Image

ദുബായില്‍ നിയമങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ കാന്റീനുകള്‍ക്ക്‌ പിഴ

Published on 05 October, 2011
ദുബായില്‍ നിയമങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ കാന്റീനുകള്‍ക്ക്‌ പിഴ
ദുബായ്‌: ദുബായിലെ സ്‌കൂള്‍ കാന്റീനുകളില്‍ കര്‍ശന പരിശോധന നടത്തുമെന്ന്‌ നഗരസഭ. സ്‌കൂളുകള്‍ക്കു നഗരസഭ നല്‍കിയ ഭക്ഷ്യനിയമങ്ങള്‍ പാലിക്കാത്ത കാന്റീനുകള്‍ക്കും കഫ്‌റ്റീരിയകള്‍ക്കും പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിക്കുന്ന കാന്റീനുകള്‍ അടപ്പിക്കുകയും സ്‌ഥാപനം പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകള്‍ക്കു ബ്ലാക്ക്‌ മാര്‍ക്കുകള്‍ പതിക്കുകയും ചെയ്യുമെന്നു ദുബായ്‌ മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യ നിരീക്ഷണ വിഭാഗം തലവന്‍ ഖാലിദ്‌ ശരീഫ്‌ അല്‍ഔദി അറിയിച്ചു.

സ്‌കൂളിലെ ഭോജനശാലകള്‍ പാലിക്കേണ്ട നിയമ നിര്‍ദ്ദേശങ്ങള്‍ ദുബായ്‌ ഹെല്‍ത്ത്‌ അതോറിറ്റിയുടെ സഹകരണത്തോടെയാണ്‌ പുറത്തിറക്കിയത്‌. വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷയ്‌ക്ക്‌ ഊന്നല്‍ നല്‍കിക്കൊണ്ട്‌ രൂപപ്പെടുത്തിയ ഈ നിയമങ്ങള്‍ എമിറേറ്റ്‌സിലെ എല്ലാ സ്വകാര്യ സര്‍ക്കാര്‍ സ്‌കൂള്‍ കാന്റീനുകളും നടപ്പാക്കണം. ഭക്ഷ്യ വസ്‌തുക്കള്‍ കേടാകാതെ സൂക്ഷിക്കാനും വിതരണം ചെയ്യാനും ശ്രദ്ധിക്കണമെന്ന്‌ ഖാലിദ്‌ പറഞ്ഞു. നഗരസഭയുടെ അംഗീകാരമില്ലാതെ ചില ബേക്കറികളുമായി കരാറിലേര്‍പ്പെട്ട സ്‌കൂള്‍ കാന്റീനുകളുണ്ട്‌.

അനധികൃത കരാറുകള്‍ രൂപപ്പെടുത്തി സ്‌കൂള്‍ കന്റീനുകളില്‍ ഭക്ഷ്യവസ്‌തുക്കള്‍ എത്തിക്കുകയും കുട്ടികള്‍ക്കു നല്‍കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ഖാലിദ്‌ മുന്നറിയിപ്പു നല്‍കി. സ്‌കൂളിലെ ഭക്ഷ്യ സ്‌ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാന്‍ അധികൃതര്‍ ഈയാഴ്‌ച മുതല്‍ പരിശോധന തുടങ്ങും. പരിശോധന ഒരാഴ്‌ചയില്‍ പരിമിതപ്പെടുത്താതെ അധ്യയനവര്‍ഷാവസാനം വരെ തുടരുമെന്നു ഖാലിദ്‌ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക