Image

ന്യൂയോര്‍ക്കിലെ ഓര്‍ത്തഡോക്‌സ് യാക്കോബായാ സംവാദം

Published on 03 October, 2011
ന്യൂയോര്‍ക്കിലെ ഓര്‍ത്തഡോക്‌സ് യാക്കോബായാ സംവാദം

ന്യൂയോര്‍ക്ക് : കോലഞ്ചേരി പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് അമേരിക്കയിലെ പ്രവാസി മലയാളികളുടെ പ്രതികരണമറിയാന്‍ കൈരളി ടി.വി. യു.എസ്സ.എ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ഓര്‍ത്തഡോക്‌സ്-യാക്കോബായ സംവാദം ഏറെ ശ്രദ്ധിക്കപ്പെട്ടു. സെപ്റ്റംബര്‍ 27-ാം തീയ്യതി ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയ്ക്ക് എല്‍മോണിലെ കേരള സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട സംവാദത്തില്‍ ഇരുകക്ഷികളിലെയും പ്രശസ്തരും പ്രഗല്‍ഭരും അണിനിരന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് ശ്രി.ഫിലിപ്പോസ് ഫിലിപ്പ്, റോയി എണ്ണശ്ശേരില്‍ , ശ്രീ.കോരസണ്‍ വര്‍ഗീസ്, ശ്രീ.ജോണ്‍ ഐസക്ക്, ശ്രീ. വര്‍ഗീസ് പോത്താനിക്കാട്, ഡോക്ടര്‍ ഫിലിപ്പ് ജോര്‍ജ് എന്നിവരും യാക്കോബായ സഭയെ പ്രതിനിധീകരിച്ച് ശ്രീ.ജോസഫ് കുരിയപ്പുറം, ശ്രീ.ജോര്‍ജ് പടിയേടത്ത്, ശ്രീ. ബേബി കുരിയാക്കോസ്, ശ്രീ.ജോയി ഇട്ടന്‍ , ശ്രീ.ബാബു തുമ്പയില്‍ എന്നിവരും പങ്കെടുത്തു. കേരള സെന്റര്‍ ചെയര്‍മാന്‍ ശ്രീ.ഇ.എ. സ്റ്റീഫന്‍….മോഡറേറ്ററായിരുന്നു. കൈരളി ടി.വിയുടെ ശ്രീ.ജോസ് കാടാമ്പുറം ആദ്യന്തിയോളം ചര്‍ച്ചകളുടെ ഗതി നിയന്ത്രിച്ചു.

ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊണ്ട് ശ്രീ.ഫിലിപ്പോസ് ഫിലിപ്പ് കോലഞ്ചേരി പള്ളിത്തര്‍ക്കത്തിന് നിദാനമായ കാരണങ്ങള്‍ അക്കമിട്ടു നിരത്തി. മലങ്കര സഭാ ചരിത്രത്തിലൂടെ കാരണങ്ങള്‍ അന്വേഷിച്ചു നടന്ന് ശാശ്വത സമാധാനത്തിന് ഏക പോംവഴി 1934 ലെ ഭരണഘടന അംഗീകരിച്ചു മാത്രം മുമ്പോട്ടു പോകുകയാണ് വേണ്ടത്. 1958-ലെ സുപ്രീം കോടതി വിധി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായിരുന്നു. പാത്രിയര്‍ക്കീസ് ഭാഗത്തെ വാദങ്ങള്‍ ചിലവു സഹിതം തള്ളി, പാത്രിയര്‍ക്കീസ് ബാവയ്ക്ക് മലങ്കര സഭയില്‍ ആത്മീയ നേതൃത്വം മാത്രമേയുള്ളൂ എന്നും, മലങ്കരയിലെ സഭയിലെ ഭരണം മലങ്കര മെത്രാപ്പോലീത്തായില്‍ നിഷിത്വമാണെന്നും വ്യക്തമാക്കിയതായി പ്രസ്ഥാവിച്ചു. ഈ സുപ്രധാന വിധി. പരി.അന്ത്യോക്യ പാത്രീയര്‍ക്കീസ് അംഗീകരിക്കുകയും 1934 ഭരണഘടനക്കു വിധേയമായി മലങ്കരയില്‍ കാതോലിക്കയെ വാഴിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തു. കേസിന്റെ കാലാവധി 12 വര്‍ഷം കഴിഞ്ഞപ്പോള്‍ , ഇന്ത്യയുടെ അപ്പോസ്ഥാലന്‍ മാര്‍തോമാശ്ലീഹാക്ക് പട്ടണം ഇല്ല എന്ന വേദവിപരീതം ഉന്നയിച്ചു മലങ്കര സഭയെ വീണ്ടും പ്രശ്‌നത്തില്‍ എത്തിച്ചു.

രണ്ടു പതിറ്റാണ്ടുകാലത്തെ കോടതി വ്യവഹാരങ്ങള്‍ക്കു ശേഷം 1995-ല്‍ ഇന്ത്യയുടെ പരമോന്നത കോടതി 1934 ഭരണഘടന സ്ഥിരപ്പെടുത്തുകയും, മലങ്കര സഭയുടെ ഭരണം മലങ്കര മെത്രാപ്പോലീത്തായുടെയും കാതോലിക്കായുടേയും കൈകളില്‍ മാത്രമായിരിക്കുമെന്നു, ഇതിനെ ചോദ്യം ചെയ്യാന്‍ പാടില്ല എന്നും വിധിച്ചു. തുടര്‍ന്ന് നടന്ന ഏകീകരണ ചര്‍ച്ചകള്‍ക്കും, മദ്ധ്യസ്ഥകള്‍ക്കും സമവായനകള്‍ക്കും പുറം തിരിഞ്ഞ് 2002-ല്‍ പുത്തന്‍ കുരിശു കേന്ദ്രമാക്കി പുതിയ സഭയുണ്ടാക്കുകയും സഭയെ പിളര്‍ക്കയും ചെയ്തത്, ശ്രേഷ്ഠ തോമസ് ബാവക്ക് തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടി മാത്രം സഭയിലും, സമൂഹത്തിലും കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ചെയ്തത്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നുണ്ട് പക്ഷെ അദ്ദേഹം നേതൃത്വം നല്‍കുന്ന രീതികള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ കോലഞ്ചേരി പള്ളിയില്‍ നടമാടുന്ന നാടകങ്ങള്‍ക്ക് മലങ്കര സഭയല്ല തുടക്കമിട്ടത്, തല്‍സ്ഥിതി തുടരാന്‍ തടസ്സമിട്ടതും മലങ്കര ഓര്‍ത്തഡോക്‌സ് സഭയല്ല. 2007-ല്‍ യാക്കോബായ സഭ കൊടുത്ത വാദങ്ങള്‍ നിരാകരിച്ചു കൊണ്ടാണ് കോടതി വിധി പ്രസ്ഥാവിച്ചത്. അത് നീതി തന്നെയാണ്, നടപ്പാക്കേണ്ടത് ഭരണം നടത്തുന്ന കേരള സര്‍ക്കാരാണ്. അതില്‍ അമാന്തമുണ്ടായതു കൊണ്ടാണ് സമരങ്ങള്‍ക്കു കാരണഭൂതമായ അവസ്ഥ.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഒരു വിശ്വാസിയുടേയും ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തില്ല. എന്നാല്‍ പള്ളി ഭരണം ഭരണഘടനാപരം മാത്രം നടപ്പിലാക്കണം, അതില്‍ വിട്ടുവീഴ്ചയുടെ സാധ്യതയില്ല. സമവായവും മദ്ധ്യസ്ഥതയും പറഞ്ഞ് നീതി നടപ്പാക്കാന്‍ ഭയക്കുന്നത് കേരള സര്‍ക്കാരാണ്. കേവല ഭൂരിപക്ഷത്തില്‍ കടിച്ചു തുടങ്ങുന്ന ഈ സര്‍ക്കാരിന് നീതി നടപ്പിലാക്കാന്‍ താമസം എടുത്തു. എങ്കിലും 15 ദിവസത്തിനകം വിധി നടപ്പിലാക്കാം എന്ന വാഗ്ദാനം സ്വാഗതം ചെയ്യുന്നു എന്ന് ശ്രീ.ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

വി.പത്രോസ് പൗലോസ് ശ്ലീഹമാരുടെ നാമത്തിലുള്ള കോലഞ്ചേരിപ്പള്ളി പരമ്പരാഗതമായി യാക്കോബായക്കാരുടെ സ്വത്താണ്. ഏതാണ്ട് 2000ത്തലധികം ഇടവക്കാരുള്ള ഈ ദേവാലയത്തില്‍ 200 ല്‍ താഴയേ ഓര്‍ത്തഡോക്‌സ് ഭാഗക്കാരുള്ളൂ. 1958 വരെ അന്ത്യേക്യന്‍ സിംഹാസനവുമായി മാത്രമേ ബന്ധമുണ്ടായിരുന്ന ഇടവക, യോജിപ്പിനെ തുടര്‍ന്ന് കാതോലിക്കയെ അംഗീകരിച്ചു. പിന്നീട് ഭിന്നത ഉണ്ടായപ്പോഴും ഇരുപക്ഷത്തിനും സ്വീകാര്യമായ നിലപാടുകളാണ് രണ്ടു കൂട്ടരും എടുത്തത്. വൈദികരെ മാറ്റുവാനുള്ള തീരുമാനത്തിന്റെ പേരിലാണ് പള്ളി ദീര്‍ഘനാള്‍ പൂട്ടിയിടേണ്ടി വന്നത്. ഇപ്പോള്‍ ജില്ലാകോടതിയില്‍ അനുകൂലമായ വിധി ഉണ്ടായെങ്കിലും, ഹൈകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നു. ഇതിനിടയില്‍ പള്ളി പിടിച്ചെടുക്കാന്‍ ഓര്‍ത്തഡോക്‌സ് ഭാഗം തയ്യാറാവുന്നത് അംഗീകരിക്കാന്‍ സാധിക്കുകയില്ല. ചര്‍ച്ചകളിലൂടെ ഒത്തുതീര്‍പ്പിനുള്ള സാധ്യതകളാണ് ആരായേണ്ടതെന്ന് ശ്രീ.ജോര്‍ജ് പാടിയോടം പ്രസ്താവിച്ചു.

തുടര്‍ന്ന് ശ്രീ.റോയി എണ്ണശ്ശേരില്‍ , 2007-ല്‍ പാത്രീയര്‍ക്കീസ് ഭാഗം ഉന്നയിച്ച നാല് അവകാശങ്ങള്‍ അക്കമിട്ട് നിരത്തി. ഓരോന്നും യുക്തിരഹിതമെന്നും കോടതി വിധിയെഴുതിയതായി പറഞ്ഞു. 1934-ലെ ഭരണഘടന അംഗീകരിച്ച് പള്ളിഭരണം മലങ്കര മെത്രാപ്പോലീത്തയില്‍ തന്നെയാണ്. സുപ്രീം കോടതി നേരിട്ട് ഇടപ്പെട്ട് ബഹു.കോടതിയുടെ മേല്‍നോട്ടത്തില്‍ പരുമല പള്ളിയില്‍ വിഘടിച്ച് ചേര്‍ന്ന മലങ്കര അസോസിയേഷന്‍ പണവും കെട്ടിവച്ച് തയ്യാറെടുപ്പുകള്‍ക്കു ശേഷം ഒഴിഞ്ഞു മാറി പുതിയ ഭരണഘടനയും ക്രമങ്ങളും ഉഷാറാക്കിയെങ്കില്‍ അത് ഇന്ത്യയുടെ പരമോന്നത കോടതിയോടുള്ള അവഹേളനമല്ലേ എന്നു ചോദിച്ചു. പുതിയ ഭരണഘടന സംവിധാനങ്ങള്‍ക്കോ, റിസീവര്‍ ഭരണത്തിനോ, 1913-ലെ ഉടമ്പടികള്‍ക്കോ ഇനിയും സ്ഥാനമില്ല എന്നതാണ് പരമസത്യം. ഈ വിധി യഥാവിധി നടപ്പാക്കണം, അതിന് ഇനിയും ചര്‍ച്ചയോ മദ്ധ്യസ്ഥനേയോ സാധ്യമല്ല എന്നും ശ്രീ.റോയി എണ്ണാശ്ശേരില്‍ പ്രസ്താവിച്ചു.

ഇടവകപ്പള്ളി ഇടവകക്കാരുടേതാണെന്നും പൊതുയോഗത്തിന്റെ ഭൂരിപക്ഷ അഭിപ്രായപ്രകാരം 1934-ലെ ഭരണഘടന അംഗീകരിക്കയോ, സ്വീകരിക്കാതിരിക്കയോ ചെയ്യാമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പുകള്‍ ചൂണ്ടിക്കാട്ടി ശ്രീ.ജോസഫ് കുരിയപ്പുറം പറഞ്ഞു. മലങ്കര അസോസിയേഷനില്‍ നിന്നും വിട്ടു പോയി മറ്റ് അസോസിയേഷന്‍ രൂപീകരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നു. ഏതു പൗരനും ഏതു വിശ്വാസവും സ്വീകരിക്കുവാന്‍ സാധിക്കും. എന്നാല്‍ സുപ്രീം കോടതി വിധിയുടെ നിഴലില്‍ പള്ളി പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കുക തന്നെ ചെയ്യും. സുപ്രീം കോടതി വിധി പൂര്‍ണ്ണമായും അനുകൂലമല്ലാത്തതിനാലാണ് സര്‍ക്കാര്‍ , കതോലിക്കാബാവയ്ക്ക് യാക്കോബായ പള്ളികളില്‍ പ്രവേശിക്കാന്‍ സംരക്ഷണം നല്‍കാത്തത്. ഹൈക്കോടതിയിലെ അപ്പീല്‍ തീര്‍പ്പാക്കുന്നതിന് മുമ്പ് ധൃതിപിടിച്ച് വിധി നടപ്പാക്കാന്‍ ശ്രമിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം എന്ന് ശ്രീ.കുരിയപ്പുറം ചൂണ്ടികാണ്ടി.

മലങ്കര- അന്ത്യോക്യന്‍ ബന്ധത്തിലോ ചരിത്രസത്യങ്ങള്‍ തുറന്ന മനസ്സോടെ കാണണമെന്നും തുടര്‍ന്ന് സംസാരിച്ച ശ്രീ. കോരസണ്‍ വര്‍ഗീസ് പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഒരു ഭാരതീയ സഭയാണെന്നും അതിന് റോമയുടേയോ സിറിയയുടേയോ മേല്‍ക്കോയ്മ ആവശ്യമില്ല, ആഗോള സഭ ഐക്യവേദിയില്‍ അതിന് സ്വതന്ത്രമായ സ്ഥാനമുണ്ട്. സുറിയാനി സഭ പൊതുവായി അംഗീകരിക്കുന്ന ചരിത്രക്കാരനും കാനോന്‍ പണ്ഡിതനുമായിരുന്നു. 13-#ാ#ം നൂറ്റാണ്ടില്‍ ജീവിച്ച ബാറബ്രയായും, മറ്റു സുറിയാനി ചരിത്രകാരന്മാരും 15-#ാ#ം നൂറ്റാണ്ടു വരെ മലങ്കര സഭയുമായുള്ള യാതൊരു ബന്ധത്തെ പറ്റിയും പരാമര്‍ശിച്ചിട്ടില്ല. 1665-ല്‍ യറുശലേമിലെ ഗ്രിഗോറിയോസ് മലങ്കരയില്‍ എത്തിയതു മുതല്‍ മാത്രമാണ് അന്ത്യോക്യന്‍ സഭയുമായി മലങ്കര സഭ ബന്ധപ്പെടുന്നത്. 16-ാം നൂറ്റാണ്ടുവരെ പേര്‍ഷ്യന്‍ സഭയുമായുള്ള ആത്മബന്ധമാണ് മലങ്കര സഭയായിരിക്കുന്നത്. 16-ാം നൂറ്റാണ്ടു മുതല്‍ പോര്‍ത്തുഗീസുകാരും, അതിനു ശേഷം അന്ത്യോക്ക്യക്കാരും ഓക്കെയായും നിരന്തരം സ്വാതന്ത്ര്യത്തിനായി പൊരുതേണ്ട ചരിത്രമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കുള്ളത്.

കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ 1995 ലെ സുപ്രീം കോടതിവിധിയിലെ ഒരു ക്രമപ്രശ്‌നം ഉന്നയിച്ചു, ഇടവകപ്പള്ളികള്‍ക്ക് സ്വയ അധികാര-അവകാശങ്ങള്‍ ഉണ്ടെന്ന് വാദിക്കുന്നനതില്‍ കഴമ്പില്ല. ഇന്ത്യയിലെ സംസ്ഥാനം ഭരിക്കപ്പെടുന്നത് അവിടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ്. എന്നാല്‍ ആ സംസ്ഥാനം ഒരു ഫെഡറല്‍ ഭരണത്തിന്റെ ഭാഗമാണ്. ഫെഡറല്‍ സര്‍ക്കാരിന് അതിന്റേതായ അവകാശാ അധികാരങ്ങള്‍ സംസ്ഥാനത്തിനു മേലുണ്ട്. ഇവയെല്ലാം ഭരിക്കപ്പെടേണ്ടത് ഇന്ത്യന്‍ ഭരണഘടന അനുശാനിക്കുന്നത് പോലെ മാത്രവും. ഇതുപോലെ 1934 ഭരണഘടന പ്രകാരം മലങ്കര മെത്രോപ്പോലീത്താ നിയമിക്കുന്ന മെത്രാപ്പോലീത്തയാലും വൈദീകരാലും ഇടവക ഭരിക്കപ്പെടണം. ഇടവകപ്പള്ളിയുടെ ഭരണസ്വാതന്ത്ര്യത്തന് യാതൊരു തടസ്സവും തര്‍ക്കവും നിലവില്ല. അതിനാല്‍ ഒരു മനസ്സോടെ കരുതുകയും ആരാധിക്കയും ചെയ്യുന്ന സമൂഹമായി വീണ്ടും ഒന്നു ചേരാന്‍ സാധിക്കട്ടെ എന്ന് ശ്രീ.കോരസണ്‍ വര്‍ഗ്ഗീസ് പറഞ്ഞു.

ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ മേല്‍ അവകാശവാദം നടത്തുന്നത് അഭിലഷണീയമല്ല. കോടതി വിധി എന്തുമാകട്ടെ ഭൂരിപക്ഷത്തെ പുറത്തിറക്കി ആരെങ്കിലും പള്ളി കൈയ്യടക്കാന്‍ ശ്രമിച്ചാല്‍ സമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് ശ്രീ.ബേബി കുര്യക്കോസും ബാബു തുമ്പയിലും അഭിപ്രായപ്പെട്ടു. സ്വന്തം പള്ളികളാണെങ്കില്‍ അവിടെ കയറാന്‍ എന്തിനാണ് പോലീസിന്റെ സഹായം ആവശ്യപ്പെടുന്നത്. ഭരണഘടന അനുസരിക്കപ്പെടാന്‍ കോടതിയും പോലീസും മതിയെന്ന ഓര്‍ത്തഡോക്‌സ് നിലപാട് ശരിയല്ല. കൂട്ടായ സമാധാനശ്രമം ഉണ്ടാകണം. മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുറിയാനി സഭ എന്നു ഇപ്പോള്‍ ഉപയോഗിക്കാറില്ലല്ലോ എന്നും ശ്രീ.ബാബു തുമ്പയില്‍ ഓര്‍മ്മിപ്പിച്ചു.

കോലഞ്ചേരി പള്ളിത്തര്‍ക്കം കേവലം ഒരു പള്ളിയുടെ പ്രശ്‌നമല്ല, രാജ്യത്തിന്റെ നീതി നടപ്പാക്കുന്നതിലുള്ള പ്രശ്‌നമാണിപ്പോള്‍ . രാജ്യത്തിന്റെ നീതി നിര്‍വഹണത്തില്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തെ ഉണര്‍ത്തുന്ന സമരമാണെന്ന് ശ്രീ വര്‍ഗീസ് പോത്താനിക്കാട് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ നീതി വ്യവസ്ഥയെ ധിക്കരിക്കുന്നത് അരാജക്ത്വമാണ്. 1934 ലെ ഭരണഘടന ധിക്കരിച്ചു മലങ്കര അസോസിയേഷന്‍ യോഗം ബഹിഷ്‌കരിച്ച്, പുത്തന്‍ കുരിശു കേന്ദ്രമാക്കി സൊസൈറ്റി ആക്റ്റ് പ്രകാരം ഭരണം നടത്തുന്നവര്‍ക്ക് മലങ്കര സഭയില്‍ യാതൊരു അധികാര അവകാശങ്ങളുമില്ല. കോടതി വിധി അനുകൂലമാകുമ്പോള്‍ നമുക്ക് പങ്കിടാമെന്നു പറയുകയും ഇല്ലെങ്കില്‍ പിടിച്ചെടുക്കും എന്നു പറയുന്നത് സാമൂഹിക വ്യവസ്ഥിതികളോടുള്ള പരസ്യമായ വെല്ലുവിളിയാണ്, ശ്രീ വര്‍ഗീസ് പോത്താനിക്കാട് കൂട്ടിച്ചേര്‍ത്തു.

2002-ല്‍ പുതിയ ഭരണഘടന ഉണ്ടാക്കി സഭയ്‌ക്കെതിരായി പ്രഖ്യാപിച്ചവര്‍ക്ക് എന്താണ് മലങ്കര സഭയുടെ പങ്കുവെയ്ക്കയിലെ പറ്റി പറയാനുള്ളതെന്ന് തുടര്‍ന്ന് സംസാരിച്ച ശ്രീ.ജോണ്‍ ഐസക്ക് ചോദിച്ചു. കോടതിയില്‍ തോറ്റാല്‍ മദ്ധ്യസ്ഥത-അല്ലെങ്കില്‍ പിടിച്ചെടുക്കല്‍ , കോടതിയില്‍ ജയിച്ചാല്‍ നീതി നടപ്പാക്കാന്‍ സഹനസമരം ഇതാണ് യാക്കോബായ സഭാ ശൈലിയെന്നും ശ്രീ.ഐസക്ക് വിലയിരുത്തി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരുപ്പുകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം പിന്നെ എന്ത് മദ്ധ്യസ്ഥത? മദ്ധ്യസ്ഥത പരാജയപ്പെട്ടപ്പോഴല്ലേ കോടതിയെ സമീപിച്ചത്? വിധി നടപ്പാക്കുവാന്‍ സര്‍ക്കാര്‍ വീഴ്ച കാട്ടരുതെന്നും അറബി അടിമത്തം ഒരു പൂമാലയായി സ്വീകരിക്കുന്ന സഹവിശ്വാസികളോട് വേദനയുണ്ടെന്നും ശ്രീ.ഐസക്ക് കൂട്ടിച്ചേര്‍ത്തു.

സഭയുടെ തലവന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ മാത്രമാണെന്നും സിംഹാസനത്തിനു വേണ്ടി ജീവത്യാഗം ചെയ്യാന്‍ സന്നദ്ധനാണെന്നു ശ്രീ.ജോയി ഇട്ടന്‍ പറഞ്ഞു. കോടതി വിധി എങ്ങനെയുമാകട്ടെ, പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. ഏഴാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട കോലഞ്ചേരിപ്പള്ളി ബഹുഭൂരിപക്ഷം വരുന്ന യാക്കോബായക്കാരുടെ സ്വത്താണ്. സ്വന്തം ഇടവകക്കാരനായ ഓര്‍ത്തഡോക്‌സു വിഭാഗം കാതോലിക്ക മുറിമറ്റത്തില്‍ ഇവാനിയോസിനെ ബഹിഷ്‌ക്കരിക്കുകയും ശവസംസ്‌ക്കാരം നടത്താന്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്ത പാരമ്പര്യമാണ് കോലഞ്ചേരി പള്ളിയ്ക്കുള്ളത്. കോടതി വിധി എന്തായിരുന്നാലും ഭൂരിപക്ഷത്തെ മാനിച്ച് ഭരണാധികാരികള്‍ തീരുമാനമെടുക്കണമെന്നും ശ്രീ.ജോഷി ഇട്ടന്‍ കൂട്ടിചേര്‍ത്തു.

മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈകീക സിംഹാസനത്തില്‍ വാണരുളുന്ന പരി.കാതോലിക്കാ ബാവയ്ക്കും, മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കും യാക്കോബായക്കാരുടേയോ സര്‍ക്കാരിന്റേയോ യാതൊരു വിധ ഔദാര്യങ്ങളും വേണ്ട. കോടതി തീരുമാനക്കട്ടെ എന്നു തന്നെ ഒരിക്കല്‍ പ്രസ്താവിച്ച പ.പാത്രിയര്‍ക്കീസ് ബാവയും, നീതിക്കായി കോടതിയെ സമീപിച്ച യാക്കോബായാ വിഭാഗവും, നീതി നടപ്പിലാക്കാന്‍ സഹകരിക്കണം. “സഹോദര്യമാണെങ്കില്‍ സ്വീകരിക്കും ആധിപത്യമാണെങ്കില്‍ തിരസ്‌ക്കരിക്കും” എന്നതാണ് യാക്കോബായ സഭയോട് പറയാനുള്ളത് എന്ന് കോലഞ്ചേരി സമരമുഖത്ത് നിന്ന് തിരിച്ചെത്തിയ ഡോ.ഫിലിപ്പ് ജോര്‍ജ് പ്രസ്താവിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിശാലമായ കാഴ്ചപ്പാടാണുള്ളതെന്നും, വിശ്വാസികളുടെ യാതൊരു ആത്മീയകാര്യങ്ങള്‍ക്കും മലങ്കര സഭ തടസ്സമാവില്ലെന്നും, ഭരണഘടനയും കോടതിവിധിയും മാനിച്ചാല്‍ സമാധാനം താനെ ഉണ്ടാകുമെന്നും സംവാദം ഉപസംഹരിച്ചുകൊണ്ട് ശ്രീ.ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. ആരുടേയും പള്ളികള്‍ ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന പാരമ്പര്യവും മലങ്കര സഭക്കില്ല എന്നും കോടതി വിധികള്‍ നടപ്പാക്കി തരും എന്ന കേരള സര്‍ക്കാരിന്റെ സമീപനം സ്വാഗതം ചെയ്യുന്നുവെന്നും, ആത്യന്തികമായി കോലഞ്ചേരി പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു മാത്രമായി ലഭിക്കുമെന്നു ശ്രീ.ഫിലിപ്പോസ് കൂട്ടിച്ചേര്‍ത്തു.

ഇല്ലാത്ത സിംഹാസനത്തിന്റെ കടന്നാക്രമണം എന്തു വിലകൊടുത്തും തടയുമെന്നും, കാലു മാറിയവരെ ഉപയോഗിച്ച് ബഹുശതം പള്ളികളും കൈവശപ്പെടുത്തിയ രീതികള്‍ ഇനിയും വിലപോവില്ല എന്നും യാക്കോബായ വിഭാഗത്തിന്റെ വാദങ്ങള്‍ ഉപസംഹരിച്ചുകൊണ്ട് ശ്രീ.ജോസഫ് കുരിയപ്പുറം പറഞ്ഞു. കോലഞ്ചേരി പ്രശ്‌നത്തില്‍ സത്യസുറിയാനി സഭയുടെ മക്കള്‍ വിജയിക്കുമെന്നും ശ്രീ.കുരിയപ്പുറം കൂട്ടിച്ചേര്‍ത്തു.

സംവാദം അവസാനിപ്പിക്കുന്നതിന് മുമ്പ് കൈരളി ടി.വി.യുടെ പ്രതിനിധി ശ്രീ.ജോസ് കാടാപുറം ഇരുകൂട്ടരോടുമായ ഒരു ചോദ്യം ചോദിച്ചു. കോടതി വിധി നടപ്പാക്കേണ്ടത് ഒരു സര്‍ക്കാരിന്റെ ചുമതലയാണോ, അല്ലയോ? തീര്‍ച്ചയായും സര്‍ക്കാരിന്റെ ചുമതലയാണെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വേണ്ടി ശ്രീ.ജോണ്‍ ഐസക്ക്  മറുപടി നല്‍കി. ജൂഡീഷ്യറിയുടെ ഉത്തരവുകള്‍ എക്‌സിക്യൂട്ടീവ് ബ്രാഞ്ച് തീര്‍ച്ചയായും നടപ്പിലാക്കണം; എന്നാല്‍ കോലഞ്ചേരി പ്രശ്‌നത്തില്‍ ഹൈക്കോടതിയുടെ അന്തിമ വിധി വാരാത്തിടത്തോളം കാലം കീഴ്‌കോടതി വിധി നടപ്പാക്കണം എന്നു വാശിപിടിക്കുന്നത് ബാലിശമാണെന്ന് യാക്കോബായാ സഭയ്ക്ക് വേണ്ടി ശ്രീ.ജോസഫ് കുറിയപ്പുറം മറുപടി
നല്‍കി.

ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിയോഗിച്ച മദ്ധ്യസ്ഥര്‍ക്കോ, ഇതര സഭാ മേലദ്ധ്യക്ഷന്‍ മാര്‍ക്കോ സമുദായ നേതാക്കള്‍മാര്‍ക്കോ പരസ്പരം വെല്ലുവിളിച്ചു നില്‍ക്കുന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ വിഭാഗങ്ങളെ ഒരു മേശയ്ക്കു ചുറ്റുമിരുത്തി സംസാരിപ്പിക്കാന്‍ സാധിക്കാത്ത അവസരത്തില്‍ ഇരുകൂട്ടരേയും മുഖാമുഖം സംസാരിപ്പിക്കുകയും അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്ത കൈരളി ടി.വി.യു.എസ്സ്.എയുടെ പ്രൊഡ്യൂസര്‍ ശ്രീ.ജോസ് കാടാപുറത്തിന്റെ ശ്രമങ്ങളെ പങ്കെടുത്തവരും കാഴ്ചക്കാരായവരും ഒരു പോലെ അഭിനന്ദിച്ചു.
ന്യൂയോര്‍ക്കിലെ ഓര്‍ത്തഡോക്‌സ് യാക്കോബായാ സംവാദം
ന്യൂയോര്‍ക്കിലെ ഓര്‍ത്തഡോക്‌സ് യാക്കോബായാ സംവാദം
ഓര്‍ത്തഡോക്‌സ് വിഭാഗം
ന്യൂയോര്‍ക്കിലെ ഓര്‍ത്തഡോക്‌സ് യാക്കോബായാ സംവാദം
പാത്രിയാര്‍ക്കീസ് വിഭാഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക