Image

കവിയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതോ കവിത?

കലാകൃഷ്ണന്‍ Published on 26 July, 2013
കവിയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതോ കവിത?

(കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഇഗ്ലിംഷ് പാഠപുസ്തകത്തില്‍ അല്‍ഖ്വയ്ദാ നേതാവിന്റെ കവിത കടന്നു വന്നതിനെക്കുറിച്ച് ഒരു നിരീക്ഷണം.)

കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥികളുടെ പാഠപുസ്തകത്തില്‍ അല്‍ഖ്വയ്ദാ തീവ്രവാദിയുടെ കവിത കടന്നു വന്നതും പിന്നീട് സംഭവം വാര്‍ത്തയായപ്പോള്‍ അത് വേണ്ടെന്ന് വെച്ചതും ശ്രദ്ധേയമായ വാര്‍ത്തയായിരുന്നു പോയ ദിവസങ്ങളില്‍. എന്നാല്‍ സോളാര്‍ തട്ടിപ്പ് മാത്രം മാധ്യമ ശ്രദ്ധയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് കവിത വിവാദത്തിന് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടിയില്ല. എഴുത്ത് ലോകത്തെ സമാന്യ വിവാദം എന്ന നിലയില്‍ ഈ വിഷയത്തെ ഏറെക്കുറെ തമസ്‌കരിക്കുകയായിരുന്നു മാധ്യമ ലോകം ചെയ്തത്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍, കേരള സാഹചര്യത്തില്‍ ഏറെ പ്രധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമായിരുന്നു ഈ കവിതാ വിവാദം.

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കായുള്ള ലിറ്ററേച്ചര്‍ ആന്‍ഡ് കണ്ടംപറ്റി ഇഷ്യൂസ് എന്ന പുസ്‌കതത്തിലെ 'ഓഡ് ടു ദ സി' എന്ന കവിത അല്‍ഖ്വയ്ദ തീവ്രവാദിയായ ഇബ്രഹീം സുലൈമാന്‍ അല്‍റുബായിഷ് എഴുതിയതാണ്. ഇത് പത്രങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ഭാഷാ സാഹിത്യ വിഭാഗം ഡീന്‍ ഡോ.എം.എം ബഷീറിനെ കവിത വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തി. കവിത വിലയിരുത്തിയ ഡോ എം.എം ബഷീര്‍ കവിത തീര്‍ച്ചയായും ഒഴിവാക്കണം എന്നാണ് സര്‍വകലാശാലക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്‍ പ്രകാരം കവിത പഠിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയും വരും വര്‍ഷങ്ങളില്‍ ഈ പുസ്തകം തുടരുകയാണെങ്കില്‍ പ്രസ്തുത കവിത ഒഴിവാക്കി പുസ്തകം അച്ചടിക്കാനും തീരുമാനമായി.

എന്നാല്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് സാംസ്‌കാരിക സാഹിത്യ ലോകത്തു നിന്നും ഉയര്‍ന്നത്. കവിത പിന്‍വലിച്ചത് സാംസ്‌കാരിക നീതിക്ക് നിരക്കാത്ത പ്രവര്‍ത്തിയായിട്ടാണ് നമ്മുടെ എഴുത്തുകാര്‍ പ്രതികരിച്ചത്. കവിത പിന്‍വലിച്ചത് അപമാനകരമായ പ്രവര്‍ത്തിയാണെന്നാല്‍ പ്രമുഖ കവിയായ സച്ചിതാനന്ദന്‍ പ്രതികരിച്ചത്. കവിത പിന്‍വലിക്കാനുള്ള തീരുമാനം അപകടകരമായ പ്രവണതയാണെന്നും ഇത് നമ്മുടെ ബ്യൂറോക്രസിയിലും ഗവണ്‍മെന്റിലും മൃദു - തീവ്ര ഹിന്ദുത്വ സ്വഭാവമുണ്ടെന്നതിന് തെളിവാണെന്നും കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറയുന്നു. ഇത്തരത്തില്‍ പല എഴുത്തുകാരും കവിത പിന്‍വലിക്കാനുള്ള തീരുമാനത്തെക്കുറിച്ച് എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരിക്കുന്നു.

ഇവിടെ കവിത പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച ഡോ.എം.എം ബഷീര്‍ എന്തുകൊണ്ട് കവിത പിന്‍വലിക്കാന്‍ തീരുമാനിച്ചു എന്ന് പറയുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. തന്റെ വിദേശങ്ങളിലുള്ള അധ്യാപക സുഹൃത്തുക്കളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പ്രകാരം  കവിതയുടെ എഴുത്തുകാരനായ സുലൈമാന്‍ അല്‍റുബായിഷ് അല്‍ഖ്വയ്ദാ ബന്ധമുള്ളയാള്‍ തന്നെയെന്ന് ബോധ്യപ്പെടുന്നു. മാത്രമല്ല ഇന്റര്‍നെറ്റിലും ഇദ്ദേഹത്തിന്റെ പൂര്‍വ്വചരിത്രവും പ്രവര്‍ത്തനങ്ങളും വെളിപ്പെടുത്തുന്ന വിവരങ്ങളുണ്ട്. ഒപ്പം അയാള്‍ എഴുതിയിരിക്കുന്ന കവിത നിലവാരമുള്ളത് തന്നെയെന്ന് സംശയമില്ല. പക്ഷെ കവിത നിലവാരമുള്ളതുകൊണ്ടു മാത്രം അത് പഠിപ്പിക്കാന്‍ യോഗ്യമാകുന്നില്ല. കവിത എഴുതിയ വ്യക്തി തീവ്രവാദിയാണെങ്കില്‍ തീര്‍ച്ചയായും ആ കവിത നമ്മുടെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതില്‍ മൂല്യച്യുതിയുണ്ട്. ഇതാണ് കവിത വിലയിരുത്താന്‍ നിയോഗിക്കപ്പെട്ട ഡോ.എം.എം ബഷീറിന്റെ നിഗമനങ്ങള്‍.

ഇവിടെ ഡോ എം.എം ബഷീറിന്റെ നിഗമനങ്ങള്‍ നൂറു ശതമാനം ശരിയെന്ന് തന്നെ സമ്മതിക്കേണ്ടി വരും. കാരണം സോഷ്യലിസ്റ്റ് മതേതര സ്വഭാവമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഭരണഘടനയുള്ള നമ്മുടെ ഇന്ത്യാ രാജ്യത്ത് സായുധ തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി ഒരു രീതിയിലും അംഗീകരിച്ചിട്ടില്ല. അങ്ങനെ അംഗീകരിക്കണമെന്ന് പലരും താത്പര്യങ്ങളുണ്ടാകാം. പക്ഷെ ഇന്ത്യന്‍ ഭരണഘടനയും ദേശതാത്പര്യങ്ങളും വെച്ചു നോക്കുമ്പോള്‍ അല്‍ഖ്വയ്ദ എന്ന സംഘടന നിരോധിത ഭീകരവാദ സംഘടന തന്നെയാണ്. അങ്ങനെയൊരാളുടെ കവിത നമ്മുടെ വിദ്യാര്‍ഥികളുടെ പാഠപുസ്‌കതത്തിലേക്ക് കടന്നു വരുന്നത് തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്.

എന്നാല്‍ കവിയോടുള്ള എതിര്‍പ്പ് കവിതയോട് എന്തിന് എന്നാല്‍ സച്ചിതാനന്ദനെപ്പോലുള്ള ഒരു മുതിര്‍ന്ന സാഹത്യകാരന്‍ ചോദിക്കുന്നത്. കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെയും  ചോദ്യം സമാനമാണ്. കവിയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഒന്നല്ല കവിതയെന്നത് അറിവില്ലാത്തവരാണോ സച്ചിതാനന്ദനെപ്പോലെയുള്ള എഴുത്തുകാര്‍. ഒരു വ്യക്തിയുടെ അനുഭവങ്ങളും ആശയങ്ങളുമാണ് അയാളുടെ സര്‍ഗസൃഷ്ടിയായി പുറത്തു വരുന്നത്. അതായത് അവന്റെ മാനസിക നിലയുടെ ആകെത്തുകയാണ് അയാളുടെ സര്‍ഗസൃഷ്ടി.  ലോകമെങ്ങും നിരൂപകര്‍ അംഗീകരിച്ചിട്ടുള്ള കാര്യമാണിത്. അങ്ങനെ വരുമ്പോള്‍  അല്‍ഖ്വയ്ദാ നേതാവിന്റെ കവിതകളില്‍ നിന്ന് മതേതരത്വവും, ജനാധിപത്യവും പുലരുമെന്ന് കരുതുക വയ്യ. എന്തെന്ന് ലോകത്ത് ദൈവികഭരണം അഥവാ ഹുക്കുമത്തേ ഇലാഹി നടപ്പാക്കാന്‍ പടപൊരുതുന്ന ഇസ്ലാമിസ്റ്റ് ഭീകര സംഘടനയാണ് അല്‍ഖ്വയ്ദ. ജനാധിപത്യം, വ്യക്തിസ്വാതന്ത്രം എന്നിവ അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ദൈവത്തിന്റെ പ്രതിപുരുഷന്‍മാരായി മതപുരോഹിതന്‍മാര്‍ നടത്തുന്ന ഭരണം സ്വപ്നം കാണുന്നവരാണ് ഈ സംഘടനയില്‍പ്പെട്ടവര്‍. അതിനായി ലോകമെങ്ങും ജനാധിപത്യത്തെ തകര്‍ക്കാന്‍ ജിഹാദ് എന്ന് വിളിപ്പേരുള്ള സായുധ യുദ്ധം നടത്തുന്ന സംഘടനയാണ് അല്‍ഖ്വയ്ദ. അങ്ങനെയുള്ള ഒരു അല്‍ഖ്വയ്ദ പ്രവര്‍ത്തകന്റെയോ, അനുഭാവിയുടെയോ മനസില്‍ നിന്നും ജനാധിപത്യ മതേതര ഭരണഘടന പുലരുന്ന രാജ്യത്തെ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ കവിത രൂപപ്പെടും എന്ന് കരുതിയത് തന്നെ വിഡ്ഡിത്തം.

എന്നാല്‍ പ്രസ്തുത കവിതയില്‍ തീവ്രവാദ ബന്ധമുള്ള സൂചകങ്ങളോ, നിലപാടുകളോ ഇല്ല എന്നാണ് കെഇഎന്‍ കുഞ്ഞഹമ്മദിനെപ്പോലെയുള്ളവര്‍ വാദിക്കുന്നത്. കവിത നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ. എം.എം ബഷീറും ഇത് ശരിവെക്കുന്നു. 'ഓഡ് ടു ദ സീ' എന്ന കവിതയില്‍  തീവ്രവാദസ്വഭാവങ്ങളെ ന്യായീകരിക്കുന്നതായി പ്രത്യക്ഷത്തില്‍ ഒന്നുമില്ല തന്നെ. പക്ഷെ ഒരു കവിത അല്ലെങ്കില്‍ കലാസൃഷ്ടി അതിന്റെ അനുവാചകരില്‍ ഒരേ പോലെയല്ല ഒരിക്കലും പ്രവര്‍ത്തിക്കുന്നത്. 'ഓഡ് ടു ദ സീ' വായിക്കുന്ന നൂറു പേര്‍ക്ക് നൂറു തരത്തിലാകും തീര്‍ച്ചയായും ആ കവിത അനുഭവപ്പെടുക. എല്ലാ കവിതയും കലാസൃഷ്ടിയും ഇങ്ങനെ തന്നെയാണ്.

ഘടകം. അങ്ങനെയുള്ളപ്പോള്‍ ഈ കവിത വായിക്കുന്നവരില്‍ ഏതെങ്കിലുമൊരാള്‍ക്ക് അതില്‍ മാനവികതയ്ക്ക് വിരുദ്ധമായ എന്തെങ്കിലുമൊക്കെയൊന്ന് ബന്ധപ്പെടുത്തി  കണ്ടുകൂടായ്കയുമില്ല. ഇത്തരം സാധ്യതകളും ഇവിടെ പരിഗണിക്കപ്പെടേണ്ടതുണ്ട്.

ഇനി കവിതയില്‍ മോശമായി ഒന്നുമില്ല എന്ന് തന്നെ കരുതുക. എങ്കില്‍ തന്നെയും  കവിത എഴുതിയ വ്യക്തിയിലേക്കുള്ള സഞ്ചാരം കവിതയിലൂടെ സംഭവിക്കും എന്നുറപ്പ്. മലയാളികളെല്ലാം സച്ചിതാനന്ദനിലേക്ക് സഞ്ചരിച്ചത് അദ്ദേഹത്തിന്റെ കവിതകളിലൂടെയല്ലേ. അല്ലാതെ എല്ലാ മലയാളിയെയും സച്ചിതാനന്ദന്‍ നേരിട്ട് വന്നുകണ്ട് അദ്ദേഹത്തെക്കുറിച്ച് വിവരിക്കുകയായിരുന്നില്ലല്ലോ. ലോകത്തിലെ എല്ലാ എഴുത്താരിലേക്കും, കലാകാരന്‍മാരിലേക്കും വയനക്കാരന്‍ അല്ലെങ്കില്‍ അനുവാചകന്‍ കടന്നു ചെല്ലുന്നത് അയാളുടെ കലാസൃഷ്ടിയിലൂടെ സഞ്ചരിച്ചാണ്. അങ്ങനെയങ്കില്‍ ഒഡ് ടു ദ സി എന്ന കവിത വായിക്കുന്ന, അതിനെ ഇഷ്ടപ്പെടുന്ന, അതിനെ വീണ്ടും വീണ്ടും വായിക്കുന്ന ഒരു വിദ്യാര്‍ഥി ആത്യന്തികമായി എത്തിച്ചേരുക അല്‍ഖ്വയ്ദാ തീവ്രവാദി  ഇബ്രാഹീം സുലൈമാന്‍ അല്‍റുബായിഷിലേക്ക് തന്നെയാണ്. ഇതാണ് ഇവിടെ ഏറ്റവും വലിയ പ്രശ്‌നം. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് വീണ്ടുവിചാരമില്ലാതെ സംസാരിച്ച കവി സച്ചിതാനന്ദന്‍ യഥാര്‍ഥത്തില്‍ മലയാളി സമൂഹത്തോട് മാപ്പു പറയുകയാണ് വേണ്ടത്.

തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും വലിയ വക്താവായിരുന്ന ബാല്‍ താക്കറെ എന്നെങ്കിലുമൊരിക്കല്‍ മതേതരത്വത്തെക്കുറിച്ച് കവിത എഴുതുമെന്ന് സങ്കല്പിക്കാന്‍ കഴിയുമോ. ബാല്‍ താക്കറെ ഒരു മികച്ച ചിത്രകാരനായിരുന്നു, കാര്‍ട്ടൂണിസ്റ്റായിരുന്നു എന്നതും ഓര്‍മ്മിക്കണം. മതേതരത്വം ആശയമാക്കിയ ഒരു വരയും ചിത്രവും താക്കറെ സമ്മാനിച്ചിട്ടില്ല. ഇനി അങ്ങനെയൊന്ന് സംഭവിച്ചാല്‍ തന്നെ അതില്‍ ഒളിച്ചു കടത്തിയിട്ടുണ്ടാകുക തീവ്രഹിന്ദുത്വ ആശയം തന്നെയാവും. കാരണം ബാല്‍ താക്കറെ ആത്യന്തികമായി ഹിന്ദുത്വരാഷ്ട്രീയ നേതാവ് തന്നെയാണ്. ഇതുപോലെ തന്നെയാണ് മാനവികതയുടെ പുറംമോടിയില്‍ കവിത എഴുതി അതിലൂടെ വിരുദ്ധ ആശയങ്ങള്‍ ഒളിപ്പിച്ചു കടത്തുന്ന പ്രവണതകളെ കാണേണ്ടത്.

'ഒളിപ്പിച്ചു കടത്തുക' എന്ന വാചകം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിന്റെ വായനാ ലോകത്ത് ഏറ്റവുമധികം സംഭവിക്കുന്ന ഒന്നാണിത്. തങ്ങള്‍ക്ക് പറയാനുള്ള ആശയങ്ങള്‍ നേരെ ചൊവ്വേ വ്യക്തമായി അവതരിപ്പിച്ചാല്‍ ജനങ്ങള്‍ എതിര്‍ക്കുകയും തള്ളിപ്പറയുകയും ചെയ്യുമെന്നതുകൊണ്ട് അതിനെ മറ്റൊരു ആശയത്തിനുള്ളിലേക്ക് ഒളിപ്പിച്ചു വെച്ചുകൊണ്ട് ആളുകളിലേക്ക് എത്തിക്കുക എന്ന പ്രവൃത്തിയാണിത്.

കൊച്ചുകുട്ടികള്‍ മീന്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ബുദ്ധിയുള്ള അമ്മമാര്‍ ചോറിന്റെ ഉരുളയ്ക്കുള്ളിലേക്ക് ചെറിയ മിന്‍തുണ്ട് ഒളിപ്പിച്ചു വെച്ച് നേരെ കുഞ്ഞിന് നല്‍കുന്നു. ഉള്ളില്‍ മീന്‍തുണ്ട് ഉണ്ടെന്ന് അറിയാതെ കുഞ്ഞ് ആ ചോറിന്റെ ഉരുള വിഴുങ്ങുന്നു. ഇത് പോലെയാണ് സാഹിത്യ ലോകത്തെ ഒളിച്ചു കടത്തലും.

മതേതര ഇന്ത്യയില്‍ ഏറ്റവുമധികം മതേതരത്ത്വത്തിന്   സംഭവന നല്‍കിയതും ജാതി ഭ്രഷ്ടും ജാതി ചിന്തയും ഏറെക്കുറെ ഇല്ലായ്മ ചെയ്തതുമായ സംസ്ഥാനമാണ് കേരളം. കേരളത്തിലെമ്പാടും നിലനില്‍ക്കുന്ന ഇടതുപക്ഷ മനസാണ് അതിന് കാരണം. ഈ ഇടതുപക്ഷ മനസ് എന്നതിനെ ഇടതുപക്ഷ പാര്‍ട്ടികളുമായി ബന്ധപ്പെടുത്തി കാണണമെന്നില്ല. പുരോഗമന സ്വഭാവമുള്ള വര്‍ഗീയതയില്ലാതെ ചിന്തിക്കുന്ന സമൂഹം എന്ന് കണ്ടാല്‍ മതി. എന്നാല്‍ ഇവിടേക്ക് തീവ്രഹിന്ദുത്വ ശക്തികള്‍ കടന്നു വരുന്നത് എങ്ങനെയെന്ന് ശ്രദ്ധിച്ചു നോക്കു. ഉത്തരേന്ത്യയില്‍ തീവ്രഹിന്ദുത്വ ശക്തികള്‍ രാമക്ഷേത്രവും രാമരാജ്യവുമൊക്കെ തങ്ങളുടെ പ്രചാരണ വിഷയങ്ങളാക്കുമ്പോള്‍ കേരളത്തില്‍ അതൊന്നും അവര്‍ സംസാരിക്കാറുപോലുമില്ല. ഇവിടെ അവര്‍ ചെയ്യുക വിവേകാനന്ദ ദര്‍ശനങ്ങളുടെയും, സനാധനധര്‍മ്മ സോഷ്യലിസത്തിന്റെ പ്രചരണവുമാണ്. അതായത് ഇടതുപക്ഷ സ്വഭാവം പ്രകടിപ്പിക്കുന്ന ഇമേജുകളെ കൂട്ടുപിടിക്കുന്നു.

ഇതേ രീതി തന്നെയാണ് തീവ്ര ഇസ്ലാമിസ്റ്റുകളും കേരളത്തില്‍ ചെയ്യുന്നത്. ഇടതുപക്ഷത്തെന്ന് ജനങ്ങളെ തെറ്റുദ്ധരിപിച്ച് അവര്‍ തങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ ഇവിടെ വിപണം ചെയ്യുന്നു. കാണുമ്പോഴും വായിക്കുമ്പോഴും തങ്ങള്‍ ഇടതുപക്ഷത്തെന്ന് തോന്നിപ്പിക്കു. സദ്ദാംഹുസൈന്റെ രക്തസാക്ഷിത്വത്തെ ഉയര്‍ത്തിപ്പിടിക്കുക. അതിലൂടെ സമ്രാജ്വത്വത്തിനെതിരെയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന് തെറ്റുദ്ധരിപ്പിക്കുക. എന്നാല്‍ ആത്യന്തികമായി ഇവരെല്ലാം ജനാധിപത്യവിരുദ്ധത തന്നെ വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു. ഇത്തരം ഒളിച്ചു കടത്തലിന്റെ പശ്ചാത്തലത്തിലും നമ്മള്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ പഠപുസ്‌കതത്തില്‍ കടന്നു വന്ന അല്‍ഖ്വയ്ദാ നേതാവിന്റെ കവിതയെ നോക്കി കാണേണ്ടതുണ്ട്.

ഇന്ന് മലയാളത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരില്‍ ഒരാളായ ബെന്യാമിന്‍ പറഞ്ഞ ഒരുകാര്യം  ഈ അവസരത്തില്‍ ഏറെ ശ്രദ്ധയമാണ്. ബെന്യമിന്‍ പണ്ടു മുതല്‍ക്കെ തമിഴകത്തെ പ്രശസ്ത കവിയത്രിയും കരുണാനിധിയുടെ മകളും രാഷ്ട്രീയ നേതാവുമായ കനിമൊഴിയുടെ ആരാധകനായിരുന്നു. അവരുടെ കവിതകളില്‍ നിറഞ്ഞു നിന്നിരുന്ന മാനവികതയാണ് ബെന്യാമിനെ അവരുടെ ആരാധകനാക്കിയത്. എന്നാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ 2ജി സ്‌പെക്ട്രം അഴിമതിയിലെ പ്രധാന കണ്ണിയായി കനിമൊഴി മാറിയതും രാഷ്ട്രീയത്തിലെ അവരുടെ ഇരട്ടത്താപ്പ് കണ്ടതും വൈകിയാണ്. പക്ഷെ അവരെ തിരിച്ചറിഞ്ഞപ്പോള്‍ കനിമൊഴിയുടെ പുസ്തകങ്ങളെല്ലാം തീയിലേക്ക് വലിച്ചെറിഞ്ഞ് കത്തിച്ചു കളയാന്‍ ഒരു നിമിഷം പോലും തനിക്ക് ആലോചിക്കേണ്ടി വന്നില്ലെന്ന് ബെന്യാമിന്‍ പറയുന്നു.

ഇത് തന്നെയാണ് ശരിയായ മാര്‍ഗം. കവിയും കവിതയും ഒരിക്കലും രണ്ടായി നില്‍ക്കുന്നില്ല. അത് ഒന്ന് തന്നെയാണ്. കവി തന്നെയാണ് അയാളുടെ കവിതയായി എത്തുന്നത്. കവിതയിലൂടെ അനുവാചകന്‍ ചെയ്യുന്നത് കവിതയിലേക്ക് സഞ്ചരിക്കുകയാണ്. അതുകൊണ്ട് തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെ ഓഡ് ടു ദ സീ.

http://emalayalee.com/varthaFull.php?newsId=55582
കവിയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതോ കവിത?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക