Image

ഇന്ത്യ മികച്ച വ്യാപാര പങ്കാളി: ദുബായ്‌ കസ്‌റ്റംസ്‌ അധികൃതര്‍

Published on 04 October, 2011
ഇന്ത്യ മികച്ച വ്യാപാര പങ്കാളി: ദുബായ്‌ കസ്‌റ്റംസ്‌ അധികൃതര്‍
ദുബായ്‌: ഇന്ത്യയെ മികച്ച വ്യാപാര പങ്കാളിയായാണു യുഎഇ പരിഗണിക്കുന്നതെന്നു ദുബായ്‌ കസ്‌റ്റംസ്‌ ഡയറക്‌ടര്‍ ജനറല്‍ അഹമ്മദ്‌ ബുട്ടി അഹമ്മദ്‌. ഇന്ത്യ- യുഎഇ വാണിജ്യ രംഗത്തു കുതിച്ചുചാട്ടമാണുണ്ടായതെന്നും ജനുവരി- മേയ്‌ മാസത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ വ്യാപാരത്തില്‍ 50 ശതമാനത്തിലേറെ വര്‍ധനയുണ്ടായെന്നും ദുബായ്‌ പോര്‍ട്‌സ്‌, കസ്‌റ്റംസ്‌ ആന്‍ഡ്‌ ഫ്രീ സോണ്‍ കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ കൂടിയായ അഹമ്മദ്‌ വ്യക്‌തമാക്കി.

ദുബായ്‌ സന്ദര്‍ശിച്ച ഇന്ത്യന്‍ റവന്യു ഇന്റലിജന്‍സ്‌ സംഘവുമായുള്ള ചര്‍ച്ചയിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌. 8720 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 6.53 ലക്ഷം കോടി രൂപ) ഉഭയകക്ഷി വ്യാപാരമാണ്‌ ഇക്കാലയളവിലുണ്ടായതെന്നും 2010ല്‍ ഇതേ കാലയളവില്‍ ഇത്‌ 5820 കോടി ദിര്‍ഹം (ഏകദേശം 43.6 ലക്ഷം കോടി രൂപ) ആയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ഇരുരാജ്യങ്ങളിലെയും കസ്‌റ്റംസ്‌ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനു വിവിധ പദ്ധതികളും ഇന്ത്യന്‍ റവന്യു ഇന്റലിജന്‍സ്‌ ഡയറക്‌ടര്‍ ജനറല്‍ ആര്‍.എസ്‌. സിധുവിന്റെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച ചെയ്‌തു. വിവിധ രാജ്യങ്ങളുടെ നയതന്ത്ര വിഭാഗങ്ങളുമായി സഹകരിച്ച്‌ അതതു രാജ്യങ്ങളുമായുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി ഈ വര്‍ഷം ആദ്യം ആരംഭിച്ച എര്‍തിബാത്‌ പരിപാടിയുടെ ഭാഗമായാണു ചര്‍ച്ചകള്‍ നടന്നത്‌.

നിരോധിത വസ്‌തുക്കളും മറ്റും കയറ്റുമതി ചെയ്യുന്നതു തടയാന്‍ ദുബായ്‌ കസ്‌റ്റംസ്‌ വിഭാഗം സ്വീകരിച്ച നടപടികള്‍ കയറ്റുമതിയും വ്യാപാരവും സുഗമമാക്കിയെന്ന്‌ ആര്‍.എസ്‌. സിധു പറഞ്ഞു. ജബല്‍ അലി കസ്‌റ്റംസ്‌ സെന്ററിലെത്തിയ ഇന്ത്യന്‍ സംഘം ദുബായ്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരുമായി ആശയവിനിമയം നടത്തി. കള്ളക്കടത്തു തടയുന്നതിനായി ദുബായ്‌ കസ്‌റ്റംസ്‌ സ്വീകരിച്ച നടപടികളെക്കുറിച്ചും വിവിധ സേവന പദ്ധതികളെക്കുറിച്ചും ഇന്ത്യന്‍ സംഘം ചര്‍ച്ച നടത്തി.
ഇന്ത്യ മികച്ച വ്യാപാര പങ്കാളി: ദുബായ്‌ കസ്‌റ്റംസ്‌ അധികൃതര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക