Image

പ്രവാസികളെ സേവിക്കുന്ന പ്രവാസികള്‍ -ജോണ്‍ ഇളമത

ജോണ്‍ ഇളമത Published on 05 July, 2013
പ്രവാസികളെ സേവിക്കുന്ന പ്രവാസികള്‍ -ജോണ്‍ ഇളമത
അക്ഷരാര്‍ത്ഥത്തില്‍ ആ സേവന പന്ഥാവിലേക്ക്, കാനഡിയിലെ, ബ്രാപ്ടണ്‍- മലയാളി സമാജം ഇറങ്ങി വന്നിരിക്കുന്നു. ഇതിന് നേതൃത്വം നല്‍കിയ ആ വിശിഷ്ട വ്യക്തിയുടെ ഹൃദയത്തിനു മേല്‍ ഈശ്വരന്റെ കൈയ്യൊപ്പുണ്ട്! ഇത് മറ്റ് മലയാളി സമാജങ്ങള്‍ക്ക് ഒരു ഉത്തമ മാതൃകയാകട്ടെ!
നാട്ടില്‍ നിന്ന് കുടിയേറിയ ഒരു മലയാളി കുടുംബത്തെ ഞെട്ടിച്ചു കൊണ്ട്, ഗൃഹനായകന്റെ അകാല നിര്യാണത്തിന്റെ ആഘാതത്തെ നെഞ്ചിലേറ്റി സര്‍വ്വ പിന്‍തുണ(ധനപരം) നല്‍കി ആദരിച്ച സമാജവും, ഭാരവാഹികളും, അവരെ പിന്തുണച്ച നല്ല മനസ്സകളും, ആദരവുകള്‍ അര്‍ഹിക്കുന്നു. അയല്‍ക്കാരനെ സഹായിക്കാന്‍ കഴിയാതെ നാട്ടില്‍ പോയി മന്ത്രിയുടെ അടുത്തു നിന്ന് പടം പിടിച്ച്, ചാരിറ്റി എന്ന ലേബലൊട്ടിക്കുന്നവരോടൊരു ചോദ്യം! "ഈശ്വരനെ തേടി ഞാന്‍ നടന്നു, കടലുകള്‍ താണ്ടി ഞാന്‍ നടന്നു, അവിടയുമില്ലീശ്വരന്‍! ഇവിടെയുമില്ലീശ്വരന്‍!" എന്നാല്‍ എവിടയുമുള്ള ഈശ്വരനെ നാം തിരിച്ചറിയുന്നുണ്ടോ? ജീവിച്ചിരിക്കുന്നവര്‍ക്ക് നന്മ ചെയ്യുമ്പോള്‍, ഈശ്വരന്‍ നമ്മുടെ ഉള്ളിലേക്ക്, നാമറിയാതെ എഴുന്നള്ളൂന്നു!

സമാജങ്ങളും, സംഘടനകളും കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്ത പാലിക്കേണ്ടതുണ്ട്. സംഘടനകള്‍, പ്രവാസികളെ ഉദ്ധരിക്കുന്നില്ലെങ്കില്‍ എന്തു പ്രയോജനം? പൊതുജനങ്ങളുടെ കണ്ണില്‍ മണ്ണിടുന്ന സംഘടനകള്‍ സമൂഹത്തിനു ശാപംതന്നെ!

എന്തായിരിക്കണം, സമാജങ്ങളുടെ ഉദ്ദ്യേശ/ ലക്ഷ്യങ്ങള്‍ ? ഐകമത്യം ആയിരിക്കണമല്ലോ പരമ പ്രധാന ലക്ഷ്യം! അങ്ങനെയെങ്കില്‍, പരസ്പരസഹായങ്ങള്‍, സാമൂഹ്യവും, സാംസ്‌കാരികവും, കലാ/ സാഹിത്യപരമായ ഉന്നമനങ്ങള്‍, മാതൃ സംസ്‌ക്കാരത്തെയും, പാരമ്പര്യത്തെയും, പരിപോഷിപ്പിക്കല്‍, എന്നിവ ഉദ്ദ്യേശ/ ലക്ഷ്യങ്ങളായിരിക്കണം. എത്ര സംഘടനകള്‍ ഈ വിധം നമ്മുക്ക് വടക്കേ അമേരിക്കയിലുണ്ട്? കേന്ദ്ര സംഘടന പിളര്‍ന്ന് കൊമ്പു കോര്‍ക്കുമ്പോള്‍, ആദര്‍ശവാദികളായ നേതാക്കളുടെ ഭാഷ്യം, രണ്ടിലും കൂടാമല്ലോ എന്ന്! എവിടെ ആദര്‍ശശുദ്ധി! വളരുമ്പോള്‍ പിളരുകയും, പിളരുമ്പോള്‍ വളരുകയും ചെയ്യുന്ന രാഷ്ട്രീയ സംഘടനകളുടെ സദാചാര ബുദ്ധി, നമ്മുടെ സമാജങ്ങളെ വളര്‍ത്തില്ല, തീര്‍ച്ചയായും തളര്‍ത്തും!

നല്ല നേതൃത്വങ്ങള്‍ക്കു മാത്രമേ, നല്ല പ്രസ്ഥാനങങളെ വളര്‍ത്താന്‍ കഴിയൂ. പൊതുജനങ്ങളുടെ പിന്തുണയിലാത്ത പ്രസ്ഥാനങ്ങള്‍, കടലാസു പുലികളാണ്! അവര്‍ ഓണം നടത്തിയാലും, മന്ത്രിമാരെ വിളിച്ച് പ്രസംഗിപ്പിച്ചാലും, 'കോരനു എന്നും കുമ്പിളില്‍ കഞ്ഞി' എന്ന പ്രമാണത്തില്‍ പൊതുജനം അവരെ പുച്ഛിച്ചു തള്ളും! പൊതുജനപ്രസ്ഥാനങ്ങള്‍ കൈയ്യടക്കി വാഴുന്ന സംഘടനകളും, നേതാക്കളും, അവരുടെ തെറ്റുകള്‍ മനസ്സിലാക്കി, പൊതുജനമദ്ധ്യത്തിലേക്കിറങ്ങി വന്ന്, സാമൂഹ്യോദ്ധാരണം നടത്തേണ്ടിയിരിക്കുന്നു.

ഒരു സമൂഹത്തിന്റെ വളര്‍ച്ച, അവരുടെ നല്ല സാംസ്‌ക്കാരിക ചിന്തയിലൊതുങ്ങി നില്‍ക്കുന്നു. മലയാളം ഇന്ന് സ്‌ട്രേഷ്ഠഭാഷാ, അല്ലെങ്കില്‍ ക്ലാസിക് പദവിയിലെത്തി നില്‍ക്കുന്നു. മലയാളക്കരയിലും, മറുനാട്ടിലും, ആ ഭാഷയെ ഉയര്‍ത്തി നമ്മുടെ സംസ്‌കാരത്തെയും, പാരമ്പര്യത്തെയും, ശ്രേഷ്ഠമാക്കാന്‍ കടപ്പെട്ടവരാണ് നാം! അല്ലെങ്കില്‍ 'മലയാളി', 'പ്രവാസി മലയാളി' എന്നു നാം നമ്മേ വിശേഷിപ്പിക്കുന്നതിലെന്തര്‍ത്ഥം?

മലയാളി കുടിയേറ്റം, മറ്റു കാലങ്ങളെ അപേക്ഷിച്ച്, വടക്കേ അമേരിക്കയിലേറി കൊണ്ടിരിക്കുന്നു. ഒരു 'കനാന്‍ ' ദേശത്തേക്കുള്ള പ്രവാഹം, ഒരു ജനതയുടെ അഭിവാഞ്ചയാണ്. സുരക്ഷിതമായ താവളം തേടിയുള്ള യാത്ര, എപ്പോഴും സുഖകരമായിരിക്കണമെന്നില്ല. ദു:ഖവും, ദുരിതവും നമ്മേ വേട്ടയാടാം. അപ്പോള്‍ പ്രാര്‍ത്ഥനകള്‍ കൊണ്ടു മാത്രം അവരെ രക്ഷിക്കാനാവില്ല. നല്ല പ്രാര്‍ത്ഥനകള്‍, പ്രവര്‍ത്തിക്കുവാന്‍ വേണ്ടി, മനസ്സുണ്ടാക്കി എടുക്കാന്‍ വേണ്ടി മാത്രമുള്ളതാണ്! മനസ്സു തുറക്കണം! അതാണ് പ്രധാനം! സഹാനുഭൂതിക്കു മാത്രമേ അത്തരം പ്രേരണ നല്‍കാന്‍ കഴിയൂ! ബൈബിളിലെ വിധവയുടെ മനസ്സുപോലെ, ചില്ലികാശുകള്‍, കുടുമ്പോള്‍, നാം മറ്റൊരാളുടെ വേദനയുടെ ഭാഗമായി അവരുടെ കണ്ണീരൊപ്പുന്നു! ഇവിടെയാണ്, മറുനാടന്‍ മലയാളികളുടെ സ്‌നേഹം ഉണരേണ്ടത്! എനിക്ക്, ഞാനും, ഒരു ഷൗരക്കാരനും മതി' എന്നത് തികഞ്ഞ സ്വാര്‍ത്ഥതയല്ലേ?

മലയാള സംസ്‌കാരത്തിന്റെയും, പാരമ്പര്യത്തിന്റെയും, 'ശ്രേഷ്ഠപദവി' നിലനിര്‍ത്താന്‍ പ്രവാസി മലയാളികളെ, നേതാക്കളെ നിങ്ങള്‍ മറ്റുള്ളവര്‍ക്കു മാതൃകയാക്കൂ! ആര്‍ഭാടപരമായ ആഘോഷങ്ങളില്‍ കണ്ണുമഞ്ഞിപ്പിക്കുന്ന തരംഗങ്ങളിലൂടെ സംഘടനകള്‍, നടക്കുമ്പോള്‍ ഇവിടെ എത്തപ്പെടുന്ന പുതിയ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളെ വിലയിരുത്താനും, അവരെ സഹായിക്കാനും, നിങ്ങളുടെ മനസ്സില്‍ ഒരിടം കൊടുക്കൂ! പരസ്പര സ്‌നേഹവും, സഹായവുമായിരിക്കട്ടെ, പ്രവാസി മലയാളി സംഘടനകളുടെ മുഖമുദ്ര!!
പ്രവാസികളെ സേവിക്കുന്ന പ്രവാസികള്‍ -ജോണ്‍ ഇളമത
Join WhatsApp News
Edward Nazareth 2013-07-05 05:25:46
അഭിനധനങ്ങൾ. എല്ലാ സമാജഭാരവാഹികല്ലാലും ശ്രെധികപെടെണ്ടേ ലേഖന്നം.
Sudhir Panikkaveetil 2013-07-05 07:24:27
"How far that little candle throws his beams! So shines a good deed in a weary world."- William Shakespeare, The Merchant of Venice. Good article!
Varunni Mundakkal 2013-07-05 18:28:47
ശ്രെധികപെടെണ്ടേ ഗമന്റ് ! എല്ലാ സമാജഭാരവാഹികലും ശ്രെധിചാലും...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക