Image

കല്ലുകള്‍കൊണെ്ടാരു അല്‍ഫോന്‍സാചിത്രം; ജിമ്മിക്കിത് അനുഗ്രഹത്തിന്റെ സാക്ഷ്യപത്രം

Published on 28 July, 2013
കല്ലുകള്‍കൊണെ്ടാരു അല്‍ഫോന്‍സാചിത്രം; ജിമ്മിക്കിത് അനുഗ്രഹത്തിന്റെ സാക്ഷ്യപത്രം
കുറവിലങ്ങാട്: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയില്‍ ലഭിച്ച അനുഗ്രഹങ്ങള്‍ക്കു വ്യത്യസ്ത മാര്‍ഗത്തിലൂടെ കൃതജ്ഞത അര്‍പ്പിക്കുകയാണു ഡ്രോയിംഗ് അധ്യാപകനായ കുറവിലങ്ങാട് പാലയ്ക്കല്‍ ജിമ്മി. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലെ ഡ്രോയിംഗ് അധ്യാപകനായ ജിമ്മി, ഫാന്‍സി സ്റ്റോണുകള്‍ ഉപയോഗിച്ചാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്. 

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയാല്‍ വലിയ അനുഗ്രഹങ്ങളാണു തനിക്കു ലഭിച്ചതെന്നു ജിമ്മി സാക്ഷ്യപ്പെടുത്തുന്നു. വിദേശത്തു ജോലി ചെയ്തിരുന്ന ഭാര്യ റിന്‍സിക്ക് 2011 ജൂലൈ 13-ന് സൗദിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. 90 ശതമാനവും മരണമെന്നു വിധിയെഴുതിയ ഡോക്ടര്‍മാരെപ്പോലും അദ്ഭുതപ്പെടുത്തി റിന്‍സി ജീവിതത്തിലേക്കു കടന്നുവരികയായിരുന്നു. മൂന്നു ദിവസം അബോധാവസ്ഥയില്‍ തലയില്‍ നൂറിലധികം തുന്നലുകളുമായി എല്ലുകള്‍ ഒടിഞ്ഞുനുറുങ്ങിയ അവസ്ഥയില്‍നിന്നു റിന്‍സി അദ്ഭുതകരമായി രക്ഷപ്പെട്ടതിനു പിന്നില്‍ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം ഒന്നു മാത്രമാണെന്നു ജിമ്മിയും കുടുംബാംഗങ്ങളും വിശ്വസിക്കുന്നു. അപകടമുണ്ടായ ദിവസം മുതല്‍ ഒമ്പതു ദിവസം ജലപാനമില്ലാതെ ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ ജിമ്മി തപസിരുന്നു പ്രാര്‍ഥിച്ചു. നാലാം ദിവസം റിന്‍സിക്കു ബോധം വന്നു. പിന്നാലെ അത്ഭുതകരമായ സൗഖ്യവും. ഒമ്പതാം ദിവസം ആശുപത്രി വിടുകയും പിന്നീട് നാട്ടിലെത്തിയപ്പോള്‍ അല്‍ഫോന്‍സാമ്മയുടെ സവിധത്തില്‍ ഓടിയെത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ആറു വര്‍ഷമായി കുട്ടികളില്ലാതിരുന്ന ഈ ദമ്പതികള്‍ക്കു കഴിഞ്ഞ മാസം ഒരു പെണ്‍കുഞ്ഞും അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയാല്‍ പിറന്നു. കുഞ്ഞിന് അല്‍ഫോന്‍സാ എന്നാണ് ഇവര്‍ പേരിട്ടിരിക്കുന്നത്.

മൂന്നു മാസത്തോളമായി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ചിത്രരചനയിലാണീ അധ്യാപകന്‍. ചിത്ര നിര്‍മിതിക്കാവശ്യമായ കല്ലുകള്‍ മുംബൈ, ബാംഗളൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നു ശേഖരിച്ചാണു ജിമ്മി തന്റെ കലാസൃഷ്ടിക്കു ചാരുത പകരുന്നത്. കല്ലുകള്‍ ഉള്‍പ്പെടെ ഈ ചിത്രത്തിന്റെ നിര്‍മിതിക്ക് ഒരു ലക്ഷത്തോളം രൂപ ചെലവുവരും. 

നാലഞ്ചു ദിവസത്തിനുള്ളില്‍ ചിത്രം പൂര്‍ത്തിയാകും. ചിത്രം പൂര്‍ത്തിയായാലുടന്‍ കുടുംബസ മേതം ഭരണങ്ങാനത്തെത്തി വിശുദ്ധ അല്‍ഫോന്‍സാ സവിധത്തില്‍ സമര്‍പ്പിക്കുമെന്നും ജിമ്മി പറഞ്ഞു. കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന പള്ളി മേടയില്‍ സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെ ചിത്രവും ജിമ്മി വരച്ചതാണ്.


(ദീപിക)

കല്ലുകള്‍കൊണെ്ടാരു അല്‍ഫോന്‍സാചിത്രം; ജിമ്മിക്കിത് അനുഗ്രഹത്തിന്റെ സാക്ഷ്യപത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക