Image

മറക്കപ്പെട്ട ബില്ല്‌ (സുനില്‍ എം.എസ്‌)

emalyalee exclusive Published on 25 July, 2013
മറക്കപ്പെട്ട ബില്ല്‌ (സുനില്‍ എം.എസ്‌)
(കൂടുതല്‍ വനിതകള്‍ക്ക്‌ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും പ്രാതിനിധ്യം ലഭിക്കണമെങ്കില്‍ വനിതാസംവരണബില്‍ നിയമമായിത്തീരണം. ഹിന്ദുപ്പത്രത്തില്‍ ഈയിടെ കല്‌പന ശര്‍മ്മ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്രവിവര്‍ത്തനം താഴെ കൊടുക്കുന്നു.)

വനിതാസംവരണ ബില്‍ `മറക്കപ്പെട്ട ബില്ല്‌' എന്നു പുനര്‍നാമകരണം ചെയ്യപ്പെടേണ്ട അവസ്ഥയിലെത്തിയിരിയ്‌ക്കുന്നു! `108 ഭരണഘടനാ ഭേദഗതി ബില്‍ 2008' എന്ന്‌ ഔദ്യോഗികമായി അറിയപ്പെടുന്ന വനിതാ സംവരണ ബില്‍ വായുവില്‍ തൂങ്ങി നില്‍ക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ഇപ്പോഴത്‌ വായുവില്‍ അലിഞ്ഞലിഞ്ഞില്ലാതായിത്തീര്‍ന്ന മട്ടാണ്‌.

ഔദ്യോഗികമായി അതിപ്പോഴും നിലവിലുണ്ട്‌ എന്നതും വാസ്‌തവമാണ്‌. രാജ്യസഭ അത്‌ 2012ല്‍ പാസ്സാക്കിയിരുന്നു. അതുകൊണ്ടത്‌ രേഖകളില്‍ നിലനില്‍ക്കുന്നുണ്ട്‌. അതുകൊണ്ടു തന്നെ പുതിയൊരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍പ്പോലും പുനര്‍വിചിന്തനത്തിന്നായി അതിനെ മടക്കി അയയ്‌ക്കേണ്ടി വരില്ല.

പക്ഷേ, ആ ബില്‍ നിയമമായിത്തീരുകയും, പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യപ്പെടുകയും ചെയ്യുന്നതിനു മുന്‍പ്‌ അതിന്‌ പല കടമ്പകളും കടക്കേണ്ടതുണ്ട്‌. ലോക്‌സഭയും സംസ്ഥാനനിയമസഭകളിലെ പകുതിയിലേറെയും ബില്‍ പാസ്സാക്കണമെന്നതു തന്നെയാണ്‌ ഏറ്റവും വലിയ കടമ്പ.

ഇത്‌ ഉടനെയെങ്ങും നടക്കാന്‍ പോകുന്നില്ലെന്നതു വ്യക്തം. സമകാലീന രാഷ്ട്രീയസ്ഥിതി അതാണു സൂചിപ്പിയ്‌ക്കുന്നത്‌. രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ഇപ്പോള്‍ തെരഞ്ഞെടുപ്പിനു തയ്യാറെടുത്തു കൊണ്ടിരിയ്‌ക്കുകയാണ്‌. ഭരണം നടത്തുന്ന മുന്നണിയ്‌ക്ക്‌ പരീക്ഷണങ്ങള്‍ നടത്താന്‍ ഇപ്പോള്‍ സാധിക്കുകയുമില്ല. അതുകൊണ്ട്‌ ഈ ബില്ലിന്‌ കുറേ നാള്‍ കൂടി ഇപ്പോഴത്തെപ്പോലെ തന്നെ മരവിച്ചിരിയ്‌ക്കേണ്ടി വരും എന്നാണെന്റെ ഊഹം.

രാജ്യസഭയിലൂടെ അതു കടന്നു പോന്നതു തന്നെ വളരെ ബുദ്ധിമുട്ടിയായിരുന്നു. നാടകീയമായ സന്ദര്‍ഭങ്ങള്‍ പലതും അപ്പോഴുണ്ടായി. ബില്ലിന്നനുകൂലമായി 191 വോട്ടുകളും പ്രതികൂലമായി സ്വതന്ത്രഭാരത്‌ പക്ഷിലെ ശാരദ്‌ ജോഷി ചെയ്‌ത ഒരു വോട്ടും ലഭിച്ചു. രാജ്യസഭയുടെ മുന്‍ ഉപാദ്ധ്യക്ഷ നജ്‌മ ഹെപ്‌തല്ല, ഭാരതീയ ജനതാ പാര്‍ട്ടിയിലെ സുഷമ സ്വരാജ്‌, മാര്‍ക്‌സിസ്റ്റ്‌ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ ബൃന്ദ കാരാട്ട്‌ എന്നിവര്‍ വിടര്‍ന്ന ചിരിയോടെ കൈകോര്‍ത്തു പിടിച്ചു നിന്ന്‌, ബില്ലു പാസ്സായതിലെ സന്തോഷം ആഘോഷിയ്‌ക്കുന്ന ചിത്രമാണ്‌ പിറ്റേദിവസത്തെ പത്രങ്ങളിലെ മുന്‍പേജില്‍ത്തന്നെ ഉണ്ടായിരുന്നത്‌. എന്നാല്‍ ബില്ലിനെ എതിര്‍ത്തവര്‍ നിശ്ശബ്ദരായിരുന്നില്ല; അവര്‍ ബഹളമുണ്ടാക്കി. സമാജ്‌വാദി പാര്‍ട്ടിയിലെ നാലംഗങ്ങളും, യുണൈറ്റഡ്‌ ജനതാദള്‍, രാഷ്ട്രീയജനതാദള്‍, ലോക്‌ജനശക്തി പാര്‍ട്ടി എന്നീ പാര്‍ട്ടികളിലെ ഓരോ അംഗവും സഭാനടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിയ്‌ച്ചിരുന്നു. ഒടുവില്‍ അവരെ സഭയില്‍ നിന്നു ബലംപ്രയോഗിച്ച്‌ നീക്കം ചെയ്യുകയാണുണ്ടായത്‌. ഒരു വനിതയായ മായാവതി നേതൃത്വം നല്‍കുന്ന ബഹുജന്‍ സമാജ്‌ പാര്‍ട്ടി വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭ ബഹിഷ്‌കരിച്ചു!

ഇതെല്ലാമുണ്ടായിട്ടും ബില്ലു പാസ്സായി.

ലോക്‌സഭയില്‍ ഈ ബില്ലു പാസ്സാക്കിയെടുക്കാനുള്ള അംഗബലം നിലവിലുള്ള സര്‍ക്കാരിനുണ്ടെന്നതാണ്‌ വിചിത്രമായൊരു യാഥാര്‍ത്ഥ്യം. സകല പ്രമുഖ പാര്‍ട്ടികളും ഈ ബില്ലിനെ അനുകൂലിയ്‌ക്കുന്നുമുണ്ട്‌. കോണ്‍ഗ്രസ്സു പാര്‍ട്ടി മാത്രമല്ല, നാഷണലിസ്റ്റ്‌ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി (എന്‍സിപി), ബിജെപി, ഇടതു മുന്നണി, ഡീഎംകെ, എഐഎഡിഎംകെ എന്നിവരെല്ലാം ബില്ലിനെ പിന്തുണയ്‌ക്കുന്നുണ്ട്‌. മമതാ ബാനര്‍ജിയുടെ തൃണമൂലും യുണൈറ്റഡ്‌ ജനതാദളും ചാഞ്ചാടിക്കൊണ്ടിരിയ്‌ക്കുന്നുണ്ടെങ്കിലും, അവരുടെ പിന്തുണയില്ലെങ്കില്‍പ്പോലും ബില്ലിനു പാസ്സാകാവുന്നതേയുള്ളു.

പിന്നെയെന്താണു പ്രശ്‌നം?

മുന്‍കാലങ്ങളിലെപ്പോലെ, രാഷ്ട്രീയവും രാഷ്ട്രീയത്തോടു ബന്ധപ്പെട്ട കണക്കുകൂട്ടലുകളും തന്നെയാണു തടസ്സം. യൂപീഏ സര്‍ക്കാരിനെ പിന്താങ്ങുന്ന രണ്ടു പാര്‍ട്ടികള്‍ മുലായംസിങ്ങ്‌ യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും ലല്ലുപ്രസാദ്‌ യാദവിന്റെ രാഷ്ട്രീയ ജനതാ ദളും വനിതാബില്ലിനെ കര്‍ക്കശമായി എതിര്‍ക്കുന്നവയാണ്‌. തെരഞ്ഞെടുപ്പ്‌ അടുത്തുവന്നുകൊണ്ടിരിയ്‌ക്കുന്ന ഈ വേളയില്‍ അവരുടെ പിന്തുണ നഷ്ടപ്പെടുത്താന്‍ യൂപീഏ സര്‍ക്കാര്‍ തുനിയില്ല.

ആരും തുറന്നു പറയാത്ത മറ്റൊന്നാണ്‌ രണ്ടാമത്തെ പ്രശ്‌നം: പാര്‍ലമെന്റിലെ ബഹുഭൂരിപക്ഷം അംഗങ്ങളും പുരുഷന്മാരാണ്‌. ഈ ബില്ല്‌ ഒരിയ്‌ക്കലും നിയമമായിത്തീരരുതേ എന്നായിരിയ്‌ക്കും അവരില്‍ ഭൂരിഭാഗം പേരുടേയും പ്രാര്‍ത്ഥന. കാരണം, അതു നിയമമായിത്തീര്‍ന്നാല്‍, അവരുടെ അംഗസംഖ്യ ഒറ്റ രാത്രികൊണ്ട്‌ വെട്ടിക്കുറയ്‌ക്കപ്പെടും.

ഈ നിയമത്തിന്റെ വരുംവരായ്‌കകളെല്ലാം രണ്ടു ദശാബ്ദത്തോളം തലമുടിനാരിഴ കീറുന്നത്ര സൂക്ഷ്‌മമായി പരിശോധിയ്‌ക്കപ്പെട്ടു കഴിഞ്ഞിട്ടുള്ളതാണ്‌. അതുകൊണ്ട്‌ സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യുന്നത്‌ ഒരു നല്ല കാര്യമാണോ അതോ ചീത്തക്കാര്യമാണോ എന്ന ചര്‍ച്ചയിലേയ്‌ക്ക്‌ നമുക്കു വീണ്ടും കടക്കാതിരിയ്‌ക്കുക. ഏതു വിധേന നോക്കിയാലും ഇപ്പോഴത്തെ ബില്‍ കുറ്റമറ്റതല്ല. പാര്‍ലമെന്റില്‍ ഈ ബില്ലു പാസ്സാക്കിയെടുക്കാന്‍ മുന്നിട്ടിറങ്ങിയിരിയ്‌ക്കുന്നവര്‍ക്കു പോലും ഈ ബില്ലിനെപ്പറ്റി പരിപൂര്‍ണ്ണ സംതൃപ്‌തിയില്ല. എന്നിരുന്നാലും, അതു പാസ്സാക്കിയെടുക്കുന്നത്‌ സുപ്രധാനമായൊരു ചുവടുവയ്‌പായിരിയ്‌ക്കും എന്നവര്‍ വിശ്വസിയ്‌ക്കുന്നു. ബില്ലിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ക്ക്‌ ബില്ലില്‍, അഥവാ അതു നിയമമായിത്തീരുന്നെങ്കില്‍ ആ നിയമത്തില്‍, ഭേദഗതികള്‍ വരുത്താന്‍ ശ്രമിയ്‌ക്കാവുന്നതേയുള്ളു. ബില്ലു പാസ്സായി നിയമമായിത്തീരുമ്പോള്‍ വനിതാസംവരണമെന്ന തത്വത്തിന്ന്‌ സ്വീകാര്യതയും അംഗീകാരവും ലഭിയ്‌ക്കും. അതോടെ പാര്‍ലമെന്റിലും സംസ്ഥാനനിയമസഭകളിലും വനിതകളുടെ സാന്നിദ്ധ്യം വര്‍ദ്ധിയ്‌ക്കുകയും ചെയ്യും.

വനിതകള്‍ക്കായി കൂടുതല്‍ സീറ്റുകള്‍ സംവരണം ചെയ്യുന്നതിന്നെതിരായി മുന്നോട്ടു വയ്‌ക്കപ്പെട്ട വാദമുഖങ്ങളില്‍ പലതും വീണ്ടും വീണ്ടും ഉയര്‍ന്നു വരുന്ന തരത്തിലുള്ളവയാണ്‌. സമകാലീന വനിതാനേതാക്കളുടെ നേരേ വിരല്‍ ചൂണ്ടുന്ന ഒന്നാണ്‌ അക്കൂട്ടത്തിലൊന്ന്‌. ആവേശം പകരുന്നവരാരുംതന്നെ ഇന്നുള്ള വനിതാനേതാക്കളുടെ കൂട്ടത്തിലില്ല എന്നാണ്‌ പലരും കുറ്റപ്പെടുത്താറ്‌. വനിതകള്‍ കൂടുതല്‍ മെച്ചപ്പെട്ട ഭരണം കാഴ്‌ച വയ്‌ക്കുമെന്ന വിശ്വാസം പകരുന്നവരാരും ഇന്നത്തെ വനിതാനേതാക്കന്മാരുടെ ഇടയിലില്ല എന്നവര്‍ കുറ്റപ്പെടുത്തുന്നു. അതോടൊപ്പമവര്‍, മാതൃകാപരമായ ഭരണം കാഴ്‌ച വയ്‌ക്കുന്ന, നമ്മെ ആവേശഭരിതരാക്കുന്ന നേതാക്കളാരും ഇന്നുള്ള പുരുഷഭരണാധികാരികളുടെ ഇടയിലുമില്ല എന്ന പരമാര്‍ത്ഥത്തെ മനഃപൂര്‍വ്വം അവഗണിയ്‌ക്കുകയും ചെയ്യുന്നു. ഭരണനൈപുണ്യമില്ലെന്ന കാരണത്താല്‍ ഭരണരംഗത്ത്‌ വനിതകള്‍ക്ക്‌ പ്രാതിനിധ്യം നിഷേധിയ്‌ക്കുമ്പോള്‍, ബഹുഭൂരിപക്ഷം വരുന്ന പുരുഷനേതാക്കള്‍ക്ക്‌ ഭരണം കൈയാളാന്‍ ഭരണനൈപുണ്യം ആവശ്യമില്ലെന്നാണോ ഇതില്‍നിന്നും അര്‍ത്ഥമാക്കേണ്ടത്‌?

നേതൃപാടവമുണ്ടെങ്കിലും ഇല്ലെങ്കിലും, അതിന്റെ ഗുണനിലവാരം എന്തു തന്നെയായിരുന്നാലും, പുരുഷന്മാര്‍ക്ക്‌ അധികാരസ്ഥാനങ്ങളിലിരിയ്‌ക്കാന്‍ പ്രത്യേക ജന്മാവകാശമുണ്ടെന്നും, എന്നാല്‍ വനിതകളാണെങ്കില്‍ അവര്‍ സ്വന്തം നേതൃപാടവം തെളിയിച്ചേ തീരൂ എന്നുമുള്ള പൊതുധാരണ പരക്കെ ഉണ്ടായിത്തീര്‍ന്നിരിയ്‌ക്കുന്നു. പുരുഷന്മാര്‍ക്ക്‌ ഭരണാവകാശം സ്വാഭാവികരൂപത്തില്‍ കൈവരുമ്പോള്‍, സ്‌ത്രീകള്‍ക്ക്‌ ഭരണാവകാശം നേടിയെടുക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരുന്നു. അലിഖിതമായ പല നിബന്ധനകള്‍ക്കും വിധേയരാണ്‌ ഭരണരംഗത്തേയ്‌ക്കു വരാന്‍ തുനിയുന്ന വനിതകള്‍. അവര്‍ അഴിമതിരഹിതരായിരിയ്‌ക്കണം, കുറഞ്ഞപക്ഷം അഴിമതി കുറഞ്ഞവരെങ്കിലുമായിരിയ്‌ക്കണം. കൂടുതല്‍ കാര്യക്ഷമതയുണ്ടായിരിയ്‌ക്കണം. വിശ്വാസ്യത ജനിപ്പിയ്‌ക്കുന്നവരുമായിരിയ്‌ക്കണം. നിഷ്‌പക്ഷരായിരിയ്‌ക്കണം. തീരുമാനങ്ങളെടുക്കാനുള്ള കഴിവുണ്ടാകണം. ഇതൊക്കെയാണ്‌ വനിതകളില്‍ നിന്നു പ്രതീക്ഷിയ്‌ക്കപ്പെടുന്നത്‌. എന്നാല്‍ അധികാരം പ്രകടിപ്പിയ്‌ക്കാനുള്ള സ്വാതന്ത്ര്യം പുരുഷനു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്‌തിരിയ്‌ക്കുന്നു!

ചുരുക്കിപ്പറഞ്ഞാല്‍, വിജയം നേടാന്‍ അനുകൂലമായ, സമനിരപ്പായ കളിക്കളം പുരുഷന്മാര്‍ക്കു ലഭിയ്‌ക്കുമ്പോള്‍, കുണ്ടും കുഴിയും നിറഞ്ഞ കളിക്കളമാണ്‌ വനിതകള്‍ക്കായി നീക്കിവയ്‌ക്കപ്പെട്ടിരിയ്‌ക്കുന്നത്‌. കുണ്ടും കുഴിയും തരണംചെയ്‌തു വിജയം വരിയ്‌ക്കാന്‍ സാദ്ധ്യത തീരെയില്ലാത്തൊരു വ്യവസ്ഥിതിയാണ്‌ വനിതകള്‍ക്കു കിട്ടുന്നത്‌. അല്ലെങ്കില്‍ വനിതയുടെ അഭ്യുദയകാംക്ഷിയായി ഏതെങ്കിലുമൊരു പുരുഷനുണ്ടാകണം. സ്വന്തം ഗുണവൈശിഷ്ട്യങ്ങളുടെ അടിസ്ഥാനത്തില്‍ വിജയം നേടാനുള്ള സാദ്ധ്യത വനിതകള്‍ക്ക്‌ ഇന്നു തീരെയില്ല.

ബില്ലിനോടുള്ള എതിര്‍പ്പു ഭയന്ന്‌ പുറകോട്ടു വലിയുന്നതിനു പകരം അടുത്ത തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ ബില്ലു പാസ്സാക്കി നിയമമാക്കി മാറ്റുകയാണ്‌ യൂപിഏ ചെയ്യേണ്ടത്‌. ഇങ്ങനെ ചെയ്‌താല്‍ അങ്ങേയറ്റം ഉണ്ടായേയ്‌ക്കാവുന്ന പ്രത്യാഘാതമെന്തായിരിയ്‌ക്കും? ബില്ലിനെ എതിര്‍ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ യൂപിഏ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിയ്‌ക്കുമായിരിയ്‌ക്കും. തെരഞ്ഞെടുപ്പ്‌ അല്‌പം കൂടി നേരത്തേ നടത്തേണ്ടി വന്നേയ്‌ക്കാം. തെരഞ്ഞെടുപ്പ്‌ മാസങ്ങള്‍ മാത്രം അകലെയായിരിയ്‌ക്കെ, അതല്‌പം കൂടി നേരത്തെ നടത്തേണ്ടി വന്നാല്‍ എന്തു ദുരന്തമാണുണ്ടാകുക! നേരേ മറിച്ച്‌, തെരഞ്ഞെടുപ്പില്‍ യൂപിഏയ്‌ക്ക്‌ അനുകൂലമായൊരു ഘടകമായി അതു പരിണമിച്ചുകൂടേ?

സര്‍വ്വശക്തിയുമുപയോഗിച്ചു സമ്മര്‍ദ്ദം ചെലുത്തുകയാണ്‌ നാമിപ്പോള്‍ ചെയ്യേണ്ടത്‌. വനിതാസംവരണം നിയമമാക്കിത്തീര്‍ക്കാന്‍ വേണ്ടി നിരന്തരസമരം ചെയ്‌തുപോന്നിരിയ്‌ക്കുന്ന വിവിധ വനിതാസംഘടനകളുടെ പിന്തുണ നേടിക്കൊണ്ട്‌, ബില്ലിനെ അനുകൂലിയ്‌ക്കുന്നവരെല്ലാം ലിംഗവ്യത്യാസം മറന്ന്‌, ഒറ്റക്കെട്ടായി, ശക്തമായി സര്‍ക്കാരിനോടും നിയമനിര്‍മ്മാതാക്കളോടും ബില്ലു പാസ്സാക്കാന്‍ ആവശ്യപ്പെടുക.
മറക്കപ്പെട്ട ബില്ല്‌ (സുനില്‍ എം.എസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക