Image

വിച്ഛിന്നാഭിഷേകം-കര്‍ത്തവ്യ ബോധത്തിലേക്കുള്ള ചൂണ്ടുവിരല്‍...

അനില്‍ പെണ്ണുക്കര Published on 25 July, 2013
വിച്ഛിന്നാഭിഷേകം-കര്‍ത്തവ്യ ബോധത്തിലേക്കുള്ള ചൂണ്ടുവിരല്‍...
അധികാരവും അതിന്റെ പാര്‍ശ്വസുഖങ്ങളും ഒരുവനെ കര്‍ത്തവ്യങ്ങളില്‍നിന്നും അകറ്റിനിര്‍ത്തും എന്ന വാസ്തവമാണ് രാമന്റെ പട്ടാഭിഷേകവിഘ്‌നംവഴി അരക്കിട്ടുറപ്പിക്കുന്നത്.

ലോകത്ത് അധികാരത്തിലെത്തിയ വ്യക്തികളും പ്രസ്ഥാനങ്ങളും എന്തിന്റേയെല്ലാം പേരിലാണ് തങ്ങള്‍ അവിടെയെത്തിയത് എന്നകാര്യം പിന്നീട് മറക്കുന്നത് കണ്ട് അനുഭവമുള്ളവരാണ് നാം. ജനമുന്നേറ്റങ്ങള്‍ക്കൊടുവില്‍ രാജ്യത്തിന്റെ നേതൃത്തിലെത്തിയ നേതാക്കന്മാര്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കു കാരണം അധികാരമെന്ന പ്രലോഭനമാണ്. ശ്രീരാമപട്ടാഭിഷേകവിഘ്‌നം ഒരു ശുഭസൂചനയാകുന്നത് ഇവിടെയാണ്.

സോഷ്യലിസ്സം ജനാധിപത്യം എന്നൊക്കെ പറഞ്ഞു നടന്നവര്‍ക്ക് ചിലയിടങ്ങളില്‍ അല്പമൊരു അധികാരം ലഭിച്ചപ്പോള്‍, അവിടെ കാട്ടിക്കൂട്ടിയത് നമുക്ക് പരിചിതമാണ്. സോഷ്യലിസ്സത്തിന്റെ പേരുപറഞ്ഞ് അധികാരത്തില്‍ വന്നവരും അവര്‍ക്കു അരികു നിന്നവരും അധികാരത്തിന്റെ പാര്‍ശ്വ സുഖങ്ങള്‍ക്കു പിന്നാലെ പോകുന്നതും കര്‍ത്തവ്യരഹിതരായ്ത്തീരുന്നതും നാം കണ്ടു. ഈ പശ്ചാത്തലത്തില്‍വേണം രാമന്റെ പട്ടാഭിഷേകവിഘ്‌നം നാം വിലയിരുത്തേണ്ടത്.

മന്ധരയുടെ ഒരു നുണകൊണ്ട് നഷ്ടമായത് സാകേതത്തിന്റെ സ്വച്ഛതയാണ്. എന്നാല്‍ അവരുടെ ആവാക്കില്ലായിരുന്നില്ലെങ്കില്‍ ലങ്കാധിപന്‍ സ്വച്ഛതയോടെ പര്‍വ്വതങ്ങളിട്ട് അമ്മാടിമാടി നടന്നേനേം. ഫലമോ ലോകസമാധാനത്തിനു ഭീഷണിയും..

സുഖഭോഗങ്ങളില്‍ മുഴുകുമ്പോള്‍ കര്‍ത്തവ്യം മറന്നുപോകുന്നത് മനുഷ്യന്റെ സ്വഭാവമാണ്. അതുകൊണ്ടാണ് കുന്തി തനിക്കെന്നും വിശസനം തരണമേ എന്നു ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നത്.

ജഗത്ത്‌വിധാതാവായ സാക്ഷാല്‍ വിഷ്ണുഭഗവാന്‍പോലും മാനുഷ വേഷത്തില്‍ വന്നപ്പോള്‍ അതുമറക്കുമോ എന്നു നാരദമുനി ആശങ്കപ്പെടുന്നു.

അഭിഷേകവിഘ്‌നത്തിനു ശ്രീരാമന്‍ത്തന്നെയാണ് പ്രേരണ. കൈകേയിയും മന്ധരയും വെറും കാരണം മാത്രമാണ്. മാനുഷഭാവം പൂണ്ട ഭഗവാന്‍ ആ പരിമിതിയ്ക്കുള്ളില്‍ നിന്നാണ് പെരുമാറുന്നത് എന്നുമാത്രം.

മായാദേവിയുമൊത്ത് സാകേതത്തിലെ സൗഭാഗ്യങ്ങളില്‍ രാമന്‍ കഴിഞ്ഞുകൂടുകയാണോ എന്നു ശങ്കിക്കുന്നത് ദേവതകളാണ്. അതോര്‍മ്മിപ്പിക്കാനാണ് അവര്‍ നാരദനെ ചുമതലപ്പെടുത്തിയത്. വിശസനം സുഖികളെ വിജ്ഞരാക്കുന്നു എന്നാണ് ശരി.

അധികാരത്തോടും സുഖങ്ങളോടുമുള്ള രാമന്റെ വിരക്തി ഭരത-ലക്ഷ്മണശത്രുഘ്‌നന്മാര്‍ക്കുള്ള സന്ദേശംകൂടിയാണ്. ലോകത്ത് അധികാരത്തില്‍ രമിക്കുന്നവര്‍ക്കെല്ലാമുുള്ള പാഠമാണത്.

ജനമുന്നേറ്റങ്ങളിലൂടെ അധികാരത്തിലെത്തിയ ലോകനേതാക്കള്‍ പലരും സ്വയംമറന്നു സ്വന്തം അധീശത്ത്വം ഉറപ്പിക്കുന്നതിനുള്ള ക്രൂരതകളാണ് കാട്ടുന്നതാണ് ഇന്നത്തെ കാഴ്ച. ഫലമോ എതിര്‍ ജനമുന്നേറ്റത്തില്‍പ്പെട്ടവര്‍ മണ്ണടിയുന്നു. ഒരു പുത്രനെന്നനിലയ്ക്ക് അച്ഛന്റെവാക്ക് ലംഘിക്കാനാവാത്ത രാമന്‍ സാകേത സിംഹാസനത്തിനെക്കാള്‍ തന്റെ അവതാരോദ്ദേശ്യത്തിനാണ്  പ്രാധാന്യം നല്‍കുന്നത്.

സ്വതന്ത്രഭാരതത്തിന്റെ ആദ്യഭരണനേതൃനിരയിലെത്തിയ നേതാക്കന്മാരില്‍ ചിലര്‍ രാമായണം പഠിച്ചിരുന്നെങ്കില്‍ ശീലിച്ചിരുന്നെങ്കില്‍ ഭാരതം രണ്ടു തുണ്ടാകുമായിരുന്നില്ല.അധികാരത്തിനായുള്ള ചിലരുടെ സങ്കുചിതമായ മോഹമാണ്  വിനയായത്. അതില്ലായിരുന്നെങ്കില്‍ സ്വാതന്ത്ര്യമാഘോഷിക്കുമ്പോള്‍ മഹാത്മജിയ്ക്കു നിരാഹാരം കിടക്കേണ്ടി വരില്ലായിരുന്നു.

അധികാരം മനുഷ്യനെ വഴിപിഴിപ്പിക്കുന്നുവെന്നും കര്‍ത്തവ്യങ്ങളില്‍നിന്നും വ്യതിചലിപ്പിക്കുന്നുവെന്നും അതില്‍നിന്നും കരുതി രക്ഷപ്പെട്ടുകൊള്ളണമെന്നുമുള്ള മുന്നറിയിപ്പാണ് വിച്ഛിന്നാഭിഷേകത്തിലൂടെ നാം മനസ്സിലാക്കേണ്ടത്.

വിച്ഛിന്നാഭിഷേകം-കര്‍ത്തവ്യ ബോധത്തിലേക്കുള്ള ചൂണ്ടുവിരല്‍...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക