Image

എത്ര കുട്ടികള്‍ വരെ?

ബിനോയി സെബാസ്റ്റ്യന്‍ Published on 03 October, 2011
എത്ര കുട്ടികള്‍ വരെ?
കേരളത്തില്‍ പുതിയൊരു ചര്‍ച്ചയ്‌ക്കു തിരി കൊളുത്തിയിരിക്കുന്നു, സന്താന നിയന്ത്രണ സംബന്ധമായ വിഷയത്തെ ആസ്‌പദമാക്കി. സ്‌ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും അവകാശങ്ങളും ഉറപ്പു വരുത്തുവാനുള്ള നിയമത്തിന്റെ കരടുരൂപം തയ്യാറാക്കിയ ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ കമ്മീഷന്റെ ജനസംഖ്യാനിയന്ത്രണം കര്‍ശനമായി നടപ്പാക്കണം എന്ന നിര്‍ദേശമാണ്‌ പുതിയ ചര്‍ച്ച്‌യ്‌ക്കു നിദാനം.

ഒരു മലയാള നടന്‍ എന്ന നിലയിലും നാലു സന്താനങ്ങളുടെ പിതാവ്‌ എന്ന നിലയിലും സന്താനനിയന്ത്രണത്തെ ശക്തമായി എതിര്‍ക്കുന്ന സുരേഷ്‌ ഗോപിക്കു പിന്താങ്ങല്‍ വാക്കുകളുമായി ഇന്‍ഡ്യയിലെ ക്രൈസ്‌തവസഭകളുടെ കുട്ടായ്‌മയായ കെസിസിബി ഉള്‍പ്പെടെയുള്ള ചുരുക്കം ചില സംഘടനകളുടെ നേതാക്കളും വ്യക്തികളും സന്താനനിയന്ത്രണത്തിന്‌ എതിരായി രംഗത്തു വന്നിരിക്കുകയാണ്‌. യഥാര്‍ത്‌ഥത്തില്‍ കേരളത്തില്‍ സന്താനനിയന്ത്രണം ആവശ്യമല്ലേ? ചെറിയ കുടുംബം സന്തുഷ്ടകുടുംബം എന്ന ആശയത്തിനു യാതൊരു പ്രസക്തിയുമില്ലേ?

വികാരലോലമായ ലൈംഗീകസംതൃപ്‌തിയുടെ പരമാനന്ദം തിരിച്ചറിയാത്തവരല്ല മലയാളികള്‍. വ്യാജസംസ്‌ക്കാരികത നയിക്കുന്ന മലയാളിമനസാക്ഷിയുടെ കബറിടത്തിനു മുന്തില്‍ ഇതാ കേന്ദ്രസര്‍ക്കാരും ജനനനിയന്ത്ര നിയമവും സമുഹമനസാക്ഷിയിലേക്കു വരുന്നു. കൃഷ്‌ണയ്യരുടെ സന്താന ബില്ലിനേക്കാള്‍ തീവ്രമായ ബില്ലുമായി നിയമരംഗത്തെത്തിയിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ബില്‍ ജനസംഖ്യാപ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ ഉല്‍ക്കണ്‌ഠ വെളിവാക്കുന്നു. വികസ്വര രാഷ്‌ട്രമായ ഭാരതത്തിന്റെ അനുുനീകജീവിതസംഘര്‍ഷതകളിലേക്കും അനുദിനം വര്‍ദ്ധിച്ചു വരുന്ന സാമ്പത്തികം ഉള്‍പ്പെടെയുള്ള ദൈനംദിനാവശ്യങ്ങളിലേക്കും കണ്ണോടിക്കുമ്പോള്‍ അഞ്ചാറു കുഞ്ഞുങ്ങള്‍ എന്ന സങ്കല്‌പം തന്നെ എത്ര ബാലിശമാണ്‌. സഹസ്രാബ്‌ദങ്ങള്‍ക്കു മുമ്പു പിറവിയെടുത്ത മതപരമായ കാഴ്‌ചപ്പാടുകളും സാംസ്‌ക്കാരികവും സാമുഹ്യപരവും മറ്റുമായ വിലയിരുത്തലുകളുമെല്ലാം കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കും അന്നന്നത്തെ അപ്പത്തിനുള്ള വിഷമതകള്‍ക്കും വിധേയമായി മാറുകതന്നെ വേണം.

ഇന്‍ഡ്യയില്‍ പ്രത്യേകിച്ചു കേരളത്തില്‍ ജനസംഖ്യാനുപാതത്തിന്റെ വളര്‍ച്ച കുറയുകയാണോ? എണ്ണത്തിലല്ല ഗുണത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുവാനാഗ്രഹിക്കുന്നവര്‍ വരുമാനത്തിന്റെ ശതമാനത്തില്‍ അഥവാ റെഷ്യോയില്‍ വേണം സ്വന്തം സന്താനങ്ങളുടെ എണ്ണം തിരുമാനിക്കുവാന്‍ എന്ന വാദം അഗീകരിക്കേണ്ടതല്ലേ? മാക്‌സിമം രണ്ടു കുട്ടികള്‍ എന്ന നിര്‍ദേശം മനുഷ്യത്വരഹിതവും മൗലീകാവകാശവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്ന വാദമുയര്‍ത്തുന്ന മുസ്‌ളീംലീഗ്‌ നേതാക്കളുടെ അജണ്ടയുടെ ഫലമായി മലപ്പുറം ഉള്‍പ്പെടെയുള്ള മുസ്‌ളീം ഭൂരിപക്ഷമേഖലകളിലെ ദരിദ്രരുടെ ജീവിതാവസ്ഥകള്‍ ഈ നേതാക്കള്‍ തിരിച്ചറിയുന്നുണ്ടോ എന്നത്‌ തികച്ചും മനുഷ്യത്വപരമായ ഒരു വലിയ ചോദ്യമല്ലേ?

കേരളത്തിലെ അശിക്ഷിത രാഷ്‌ട്രീയക്കാര്‍ക്കുവേണ്ടി വോട്ടു ബാങ്കുകളെ സൃഷ്ടിക്കുവാന്‍ എണ്ണിയാലൊടുങ്ങാത്ത മനുഷ്യജന്മങ്ങള്‍ക്കു പിറവിയേകുന്ന ദാരിദ്രരായ മനുഷ്യര്‍ക്കു അതിനായി മനുഷ്യത്വപരമായ അവകാശമുണ്ടോ? മതമേധാവികള്‍ക്കു ആത്‌മാക്കളെ വേണം! അനുശാസനം പഠിപ്പിക്കുവാനും തങ്ങളെ ആരാധിക്കുവാനും! അതല്ലേ അതിന്റെ ശരി? കാലിഫോര്‍ണിയയിലെ ഒരു മലയാളദേവാലയത്തില്‍ ഏറ്റവും കുടുതല്‍ മക്കളെ ഉത്‌പാദിപ്പിച്ച മാതാപിതാക്കള്‍ക്കു അവാര്‍ഡ്‌ നല്‍കിയ സംഭവം ഓര്‍മ്മയിലെത്തുകയാണ്‌ ഇത്തരുണത്തില്‍! സംഘടനകളുടെ സ്ഥാപിത താല്‌പര്യങ്ങള്‍ മനഷ്യജീവിതങ്ങളെ ദുരിതക്കയത്തിലാഴ്‌ത്തുന്നു!

മനുഷ്യവകശാത്തെക്കുറിച്ചും ഭരണഘടനാവകാശങ്ങളെക്കുറിച്ചുമെല്ലാം വീറോടെ വാദിക്കുന്നവര്‍ മറന്നുപോകുന്ന ചില കാര്യങ്ങളെങ്കിലുമുണ്ട്‌. ശുദ്ധജല ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും അന്തരീക്ഷ മലിനീകരണവും ജൈവപരമായ അധിനിവേശവുമെല്ലാം പ്രകൃതിയുടെ സന്തുലീതാവസ്ഥയെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആധുനീകത വിളമ്പുന്ന ജീവിതപരിക്കുകള്‍ കാണണമെങ്കില്‍ കേരളത്തിലേക്കു സുക്ഷിച്ചു നോക്കുക. ജീവിക്കുവാനുള്ള അവകാശത്തോടൊപ്പം സ്വതന്ത്രമായി ജീവിക്കുവാനുള്ള ചുറ്റുപാടുകളുടെ അഭാവവും നമ്മള്‍ കാണുന്നില്ലേ? ഗരിമ നിറഞ്ഞ സാംസ്‌ക്കാരികത ഇന്നുണ്ടോ? മനുഷ്യത്വമുണ്ടോ? സുഖലോലുപതയുടെ പിന്നാലെ പായുന്ന പുതു തലമുറ പണസമ്പാദനത്തിനായി കാട്ടിക്കൂട്ടുന്ന ക്രിമിനല്‍ കുറ്റങ്ങളുടെ എണ്ണം കുടുന്നു. മുന്നു വയസുപോലും തികയാത്ത പെണ്‍കുഞ്ഞുങ്ങളെ ഷഷ്‌ടിപൂര്‍ത്തി കഴിഞ്ഞവര്‍ പീഢിപ്പിക്കുന്നു. കാസര്‍കോടു മുതല്‍ കളിയിക്കാവിള വരെുള്ള കേരളദേശം ഇന്നു യഥാര്‍ത്‌ഥത്തില്‍ ഭരിക്കുന്നത്‌ മാഫിയാസംഘങ്ങളും ഗുണ്ടാസംഘങ്ങളുമല്ലേ? എന്തുകൊണ്ടു സന്താനനിയന്ത്രണത്തിനെതിരെ ചിലയ്‌ക്കുന്നവര്‍ ഈ മുഖ്യപ്രശ്‌നങ്ങളോടു ക്രിയാത്‌മകമായി പ്രതികരിക്കുന്നില്ല? ഒരു പക്ഷെ ഇതൊന്നും അവരുടെ മുഖ്യ പ്രശ്‌നങ്ങളല്ലായിരിക്കാം!


കോടികള്‍ ആസ്‌തിയുള്ള ഷേക്കുമാരല്ല കേരളത്തിലെ ജന്മങ്ങള്‍ എന്ന്‌ സാക്ഷാല്‍ സുരേഷ്‌ ഗോപിയും കെസിസിബിയും മുസ്‌ളീം ലീഗും മറ്റും മനസിലാക്കണം. ഇതോടൊപ്പം ഭാവി ഭാരതത്തിന്റെ ഗതി എന്താകും ഈ തലത്തില്‍ ജനസംഖ്യ വര്‍ദ്ധിച്ചാല്‍ എന്നും ചൈന പോലുള്ള വികസ്വര രാജ്യങ്ങള്‍ ജനസംഖ്യയുടെ കാര്യത്തില്‍ പാലിക്കുന്ന നിയന്ത്രണങ്ങളില്‍ കഴമ്പുണ്ടോ എന്നും മനസു തുറന്നു ശ്രദ്ധിക്കണം. സുരേഷ്‌ ഗോപിക്ക്‌ ഇതൊരു തമാശ! ഒരു പേര്‌! അതില്‍ കൂടുതല്‍ അയാള്‍ക്ക്‌ അറിയേണ്ട കാര്യമില്ല! നാലു ഡയലോഗു പറഞ്ഞാല്‍ അയാള്‍ക്കു കാശു കിട്ടും. പക്ഷെ മതനേതാക്കളും മറ്റ്‌ ഉത്തരവാദപ്പെട്ടവരും സ്വന്തം താല്‌പര്യങ്ങളില്‍ നിന്നും പുറത്തു വന്ന്‌ സ്വാര്‍ത്‌ഥലോഭമോഹങ്ങള്‍ വെടിഞ്ഞ്‌ കേരളജീവിതത്തിന്റെ മുഖ്യധാരയിലെ പ്രശ്‌നങ്ങള്‍ പഠിക്കണം. തിരിച്ചറിയണം. എന്നിട്ട്‌ പൊതു ജീവിതത്തിന്‌ അനുസരണമായ നയങ്ങളും ശൈലികളും ഭാസുരവും സമൃദ്ധവും സമാധാനപൂര്‍ണ്ണവുമായ ഒരു മനുഷ്യഭാവിക്കുവേണ്ടി രുപപ്പെടുത്തണം.

അനാവശ്യമായി ഒരു കുഞ്ഞിന്റെ കണ്ണീരുകൂടി ഈ ഭൂമിയില്‍ ഇനിയും പതിയാതിരിക്കട്ടെ!
എത്ര കുട്ടികള്‍ വരെ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക