Image

തട്ടിപ്പുകളുടെ ചലച്ചിത്ര ബന്ധങ്ങള്‍

Eമലയാളി എക്‌സ്‌ക്ലൂസീവ്‌ Published on 21 July, 2013
തട്ടിപ്പുകളുടെ ചലച്ചിത്ര ബന്ധങ്ങള്‍
സോളാര്‍ തട്ടിപ്പിന്റെ വിവാദച്ചൂടില്‍ തന്നെയാണ്‌ ഇപ്പോഴും രാഷ്‌ട്രീയ കേരളം. ഒപ്പം എല്ലാ വിവാദ തട്ടിപ്പുകളിലും കണ്ണിചേര്‍ക്കപ്പെടുന്ന ചലച്ചത്ര ബന്ധങ്ങള്‍ സോളാര്‍ കേസിലും ഒന്നൊന്നായി പുറത്തു വന്നു കൊണ്ടേയിരിക്കുന്നു. സോളാര്‍ തട്ടിപ്പ്‌ ടീമിലെ ഒരു പ്രമുഖയായി ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്‌്‌ സിനിമാ സീരിയില്‍ താരം ശാലുമേനോനാണ്‌. പിന്നീട്‌ പുറത്തു വന്നത്‌ ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ പേരാണ്‌. തുടര്‍ന്ന്‌ മുക്തയുടെ പേരും സോളാര്‍ കേസിലേക്ക്‌ കടന്നു വന്നു. ഇവിടെ ഉത്തര ഉണ്ണിയും മുക്തയും ടീം സോളാര്‍ കമ്പിനിയുടെ പബ്ലിസിറ്റിയുമായി ബന്ധപ്പെട്ടാണ്‌ തട്ടിപ്പ്‌ സംഘത്തിന്റെ വലയില്‍ അകപ്പെട്ടത്‌. എന്നാല്‍ ഇവര്‍ക്ക്‌ നേരിട്ട്‌ തട്ടിപ്പുമായി ബന്ധമില്ലെന്ന്‌ തന്നെയാണ്‌ പോലീസ്‌ നല്‍കുന്ന വിവരങ്ങള്‍. ടീം സോളാര്‍ തട്ടിപ്പ്‌ സംഘമാണെന്ന്‌ ഒരിക്കലും അറിയാതിരുന്ന ഉത്തരാ ഉണ്ണി ഈ കമ്പിനിയുടെ ബ്രാന്‍ഡ്‌ അംബാസിഡറായി വന്നെത്തുകയായിരുന്നു. എന്നാല്‍ ഉത്തരാ ഉണ്ണിയെ ഈ സംഘത്തിലേക്ക്‌ അടുപ്പിച്ചത്‌ ചലച്ചിത്ര രംഗത്തെ പ്രമുഖനും രാഷ്‌ട്രീയ നേതാവുമായ കെ.ബി ഗണേഷ്‌കുമാറായിരുന്നു. ചലച്ചിത്ര ലോകത്തേക്ക്‌ ടീം സോളാറിന്റെ തട്ടിപ്പുകള്‍ വളര്‍ന്ന്‌ പന്തലിച്ചത്‌ കെ.ബി ഗണേഷ്‌കുമാറിലൂടെ തന്നെയാണെന്നതാണ്‌ ഇപ്പോള്‍ വ്യക്തമാകുന്ന കാര്യം.

എന്നാല്‍ ഇവര്‍ക്ക്‌ പിന്നാലെ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും സോളാര്‍ തട്ടിപ്പു സംഘത്തിലേക്ക്‌ കണ്ണി ചേര്‍ക്കപ്പെട്ടത്‌ എങ്ങനെയെന്ന്‌ നോക്കുക. ടീം സോളാറിന്റെ കൊച്ചിയിലെ ഉദ്‌ഘാടന ചടങ്ങില്‍ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥിയായി എത്തിയത്‌. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.പി മോഹനനൊപ്പം മമ്മൂട്ടിയും പങ്കെടുത്തിരുന്നു. ഇതിനായി മമ്മൂട്ടിക്ക്‌ പത്ത്‌ ലക്ഷം രൂപ നല്‍കിയെന്നാണ്‌ ബിജു രാധാകൃഷ്‌ണന്‍ പോലീസിന്‌ മൊഴി നല്‍കിയിരിക്കുന്നത്‌. എന്നാല്‍ തനിക്ക്‌ ഇരുപത്തയ്യായിരം രൂപമാത്രമേ നല്‍കിയിരുന്നുള്ളു എന്നാണ്‌ മമ്മൂട്ടി ഇതിനെക്കുറിച്ച്‌ പ്രതികരിച്ചത്‌. എന്നാല്‍ പത്ത്‌ ലക്ഷം നല്‍കിയെന്ന്‌ ബിജുരാധാകൃഷ്‌ണന്‍ ഉറപ്പിച്ചു പറയുന്നു. ഇതിനാല്‍ മമ്മൂട്ടിയെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കാന്‍ സാധ്യതയുണ്ട്‌.

ഇവിടെ മമ്മൂട്ടിക്ക്‌ പത്ത്‌ ലക്ഷം നല്‍കിയെന്ന ബിജു രാധാകൃഷ്‌ണന്റെ മൊഴിക്ക്‌ പിന്നില്‍ മറ്റൊരു സാധ്യത കൂടിയുണ്ട്‌. തട്ടിപ്പ്‌ കേസില്‍ പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമായിരിക്കുമ്പോള്‍ പോലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ കസ്റ്റഡിയിലിരിക്കുന്ന പ്രതികള്‍ ചോദ്യം ചെയ്യല്‍ വേളയില്‍ പലതും പറയും. വസ്‌തുതകളുമായി ഇതിന്‌ യാതൊരു ബന്ധവും കാണില്ല. മമ്മൂട്ടിക്ക്‌ പത്തു ലക്ഷം നല്‍കി എന്ന ബിജുവിന്റെ വെളിപ്പെടുത്തല്‍ ഇത്തരത്തിലുള്ളതാവാന്‍ സാധ്യതയുണ്ട്‌.

എന്നാല്‍ ബിജു രാധാകൃഷ്‌ണന്‍ പറയുന്നത്‌ സത്യമെങ്കില്‍, മമ്മൂട്ടിക്ക്‌ ഈ വേദിയില്‍ വെച്ച്‌ ക്യാഷ്‌ അവാര്‍ഡായി (ക്യാഷ്‌ ചെക്ക്‌) `25000' രൂപയും, പരിപാടിയില്‍ പങ്കെടുക്കുന്നതിന്‌ `975000' രൂപയും സോളാര്‍ കമ്പിനി നല്‍കിയിട്ടുണ്ട്‌. ഇതില്‍ 975000 ലക്ഷം രൂപ കണക്കില്‍ പെടാത്ത പണമായിട്ടാണോ നല്‍കിയിട്ടുള്ളത്‌ എന്നതാണ്‌ ഒരുപക്ഷെ അന്വേഷണ പരിധിയില്‍ വരുക. അങ്ങനെയെങ്കില്‍ മലയാള സിനിമയിലെ ആര്‍ട്ടിസ്റ്റ്‌ പ്രതിഫലങ്ങള്‍, താരങ്ങള്‍ക്ക്‌ ബ്രാന്‍ഡ്‌ അംബാസിഡര്‍ഷിപ്പിനുള്ള പ്രതിഫലങ്ങള്‍, മറ്റ്‌ സ്റ്റേജ്‌ പോഗ്രാമുകള്‍ക്ക്‌ പങ്കെടുക്കുന്നതിനുള്ള പ്രതിഫലങ്ങള്‍ എന്നിവയില്‍ `അണ്‍ അക്കൗണ്ടബിള്‍ മണിയോ', കള്ളപ്പണമോ ഉള്‍പ്പെടുന്നു എന്ന ആരോപണത്തിന്‌ കൂടുതല്‍ സാധുത കൈവരുകയും ചെയ്യും.

എന്തായാലും മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ഇവിടെ പ്രത്യക്ഷത്തില്‍ തട്ടിപ്പ്‌ സംഘത്തിലേക്ക്‌ കണക്‌ട്‌ ചെയ്യക്കുന്ന ബന്ധങ്ങള്‍ ഒന്നുമില്ല. ഇവര്‍ തട്ടിപ്പ്‌ സംഘമെന്ന്‌ അറിഞ്ഞിരുന്നെങ്കില്‍ മമ്മൂട്ടിയെപ്പോലൊരാള്‍ അവരുടെ പോഗ്രാമിന്‌ പോകുകയുമില്ല. മന്ത്രിമാര്‍ വരെ പങ്കെടുക്കുന്ന ഒരു സദസില്‍ പങ്കെടുക്കുന്നതില്‍ മമ്മൂട്ടി സംശയിക്കേണ്ട കാര്യവുമില്ല. എന്നാല്‍ മമ്മൂട്ടിക്ക്‌ നല്‍കപ്പെട്ട പണത്തിന്റെ സോഴ്‌സ്‌ എത്തരത്തിലുള്ളതാണ്‌ എന്നതാണ്‌ പ്രശ്‌നം. അങ്ങനെയുള്ളപ്പോള്‍ ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞത്‌ ശരിയെന്ന്‌ വന്നാല്‍ അത്‌ മറ്റൊരു അന്വേഷണത്തിലേക്കുള്ള തുടക്കം കൂടിയാവാം. പ്രത്യേകിച്ചും കുറെക്കാലം മുമ്പ്‌ ഇന്‍കംടാക്‌സ്‌ റെയ്‌ഡ്‌ നേരിട്ട സൂപ്പര്‍താരങ്ങള്‍ നമുക്കുള്ളപ്പോള്‍.

വിവാദമായ തട്ടിപ്പുകളിലേക്ക്‌ ചലച്ചിത്ര സീരിയില്‍ രംഗത്തെ പ്രശസ്‌തരും ശാലുമേനോനെപ്പോലെയുള്ള `അപ്രസക്തരെങ്കിലും കുപ്രസിദ്ധരായ താരങ്ങളും' കടന്നു വരുന്നത്‌ `അണ്‍ അക്കൗണ്ടബിള്‍ മണി'യുടെ വിനിമയത്തിന്‌ വേണ്ടി തന്നെയാണ്‌. അതായത്‌ ചലച്ചിത്രരംഗത്തെ പണം മുടക്കില്‍ അല്ലെങ്കില്‍ താര പ്രതിഫലങ്ങളുടെ പേരില്‍ നല്‍കപ്പെടുന്നത്‌ അണ്‍ അക്കൗണ്ടബിള്‍ മണിയാണ്‌ എന്നതാണ്‌ യാഥാര്‍ഥ്യം. കള്ളപ്പണം വെളിപ്പെച്ചെടുക്കുന്നതിന്റെ വലിയൊരു ഏരിയാ എന്ന നിലയിലേക്ക്‌ മലയാള ചലച്ചിത്ര ലോകം കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മാറിയിരിക്കുന്നു എന്നത്‌ ഒരു യഥാര്‍ഥ്യം തന്നെയാണ്‌.

ഇവിടെയാണ്‌ ശാലുമേനോനില്‍ തുടങ്ങുന്ന ടീം സോളാര്‍ തട്ടിപ്പ്‌ സംഘത്തിന്റെ ചലച്ചിത്ര ബന്ധങ്ങളെ സംശയത്തോടെ തന്നെ നോക്കി കാണേണ്ടത്‌. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പത്തു കോടിയുടെ തട്ടിപ്പല്ല ഒരിക്കലും സോളാര്‍ തട്ടിപ്പ്‌. കേരളത്തിലും ഗള്‍ഫിലുമായി സോളാര്‍ തട്ടിപ്പ്‌ സംഘത്തിന്റെ കൈയ്യിലേക്ക്‌ നിരവധിപ്പേരുടെ പണം കടന്നു പോയിട്ടുണ്ട്‌. പി.സി ജോര്‍ജ്ജ്‌ വെളുപ്പെടുത്തിയത്‌ പോലെ ഒരു പതിനായിരം കോടിയുടെയെങ്കിലും തട്ടിപ്പായിരുന്നു ടീം സോളാര്‍ സംഘം പ്ലാന്‍ ചെയ്‌തിരുന്നത്‌. എന്നാല്‍ പത്ത്‌ കോടിയുടെ മാത്രമേ തട്ടിപ്പ്‌ നടന്നിട്ടുള്ളു എന്ന്‌ വിശ്വസിക്കുക പ്രയാസം. കുറഞ്ഞത്‌ ഒരു 250 കോടിയെങ്കിലും പല പ്രമുഖരില്‍ നിന്നാണ്‌ ബിജു രാധാകൃഷ്‌ണനും സരിതാ നായരും നയിച്ച സംഘം തട്ടിയെടുത്തിട്ടുണ്ട്‌ എന്നതാണ്‌ സത്യം. പാണക്കാട്‌ കുടുംബത്തിലെ ഇളമുറക്കാരനെ വരെ ടീംസോളാര്‍ സംഘം തട്ടിപ്പിനിരയാക്കിയതായി ഇപ്പോള്‍ വാര്‍ത്തകള്‍ വന്നിരിക്കുന്നു. തട്ടിപ്പിന്റെ വ്യാപ്‌തി ഇത്രത്തോളമെങ്കില്‍ പണം പോയ മിക്കവരും മാനഹാനി ഭയന്നും ചിലരുടേത്‌ കള്ളപ്പണമാകയാലും അത്‌ പുറത്തു പറയാതിരിക്കുന്നു എന്നതാണ്‌ സത്യം.

സരിതാ നായര്‍ തട്ടിപ്പിന്‌ സമീപീച്ചവരില്‍ ഒരു ഡോക്‌ടര്‍ വെളിപ്പെടുത്തിയത്‌ സരിതാ നായര്‍ തനിക്ക്‌ മുമ്പില്‍ ശരീര പ്രദര്‍ശനം നടത്തി തന്നെ തട്ടിപ്പില്‍പ്പെടുത്താന്‍ ശ്രമിച്ചു എന്നാണ്‌. സോളാര്‍ സംഘത്തിന്റെ തട്ടിപ്പ്‌ രീതിയും സരീതയുടെയും മറ്റും ശരീര ഭംഗിയില്‍ കൂടിയായിരുന്നു എന്ന്‌ വരുമ്പോള്‍ പലരും മാനഹാനി ഭയന്ന്‌ തങ്ങള്‍ക്ക്‌ സംഭവിച്ച പണ നഷ്‌ടം പുറത്ത്‌ പറയുന്നില്ല എന്ന്‌ മാത്രം.

ഇവിടെ തട്ടിപ്പിലൂടെ കുറഞ്ഞത്‌ ഒരു ഇരുനൂറ്‌ കോടിയെങ്കിലും സരിത ബിജു സംഘം സ്വന്തമാക്കിയിട്ടുണ്ടെങ്കില്‍ ഈ പണം സുരക്ഷിതമായി ഒഴുകിയ ഒരുമേഖല സിനിമ കൂടിയാണ്‌ എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ശാലുമേനോന്‍ മെഗാസ്റ്റാറിനെ നായകനാക്കി സിനിമയൊരുക്കാന്‍ ശ്രമിച്ചിരുന്നു എന്ന വെളിപ്പെടുത്തലും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. ഒരു മെഗാതാര ചിത്രത്തിന്‌ കുറഞ്ഞത്‌ അഞ്ച്‌ കോടിയെങ്കിലും ബജറ്റ്‌ വരുന്നതാണ്‌. ചിത്രത്തിന്റെ വലുപ്പമനുസരിച്ച്‌ പത്ത്‌ കോടി വരെയാകാം. സൂപ്പര്‍താരത്തിന്റെ ഡേറ്റ്‌ സംഘടിപ്പിക്കണമെങ്കില്‍ കുറഞ്ഞത്‌ അമ്പത്‌ ലക്ഷമെങ്കിലും അഡ്വാന്‍സ്‌ തുക നല്‍കേണ്ടതുണ്ട്‌. ഈ ബജറ്റൊക്കെ സംഘടിപ്പിക്കാന്‍ ശാലുമേനോന്‍ എവിടെ നിന്നാണ്‌ പണം കണ്ടുവെച്ചിരുന്നതെന്ന്‌ ഊഹിക്കാവുന്നതേയുള്ളു.

ഇതേപോലെ തന്നെ ഒന്നരക്കോടി മുതല്‍ രണ്ടുകോടി വരെ ചിലവാക്കപ്പെടുന്ന ചെറുകിട സിനിമകള്‍ വലിയ തോതില്‍ എത്തുകയാണ്‌ കഴിഞ്ഞ രണ്ടു വര്‍ഷമായി മലയാളത്തില്‍. ഈ വര്‍ഷം ഇതിനോടകം എണ്‍പതോളം സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന മലയാളത്തില്‍. ഇതില്‍ ഭൂരിപക്ഷവും തീയറ്ററില്‍ പണം നേടാനായി നേരായ രീതിയില്‍ ഒരുക്കപ്പെടുന്നവയല്ല. പുതുമുഖതാരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും നിരത്തി ഇത്തരം സിനിമകള്‍ പടച്ചു വിടുന്നതിന്‌ പിന്നില്‍ ഒരു കാര്യം മാത്രമേയുള്ളു. ഈ സിനിമകളുടെ നിര്‍മ്മാണത്തിന്‌ ഉപയോഗപ്പെടുത്തുന്ന പണം കള്ളപ്പണം തന്നെയാണ്‌. സിനിമയുടെ മറവില്‍ പലവിധത്തില്‍ വന്നെത്തുന്ന ബ്ലാക്ക്‌ മണി ചിലവഴിച്ച്‌ വൈറ്റ്‌ മണിയായി തിരികെയെത്തിക്കുന്ന സംഘങ്ങള്‍ തന്നെയുണ്ട്‌ മലയാളത്തില്‍. ഇങ്ങനെ സിനിമയുടെ പിന്നണിയിലേക്ക്‌ കടക്കുന്ന തട്ടിപ്പുസംഘങ്ങള്‍ക്ക്‌ പിന്നീട്‌ അവിടെ നിന്നും തങ്ങളുടെ തട്ടിപ്പ്‌ ബ്രാന്‍ഡ്‌ അംബാസിഡേഴ്‌സായി ശാലുമേനോനെപ്പോലെയുള്ളവരെ ലഭിക്കാനും വളരെ എളുപ്പം തന്നെ.

കേരളത്തില്‍ ഏത്‌ തട്ടിപ്പ്‌ അരങ്ങേറിയാലും അതിനുള്ളില്‍ ഒരു ചലച്ചിത്രബന്ധം ഉറപ്പായും വന്നു പെടുന്നതിന്‌ പിന്നിലെ കാരണവും ഇത്‌ തന്നെ. വര്‍ഷം നൂറോളം സിനിമകള്‍ യാതൊരു ക്രിയേറ്റിവിറ്റിയുടെയും പിന്‍ബലമില്ലാതെ നിര്‍ഗുണമായി പടച്ചു വിടുന്ന മലയാള സിനിമയിലേക്ക്‌ ഒരു സാമ്പത്തിക അന്വേഷണം പോലീസിംഗ്‌ ഏജന്‍സികളുടെ ഭാഗത്തു നിന്നും ഉണ്ടായാല്‍ സോളാര്‍ തട്ടിപ്പിനേക്കാള്‍ വലിയ തട്ടിപ്പുകള്‍ പുറത്തു വരുക തന്നെ ചെയ്യും.
തട്ടിപ്പുകളുടെ ചലച്ചിത്ര ബന്ധങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക