Image

ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍ 28ന്

Published on 26 July, 2013
ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍ 28ന്
ഭരണങ്ങാനം: അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം തേടിയെത്തുന്ന ഭക്തലക്ഷങ്ങളെ വരവേല്‍ക്കാന്‍ ആത്മീയതയുടെ കരുത്തുമായി തീര്‍ഥാടനകേന്ദ്രം ഒരുങ്ങി. വിശുദ്ധയുടെ പ്രധാന തിരുനാള്‍ ദിനമായ 28ന് എത്തുന്ന ലക്ഷക്കണക്കായ വിശ്വാസികളെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണു നടത്തിയിട്ടുള്ളത്. 

വിശുദ്ധയുടെ സന്നിധിയില്‍ എത്തുന്ന വിശ്വാസികള്‍ക്കെല്ലാം ഏതുസമയവും തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുംവിധമാണു ക്രമീകരണങ്ങള്‍. ബാഹ്യ ആഡംബരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി ആത്മീയചടങ്ങുകള്‍ സമ്പന്നമാക്കുംവിധമാണു പ്രധാന തിരുനാള്‍ ദിനത്തിലെ പ്രദക്ഷിണമടക്കം ക്രമപ്പെടുത്തിയിട്ടുള്ളത്. 

തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ പോലീസ്, ആരോഗ്യവകുപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. പ്രധാന തിരുനാളിന്റെ ഭാഗമായി 27നും 28നും ടൗണില്‍ പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

പ്രധാന തിരുനാള്‍ ദിവസമായ 28നു രാവിലെ അഞ്ചിന് ഫാ. ഫ്രാന്‍സിസ് വടക്കേല്‍, ആറിന് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ. ജോസഫ് തടത്തില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 5.30ന് ഇടവക ദേവാലയത്തില്‍ കുര്‍ബാന. ഏഴിന് നേര്‍ച്ചയപ്പം വെഞ്ചരിപ്പ്. 7.15ന് ഇടവക ദേവാലയത്തില്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 8.30ന് ഫാ. മാത്യു മുണ്ടുവാലയില്‍, 9.15ന് ഫാ. തോമസ് കളത്തിപ്പുല്ലാട്ട് എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 10ന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തില്‍ ഇടവകദേവാലയത്തില്‍ തിരുനാള്‍ റാസ. ഫാ.ജയിംസ് വെണ്ണായിപ്പിള്ളില്‍, ഫാ. ജോസഫ് സ്രാമ്പിക്കല്‍ എന്നിവര്‍ സഹകാര്‍മികരാവും. 12ന് ആഘോഷമായ തിരുനാള്‍-ജപമാല പ്രദക്ഷിണം. ഫാ. തോമസ് ഓലിക്കല്‍,ഫാ. ജോസഫ് തെങ്ങുംപള്ളില്‍, ഫാ. മാത്യു കദളിക്കാട്ടില്‍ എന്നിവര്‍ കാര്‍മിത്വം വഹിക്കും. 2.30ന് ഫാ. ജോര്‍ജ് കൂടത്തില്‍, 3.30ന് ഫാ. അഗസ്റ്റിന്‍ പെരുമറ്റം, 4.30ന് ഫാ.അലക്‌സാണ്ടര്‍ മൂലക്കുന്നേല്‍, 5.30ന് ഫാ.ജോസഫ് മുണ്ടയ്ക്കല്‍, ഏഴിന് ഫാ. മാര്‍ട്ടിന്‍ ഇരുവേലിക്കുന്നേല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 8.30, 9.30, 10.30 എന്നീ സമയങ്ങളിലും തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന നടക്കുമെന്ന് തീര്‍ഥാടനകേന്ദ്രം റെക്ടര്‍ റവ.ഡോ. ജോസഫ് തടത്തില്‍ അറിയിച്ചു. ഇടവക ദേവാലയത്തില്‍ രാവിലെ 5.30നും 7.15നും 2.30നും അഞ്ചിനും വിശുദ്ധ കുര്‍ബാനയുണ്ട്. 

പ്രധാന തിരുനാളിന്റെ തലേദിനമായ 27ന് 11ന് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. വൈകുന്നേരം 6.30ന് അല്‍ഫോന്‍സാമ്മ അംഗമായിരുന്ന ക്ലാര മഠത്തിലേക്ക് ആഘോഷമായ ജപമാല-മെഴുകുതിരി പ്രദക്ഷിണം. ഫാ. സുരേഷ് സന്ദേശം നല്‍കും.

തൊട്ടില്‍നേര്‍ച്ച, വിളക്കുനേര്‍ച്ച, സാരി നേര്‍ച്ച, സമര്‍പ്പണം, കുമ്പസാരം എന്നിവയ്ക്കും പ്രത്യേക ക്രമീകരണമുണ്ട്. അല്‍ഫോന്‍സാ സ്റ്റാളില്‍ നിന്ന് ഭക്തസാധനങ്ങളും ലഭ്യമാണ്. മുഴുവന്‍ ഭക്തര്‍ക്കും നേര്‍ച്ചയപ്പം നല്‍കും.

തീര്‍ഥാടനകേന്ദ്രം റെക്ടര്‍ റവ.ഡോ. ജോസഫ് തടത്തില്‍, ഫൊറോന വികാരി ഫാ.ജോസ് അഞ്ചേരില്‍, അസിസ്റ്റന്റ് റെക്ടര്‍മാരായ ഫാ. തോമസ് കാലാച്ചിറയില്‍, ഫാ.ജോസഫ് മണിയംചിറ, സ്പിരിച്വല്‍ ഡയറക്ടര്‍മാരായ ഫാ. മൈക്കിള്‍ നരിക്കാട്ട്, ഫാ. മാത്യു മുണ്ടുവാലയില്‍, ഫാ. തോമസ് കളത്തിപുല്ലാട്ട്, ഇടവക സഹവികാരി ഫാ.പോള്‍ പാറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണു തിരുനാള്‍ ദിനങ്ങളിലെത്തുന്ന ഭക്തലക്ഷങ്ങളെ വരവേല്‍ക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക