Image

ഒഐസിസി `കണ്ണും കണ്ണടയും' പദ്ധതി നവംബറില്‍ കേരളത്തില്‍

ജോസ്‌ എം ജോര്‍ജ്‌ Published on 05 October, 2011
ഒഐസിസി `കണ്ണും കണ്ണടയും' പദ്ധതി നവംബറില്‍ കേരളത്തില്‍
മെല്‍ബണ്‍: കേരളത്തില്‍ കാഴ്‌ചയില്ലാതെ കഷ്‌ടപ്പെടുന്ന നിര്‍ധനരായ ആയിരം പേര്‍ക്ക്‌ ഒഐസിസി ഓസ്‌ട്രേലിയ `കണ്ണും കണ്ണടയും എന്ന പദ്ധതിയിലൂടെ സസൗജന്യമായി കണ്ണട നല്‍കും. ഇത്ര വലിയൊരു പദ്ധതി ആദ്യമായിട്ടാണ്‌ കേരളത്തില്‍ നടപ്പാക്കുന്നത്‌. കേരളത്തിലെ 14 സെന്ററുകളില്‍ നവംബര്‍ മാസത്തില്‍ നേത്രപരിശോധനാ ക്യാംപുകള്‍ സംഘടിപ്പിക്കും. ഒഐസിസിയും വാസന്‍ ഐ കെയറും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന കണ്ണ്‌ പരിശോധന ക്യാംപ്‌ ഇടുക്കി ജില്ലയിലെ വണ്ണപ്പുറത്ത്‌ നവംബര്‍ മാസത്തില്‍ അഡ്വ.പി.റ്റി. തോമസ്‌ എംപി നിര്‍വഹിക്കും.

ജീവകാരുണ്യ പദ്ധതി കേരളത്തില്‍ നടത്തുന്നതിന്റെ ചുമതല ഒഐസിസി ന്യൂസിന്റെ കേരള ബ്യൂറോ ചീഫ്‌ സിബി പടിയറയ്‌ക്കാണ്‌. കുട്ടിക്കാനം മരിയന്‍ സെന്ററിലെ കുട്ടികളാണ്‌ കണ്ണ്‌ പരിശോധന കഴിഞ്ഞവരുടെ ലിസ്‌റ്റില്‍ നിന്നും അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്‌. ഇങ്ങനെ 14 സെന്ററില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആയിരം പേര്‍ക്കാണ്‌ സൗജന്യമായി കണ്ണട നല്‍കുന്നത്‌. ഒഐസിസി ഓസ്‌ട്രേലിയ പ്രവര്‍ത്തകരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും സംഭാവന സ്വീകരിച്ചാണ്‌ ജീവകാരുണ്യ പദ്ധതിക്ക്‌ ഒഐസിസി രൂപം കൊടുത്തതെന്ന്‌ ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ തോമസ്‌ പറഞ്ഞു.

കണ്ണും കണ്ണടയും പദ്ധതിയുടെ ഉദ്‌ഘാടനം ഡിസംബര്‍ അവസാനം തൊടുപുഴയില്‍ നടക്കും. കേന്ദ്ര സംസ്‌ഥാന മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ മറ്റ്‌ രാജ്യങ്ങളില്‍ നിന്നുള്ള ഒഐസിസി പ്രതിനിധികള്‍ പങ്കെടുക്കും. കണ്ണും കണ്ണടയും പദ്ധതിയുടെ വിജയത്തിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന്‌ ഒഐസിസി നേതാക്കളായ സി.പി. സാജുവും വൈജു ഇലഞ്ഞിക്കുടിയും അഭ്യര്‍ത്ഥിച്ചു.

ഒഐസിസി പ്രസിഡന്റ്‌ ജോസ്‌ എം. ജോര്‍ജ്‌, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഹൈനസ്‌ ബിനോയി, ഷൈജു ദേവസി, ജോസഫ്‌ പീറ്റര്‍, ഷിജു വര്‍ഗീസ്‌ എന്നിവര്‍ ഡിസംബറില്‍ കേരളത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ വിവിധ ഒഐസിസികളില്‍ ആലോചന യോഗങ്ങളും നേത്ര പരിശോധന ക്യാംപ്‌ നടക്കുന്ന സ്‌ഥലങ്ങളില്‍ വിവിധ കമ്മിറ്റികളും ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക