Image

നാളെ നാട്ടിലേക്ക്-(കവിത: ദിലിപ് ദിഗന്തനാഥന്‍)

ദിലിപ് ദിഗന്തനാഥന്‍ Published on 25 July, 2013
നാളെ നാട്ടിലേക്ക്-(കവിത: ദിലിപ് ദിഗന്തനാഥന്‍)
എയര്‍ അറേബ്യയില്‍ ഞാന്‍ പറക്കുന്നതാ
ഹരിത ഭംഗിയില്‍ മതി മറക്കാനല്ല,
പുഴയില്‍ നീന്തിത്തുടിക്കുവാനല്ല,
മലകളെക്കണ്ട് കൊതിയടക്കാനല്ല....

തണല്‍ മരത്തിന്റെ നിഴല് പറ്റി ഞാന്‍
കനവ് കണ്ട് മയങ്ങുവാനല്ല,
കതിരു മൂടിയ വയല്‍ വരമ്പിലെന്‍
കവിത മൂളി നടക്കുവാനല്ല........

കിളികളല്ല, പൂന്തോപ്പില്‍ പാറുന്ന
ശലഭമല്ല, മധൂപങ്ങളല്ലെന്റെ
കുരുന്നു മക്കള്‍ തന്‍ കളികളും നറും
ചിരിയുമാണെന്‍ നിറഞ്ഞ കണ്‍കളില്‍

നിറയെ മധുരമാക്കൈകളില്‍ നല്‍കി
പ്പുണരും നിമിഷങ്ങള്‍ മാത്രം ചിന്തയില്‍,..

(
മഴത്തുള്ളിയും മാരിവില്ലും ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ ''തിരികെ''എന്ന വിഷയത്തില്‍ നടന്ന കവിതാ മത്സരത്തില്‍ വിജയിയായ  ശ്രി ദിലിപ് ദിഗന്തനാഥന്റെ കവിത)
നാളെ നാട്ടിലേക്ക്-(കവിത: ദിലിപ് ദിഗന്തനാഥന്‍)
dileep
Join WhatsApp News
വിദ്യാധരൻ 2013-07-25 04:57:31
മതിമറക്കാൻ ഹരിത ഭംഗിയില്ല 
നീന്തി തുടിക്കാൻ പുഴകളില്ല 
കൊതിയടക്കാൻ മലകളില്ല 
തണൽ പരത്താൻ മരങ്ങളില്ല 
മയക്കം ഇല്ല കിനാവും ഇല്ല 
കവിത ഇല്ല കവിത മൂളാൻ 
വയൽ വരമ്പും ഇല്ല 
കിളികളില്ല ശലഭം  ഇല്ല 
പൂന്തോപ്പില്ല മധുപനില്ല 
എങ്കിലും കളയണ്ട് മനസിലുള്ള 
സ്വപ്നവും കയ്യിലുള്ള ടെലഫോണും
മധുരവും കളിപാട്ടങ്ങളും 
കാലഹരണപെട്ടു  കാവേ 
പ്രായമായ മാതാപിതാക്കളെ പോലെ 
കാലഹരണപെട്ടു കാവേ 
കേരളം മാറി മുഴു ഭ്രാന്തായി മാറി 


 
Raju Thomas 2013-07-25 06:51:58
ദിലീപിന്റെ കവിത: വിദ്യാധരൻ ഉഗ്രകവി. എന്നാൽ ആ കമന്റ്കവിതയിലുള്ളത് സാധാരണ ഗൃഹാതുരത്വമാണ്‍~. ഇനി ദിലീപിന്റെ കവിത ഒരിക്കല്ക്കൂടി വായിക്കൂ--എത്ര വ്യത്യസ്തമായ ഗൃഹാതുരത്വം! ആലപമ-ധുരവും. വെറുതയല്ല അതിനു സമ്മാനം കിട്ടിയത്. കവിതയെഴുതി പ്രസിദ്ധരാവാൻ വെമ്പുന്നവർ ജാഗ്രതൈ: ഈ കവിത, കവിത എന്നത് കുഞ്ഞുകളിയല്ല; ഒരാൾ എഴുതന്നതെല്ലാം നന്നായി എന്ന് വരികയില്ല-- എന്നാൽ എഴുത്തുകാർ ചെയ്യേണ്ടത് ചവറ് എന്ന് തങ്ങൾക്കുതന്നെ തോന്നുന്ന ( തോന്നും, ആളിൽ കവിത്വമുണ്ടെങ്കിൽ) സാഹിത്യാവേഗങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കയാണ്‍~. ദിലീപിൻ അഭിനന്ദനങ്ങൾ.
വിദ്യാധരൻ 2013-07-25 16:03:40
രാജു ചൊന്നതിൽ കാര്യമുണ്ട് കപട കവികളെ 
വ്യാജ കവികളേറിടുന്നു ഐക്യനാട്ടിലും 
നിഘണ്ടു നോക്കി വാക്കു തപ്പി 
വികലമാം കവിത തീർത്ത് 
വിളിച്ചിടുന്നു  കവിതയെന്ന് 
ഞെളിഞ്ഞിടുന്നു കവിവര്യനെന്നു.
"കവിത്വമുള്ള കവികളാരും 
ചവറു കവിത പുറത്തിറക്കിടില്ല തീർച്ച 
കളിയല്ല കാര്യമാണ് കവിത രചന" 
ഒളി ചിന്ഹണം നല്ല കവിതയിൽ നിന്ന് 
കാണണം കവിതാസ്വാദകർ 
കാണാ കാഴ്ചതൻ അത്‌ഭുതം സദാ 
തെളിമവേണം ആശയത്തിൽ 
എളിമ അനുപേക്ഷീണിയം 
ഒച്ച വയ്ക്കലല്ല കവിത 
അച്ചടക്കം അനിവാര്യമാം 
കുറിക്കുവാനുണ്ട് ഏറെ ഇങ്ങു
കുറിച്ചിടട്ടൊരു ശ്ലോകമെന്നാൽ  
കവികളാകുവാൻ വെമ്പുവോർക്കായി  
കവിത കാര്യമായി എടുക്കുവോർക്കായി  
"കോൽത്തേനോലേണമോരോ പദമതിനെ നറും 
                  പാലിൽ നീരെന്ന പോലെ 
ചേർത്തീടെണം   വിശേഷിച്ചതിലുടനൊരല-
                 ങ്കാരമുണ്ടായി  വരേണം 
പേർത്തും ചിന്തിക്കിലർഥം നിരുപമ രുചിതോ-
                   ന്നേണമെന്നിത്ര വന്നേ 
തീർത്തീടാവു കവിത''
(നല്ല ഒരു കാവ്യാസ്വാദകനും കവിയുമായ ശ്രീ. രാജുതോമാസിന്റെ 
കവിതയോടുള്ള സമീപനത്തെ മാനിക്കുകയും ഇത് അദ്ദേഹത്തിനായി 
സമർപ്പിക്കുകയും ചെയ്യുന്നു )


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക