Image

ആകാശത്തിലെ അതിഥി - (കഥ: മീട്ടു റഹ്മത്ത് കലാം)

ഇ മലയാളി എക്‌സ്‌ക്ലൂസീവ്‌ Published on 23 July, 2013
ആകാശത്തിലെ അതിഥി - (കഥ: മീട്ടു റഹ്മത്ത് കലാം)

ഏതാനും കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കഥയാണിത്. എങ്കിലും ഇതിലെ ഓരോ കഥാപാത്രത്തെയും നിങ്ങളറിയും .  പ്രപഞ്ചരാജ്യത്തെ രാജാവായ പ്രപഞ്ചനാഥന്റെ ഏക മകളായ ധരയാണ് കഥാനായിക. രാജകുമാരിയെ വളര്‍ത്തി  വലുതാക്കിയത് അവളുടെ സ്‌നേഹനിധിയായ നക്ഷത്രമുത്തശ്ശിയായിരുന്നു. മുത്തശ്ശിയുടെ മരണം
ധരയ്‌ക്കൊരു ആഘാതമായി. അവളുടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകി ഒരു സമുദ്രമായി. ഒടുവില്‍ അത് അവളെ പൊതിഞ്ഞുനിന്നു. ആ ജീവിതം ഇരുട്ടിലാഴ്ന്നു.

തന്റെ മകളുടെ ദുര്‍വിധിയില്‍ രാജാവ് അ
തീവ ദുഃഖിതനായി. തന്നെ കാണാന്‍ പോലും കൂട്ടാക്കാതെ ഇരുട്ടിനെ പ്രണയിച്ചു കഴിയുന്ന ധരയുടെ കാര്യം കൊട്ടാരം പണ്ഢിതനോട് പ്രപഞ്ചനാഥന്‍ അറിയിച്ചു. മന്ത്രിപുത്രനായ ആദിത്യനെ രാജകുമാരിയുടെ പക്കല്‍ അയയ്ക്കുക എന്നതായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ച  പോംവഴി.

ആ ചെറുപ്പക്കാരനെ കാണാന്‍ ധര ആദ്യം കൂട്ടാക്കിയില്ല. സമര്‍ത്ഥനായ മന്ത്രികുമാരന്‍ ഒരു കണക്കിന് രാജകുമാരിയെ വശത്താക്കി. അയാള്‍ ധരയുടെ കണ്ണുനീരെല്ലാം തുടച്ചുമാറ്റി. സമുദ്രം
പോലെ ചുറ്റും നിറഞ്ഞുനിന്ന കണ്ണുനീര്‍ താഴ്ന്നയിടങ്ങളില്‍ മാത്രമായി തടഞ്ഞുനിര്‍ത്തി. അതില്‍ അവള്‍ക്ക് കാണാനായി പല ജീവികളെ വളര്‍ത്തി. അവളുടെ സന്തോഷത്തിനായി ആ കണ്ണീര്‍പ്പൊയ്കയില്‍ തിരമാലകളെ പ്രതിഷ്ഠിച്ചു. ധരയ്ക്ക് ചുറ്റും പുല്ലുകളും, മരങ്ങളും, പൂക്കളും , പഴങ്ങളും നിറച്ചു. ജീവികളെ വളര്‍ത്തി. ധരയുടെ മനസ്സില്‍ ഉന്മേഷം തിരയിളകി. അവളുടെ മനസ്സില്‍ ആദിത്യകുമാരനോടുള്ള പ്രണയം നിറഞ്ഞു.

മന്ത്രിയുടെ മരണത്തോടെ ആദിത്യന് ആ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വന്നു. അതോടെ ധരയെ ശ്രദ്ധിക്കാന്‍ അയാള്‍ക്ക് സമയം തികയാതെയായി. ഒറ്റപ്പെട്ടു എന്ന തോന്നല്‍ അവളില്‍ ജനിച്ചാല്‍ വീണ്ടും പഴയ അവസ്ഥ ആകുമോ  എന്ന ഭയം ഉറ്റസുഹൃത്തായ വിധുവിനോട് മന്ത്രികുമാരന്‍ പങ്കുവെച്ചു. സുഹൃത്തെന്ന നിലയില്‍ ധരയെ സന്തോഷിപ്പിക്കുന്ന കാര്യം തനിക്ക് വിട്ടേക്കാന്‍ വിധു പറഞ്ഞു. ആശ്വാസത്തോടെ ആദിത്യന്‍ അയാളെ രാജകുമാരിയുടെ അടുത്തേയ്ക്ക്  പറഞ്ഞുവിട്ടു.

ആദിത്യന്‍ പറഞ്ഞുകേട്ടതിലും അതീവ സുന്ദരിയായിരുന്നു ധര. ആദ്യ ദര്‍ശനത്തില്‍തന്നെ്  വിധുവിന് അവളോട് അനുരാഗം തോന്നി. സുഹൃത്തിന്റെ പ്രണയത്തെക്കുറിച്ച് അവന് അറിയില്ലായിരുന്നു. ഗൗരവക്കാരനായ ആദിത്യനില്‍ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു രസികനായ വിധു. അതുകൊണ്ട് തന്നെ രാജകുമാരി അയാളോട് പെട്ടെന്ന് അടുത്തു. ഒരു തവണ ധര വിധുവിനോട് പറയുകപോലും ചെയ്തു “ ആദിത്യന്റെ ജ്വാലയെക്കാള്‍ എനിക്ക് സുഖം തോന്നുന്നത് നിന്റെ കുളിര്‍മ്മയുള്ള സാമീപ്യം ആണ് “ എന്ന്. ഇത് തന്നോടുള്ള പ്രേമപ്രകടനമായി വിധു തെറ്റിദ്ധരിച്ചു. അയാള്‍ അവളോട് കൂടുതല്‍ സ്വാതന്ത്ര്യം എടുക്കാന്‍ തുടങ്ങി. താന്‍ അയാളെ പുകഴ്ത്തിയത് വിധു മറ്റൊരര്‍ത്ഥത്തില്‍ എടുത്തു എന്ന് ധരയ്ക്ക് ബോധ്യമായി. അവള്‍ പറഞ്ഞു: “ഞാന്‍ ആദിത്യന്റെ സ്വന്തമാണെന്ന് നീ മറക്കുന്നു. അദ്ദേഹമില്ലെങ്കില്‍ ഞാനില്ല എന്ന സത്യം  ഇപ്പോഴെങ്കിലും നീയറിയുക. നിന്നില്‍ ഞാന്‍ കണ്ടത് നല്ലൊരു സുഹൃത്തിനെയും സഹോദരനെയുമാണ്. “ അവളുടെ വാക്കുകള്‍ വിധുവിനെ ആകെ ഉലച്ചു. പ്രഭ മങ്ങി അവന്‍ ക്ഷീണിതനായി തുടങ്ങി.

പ്രണയനൈരാശ്യത്തേക്കാള്‍ കുറ്റബോധമായിരുന്നു വിധുവിന്റെ ഉള്ളില്‍ .തന്റെ തെ
റ്റുകുറ്റങ്ങള്‍ ആദിത്യനോട് ഏറ്റുപറഞ്ഞ്  അയാള്‍ ഒരുപാട് കരഞ്ഞു. എല്ലാ ദിവസവും നിശ്ചിതസമയം ധരയ്ക്കായി മാറ്റിവയ്ക്കണമെന്ന് വിധു ആദിത്യനോട് അഭ്യര്‍ഥിച്ചു. ഭാരങ്ങള്‍ ഇറക്കിവച്ച വിധുവിലേയ്ക്ക് തന്റെ പ്രഭയുടെ ഒരംശം ആദിത്യന്‍ കയറ്റിവിട്ടു. അതോടെ അയാള്‍ വീണ്ടും ഊര്‍ജ്ജസ്വലനായി. ഒരിക്കലും ധര ഒറ്റയ്ക്കാകില്ലെന്നും ആദിത്യന് തിരക്കുള്ളപ്പോഴൊക്കെ ഒരു സഹോദരന്റെ സ്ഥാനത്ത് അവള്‍ക്ക് തുണയായി താനുണ്ടാകുമെന്നും വിധു ഉറപ്പ് നല്‍കി.

തന്റെ പ്രണയം സഫലമാക്കിതന്നതിന് എന്താണ് പകരം നല്‍കുക എന്ന് ധരയ്ക്ക് അറിയില്ലായിരുന്നു. എത്ര വൈകിയാലും വിധുവിനെ ഒരു നോക്ക് കാണാതെ അവള്‍ ഉറങ്ങിയിരുന്നില്ല. തന്റെ മക്കളെയും ധരയത് ശീലിപ്പിച്ചു. തലമുറകള്‍ എത്ര കഴിഞ്ഞിട്ടും ആ ശീലത്തിലോ സ്‌നേഹത്തിലോ മാറ്റം വന്നില്ല, കൂടുതല്‍ സ്‌നേഹത്തോടെ കുഞ്ഞുങ്ങള്‍ വിധുവിനെ 'അമ്പിളിയമ്മാവാ' എന്ന് വിളിച്ച് കാത്തിരിക്കുന്നു, ഉറക്കം വന്നാലും ഉറങ്ങാതെ.



ആകാശത്തിലെ അതിഥി - (കഥ: മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
RajuThomas 2013-07-24 07:10:14
Meettu, this is very good. Nay, great. Here is the wonderment of the innocent child. In spite of all the advances made by science, we will continue to be fascinated and mystified by the awesomeness of creation. Honestly, I googled Creation Myths and failed to find anything resembling this beautiful story. I give you tons of credit for originality and imagination.
John Joseph 2013-07-29 09:36:15
Hai Meetu . Nice story . Keep going . Best wishes. For future
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക