‍കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
കേരള ജനതയുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കാതെ, കേവലം സിനിമ താരങ്ങള്‍ എന്നതിലുപരി യാതൊരു സാമൂഹിക പ്രതിബദ്ധതയും കാണിക്കാത്ത; സ്വയം ആകാശ നക്ഷത്രങ്ങളായി ജീവിക്കുന്ന സിനിമാ താരങ്ങളായി ജീവിക്കുന്ന സിനിമാ താരങ്ങളുടെ സ്വകാര്യതയ്ക്ക് ഇത്രയധികം പ്രാധാന്യം നല്‍കുന്നത് എന്തിനാണ്? രാവും പകലും അധ്വാനിച്ചും പഠിച്ചും വിദ്യ അഭ്യസിക്കുന്ന ഒരു വ്യക്തി ഭിഷഗ്വരനോ, അദ്ധ്യാപകനോ ആകുന്നതിലൂടെ, തന്റെ തൊഴിലിലൂടെ അിറയാതെയെങ്കിലും സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നുണ്ട്. അത്തരം ഒരു ഉദരപൂരണ മാര്‍ഗ്ഗം എന്നതിലുപരി അഭിനയം ഈ താരങ്ങളെ എങ്ങനെയാണ് വ്യത്യസ്തരാക്കുന്നത്. ജീവിക്കാന്‍ വേണ്ടി അവര്‍ ചെയ്യുന്ന തൊഴിലിന് ഇത്രമാത്രം ആകര്‍ഷണീയതയും, ആഢംബരവും വരുന്നത് എന്തുകൊണ്ടാണ്? കാലങ്ങളായി ലോകം മുഴുവന്‍ കീഴടക്കുന്ന ഈ ഭ്രമരത്തിന്റെ ആധാരമെന്താണ്? വിദേശ രാജ്യങ്ങളിലുള്ള ഈ ഗണത്തില്‍പെടുന്നവര്‍ ചില രീതികളിലെങ്കിലും സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കാറുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ അതുണ്ടാകില്ല.

കൃത്യമായ നികുതി പോലും നല്‍കാതെ പ്രതിഫലതുക വീണ്ടും നിക്ഷേപിച്ച് കോടികളുടെ ബിസിനസ്സ് തുടങ്ങി ലാഭം കൊയ്യുന്ന ഇത്തരക്കാരുടെ പ്രശസ്തി നിലനിര്‍ത്താനും അവരുടെ ദാമ്പത്യകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും നാം കളയുന്ന ഊര്‍ജ്ജവും സമയവും എത്രയെന്നുള്ളത് ലജ്ജാകരമാണ്. പഴയ തലമുറയിലെ കലാകാരന്മാര്‍ പണത്തിനുമപ്പുറം കലയെ പരിപോഷിപ്പിച്ച് ദാരിദ്ര്യം തിന്ന് മരിച്ചവരും ജീവിക്കുന്നവരുമാണ്. അവര്‍ക്കിടെയിലെ അവശകാലാകാരന്മാരുടെ ഉത്ഘാടനത്തിനുപോലും നാമമാത്രമായി പ്രവര്‍ത്തിക്കുന്നവരാണ് ഈ വെള്ളി നക്ഷത്രങ്ങള്‍.

ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ദിലീപ്-മഞ്ജു ദാമ്പത്യമാണ് ഈ ചിന്തകള്‍ക്ക് ആസ്പദം. 14 വര്‍ഷത്തെ ഇടവേളയെ ബുദ്ധിപൂര്‍വ്വമായ നീക്കത്തിലൂടെ 14 നിമിഷമാക്കി കുറച്ച അതീവ വാണിജ്യ ബുദ്ധി ആരുടേതായാലും അംഗീകരിക്കാതെ വയ്യ.

ആരേയും കരളലയിപ്പിക്കുന്ന വിവാഹമോചനം എന്ന തുറപ്പിലൂടെ അടിത്തറപാകി തുടങ്ങഇ മഞ്ജുവിന്റെ രണ്ടാംവരവ് ആഘോഷമാക്കി. അഭിനയപാടവം ഉള്ളതുകൊണ്ട് രംഗങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടില്ലതാനും. ഇവിടെയാണ് ധാര്‍മ്മികതയെകുറിച്ച് വീണ്ടും അടിവരയിടാന്‍ തോന്നുന്നത്. വിവാഹമോചനം എന്ന വാക്ക് ഒരു യഥാര്‍ത്ഥ കുടുംബത്തെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ വെറും വാക്കായി പോലും പറയാന്‍ മടിക്കുന്നതാണ്. പക്ഷെ അത് തിരിച്ചുവരവിന്റെ വിജയ തന്ത്രവും മന്ത്രവുമായി ഉപയോഗിക്കുന്ന ഇക്കൂട്ടര്‍ക്ക് പണവും പ്രശസ്തിക്കുമപ്പുറം എന്ന് സാമൂഹിക പ്രതിബദ്ധതയാണ് ഉള്ളത്?

ആദ്യ രംഗത്തിന് ശേഷം വന്ന തുടര്‍നാടകങ്ങള്‍ അതി വിദഗ്ധമായും കൃത്യതയോടും ചിട്ടപ്പെടുത്തിയ ഒരു സിനിമ പോലെ മനോഹരം. ഇത് ഏതെങ്കിലും ഇമേജ് ബില്‍ഡിംഗ് സ്ഥാപനങ്ങളുടെ ബുദ്ധിയാണോ എന്നു മാത്രമെ അറിയേണ്ടതുള്ളൂ.

കോടീശ്വരനായ ഭര്‍ത്താവിന്റെ ജാമ്യമില്ലാതെ നൃത്തവിദ്യാലയത്തിന് പണം കണ്ടെത്താന്‍ വിഷമിക്കുന്ന സഹതാപര്‍ഹിയായ ഭാര്യയുടെ ദൈന്യത; ആ ഭാര്യ ലക്ഷങ്ങള്‍ മുടക്കി ഇന്ത്യയിലെ മുന്തിയ താരങ്ങളുടെ വെബ്‌സൈറ്റ് നിയന്ത്രിക്കുന്ന വന്‍കിട സ്ഥാപനത്തിന്റെ സഹായത്തോടെ വെബ്‌സൈറ്റ് പുറത്തിറക്കുന്നതില്‍ നിന്നെത്തി നില്‍ക്കുന്ന പരമ്പരയുടെ അവസാനം, ഭാര്യയുടെ രംഗപ്രവേശത്തില്‍ പ്രതിഷേധിക്കുന്ന ഭര്‍ത്താവ് പ്രമുഖ സ്വര്‍ണ്ണ വ്യാപാര ശൃംഖലയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം മാറികൊടുക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അങ്ങനെ ആരെയും വശീകരിക്കുന്ന രംഗങ്ങളുമായി നീങ്ങുന്ന, തന്റെ കാലം കഴിഞ്ഞാലും പണത്തിന്റെ കുത്തൊഴുക്ക് കുടുംബത്തിലേക്ക് നിലയ്ക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു ഭര്‍ത്താവിന്റെയും, ബിസിനസ്സ് ബുദ്ധിയുടേയും നിറകുടമായ ഒരു കാലാകുടുംബത്തിന്റെ കൗശലങ്ങള്‍.

ഇവിടെ എനിക്കറിയേണ്ടത് ഒന്നേയുള്ളൂ. സാധാരണക്കാരന്റെ ജീവിത്തില്‍ നിന്ന് അവര്‍ ചോര്‍ത്തിയെടുക്കുന്ന പ്രതിഫലതുകയില്‍ എത്ര രൂപ ഇവിടുത്തെ സാമൂഹിക ഉദ്ധാരണത്തിന് അവര്‍ തിരിച്ചു നല്‍കുന്നു. ഈ രാജ്യത്തെ പ്രളയകെടുതിക്ക്, ദാരിദ്ര്യം അനുഭവിക്കുന്ന അവശ വിഭാഗത്തിന്, നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനസഹായത്തിന്, ചികിത്സ സഹായത്തിന് നല്കുന്നു?
അത്തരം വാര്‍ത്തകള്‍ ഇട്ട് ജനത്തെ കോള്‍മയിര്‍ കൊള്ളിക്കാന്‍ നമ്മുടെ താരങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങുമോ? നമ്മുടെ മാദ്ധ്യമങ്ങള്‍ ജനക്ഷേമമല്ലാത്ത വാര്‍ത്തകളെ അവരുടെ പേജുകളില്‍ കുത്തി നിറയ്ക്കാത്ത ഒരു കാലം ഉണ്ടാകുമോ… കാത്തിരിയ്ക്കാം..

"വരും വരാതിരിക്കുമോ
പ്രതീക്ഷ മാത്രം ആശ്രയം"
എങ്ങോ വായിച്ചു മറന്ന കവിതാ ശകലം പോലെ!
Join WhatsApp News
Sadhasivan 2013-07-05 20:30:00
തലകെട്ട് മാറ്റണം: ദിലീപ് മഞ്ജു വാര്യര് വിവാഹ മോചനം വിലകുറഞ്ഞ വാണിജ്യ തന്ത്രം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക