Image

ഒബാമ വീണ്‌ടും പ്രസിഡന്റാവില്ലെന്ന്‌ സര്‍വെ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 04 October, 2011
ഒബാമ വീണ്‌ടും പ്രസിഡന്റാവില്ലെന്ന്‌ സര്‍വെ (അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിംഗ്‌ടണ്‍: അടുത്തവര്‍ഷം നവംബറില്‍ നടക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ബറാക്‌ ഒബാമ വീണ്‌ടും തെരഞ്ഞെടുക്കപ്പെടില്ലെന്ന്‌ എബിസി ന്യൂസ്‌/വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ സര്‍വെ. സര്‍വെയില്‍ പങ്കെടുത്തവരില്‍ 37 ശതമാനം വോട്ടര്‍മാര്‍ മാത്രമെ ഒബാമ വീണ്‌ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന്‌ അഭിപ്രായപ്പെട്ടുള്ളൂ. അതേസമയം 55 ശതമാനം പേരും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്‌തു.

സര്‍വെയില്‍ പങ്കെടുത്ത ഡമോക്രാറ്റ്‌ വോട്ടര്‍മാരില്‍ 58 ശതമാനം പേര്‍ മാത്രമെ ഒബാമ വീണ്‌ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന്‌ കരുതുന്നുള്ളു. 33 ശതമാനം ഡമോക്രാറ്റ്‌ വോട്ടര്‍മാരും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പ്രസിഡന്റാവുമെന്ന്‌ കരുതുന്നവരാണ്‌. സ്വന്തം പാര്‍ട്ടിക്കാര്‍ക്കിടയില്‍ പോലും ഒബാമയുടെ വിജയത്തെപ്പറ്റി ആശങ്കയുണ്‌ടെന്നതിന്റെ തെളിവാണിത്‌്‌.

അതേസമയം, സര്‍വെയില്‍ പങ്കെടുത്ത റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ 83 ശതമാനം പേരും തങ്ങളുടെ സ്ഥാനാര്‍ഥി പ്രസിഡന്റാവുമെന്ന്‌ കരുതുന്നവരാണ്‌. സര്‍വെയ്‌ക്ക്‌ മുന്നോടിയായി ഒബാമയെ കണ്‌ടപ്പോള്‍ തെരഞ്ഞെടുപ്പില്‍ താന്‍ `അണ്‌ടര്‍ ഡോഗ'ാണെന്നായിരുന്നു ഒബാമയുടെ പ്രതികരണം.


സോളിന്‍ഡ്ര സന്ദര്‍ശനത്തിനെതിരെ ഒബാമയ്‌ക്ക്‌ മുന്നറിയിപ്പ്‌ ലഭിച്ചിരുന്നു

ന്യൂയോര്‍ക്ക്‌: പാപ്പരായി പ്രഖ്യാപിച്ച സൗരോര്‍ജ കമ്പനിയായ സോളിന്‍ഡ്ര സന്ദര്‍ശിക്കരുതെന്ന്‌ കഴിഞ്ഞ വര്‍ഷം മെയ്‌ മാസത്തില്‍ പ്രസിഡന്റ്‌ ബറാക്‌ ഒബായ്‌ക്ക്‌ വൈറ്റ്‌ ഹൗസില്‍ നിന്ന്‌ ഉപദേശം ലഭിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഒബാമയുടെ സന്ദര്‍ശനത്തിനുശേഷം അധികം കഴിയുന്നതിനുമുമ്പെ പാപ്പരായി പ്രഖ്യാപിച്ചതിലൂടെയാണ്‌ സോളിന്‍ഡ്ര വിവാദ സ്ഥാപനമായത്‌. സെളിന്‍ഡ്ര സന്ദര്‍ശനം അദ്ദേഹത്തെ ഭാവിയില്‍ വേട്ടയാടുമെന്നായിരുന്നു വൈറ്റ്‌ഹൗസില്‍ നിന്ന്‌ ഒബാമയ്‌ക്ക്‌ ലഭിച്ച ഉപദേശമെന്ന്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഇ-മെയിലുകള്‍ വ്യക്തമാക്കുന്നു.

2009 മാര്‍ച്ചില്‍ 528 മില്യണ്‍ ഡോളറിന്റെ ഫെഡറല്‍ വായ്‌പ സ്വന്തമാക്കിയ സ്ഥാപനം ഈ വര്‍ഷം ഓഗസ്റ്റില്‍ പാപ്പരായി പ്രഖ്യാപിച്ചത്‌ യുഎസ്‌ നിക്ഷേപകരെ ഞെട്ടിച്ചിരുന്നു. പാപ്പരായി പ്രഖ്യാപിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും വായ്‌പ ലഭിച്ചതിനെക്കുറിച്ചും അന്വേഷിക്കുന്ന കോമേഴ്‌സ്‌ കമ്മിറ്റി പുറത്തുവിട്ട രേഖകളിലാണ്‌ സോളിന്‍ഡ്ര സന്ദര്‍ശനം ഉപേക്ഷിക്കണമെന്ന്‌ ഒബാമയ്‌ക്ക്‌ ഉപദേശം ലഭിച്ചിരുന്നതായി വ്യക്തമാക്കിയിരിക്കുന്നത്‌.

പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌: റിക്‌ പെറിയുടെയും സാറാ പാലിന്റെയും ജനപിന്തുണ ഇടിഞ്ഞു

വാഷിംഗ്‌ടണ്‍: അടുത്തവര്‍ഷം നടക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ടെക്‌സാസ്‌ ഗവര്‍ണര്‍ റിക്‌ പെറിയുടെ ജനപിന്തുണ ഗണ്യമായി ഇടിഞ്ഞുവെന്ന്‌ വാഷിംഗ്‌ടണ്‍ പോസ്റ്റ്‌/എബിസി സര്‍വെ. സ്ഥാനാര്‍ഥി സംവാദത്തിനിടെ അനധികൃത കുടിയേറ്റക്കാരുടെ മക്കള്‍ക്ക്‌ സ്റ്റേറ്റ്‌ ട്യൂഷന്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങളില്‍ പെറിക്ക്‌ നാക്കുപിഴച്ചതാണ്‌ ജനപിന്തുണ ഇടിയാന്‍ കാരണമായതെന്നും സര്‍വെ പറയുന്നു.

പെറി മാത്രമല്ല മുന്‍ അലാസ്‌കന്‍ ഗവര്‍ണര്‍ സാറാ പാലിന്റെ പിന്തുണയും ഗണ്യമായി കുറഞ്ഞു. സര്‍വെയില്‍ പങ്കെടുത്ത മൂന്നില്‍ രണ്‌ടു പേരും സാറാ പാലിന്‍ വീണ്‌ടും പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നതിനെ അനുകൂലിക്കുന്നില്ല. ഏറ്റവും പുതിയ സര്‍വെ അനുസരിച്ച്‌ 25 ശതമാനം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ പിന്തുണയുമായി റോമ്‌നെ തന്നെയാണ്‌ മുന്നില്‍.

16 ശതമാനം പിന്തുണയുള്ള പെറിയും ഹെര്‍മന്‍ കെയ്‌നും രണ്‌ടാം സ്ഥാനത്താണ്‌. സെപ്‌റ്റംബറില്‍ പെറിയുടെ ജനപ്രീതി 13 ശതമാനം ഇടിഞ്ഞുവെങ്കില്‍ കെയ്‌ന്റെ ജനപ്രീതി 12 ശതമാനം ഉയര്‍ന്നു. 11 ശതമാനം പിന്തുണയുള്ള റോണ്‍ പോളിന്‌ മാത്രമെ മറ്റു സ്ഥാനാര്‍ഥികളില്‍ രണ്‌ടക്ക പിന്തുണയുള്ളൂ.

ഡാളസില്‍ കെമിക്കല്‍ പ്ലാന്‍റില്‍ തീപിടിത്തം

ടെക്‌സസ്‌: യുഎസില്‍ കെമിക്കല്‍ മിക്‌സിംഗ്‌ പ്ലാന്റില്‍ തീപിടിത്തം. ഡാളസിനു തെക്ക്‌ മഗ്‌നബ്ലെന്‍ഡ്‌ കമ്പനിയിലാണു വന്‍സ്‌ഫോടനത്തെ തുടര്‍ന്നു തീപിടിത്തമുണ്‌ടായത്‌. രാസവികിരണ ഭീഷണിയെത്തുടര്‍ന്നു സ്‌കൂള്‍ വിദ്യാര്‍ഥികളെയും ആയിരത്തോളം താമസക്കാരെയും ഒഴിപ്പിച്ചു. വന്‍ തോതില്‍ കറുത്ത പുക വമിച്ചതും ഓറഞ്ച്‌ നിറത്തില്‍ തീയാളിയതും ജനങ്ങളെ പരിഭ്രാന്തരാക്കി.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്‌നിശമന ട്രക്ക്‌ കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. മിക്‌സിംഗിനിടെ തീപ്പൊരി പടര്‍ന്നാണ്‌ അപകടമുണ്‌ടായതെന്നു നിഗമനം. തീ നിയന്ത്രണ വിധേയമായെങ്കിലും രാസാവശിഷ്ടങ്ങളില്‍ നിന്നു പുക വമിക്കുന്നതിനാല്‍ സാധാരണ നിലയിലാക്കാന്‍ കൂടുതല്‍ സമയം വേണ്‌ടി വരുമെന്ന്‌ അഗ്നിശമനസേനാ അധികൃതര്‍ അറിയിച്ചു.

അമാന്‍ഡ നൊക്‌സിനെ കുറ്റവിമുക്തയാക്കി

ന്യൂയോര്‍ക്ക്‌: കൊലപാതകക്കേസില്‍ യുഎസ്‌ വിദ്യാര്‍ഥിനി അമാന്‍ഡ നൊക്‌സിനെയും കാമുകന്‍ റാഫേല്‍ സൊളെസിറ്റോയെയും ഇറ്റാലിയന്‍ കോടതി കുറ്റവിമുക്തരാക്കി. 2007ല്‍ ബ്രിട്ടിഷ്‌ വിദ്യാര്‍ഥി മെറിഡിത്‌ കര്‍ചറെ വധിച്ച കേസിലാണ്‌ സിയാറ്റില്‍ സ്വദേശിയായ നൊക്‌സിനെയും സൊളെസിറ്റോയെയും പ്രോസിക്യൂഷന്‍ തെളിവുകള്‍ ശക്തമല്ലെന്ന കാരണത്താല്‍ കുറ്റവിമുക്തരാക്കിയത്‌. കുറ്റവിമുക്തയായതിനെ തുടര്‍ന്ന്‌ നൊക്‌സ്‌ ജന്‍മനാട്ടിലേക്ക്‌ തിരിച്ചു. വിധി കേള്‍ക്കാനായി നൂറുകണക്കിനാളുകള്‍ കോടതിക്ക്‌ പുറത്ത്‌ തടിച്ചുകൂടിയിരുന്നു.

മയക്കു മരുന്നിന്‌ അടിമപ്പെട്ടായിരുന്നു ഇരുവരും കൃത്യം ചെയ്‌തതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്‌. 2009ല്‍ ഇരുവരെയും കുറ്റക്കാരെന്നു കണെ്‌ടത്തിയിരുന്നു. എന്നാല്‍ ഐവറിക്കാരനായ മയക്കു മരുന്നു കച്ചവടക്കാരന്‍ റൂഡി ഗ്യുഡെയാണു കൃത്യം നടത്തിയതെന്നു കോടതി പിന്നീട്‌ കണെ്‌ടത്തി. ഇയാളും കേസില്‍ പ്രതിയായിരുന്നു.

സ്വതന്ത്ര ഫൊറന്‍സിക്‌ പരിശോധന നടത്തിയ ശേഷമായിരുന്നു വിധി. പൊലീസ്‌ കേസ്‌ നടത്തിയ രീതിയെ കോടതി വിമര്‍ശിച്ചു. അര്‍ധനഗ്‌നനായി കാണപ്പെട്ട കെര്‍ചറുടെ ജഡത്തില്‍ 40 മുറിവുകള്‍ കണെ്‌ടത്തിയിരുന്നു. പഠനകാലത്തു കെര്‍ചറുടെ അപ്പാര്‍ട്ട്‌മെന്റിലെ സഹതാമസക്കാരിയായിരുന്നു നൊക്‌സ്‌. നാലു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണു നൊക്‌സും കാമുകനും കുറ്റവിമുക്തരായത്‌.

പെന്റഗണ്‍ ആക്രമണ പദ്ധതി: വിചാരണ തുടങ്ങി

ബോസ്റ്റണ്‍: പെന്റഗണ്‍ ആക്രമണ പദ്ധതി കേസില്‍ വിചാരണ ആരംഭിച്ചു. ബോസ്റ്റണ്‍ ജില്ലാ കോടതിയിലാണു വിചാരണ. കേസില്‍ താന്‍ നിരപരാധിയാണെന്നു പ്രതി റിസ്‌ വാന്‍ ഫിര്‍ദൗസ്‌ പ്രാഥമിക വാദത്തിനിടെ കോടതിയെ അറിയിച്ചു. യുഎസ്‌ സൈനിക ആസ്ഥാനമായ പെന്റഗണിലും ധനകാര്യ ആസ്ഥാനമായ ക്യാപിറ്റോളിലും സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടുവെന്ന കുറ്റത്തിനാണ്‌ റിസ്‌വാനെ ഫെഡറല്‍ പോലീസ്‌ അറസ്റ്റു ചെയ്‌തത്‌. സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച വിമാനം റിമോട്ട്‌ കണ്‍ട്രോള്‍ ഉപയോഗിച്ചു തകര്‍ക്കുകയായിരുന്നു ലക്ഷ്യം.

പ്രാഥമിക വാദം പൂര്‍ത്തിയാക്കിയ കോടതി കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഈ മാസം 20 ലേക്കു മാറ്റി. കുറ്റം തെളിഞ്ഞാല്‍ റിസ്‌വാന്‌ 85 വര്‍ഷം വരെ ശിക്ഷ ലഭിക്കും. യുഎസ്‌ പൗരത്വമുള്ള റിസ്‌വാന്‍ മസാച്യുസെറ്റ്‌സ്‌ നിവാസിയാണ്‌. സംഗീതജ്ഞനായ അദ്ദേഹം ബോളിവുഡ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. തീവ്രവാദ സംഘടനയെ സഹായിച്ചുവെന്നതടക്കം നിരവധി കുറ്റങ്ങളാണ്‌ റിസ്‌വാന്റെമേല്‍ ചുമത്തിയിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക