Image

പുതിയ കമ്പനി നിയമം കൂടുതല്‍ അവസരമൊരുക്കും: മൊയ്‌ലി

Published on 03 October, 2011
പുതിയ കമ്പനി നിയമം കൂടുതല്‍ അവസരമൊരുക്കും: മൊയ്‌ലി
ദുബായ്‌: ഇന്ത്യയില്‍ ബിസിനസ്‌ സംരംഭങ്ങള്‍ തുടങ്ങാന്‍ എന്‍ആര്‍ഐ വ്യവസായികള്‍ക്ക്‌ ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്ന്‌ കേന്ദ്ര കമ്പനികാര്യ മന്ത്രി ഡോ. എം. വീരപ്പമൊയ്‌ലി. തടസ്സങ്ങള്‍ നീക്കുകയും നിയമപരമായ നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്‌തതിലൂടെ നിക്ഷേപകര്‍ക്ക്‌ എളുപ്പത്തില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരമൊരുങ്ങി. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ അടിയൊഴുക്കുകളെ സമര്‍ഥമായി അതിജീവിച്ച ഇന്ത്യയില്‍ പുതിയ കമ്പനി നിയമം വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തുമെന്നും ഇന്ത്യന്‍ ബിസിനസ്‌ ആന്‍ഡ്‌ പ്രൊഫഷനല്‍ കൗണ്‍സില്‍ (ഐബിപിസി) യോഗത്തില്‍ അദ്ദേഹം വ്യക്‌തമാക്കി.

നിലവിലുള്ള നടപടിക്രമങ്ങളില്‍ സമഗ്രമാറ്റം വരുത്തിയതാണു പുതിയ കമ്പനി നിയമം. പല വെല്ലുവിളികളെയും നേരിടാനും കാര്യങ്ങള്‍ കൃത്യമായി സംവിധാനം ചെയ്യാനും പര്യാപ്‌തമാണിത്‌. പുതിയ നിയമം ശക്‌തവും രാജ്യത്തെ വളര്‍ന്നുവരുന്ന സമ്പദ്‌ഘടനയ്‌ക്ക്‌ അനുയോജ്യവുമാണ്‌. മല്‍സരാധിഷ്‌ഠിത വ്യവസ്‌ഥിതിയില്‍ പുതിയ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയണം. നിക്ഷേപത്തിനു പുറമെ അടിസ്‌ഥാനസൗകര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളും രാജ്യത്ത്‌ അതിവേഗം വളരുകയാണ്‌. മെഡിക്കല്‍, എന്‍ജിനീയറിങ്‌ രംഗങ്ങളില്‍ അഭിമാനകരമായ മുന്നേറ്റമാണുള്ളത്‌.

കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണ്‌ പല സംസ്‌ഥാനങ്ങളിലും കോണ്‍ഗ്രസിനുണ്ടായ നേട്ടം. രാഷ്‌ട്രീയനേട്ടങ്ങള്‍ക്കായി പ്രതിപക്ഷമുണ്ടാക്കുന്ന കോലാഹലം താല്‍ക്കാലിക അലകള്‍ മാത്രമാണ്‌. അഴിമതിയെ തുറന്നുകാട്ടാനും തടയാന്‍ ശക്‌തമായ നടപടികളെടുക്കാനും സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കു കഴിയുന്നുണ്ടെന്നും മൊയ്‌ലി ചൂണ്ടിക്കാട്ടി. കോണ്‍സല്‍ ജനറല്‍ സഞ്‌ജയ്‌ വര്‍മ, ഐബിപിസി പ്രസിഡന്റ്‌ ഡോ. ഭരത്‌ ബുടാനി, സെക്രട്ടറി ജനറല്‍ കുല്‍വന്ത്‌ സിങ്‌, വൈസ്‌പ്രസിഡന്റ്‌ ജി.ആര്‍. മേത്ത എന്നിവര്‍ പ്രസംഗിച്ചു.
പുതിയ കമ്പനി നിയമം കൂടുതല്‍ അവസരമൊരുക്കും: മൊയ്‌ലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക