Image

കാലിഫോര്‍ണിയായില്‍ വെടിവെയ്പ്പ്: മൂന്ന് മരണം(അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 03 October, 2011
കാലിഫോര്‍ണിയായില്‍ വെടിവെയ്പ്പ്: മൂന്ന് മരണം(അങ്കിള്‍സാം വിശേഷങ്ങള്‍)
കാലിഫോര്‍ണിയായില്‍ വെടിവെയ്പ്പ്: മൂന്ന് മരണം

ലോസ് എയ്ഞ്ചല്‍സ് : കാലിഫോര്‍ണിയയിലെ സാന്‍ ലിയാന്‍ഡ്രോ നഗരത്തില്‍ നിശാപാര്‍ട്ടിയ്ക്കിടെ തോക്കുധാരികള്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ അല്‍വരാഡോ സ്ട്രീറ്റില്‍ ഒരു ഗോഡൗണില്‍ അനധികൃതമായി സംഘടിപ്പിച്ച ടാറ്റൂ പാര്‍ട്ടിയ്ക്കിടെയാണ് ആക്രമണമുണ്ടായത്. രണ്ടു യുവതികളും യുവാവുമാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്.

മുഖം മൂടി ധരിച്ചെത്തിയ രണ്ടു അക്രമികളാണ് വെടിവയ്പ്പുനടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നൂറോളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. ഇന്റര്‍നെറ്റിലൂടെ പരസ്യം നല്‍കിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

വെടിവെയ്പ്പിനെ തുടര്‍ന്ന് പരിഭ്രാന്തരായ നിരവധി പേര്‍ സംഭവസ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുക്കുവാന്‍ എത്തിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

റെയ്മണ്ട് ഡേവീസ് യുഎസില്‍ അറസ്റ്റിലായി.

വാഷിംഗ്ടണ്‍ : ലാഹോറില്‍ രണ്ടു പാക് പൗരന്മാരെ കൊലപ്പെടുത്തിയ കേസില്‍ വിട്ടയയ്ക്കപ്പെട്ട സി.ഐ.എ കോണ്‍ട്രാക്ടര്‍ റെയ്മണ്ട് ഡേവീസിനെ മറ്റൊരു കേസില്‍ യുഎസ് പോലീസ് അറസ്റ്റു ചെയ്തു. വാഹന പാര്‍ക്കിംഗ് സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ എതിരാളിയെ കൈയേറ്റം ചെയ്ത കേസിലാണ് യുഎസിലെ കോളറാഡോയില്‍ കഴിഞ്ഞ ദിവസം അദ്ദേഹം അറസ്റ്റിലായതെന്നു പോലീസ് പറഞ്ഞു.

ലാഹോറില്‍ രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ ഡേവീസിനെ പാക് പോലിസ് അറസ്റ്റ് ചെയ്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‌നമായി വളരുകയുണ്ടായി. ഡേവീസിനു നയതന്ത്ര പരിരക്ഷയുണ്ടെന്ന് അമേരിക്ക വാദിച്ചെങ്കിലും പാക്കിസ്ഥാന്‍ സമ്മതിച്ചില്ല. ഒടുവില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രക്തപ്പണം നല്‍കിയതിനെത്തുടര്‍ന്നാണ് ഏഴാഴ്ചത്തെ ജയില്‍വാസത്തിനു ശേഷം ഡേവീസിനെ വിട്ടയച്ചത്.

യു.എസുമായുള്ള തര്‍ക്കത്തില്‍ പാക്കിസ്ഥാനു ജയമെന്ന് ഗീലാനി

ഇസ്ലാമാബാദ് : പാക് ചാരസംഘനയായ ഐഎസ്‌ഐയുമായി തീവ്രവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനുള്ള രഹസ്യബന്ധത്തെച്ചൊല്ലി യുഎസുമായി ഉണ്ടായ ആശയ സംഘര്‍ഷത്തില്‍ തങ്ങള്‍ വിജയിച്ചതായി പാക്ക് പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയുടെ അവകാശവാദം.

അഫ്ഗാനിസ്ഥാനില്‍ ഹഖാനി സംഘം നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്തുണ നല്‍കുന്നത് ഐഎസ്‌ഐ ആണെന്നു മുന്‍ യുഎസ് സൈനിക മേധാവി അഡ്മിറല്‍ മൈക്ക് മുള്ളന്‍ പ്രസ്താവിച്ചതാണ് ഇരു രാജ്യങ്ങളും തമ്മില്‍ അകലാന്‍ കാരണം. എന്നാല്‍ ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ പാക്കിസ്ഥാന്റെ പിന്തുണ അമേരിക്കയ്ക്ക് ആവശ്യമുണ്ടെന്നും തനിക്ക് വാഷിംഗ്ടണില്‍ നിന്നു സന്ദേശം ലഭിച്ചതായി ഗീലാനി മുള്‍ട്ടാനില്‍ ഒരു യോഗത്തില്‍ പറഞ്ഞു. ഇതു പാക്കിസ്ഥാന്റെ വിജയമാണ്. പാക് ഗവണ്‍മെന്റും ജനങ്ങളും ഒറ്റക്കെട്ടായി നിന്നതിലാണ് ആരോപണം യുഎസ് പിന്‍വലിച്ചതെന്നും അറിയിച്ചു.
 
പാക്കിസ്ഥാന്റെ ഭീകരതാ വിരുദ്ധ നടപടി ഫലപ്രദമല്ലെന്ന് ഒബാമ

വാഷിംഗ്ടണ്‍ : പാക്കിസ്ഥാന്റെ ഭീകരതാ വിരുദ്ധ നടപടികള്‍ക്ക് ഈ വര്‍ഷം വേണ്ടത്ര ഫലപ്രാപ്തി ഉണ്ടായില്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ യു.എസ് കോണ്‍ഗ്രസിന് റിപ്പോര്‍ട്ട് നല്‍കി. 2010-ലെ വെള്ളപ്പൊക്ക സമയത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തല്‍ക്കാല ശമനം ഉണ്ടായിരുന്നു. എന്നാല്‍ , പിന്നീട് ഭീകരത ശക്തിയാര്‍ജിക്കുകയാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാക് സൈന്യം ശുദ്ധീകരിച്ച മേഖലകളില്‍ പോലും തീവ്രവാദം തലപൊക്കിയെന്ന് റിപ്പോര്‍ട്ടില്‍ ഒബാമ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2011 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ പാക്-അഫ്ഗാന്‍ മേഖലയിലെ ഭീകരാക്രണങ്ങളുമായി ബന്ധപ്പെട്ട 25 പേജുള്ള റിപ്പോര്‍ട്ടാണ് ഒബാമ തയ്യാറാക്കിയത്.
മുന്‍വര്‍ഷങ്ങളില്‍ ഭീകരത തടയാന്‍ പാക് -അഫ്ഗാന്‍ സൈനികര്‍ ഏകോപിത ശ്രമങ്ങള്‍ നടത്തിയിരുന്നതായും എന്നാല്‍ ഈ വര്‍ഷം അത്തരം സഹകരണം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

മധ്യേഷ്യയില്‍ ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെടുന്നുവെന്ന് യുഎസ്

ന്യൂയോര്‍ക്ക് : അറബ് ജനാധിപത്യപ്രക്ഷോങ്ങളുടെ പശ്ചാത്തലത്തില്‍ മധ്യേഷ്യയില്‍ ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെടുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ. ഇസ്രായേല്‍ ഭരണാധികാരികള്‍ പാലസ്തീനുമായും ഈജിപ്ത്, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായും സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും പനേറ്റ പറഞ്ഞു.

സൈനിക തലത്തില്‍ ഇസ്രായേലിനെ വെല്ലുവിളിക്കാന്‍ ആര്‍ക്കും കഴിയില്ലെങ്കിലും നയതന്ത്രതലത്തില്‍ ഒറ്റപ്പെട്ടുപോയാല്‍ സൈനികശക്തികൊണ്ട് പ്രയോജനമുണ്ടാവില്ല. നയതന്ത്രതലത്തിലും സൈനികതലത്തിലുമുള്ള ശരിയായ നീക്കത്തിലൂടെ മാത്രമെ രാജ്യസുരക്ഷ ഉറപ്പാക്കാനാവൂ എന്നകാര്യം ഇസ്രായോല്‍ ഓര്‍ക്കണമെന്നും ഇസ്രായേലിലേക്കുള്ള സന്ദര്‍ശനത്തിന് മുന്നോടിയായി പനേറ്റ പറഞ്ഞു. മധ്യേഷ്യയില്‍ ഉണ്ടാവുന്ന പുതിയ മാറ്റങ്ങള്‍ ഇസ്രായേലിന് ഗുണകരമല്ലെന്നും പനേറ്റ ചൂണ്ടിക്കാട്ടി.

ആന്ത്രാക്‌സ് ഭീതി: ജോ ബൈഡന്റെ സഹോദരന്‍ ചികിത്സതേടി

മിയാമി: അന്ത്രാക്‌സ് രോഗ ഭീഷണിയെത്തുടര്‍ന്ന് യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ സഹോദരന്‍ ഫ്രാന്‍സിസ് ബൈഡന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ത്യയില്‍ നിന്ന് ഫ്രാന്‍സിസ് ബൈഡന് അയച്ചു കിട്ടിയ ഒരു പാഴ്‌സലില്‍ വെളുത്ത പൊടി കണ്‌ടെത്തിയതിനെത്തുടര്‍ന്നാണ് ഫ്രാന്‍സിസ് ബൈഡന്‍ ഒരു ദിവസം ആശുപത്രിയില്‍ കഴിഞ്ഞത്.

ശനിയാഴ്ച വൈകിട്ടാണ് ഫ്രാന്‍സിസ് ബൈഡന്റെ പെണ്‍ സുഹൃത്ത് മിന്‍ഡി ഇന്ത്യയില്‍ നിന്ന് വന്ന വലിയ പാഴ്‌സല്‍ ഫ്രാന്‍സിസ് ബൈഡന് എത്തിച്ചുകൊടുത്തത്. ഓഷന്‍ റിഡ്ജിലുള്ള റോഡ് സൈഡ് മെയില്‍ ബോക്‌സില്‍ നിന്നായിരുന്നു മിന്‍ഡിയ്ക്ക് ബൈഡന്റെ പേരില്‍ വന്ന പാഴ്‌സല്‍ ലഭിച്ചത്.

പാഴ്‌സല്‍ തുറന്നപ്പോള്‍ അതിലുണ്ടായിരുന്ന വെളുത്തപൊടി ഫ്രാന്‍സിസ് ബൈഡന്റെ ശരീരത്തില്‍ വീഴുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഉടനടി ബൈഡനും മിന്‍ഡിയും ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ വെളുത്ത പൊടി വലിയ പ്രശ്‌നക്കാരനല്ലെന്ന് പിന്നീട് എഫ്ബിഐ നടത്തിയ പരിശോധനയില്‍ വ്യക്തമായി. പാഴ്‌സലില്‍ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് അറിയാനായി ഫ്രാന്‍സിസ് ബൈഡനെ ചോദ്യം ചെയ്യുമെന്നും എഫ്ബിഐ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക