Image

അഭയാര്‍ത്ഥികള്‍ (കവിത: ബി. ശ്രീകുമാര്‍)

Published on 04 July, 2013
അഭയാര്‍ത്ഥികള്‍ (കവിത: ബി. ശ്രീകുമാര്‍)
സമര്‍പ്പണം: സ്വന്തംഭൂമിയില്‍ അന്യരായ് തീര്‍ന്നവര്‍ക്ക്

ഞങ്ങളഭയാര്‍ത്ഥികള്‍, ആലംബഹീനര്‍,
അവലംബഹീനര്‍, അശരണര്‍, അഭയശൂന്യര്‍..
സ്വപ്നങ്ങള്‍ വിറ്റ് 
ദുരിതങ്ങളും, ദുഃഖങ്ങളും വാങ്ങുവോര്‍!
അധികാരവാഞ്ച, അധിനിവേശം,
അതിനടിമപ്പെട്ടരഞ്ഞ ജന്മങ്ങള്‍....
ഒടുവിലെത്തുന്ന മോചനം കാത്തീ
ക്യാമ്പില്‍ കഴിയുന്ന ദരിദ്ര ജന്മങ്ങള്‍.... 
പ്രകൃതിതന്‍ പേക്കൂത്ത്, പേക്കിനാക്കള്‍,
വര്‍ണ്ണവേര്‍തിരുവില്‍ വര്‍ണംപൊലിഞ്ഞോര്‍..
മുലയുണ്ട് വളരേണ്ട ഞങ്ങളുടെ കുഞ്ഞുങ്ങള്‍
വിരലുണ്ടുറങ്ങുന്നു, വിങ്ങിപ്പോട്ടുന്നു...
ഏതോ,പ്രഭുക്കള്‍ വര്‍ണ്ണവിവേചകര്‍
തീര്‍ത്തവിധി ഞങ്ങളുടെ മാനംകവര്‍ന്നുവോ?. 
നിദ്ര മുറിക്കുന്ന തെരുവ്‌നായ്ക്കള്‍ക്കൊപ്പമെത്തുന്നു 
രാവില്‍ നാടിന്റെ നായകര്‍,
പകല്‍മാന്യദേഹങ്ങള്‍, അപഥസഞ്ചാരികള്‍ ... 
വര്‍ഗ്ഗങ്ങള്‍ നോക്കി, വര്‍ണങ്ങള്‍ നോക്കി 
വളയുന്നു അധികാര സിംഹാസനങ്ങള്‍... 
അധഃമര്‍, ഞങ്ങളഭയാര്‍ത്ഥികള്‍, അശരണര്‍, അര്‍ത്ഥശൂന്യര്‍...
അകലെ, ആകാശവും താഴെ, പൊള്ളുന്നഭൂമിയും... 
ശേഷിച്ച അല്പ്പപ്രാണനും പേറിയീ 
അഭയാര്‍ത്ഥി ക്യാമ്പില്‍ അടച്ചജന്മങ്ങള്‍... 
ആകാശം, അകലെയാണവിടെയില്ലാശ്രയം, 
ഭൂമിയോ ചുട്ടു പൊള്ളുന്നു... 
കൈതാങ്ങ്, എവിടെയാണ്? 
ഇല്ല ദൈവങ്ങള്‍ കൈപിടിച്ചുയര്‍ത്തുവാന്‍... 
ദൈന്യത പേറുന്ന ദരിദ്ര ജന്മങ്ങള്‍
ഞങ്ങള്‍, ദൈന്യത പേറുന്ന ദരിദ്ര ജന്മങ്ങള്‍... 
ചിന്താ പഥങ്ങളില്‍ മരവിച്ചചിന്തകള്‍... 
ഞങ്ങളീ മണ്ണിന്‍റെ നേരവകാശികള്‍... 
എങ്കിലും, പൊതിഞ്ഞ സത്യത്തിന്‍ ദൃക്‌സാക്ഷികള്‍! 
ഇടമില്ലവേറെ പോകുവാന്‍, ഇത് തന്നെ ഞങ്ങളുടെ അഭയകേന്ദ്രം. 
നിങ്ങള്‍ അതിരാത്രമായ് പിന്നെ, മഴപൊടിഞ്ഞു 
ആ മഴ ഞങ്ങടെ മനം കുളിര്‍പ്പിച്ചില്ല 
ദുരിതങ്ങള്‍ മാത്രംെപയ്തു പോയി... 
നിറമുള്ള സ്വപ്നങ്ങള്‍ നൈയ്തു കൂട്ടി, 
അവ വിറ്റ് ദുഃഖം വിലയ്ക്ക് വാങ്ങി 
എരിഞ്ഞടങ്ങുന്ന ജന്മങ്ങള്‍, ഞങ്ങളീയഭയാര്‍ഥികള്‍! 
എരിഞ്ഞടങ്ങുന്ന ജന്മങ്ങള്‍, ഞങ്ങളീയഭയാര്‍ഥികള്‍!
അഭയാര്‍ത്ഥികള്‍ (കവിത: ബി. ശ്രീകുമാര്‍)
Join WhatsApp News
വിദ്യാധരൻ 2013-07-11 04:41:40
സ്വന്തംഭൂമിയില്‍ അന്യരായ് തീരുന്നതുപോലെ ഈ കവിതയും ശ്രദ്ധിക്കപെടാതെ പോയതിൽ അതുഭുതപെടാനില്ല കാരണം
"ഇല്ല ദൈവങ്ങള്‍ കൈപിടിച്ചുയര്‍ത്തുവാന്‍..." എന്നുള്ളത തന്നെ. പാര്ശ്വവക്കരിക്കപെട്ട ഒരു സമൂഹത്തിന്റെ തേങ്ങലുകളെ കവി വളരെ ഹൃദയസ്പ്രിക്കായി അവധരിപ്പിചിരിക്കുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക