Image

റാസല്‍ഖൈമയില്‍ കാര്‍ കടലില്‍ വീണു; മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

Published on 05 October, 2011
റാസല്‍ഖൈമയില്‍ കാര്‍ കടലില്‍ വീണു; മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു
ദുബായ്‌: റാസല്‍ഖൈമയില്‍ വീണ്ടും കാര്‍ കടലില്‍ വീണു. അപകടത്തില്‍പെട്ട പിഞ്ചു കുഞ്ഞടക്കമുള്ള മൂന്നംഗ കുടുംബത്തെ നാട്ടുകാര്‍ അദ്‌ഭുതകരമായി രക്ഷപ്പെടുത്തി. താഹിര്‍ ലിമാര്‍ എന്ന സിറിയന്‍ സ്വദേശിയെയും ഭാര്യയെയും ഒരു വയസ്സായ പെണ്‍കുഞ്ഞിനെയുമാണ്‌ രക്ഷപ്പെടുത്തിയത്‌.

റാസല്‍ഖൈമയിലെ ഖോര്‍ അല്‍ മുഐരിദിലാണ്‌ സംഭവം. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട്‌ കടലില്‍ വീഴുകയായിരുന്നു. കുറഞ്ഞ ദൂരക്കാഴ്‌ച കാരണം റോഡ്‌ കാണാതിരുന്നതാണ്‌ അപകടത്തിന്‌ കാരണമായതെന്നാണ്‌ സംശയം. ഉടന്‍ സ്ഥലത്തെത്തിയ പരിസരവാസികളുടെ സഹായത്തോടെ, കാര്‍ പൂര്‍ണമായി മുങ്ങുന്നതിന്‌ മുമ്പ്‌ കുടുംബം രക്ഷപ്പെടുകയായിരുന്നു. ഇവരെ സഖര്‍ ആശുപത്രിയില്‍ വിശദ പരിശോധനക്ക്‌ വിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. പിന്നീട്‌ സിവില്‍ ഡിഫന്‍സ്‌ സംഘം സ്ഥലത്തെത്തിയാണ്‌ കാര്‍ കരക്കുകയറ്റിയത്‌.

റോഡരികില്‍ സംരക്ഷണ ഭിത്തിയില്ലാത്തത്‌ കാരണം ഇത്തരത്തില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ പതിവായിട്ടുണ്ടെന്ന്‌ സമീപ വാസികള്‍ പറഞ്ഞു. വാഹനങ്ങള്‍ കടലില്‍ പതിച്ചുണ്ടായ നാല്‌ വ്യത്യസ്ഥ അപകടങ്ങളിലായി നാല്‌ പേരാണ്‌ റാസല്‍ഖൈമയില്‍ കൊല്ലപ്പെട്ടത്‌. ആദ്യ അപകടത്തില്‍ ഒരു സിറിയന്‍ സ്വദേശിയും അയാളെ രക്ഷിക്കാനിറങ്ങിയയാളുമാണ്‌ മരിച്ചത്‌. കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ സമാന അപകടത്തില്‍ യമനി യുവാവും സുഡാന്‍ സ്വദേശിയായ യുവതിയും മുങ്ങി മരിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ കാര്‍ ക്രീക്കില്‍ വീണ്‌ രണ്ട്‌ സ്വദേശി യുവാക്കളും റാസല്‍ഖൈമയില്‍ മരിച്ചിരുന്നു.

അശ്രദ്ധമായും ഗതാഗത നിയമങ്ങള്‍ ലംഘിച്ചും വാഹനമോടിക്കുന്നതാണ്‌ ഇത്തരം അപകടങ്ങള്‍ക്ക്‌ കാരണമാകുന്നതെന്ന്‌ റാസല്‍ഖൈമ പൊതുമരാമത്ത്‌ വകുപ്പ്‌ മേധാവി അബ്ദുല്ല യൂസുഫ്‌ അല്‍ യൂസുഫ്‌ അഭിപ്രായപ്പെട്ടു. എമിറേറ്റിലെ ക്രീക്കുകളില്‍ മുഴുവന്‍ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നത്‌ എളുപ്പമല്‌ളെന്നും ഇതു സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ നിന്ന്‌ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്‌ളെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക