Image

ലോസ്‌ആഞ്ചലസില്‍ എസ്‌.എം.സി.സിയുടെ ഓണാഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 05 October, 2011
ലോസ്‌ആഞ്ചലസില്‍ എസ്‌.എം.സി.സിയുടെ ഓണാഘോഷം
ലോസ്‌ആഞ്ചലസ്‌: കാലിഫോര്‍ണിയയിലെ സാന്റാ അന്നായിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളിയില്‍ ഓണം ആഘോഷിച്ചു. ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കാത്തലിക്‌ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷങ്ങള്‍.

വി. കുര്‍ബാനയ്‌ക്കുശേഷം പള്ളിയങ്കണത്തില്‍ നടത്തിയ ഓണം മേളയില്‍ കേരളത്തനിമയില്‍ വസ്‌ത്രം ധരിച്ച്‌ നൂറുകണക്കിന്‌ മലയാളികള്‍ പങ്കെടുത്തു. പൂക്കളവും, നിറപറയും, മുത്തുക്കുടകളും, ചെണ്ടമേളവും ആഘോഷങ്ങള്‍ക്ക്‌ മോടിയേകി.

സര്‍വ്വാഢംഭരപ്രൗഡിയില്‍ രാജകിങ്കരന്മാരോടൊത്ത്‌ എഴുന്നെള്ളിയ മാവേലിത്തമ്പുരാനെ ആര്‍പ്പുവിളികളോടെ എതിരേറ്റപ്പോള്‍, ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ പൂച്ചെണ്ട്‌ നല്‍കി വേദിയിലേക്കാനായിച്ചു. നാലാംവര്‍ഷവും മാവേലിയായി ജിമ്മി ജോസഫും, രാജകിങ്കരനായി സച്ചിന്‍ സെബാസ്റ്റ്യനും ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി. ഈവര്‍വും വീണ്ടും സാന്റാ അന്നായില്‍ പുലിയിറങ്ങി. വേട്ടക്കാരനായി സൂരജ്‌ സജോക്കൊപ്പം പിലുക്കുട്ടികളായി ക്രിസ്‌ ജോസ്‌, ആല്‍വിന്‍ ജോസഫ്‌ എന്നിവരുടെ കളി കുട്ടികളില്‍ കൗതുകമുണര്‍ത്തി.

ഇടവകാംഗങ്ങള്‍ ഒന്നായി പങ്കെടുത്ത ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിലവിളക്കില്‍ തിരിതെളിയിച്ചുകൊണ്ട്‌ ബ. സെബാസ്റ്റ്യനച്ചന്‍ നിര്‍വഹിച്ചു. തുടര്‍ന്ന്‌ നല്‍കിയ ഓണസന്ദേശത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുമയോടെ ആഹ്ലാദത്തില്‍ ആഘോഷിക്കുന്ന മറ്റൊരു ഉത്സവവും ഇല്ലെന്നും, എവിടെയായിരുന്നാലും മലയാളത്തിന്റെ മധുരമായ അനുഭവം ആസ്വദിക്കുന്നത്‌ ഓണാഘോഷത്തിലൂടെയാണെന്നും, എല്ലാവര്‍ക്കും ഐശ്വര്യത്തിന്റെ ഓണാശംസകള്‍ നേരുകയും ചെയ്‌തു.

ബിജു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളക്കാര്‍ മാവേലിയുടെ ചുറ്റിലും നിന്ന്‌ ശിങ്കാരിമേളം നടത്തി. ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോണ്‍സണ്‍ വണ്ടനാംതടത്തില്‍ സ്വാഗതവും ട്രസ്റ്റി ഷാജി തോമസ്‌ നന്ദിയും പ്രകാശിപ്പിച്ചു. മുന്‍ വര്‍ഷങ്ങളിലേതുപോലെ കേരളത്തനിമയില്‍ തൂശനിലയില്‍ വിളമ്പിക്കൊടുത്ത വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്ക്‌ നേതൃത്വം നല്‍കിയത്‌ ലാലി ബെന്നി, ബ്രിജിറ്റ്‌ ലാല്‍, തര്യന്‍ ജോര്‍ജ്‌, ബൈജു ആന്റണി, സജി തോമസ്‌, സെബാസ്റ്റ്യന്‍ വെള്ളൂക്കുന്നേല്‍ എന്നിവരാണ്‌.

തുടര്‍ന്ന്‌ കലാകായിക മത്സരങ്ങളും എസ്‌.എം.സി.സി ട്രോഫിക്കുവേണ്ടിയുള്ള വടംവലി മത്സരവും ഉണ്ടായിരുന്നു.

പുരുഷന്മാരുടെ മത്സരത്തില്‍ കൊറോണാ ടീമും, വനിതകളുടെ മത്സരത്തില്‍ ശാരി ജോസുകുട്ടി നയിച്ച ടോറന്‍സ്‌ ടീമും ട്രോഫികള്‍ സ്വന്തമാക്കി. വടംവലി മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ട്രോഫി നല്‍കി ആദരിച്ചു. ജിമ്മി ജോസഫ്‌ റഫറിയായി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ റവ.ഡോ. അഗസ്റ്റിന്‍ പലക്കാപ്പറമ്പില്‍ വിതരണം ചെയ്‌തു. ഈവര്‍ഷത്തെ ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്‌തത്‌ രാജു ഏബ്രഹാമാണ്‌.

മനസ്സിന്റെ ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന ഓണപ്പാട്ടുകള്‍ ആലപിച്ച്‌, ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റ്‌ എലിസബത്ത്‌ ജോസഫ്‌, മേരി ജോണ്‍സണ്‍, മരിയ ലിസ്‌ ജോസഫ്‌, സീറ്റാ ജോസഫ്‌, ലിസ്‌ മരിയാ ജോഷി, സ്‌നേഹ നീലങ്കാവില്‍, അലീനാ ജോസ്‌, നാഷണല്‍ ട്രഷറര്‍ ജോര്‍ജുട്ടി പുല്ലാപ്പള്ളി എന്നിവര്‍ ട്രോഫികള്‍ സ്വന്തമാക്കി. ലാല്‍ സെബാസ്റ്റ്യന്‍, ടോമി പുല്ലാപ്പള്ളി എന്നിവര്‍ എം.സിമാരായിരുന്നു.

ട്രസ്റ്റിമാരായ ജോസുകുട്ടി പാമ്പാടി, ഷാജി തോമസ്‌, ജോര്‍ജ്‌ യോഹന്നാന്‍ എന്നിവരോടൊത്ത്‌ ഫ്രാന്‍സീസ്‌ കുട്ടി തോമസ്‌, മാത്യു തോമസ്‌, ബെന്നി പീറ്റര്‍, ബിനോയ്‌ കുരിക്കല്‍, മാത്യു കൊച്ചുപുരയ്‌ക്കല്‍, വിനോയ്‌ ജോസഫ്‌ എന്നിവര്‍ ഓണാഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളി അറിയിച്ചതാണിത്‌.
ലോസ്‌ആഞ്ചലസില്‍ എസ്‌.എം.സി.സിയുടെ ഓണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക