Image

സന്യാസിനികള്‍ വിനയത്തിന്റെ സന്ദേശ വാഹകരാകണം: മാര്‍ പെരുന്തോട്ടം

Published on 26 July, 2013
സന്യാസിനികള്‍ വിനയത്തിന്റെ സന്ദേശ വാഹകരാകണം: മാര്‍ പെരുന്തോട്ടം
ചങ്ങനാശേരി: സന്യാസിനീസമൂഹങ്ങള്‍ ലോകത്തില്‍ വിനയത്തിന്റെയും സ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും സന്ദേശവാഹകരാകണമെന്നും ആഡംബരഭ്രമങ്ങളില്‍ അകപ്പെടാതെ ലോകത്തില്‍ സാക്ഷ്യം വഹിക്കണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപതയുടെ പ്രഥമ മെത്രാനും ആരാധനാ സന്യാസിനീസമൂഹ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ നാമധേയത്തില്‍ മെത്രാപ്പോലീത്തന്‍ പള്ളിക്കു സമീപം പ്രവര്‍ത്തിക്കുന്ന മാര്‍ തോമസ് കുര്യാളശേരി വികാസിന്റെ രജതജൂബിലിയാചരണത്തോടനുബന്ധിച്ചു നടന്ന സമൂഹബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിനീതമായ സേവനത്തിലൂടെ മാര്‍ തോമസ് കുര്യാളശേരി സമൂഹത്തിനു മാതൃക പകര്‍ന്നു. മാര്‍ കുര്യാളശേരി സ്ഥാപിച്ച ആരാധനാസമൂഹം ലോകമെമ്പാടും പ്രശംസനീയമായ സേവനങ്ങളാണു നിര്‍വഹിക്കുന്നതെന്നും സഭാംഗങ്ങള്‍ വിശുദ്ധ കുര്‍ബാനയിലൂടെ ശക്തിയാര്‍ജിക്കണമെന്നും ആര്‍ച്ച്ബിഷപ് ഉദ്‌ബോധിപ്പിച്ചു.

കത്തീഡ്രല്‍ വികാരി ഫാ. തോമസ് തുമ്പയില്‍, ഫാ. ക്രിസ്റ്റോ നേരിയംപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം രജതജൂബിലി ദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ രജതജൂബിലി സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ജീവിതമാണു മാര്‍ തോമസ് കുര്യാളശേരിയുടേതെന്നും സഭയുടെ സ്വരം നമ്മുടെ സ്വരമായിരിക്കണമെന്നും ആര്‍ച്ച്ബിഷപ് ഉദ്‌ബോധിപ്പിച്ചു. സ്‌നേഹത്തിന്റെ അഭാവമാണ് ഇന്നത്തെ കുടുംബതകര്‍ച്ചയ്ക്കു കാരണമാകുന്നതെന്നും വിദ്യാഭ്യാസത്തോടൊപ്പം വിശ്വാസ പരിശീലനം ലഭിക്കേണ്ടതു നമ്മുടെ അവകാശമാണെന്നും മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്‌ബോധിപ്പിച്ചു. 

ഫാ. തോമസ് തുമ്പയില്‍, ആരാധനാ സന്യാസിനീസമൂഹത്തിന്റെ സൂപ്പീരിയര്‍ ജനറല്‍ മദര്‍ റോസ് കെയ്റ്റ്, വൈസ് പോസ്റ്റുലേറ്റര്‍ മദര്‍ ബഞ്ചമിന്‍ മേരി, പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ റോസ് കുന്നത്തുപുരയിടം, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ലിസി വടക്കേചിറയാത്ത്, സൈബി അക്കര എന്നിവര്‍ പ്രസംഗിച്ചു. പ്രൊവിന്‍ഷ്യാള്‍മാരായ മദര്‍ ലിയോ, മദര്‍ ബ്രിജിത്ത് മുതുപ്ലാക്കല്‍, സിസ്റ്റര്‍ റോസ് അല്‍ഫോന്‍സ്, സിസ്റ്റര്‍ ആനി ഗ്രേയ്‌സ്, സിസ്റ്റര്‍ മേഴ്‌സി മാന്തുരുത്തി എന്നിവര്‍ നേതൃത്വം നല്‍കി.

സന്യാസിനികള്‍ വിനയത്തിന്റെ സന്ദേശ വാഹകരാകണം: മാര്‍ പെരുന്തോട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക