Image

സ്‌നേഹപൂര്‍വ്വം സ്‌നേഹവീട്‌

Published on 03 October, 2011
സ്‌നേഹപൂര്‍വ്വം സ്‌നേഹവീട്‌
അന്തിക്കാട്ടെ ഗ്രാമീണതയിലേക്കുള്ള സ്ഥിരം ബസ്‌ യാത്ര തന്നെയാണ്‌ ഇത്തവണത്തെ സത്യന്‍ അന്തിക്കാട്‌ ചിത്രവും. കഴിഞ്ഞ ദിവസം മലയാളികള്‍ക്കായി സ്‌നേഹ വീട്‌ എന്ന സത്യന്‍ - മോഹന്‍ലാല്‍ ചിത്രമെത്തിയപ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിനോളം എത്താന്‍ പഴയ ഹിറ്റ്‌ കൂട്ടുകെട്ടിന്‌ കഴിഞ്ഞില്ല. എന്നാല്‍ മലയാള സിനിമയില്‍ സിനിമയെന്തെന്ന്‌ ആശയക്കുഴപ്പം തോന്നിപ്പിക്കുന്ന സ്ഥിരം ചിത്രങ്ങളെവെച്ച്‌ നോക്കുമ്പോള്‍ സത്യന്‍ അന്തിക്കാടിന്റേത്‌ ഒരു മെച്ചപ്പെട്ട ചിത്രം തന്നെയെന്ന്‌ പറയാതിരിക്കാനും വയ്യ.

മലയാളിയുടെ നൊസ്റ്റാള്‍ജിയ തന്നെയാണ്‌ എന്നും സത്യന്‍ അന്തിക്കാട്‌ ചിത്രങ്ങള്‍. ആ പ്രതീക്ഷയില്‍ തന്നെയാണ്‌ ഇന്നും മലയാളി സത്യന്‍ അന്തിക്കാട്‌ എന്ന സംവിധായകനെ നെഞ്ചിലേറ്റുന്നത്‌. എന്നാല്‍ ഗ്രാമീണതയുടെ കാഴ്‌ചകള്‍ ഒരുക്കുമ്പോഴും ആശയദാരിദ്രത്തിന്റെ ചില നിഴലുകള്‍ അവസാനകാലത്തിറങ്ങിയ സത്യന്‍ ചിത്രങ്ങളില്‍ കാണാം. സ്‌നേഹവീട്‌ എന്ന പുതിയ ചിത്രത്തിന്റെ പ്രധാന അപാകത ഇത്‌ തന്നെയാണ്‌. മലയാള സിനിമയിലെ ഏറ്റവും മികച്ച ഹിറ്റ്‌ കൂട്ടുകെട്ട്‌ എന്ന ലേബല്‍ ഒരുപക്ഷെ ഈ സത്യന്‍ മോഹന്‍ലാല്‍ ചിത്രത്തെ അമിതപ്രതീക്ഷയിലേക്ക്‌ എത്തിച്ചതും ഒരു പ്രശ്‌നമായിരിക്കാം. എങ്കിലും ഒരു തവണ തീയേറ്ററില്‍ പോയിരുന്ന്‌ ആസ്വദിക്കാനുള്ള വകയൊക്കെ സിനിമയില്‍ സത്യന്‍ എത്തിച്ചിട്ടുമുണ്ട്‌.

പാലക്കാടെ ഗ്രാമീണതയില്‍ ജീവിതം സന്തോഷത്തോടെ ജീവിച്ചു തീര്‍ക്കുകയാണ്‌ അജയന്‍ എന്ന ചെറുപ്പക്കാരന്‍. ഇരുപത്‌ വര്‍ഷത്തോളം ഗള്‍ഫില്‍ അധ്വാനിച്ച്‌ നേടിയ സമ്പത്തുമായി നാട്ടില്‍ വന്ന്‌ നഷ്‌ടപ്പെട്ടുപോയ ഒരു യൗവ്വനം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രം. അവിവാഹിതനാണ്‌ അജയന്‍. അജയനൊപ്പം അമ്മ മാത്രമാണ്‌ ഉള്ളത്‌. അമ്മുക്കുട്ടിയമ്മ എന്ന ഈ കഥാപാത്രം അവതരിപ്പിക്കുന്നത്‌ ഷിലയാണ്‌. മലയാളിയുടെ എക്കാലത്തെയും പ്രീയപ്പെട്ട നായികമാരില്‍ ഒരാളായ ഷീലയുടെ മലയാളത്തിലേക്കുള്ള വീണ്ടുമൊരു വരവും കൂടിയാണ്‌ സ്‌നേഹവീട്‌.

അജയനും അമ്മക്കുട്ടിയമ്മയും തമ്മിലുള്ള സ്‌നേഹനിമിഷങ്ങളിലൂടെയാണ്‌ ചിത്രം കടന്നു പോകുന്നത്‌. ഇവര്‍ക്കൊപ്പം ഗ്രാമത്തിന്റെ എല്ലാ നിഷ്‌കളങ്കതയും പേറുന്ന കുറെ കഥാപാത്രങ്ങള്‍ വേറെയുമുണ്ട്‌. അജയന്റെ ഈ സന്തോഷം നിറഞ്ഞ ജീവിതത്തിനിടയിലേക്കാണ്‌ കാര്‍ത്തിക്‌ എന്നെ കൗമാരക്കാരന്‍ കടന്നു വരുന്നത്‌. ചെന്നൈയില്‍ നിന്ന്‌ എത്തിയ കാര്‍ത്തിക്‌ താന്‍ അജയന്റെ മകനാണ്‌ എന്ന അവകാശവാദവുമായാണ്‌ എത്തുന്നത്‌. എന്നാല്‍ കാര്‍ത്തിക്ക്‌ തന്റെ മകനല്ല എന്നത്‌ അജയന്‌ വ്യക്തമായി അറിയാം. പക്ഷെ അജയനെ ആരും വിശ്വസിക്കുന്നതേയില്ല. അജയന്റെ അമ്മ പോലും കാര്‍ത്തികിനെ തന്റെ ചെറുമകനായി ഇഷ്‌ടപ്പെട്ടു തുടങ്ങുന്നു.

എന്നാല്‍ കാര്‍ത്തിക്‌ തന്റെ മകനല്ല എന്ന്‌ തെളിയിക്കാനുള്ള പരിശ്രമങ്ങളിലേക്ക്‌ കടക്കുകയാണ്‌ അജയന്‍ പിന്നീട്‌. ഇതിനായി പല ശ്രമങ്ങളും അജയന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാകുന്നുവെങ്കിലും അതെല്ലാം ഫലമില്ലാതെ പോകുകയാണ്‌. എന്നാല്‍ ഹാസ്യത്തിന്റെ ചേരുവകളോടെയാണ്‌ സത്യന്‍ ഇവിടെ കഥ പറഞ്ഞു പോകുന്നത്‌. മോഹന്‍ലാലും ഇന്നസെന്റും, കെ.പി.എസി ലളിതയുമൊക്കെ തനത്‌ ഹാസ്യ ശൈലിയുമായി ഇവിടെ വേറിട്ടു നില്‍ക്കുന്നു. എന്നാല്‍ തുടര്‍ന്ന്‌ സ്വന്തം അമ്മ പോലും തന്നെ അവിശ്വസിക്കുന്നു എന്ന്‌ അവസ്ഥ അജയനെ തളര്‍ത്തുന്നു.

തന്റെ നിരപരാധിത്വം തെളിയിക്കാനായി അജയന്‍ കാര്‍ത്തികിന്റെ സത്യം തേടി ചെന്നൈയിലേക്ക്‌ പോകുന്നു. എല്ലാം ഒരു തെറ്റിദ്ധാരണയുടെ പേരില്‍ സംഭവിച്ചതാണെങ്കിലും മനസില്‍ കളങ്കമില്ലാത്തവനാണ്‌ കാര്‍ത്തിക്‌ എന്ന്‌ തിരിച്ചറിയുന്ന അജയന്‍ അവസാനം അവനെ സ്വീകരിക്കുന്നതോടെയാണ്‌ കഥ അവസാനിക്കുന്നത്‌.

പാലക്കാടും അട്ടപ്പാടിയുമൊക്കെ ലൊക്കേഷനായി എത്തുന്ന ചിത്രത്തില്‍ ഗ്രാമീണതയുടെ വിഷ്വലുകള്‍ മികച്ചത്‌ തന്നെ. ഇന്നും കണ്ടാല്‍ മടുക്കാത്ത ഈ ദൃശ്യഭംഗി ഇന്ന്‌ മലയാള സിനിമയില്‍ അന്യമായിരിക്കുന്നു എന്നതിനാല്‍ സത്യന്‍ ചിത്രത്തില്‍ പ്രസക്തിയുണ്ട്‌. വേണുവാണ്‌ ചിത്രത്തിന്‌ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌. പ്രകൃതിയെ ഒപ്പിയെടുക്കാന്‍ വേണുവിന്റെ കാമറക്ക്‌ നൂറു ശതമാനവും കഴിഞ്ഞിട്ടുണ്ട്‌. ഒതുക്കി പറഞ്ഞാല്‍ കണ്ണിന്‌ നല്ലൊരു കാഴ്‌ചയാണ്‌ സ്‌നേഹവീട്‌ എന്ന ചിത്രം.

എന്നാല്‍ ഇതിന്‌ ഉപരിയായി ശക്തമായ ഒരു കഥ അവതരിപ്പിക്കുന്നതില്‍ സത്യന്‍ കുറച്ചെങ്കിലും പരാജയപ്പെട്ടു എന്ന്‌ പറയേണ്ടി വരും. പ്രത്യേകിച്ചും ചിത്രത്തിന്റെ ക്ലൈമാക്‌സ്‌ രംഗങ്ങള്‍ പ്രേക്ഷകന്‌ അത്രത്തോളം കണ്‍വിന്‍സ്‌ ചെയ്യിക്കാന്‍ പോന്നതല്ല. നല്ലൊരു തിരക്കഥ എത്തിച്ചേരുന്നത്‌ ശൂന്യമായൊരു ഇടത്തേക്കാണെന്ന തിരിച്ചറിവ്‌ പ്രേക്ഷകനെയും ബോറടിപ്പിക്കാന്‍ സാധ്യതയുണ്ട്‌.

ചിത്രത്തിലെ ഗാനങ്ങളൊന്നും സ്ഥിരം സത്യന്‍ ചിത്രത്തങ്ങളിലേത്‌ പോലെ മികച്ചതായില്ല എന്നതും വലിയൊരു പോരായ്‌മ തന്നെയാണ്‌. ഇളയരാജ സത്യന്‍ കൂട്ടുകെട്ടിന്‌ ഇത്തവണ പ്രതീക്ഷച്ചതുപോലെ മാജിക്‌ കാണിക്കാനായില്ല. സിനിമ കണ്ടിറങ്ങുമ്പോള്‍ ഒരു പാട്ടുപോലും മനസില്‍ തങ്ങിനില്‍ക്കുന്നതായില്ല.

അടുത്തിടെയായി തനിക്കിണങ്ങുന്ന ഒരു കഥാപാത്രം കിട്ടാതെ കഷ്‌ടപ്പെടുന്ന മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം സ്‌നേഹവീട്‌ ഒരു ആശ്വാസമാണ്‌. ബ്ലസിയുടെ പ്രണയത്തിനു പിന്നീലെ സ്‌നേഹവീടും എത്തുമ്പോള്‍ ലാലിനെ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകര്‍ക്ക്‌ സംതൃപ്‌തരാകാം. എന്നും സത്യന്‍ ചിത്രങ്ങളില്‍ പ്രകടിപ്പിച്ചിരുന്ന നര്‍മ്മ ശൈലി പുതിയൊരു ഉണര്‍വോടെ വീണ്ടും തിരികെ പിടിച്ചെടുത്തിട്ടുണ്ട്‌ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍. സത്യസന്ധമായ ലാല്‍ ഹ്യൂമര്‍ തീയേറ്ററില്‍ വീണ്ടും ചിരിപടര്‍ത്തുകയും ചെയ്യുന്നു. ലാലിനൊപ്പം സത്യന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ ഇന്നസെന്റും എത്തുമ്പോള്‍ നല്ല ഹാസ്യരംഗങ്ങളാണ്‌ ഒരുക്കപ്പെട്ടിരിക്കുന്നത്‌.

ഷീലയാണ്‌ ചിത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. സ്‌ത്രീകഥാപാത്രങ്ങള്‍ കുറയുന്ന മലയാള സിനിമയില്‍ സത്യന്‍ അന്തിക്കാടിനെപ്പോലുള്ളവര്‍ ശേഷിക്കുന്നതുകൊണ്ട്‌ ഇങ്ങനെ ചില ഗുണങ്ങളുണ്ട്‌. ലാലിനൊപ്പം തന്നെ പ്രധാന്യമുള്ള കഥാപാത്രമാണ്‌ ഷീലയുടേത്‌. ലാലും ഷീലയും തമ്മിലുള്ള കോമ്പിനേഷനുകള്‍ ഏറെ മികച്ചതുമാണ്‌. നവാഗതനായി എത്തിയ രാഹുല്‍ പിള്ളയും (കാര്‍ത്തിക്‌) മികച്ച പ്രകടനം തന്നെയാണ്‌ കാഴ്‌ചവെച്ചത്‌.

എന്നാല്‍ സ്ഥിരം ഫോര്‍മുലകള്‍ പിന്തുടരാനുള്ള സത്യന്റെ താത്‌പര്യമാണ്‌ സ്‌നേഹവീട്‌ എന്ന ചിത്രത്തെ മികച്ചൊരു ചിത്രം എന്നതില്‍ നിന്നും പിന്നോട്ട്‌ വലിക്കുന്നത്‌. കഥയുടെ ഒരുക്കലില്‍, തിരക്കഥയുടെ പാറ്റേണുകളില്‍ എല്ലാം കുറച്ചു കാലമായി അനുവര്‍ത്തിക്കുന്ന ഒരു സ്ഥിരം ശൈലിയില്‍ തന്നെയാണ്‌ സ്‌നേഹവീടും. മനസിനക്കരെയില്‍ തുടങ്ങുന്ന ഈ ശൈലി ഏറെക്കുറെ പഴകിയിരിക്കുന്നു. ഇവിടെ പുതുമകള്‍ നല്‍കാന്‍ സത്യന്‍ അന്തിക്കാട്‌ എന്ന്‌ സംവിധായകന്‍ സത്യസന്ധമായി ശ്രമിച്ചതുമില്ല എന്നും പറയേണ്ടി വരും. ഗ്രാമീണതയെ ഒപ്പം ചേര്‍ക്കുമ്പോഴും കഥയുടെ കാര്യത്തില്‍ കുറച്ചുകൂടി വ്യത്യസ്‌ത തേടാന്‍ സത്യന്‌ ശ്രമിക്കാമായിരുന്നു എന്ന്‌ അഭിപ്രായപ്പെടുന്നവരാണ്‌ ഭൂരിഭാഗവും. അതുപോലെ തന്നെ ഒരു കഥയുമില്ലാതെ കടന്നു വരുന്ന പത്മപ്രീയയുടെ സുനന്ധ എന്ന കഥാപാത്രമൊക്കെ ഒഴിവാക്കുന്നതായിരുന്നു നല്ലത്‌. സിനിമയില്‍ നായകനെ കണ്ണെറിയാന്‍ ഒരു നായികയില്ലെങ്കില്‍ മോശമാകുമെന്ന ധാരണയാണ്‌ ഈ കഥാപാത്രസൃഷ്‌ടിയുടെ പിന്നില്‍. എന്തായാലും ഇത്തവണ മോഹന്‍ലാലിനെ കൊണ്ട്‌ പ്രണയ വേഷം കെട്ടിക്കാതിരിക്കാന്‍ സത്യന്‍ ശ്രദ്ധിച്ചത്‌ ഏറെ നന്നായി. നാടോടിക്കാറ്റിലെ മോഹന്‍ലാല്‍ അല്ല ഇപ്പോഴത്തെ മോഹന്‍ലാല്‍ എന്ന തിരിച്ചറിവ്‌ വളരെ നല്ലത്‌ തന്നെ.

പോരായ്‌മകള്‍ പലത്‌ എടുത്തുപറയാമെങ്കിലും മാറ്റിനിര്‍ത്തേണ്ട ചിത്രമല്ല സ്‌നേഹവീട്‌. കോപ്പിയടിച്ചും, അനുകരിച്ചും ബോളിവുഡിന്റെയും ഹോളിവുഡിന്റെയും ഡ്യൂപ്ലിക്കേറ്റുകള്‍ ഉണ്ടാക്കാന്‍ പരിശ്രമിക്കുന്ന മലയാള സിനിമയില്‍ സത്യന്‍ ചിത്രങ്ങള്‍ക്ക്‌ വലിയൊരു പ്രസക്തിയുണ്ട്‌. മുന്‍ ചിത്രങ്ങളെപ്പോലെയെന്തിയില്ലെങ്കില്‍ തന്നെയും കേരളത്തിന്റേതായ ഒരു കാഴ്‌ചയൊരുക്കാന്‍ സ്‌നേഹവീടിനും കഴിയുന്നുണ്ട്‌. മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ ഇത്രയെങ്കിലും ലഭിച്ചത്‌ ധാരാളം. അതുകൊണ്ട്‌ തന്നെ സ്‌നേഹപൂര്‍വ്വം സത്യന്‍ - ലാല്‍ സമ്മാനമായി സ്‌നേഹവീടിനെയും സ്വീകരിക്കാം.
സ്‌നേഹപൂര്‍വ്വം സ്‌നേഹവീട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക