Image

35 വര്‍ഷം മുമ്പ് താനും വര്‍ണവിവേചനത്തിന്റെ ഇരയായിരുന്നുവെന്ന് ഒബാമ; ഡെട്രോയിറ്റിന്റെ പാപ്പര്‍ ഹര്‍ജി; നിയമയുദ്ധം മുറുകുന്നു

Published on 20 July, 2013
35 വര്‍ഷം മുമ്പ് താനും വര്‍ണവിവേചനത്തിന്റെ ഇരയായിരുന്നുവെന്ന് ഒബാമ; ഡെട്രോയിറ്റിന്റെ പാപ്പര്‍ ഹര്‍ജി; നിയമയുദ്ധം മുറുകുന്നു
വാഷിംഗ്ടണ്‍: വെടിയേറ്റു കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരന്‍ ട്രേയ്‌വോണ്‍ മാര്‍ട്ടിന്റെ അവസ്ഥ 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കുമുണ്ടാകുമായിരുന്നെന്ന് പ്രസിഡന്റ് ബാറക്ക് ഒബാമ. യു.എസില്‍ വളരെ കുറച്ച് കറുത്ത വര്‍ഗക്കാര്‍ മാത്രമേ വര്‍ണവിവേചനത്തിന് വിധേയമാവാത്തവരായുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാര്‍ട്ടിന്‍ വേടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ജോര്‍ജ് സിമ്മര്‍മാനെ വെറുതെ വിട്ട കോടതി നടപടിയെക്കുറിച്ച് ഇതാദ്യമായാണ് ഒബാമ പ്രതികരിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ പലരും പിന്തുടരുന്നതുള്‍പ്പെടെയുള്ള വര്‍ണവിവേചനം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഒബാമ പറഞ്ഞു. പക്ഷേ ഇപ്പോള്‍ രാജ്യത്തെ ക്രിമിനല്‍ നിയമത്തിലെ വര്‍ണവിവേചനത്തെക്കുറിച്ച് ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ബോധവാന്‍മാരാണ്. സിമ്മര്‍മാന്റെ സ്ഥാനത്ത് ഒരു കറുത്തവര്‍ഗക്കാരനായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു. അതേസമയം, രാജ്യത്തെ വര്‍ണവിവേചനത്തെ കുറിച്ച് പുനരാലോചന വേണമെന്നാവശ്യപ്പെട്ട ഒബാമ, ഇക്കാര്യത്തില്‍ ഓരോ തലമുറയുടേയും മനോഭാവത്തില്‍ മാറ്റം വരുന്നുണ്ടെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. കോടതി വിധിയില്‍ സമാധാനപരമായി പ്രതികരിച്ച ട്രിവിയോണ്‍ മാര്‍ട്ടിന്റെ കുടുംബത്തെ അദ്ദേഹം പ്രശംസിച്ചു. 2012 ഫെബ്രുവരിയിലാണ് നിരായുധനും കറുത്ത വര്‍ഗക്കാരനുമായ ട്രിവിയോണ്‍ മാര്‍ട്ടിന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ജോര്‍ജ് സിമ്മര്‍മാനെ ഫ്‌ളോറിഡയിലെ കോടതി കഴിഞ്ഞാഴ്ച വെറുതെ വിട്ടിരുന്നു. കോടതി വിധിക്കെതിരെ യു.എസിലെ വിവിധ നഗരങ്ങളില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.

ഡെട്രോയിറ്റിന്റെ പാപ്പര്‍ ഹര്‍ജി; നിയമയുദ്ധം മുറുകുന്നു

വാഷിംഗ്ടണ്‍: ഡെട്രോയിറ്റ് മുനിസിപ്പാലിറ്റി കോടതിയില്‍ സമര്‍പ്പിച്ച പാപ്പര്‍ ഹര്‍ജി പിന്‍വലിക്കണമെന്ന് മിഷിഗന്‍ സര്‍ക്യൂട് ജഡ്ജി ആവശ്യപ്പെട്ടു. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ട് മുനിസിപ്പാലിറ്റി സമര്‍പ്പിച്ച പാപ്പര്‍ ഹര്‍ജി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ജഡ്ജി റോസ്‌മേരി അക്വലിന പറഞ്ഞു. എന്നാല്‍ ജഡ്ജിയുടെ ഉത്തരവിനെതിരെ സ്‌റ്റേറ്റ് അറ്റോര്‍ണി ഉടന്‍ തന്നെ അപ്പീല്‍ നല്‍കി. യുഎസില്‍ പാപ്പര്‍ ഹര്‍ജി നല്‍കുന്ന ഏറ്റവും വലിയ നഗരമാണ് ഓട്ടോമൊബൈല്‍ സിറ്റി എന്നുകൂടി അറിയപ്പെടുന്ന ഡെട്രോയിറ്റ്. 2012ല്‍ കാലിഫോര്‍ണിയയിലെ സ്റ്റോക്ടണ്‍, മാമോത്ത് ലേക്‌സ്, സാന്‍ ബെര്‍ണാഡിനോ തുടങ്ങിയ മുനിസിപ്പാലിറ്റികളും സമാനമായി രീതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയിരുന്നു.

മാര്‍ട്ടിന് നീതി നല്‍കണമെന്നാവശ്യപ്പെട്ട് നൂറോളം നഗരങ്ങളില്‍ പ്രകടനം

വാഷിംഗ്ടണ്‍: വെടിയേറ്റു മരിച്ച ട്രേയ്‌വോണ്‍ മാര്‍ട്ടിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നൂറോളം യുഎസ് നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ മാര്‍ട്ടിന്‍ അനുകൂലികള്‍ ഒരുങ്ങുന്നു. ന്യൂയോര്‍ക്, ലോസ് ഏയ്ഞ്ചല്‍സ്, ഡെസ് മോയിന്‍സ്, അയോവ, ലിറ്റില്‍ റോക്, ആര്‍ക് തുടങ്ങിയ നഗരങ്ങളിലാണ് റവ.അല്‍ ഷാര്‍പ്ടണ്‍സ് നാഷണല്‍ ആക്ഷന്‍ നെറ്റ്‌വര്‍ക്ക് റാലി സംഘടിപ്പിക്കുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന റാലിയില്‍ മാര്‍ട്ടിന്റെ അമ്മയും മിയാമിയില്‍ നടക്കുന്ന റാലിയില്‍ മാര്‍ട്ടിന്റെ പിതാവും പങ്കെടുക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

നിഷാ ദേശായി ദക്ഷിണമധ്യ ഏഷ്യയുടെ അസിസ്റ്റന്റ് സെക്രട്ടറി

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തിന്റെ സുപ്രധാന സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജയായ വനിതയെ പ്രസിഡന്റ് ബറാക് ഒബാമ നിയമിച്ചു. ദക്ഷിണമധ്യ ഏഷ്യയുടെ അസിസ്റ്റന്റ് സെക്രട്ടറിയായാണ് നിഷ ദേശായി ബിസ്വാലിനെ നിയമിച്ചത്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഏഷ്യന്‍ ബ്യൂറോക്ക് കീഴിലാണ്. വിര്‍ജീനിയ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ നിഷ അമേരിക്കന്‍ റെഡ്‌ക്രോസില്‍ 1993 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 2010 മുതല്‍ അന്താരാഷ്ട്ര വികസന ഏജന്‍സിയായ യു.എസ് എയ്ഡിന്റെ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്ററായി. 2005 മുതല്‍ 2010 വരെ സ്‌റ്റേറ്റ് വകുപ്പിലെ സബ്കമ്മിറ്റിയുടെ സുപ്രധാന പദവിയും വഹിച്ചിട്ടുണ്ട്. നിഷ ദേശായിയുടെ മാതാപിതാക്കളായ കാനു ദേശായിയും ലത ദേശായിയും ഇന്ത്യന്‍ ഗ്രാമങ്ങളില്‍നിന്നുള്ള ആദ്യകാല കുടിയേറ്റസംഘത്തോടൊപ്പമാണ് അമേരിക്കയിലത്തെിയത്. ഭര്‍ത്താവ് സുബ്രതും മക്കളായ സഫിയും കായയുമാണ് തനിക്ക് പ്രചോദനമെന്ന് അവര്‍ പറഞ്ഞു.

മണ്ടേലയുടെ മഹത്വം വര്‍ണിച്ച് ക്ലിന്റണ്‍

ന്യൂയോര്‍ക്ക്: ജയിലിലായിരുന്നപ്പോള്‍ വെള്ളക്കാരായ സഹതടവുകാരെ മണ്ടേല വെറുക്കുകയും പേടിക്കുകയും ചെയ്തിരുന്നതായി മുന്‍ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍!. പക്ഷേ, പിന്നീട് അതെല്ലാം മറന്നുവെന്നത് അദ്ദേഹത്തിന്റെ വലിപ്പമാണ് കാണിക്കുന്നതെന്നും ക്ലിന്റണ്‍ പറഞ്ഞു. മണ്ടേലാദിനത്തില്‍ യു.എന്‍. ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ജയില്‍കാലജീവിതം ഓര്‍മിക്കുകയായിരുന്നു ക്ലിന്റണ്‍. ജയിലിലെ 27 വര്‍ഷത്തെ അനുഭവം അദ്ദേഹത്തെ വലിയൊരു മനുഷ്യനാക്കി. ആ കാലഘട്ടം അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതത്തിലും പ്രതിഫലിച്ചിരുന്നു. ജയിലിലെ എല്ലാ ദിവസവും ഏറെ വിഷമം പിടിച്ചതായിരുന്നു. അത് ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായ ശേഷവും അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാന്‍ ദര്‍ശിച്ചിട്ടുണ്ട്. ജയില്‍കാല ദുരനുഭവങ്ങള്‍ ഏതുസമയത്തും അദ്ദേഹത്തെ കീഴ്‌പ്പെടുത്തുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ അദ്ദേഹം എന്തെങ്കിലും അവിവേകം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ, അത്തരം വികാരങ്ങളെയെല്ലാം അദ്ദേഹം ചെറുത്തുതോല്പിച്ചു ക്ലിന്റണ്‍ പറഞ്ഞു. 

സ്‌നോഡനെച്ചൊല്ലി തര്‍ക്കം: ഒബാമ മോസ്‌കോ യാത്ര റദ്ദാക്കിയേക്കും

വാഷിംഗ്ടണ്‍: സെപ്റ്റംബറില്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ സന്ദര്‍ശിക്കാനുള്ള തീരുമാനം യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമ പുനഃപരിശോധിക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സെപ്റ്റംബര്‍ 56 തീയതികളില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തശേഷം പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്താനായിരുന്നു ഒബാമയുടെ പദ്ധതി. സ്‌നോഡന്‍ പ്രശ്‌നത്തെച്ചൊല്ലിയാണ് അമേരിക്കയുടെ രോഷപ്രകടനം. സിറിയന്‍ ആഭ്യന്തരയുദ്ധം, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, മിെസെല്‍ പ്രതിരോധം തുടങ്ങി അനവധി വിഷയങ്ങളില്‍ ഇടഞ്ഞു നില്‍ക്കുന്ന റഷ്യയു.എസ്. ബന്ധം അമേരിക്കയുടെ പുതിയ നടപടിയോടെ തീര്‍ത്തും വഷളാകാനാണു സാധ്യത. ഒബാമയുടെ മോസ്‌കോ സന്ദര്‍ശനം സംബന്ധിച്ച് എന്തെങ്കിലും ഉറപ്പ് പറയാന്‍ െവെറ്റ് ഹൗസ് വക്താവ് ജെ കാര്‍നി ദിവസങ്ങളായി തയാറായിരുന്നില്ല. എന്നാല്‍ ഒബാമയുടെ മോസ്‌കോ സന്ദര്‍ശനം റദ്ദാകാന്‍ സാധ്യത ഏറെയാണെന്ന് യു.എസ്. അധികൃതര്‍ രഹസ്യമായി സമ്മതിച്ചിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കരാര്‍ ജീവനക്കാരനായിരുന്ന എഡ്വേര്‍ഡ് സ്‌നോഡന്‍ യു.എസിന്റെ െസെബര്‍ ചാരപ്പണി സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത് അമേരിയ്ക്ക് ക്ഷീണമുണ്ടാക്കി. അറസ്റ്റ് ഭയന്ന് യു.എസ്. വിട്ട സ്‌നോഡന്‍ ആദ്യം ഹോങ്‌കോങിലും തുടര്‍ന്ന് റഷ്യയിലും എത്തി. ഒരു മാസമായി മോസ്‌കോ വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് ഏരിയയിലാണു സ്‌നോഡന്റെ താമസം.
35 വര്‍ഷം മുമ്പ് താനും വര്‍ണവിവേചനത്തിന്റെ ഇരയായിരുന്നുവെന്ന് ഒബാമ; ഡെട്രോയിറ്റിന്റെ പാപ്പര്‍ ഹര്‍ജി; നിയമയുദ്ധം മുറുകുന്നു
Join WhatsApp News
josecheripuram 2013-07-21 18:03:59
When we talk about colour raisicum what is in our mind.Is that person looks we don't like ,is his/her personality we hate.How many of us like our parents.How many of us like our wifives.Children,Do you like yourself.
Umman 2013-07-22 09:58:38
Dear JoseCheripuram, what's your point?
josecheripuram 2013-07-22 13:31:08
Dear Sir,My point is simple if you love yourself and your family you cannot hate others.When you think of harming others think that person is someones beloved.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക