Image

കുടമാളൂര്‍ അല്‍ഫോന്‍സാ തീര്‍ഥാടനം ശനിയാഴ്ച

Published on 30 July, 2013
കുടമാളൂര്‍ അല്‍ഫോന്‍സാ തീര്‍ഥാടനം ശനിയാഴ്ച
കോട്ടയം: അല്‍ഫോന്‍സാ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ ഫൊറോനാ പള്ളിയിലേക്കും ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന തീര്‍ഥാടനം ഇത്തവണ ഓഗസ്റ്റ് മൂന്നിനു നടക്കും. 25-ാമത് തീര്‍ഥാടനമാണിത്. തീര്‍ഥാടന രജതജൂബിലിയോടനുബന്ധിച്ചു ജന്മഗൃഹത്തില്‍ തീര്‍ഥാടന സ്മാരക സിമ്പോസിയം, 15 മേഖലകളില്‍ തിരുശേഷിപ്പ്-ഛായചിത്ര പ്രയാണങ്ങള്‍ എന്നിവ നടത്തി. രജതജൂബിലി സ്മാരകമായി അല്‍ഫോന്‍സാ കാരുണ്യനിധി ചികിത്സാസ ഹായ നിധി രൂപീകരിച്ചു. നിര്‍ധനകുട്ടികള്‍ക്ക് ചികിത്സാസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണു കുട്ടികള്‍ കുട്ടികള്‍ക്കുവേണ്ടി എന്ന പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്. 

മിഷന്‍ലീഗ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള തീര്‍ഥാടനത്തില്‍ പ്രായഭേദമന്യേ പതിനായിരങ്ങള്‍ പങ്കെടുക്കും. ഒരു മാസം നോമ്പ് അനുഷ്ഠിച്ചാണു തീര്‍ഥാടനത്തിനെത്തുന്നത്. ചങ്ങനാശേരി മേഖലയുടെ തീര്‍ഥാടനം രാവിലെ 5.30-നു പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍നിന്നും അതിരമ്പുഴ മേഖലയുടേത് ആറുമാനൂര്‍, കോട്ടയ്ക്കുപുറം എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കും. കുടമാളൂര്‍ മേഖലയുടെ തീര്‍ഥാടനം രാവിലെ ഏഴിനു പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പലില്‍നിന്നും ആരംഭിക്കും. 

കോട്ടയം, നെടുംകുന്നം, മണിമല തീര്‍ഥാടനങ്ങള്‍ രാവിലെ 8.30-നും എടത്വ, ആലപ്പുഴ, ചമ്പക്കുളം, പുളിങ്കുന്ന്, തൃക്കൊടിത്താനം മേഖലകളുടെ തീര്‍ഥാടനങ്ങള്‍ രാവിലെ 10.30-നും കുറുമ്പനാടം മേഖലാ തീര്‍ഥാടനം ഉച്ചയ്ക്ക് 12-ന് സിഎംഎസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നും ആരംഭിക്കും. ചങ്ങനാശേരി മേഖലയുടെ തീര്‍ഥാടനം 1.30ന് കുടമാളൂര്‍ പള്ളിയിലെത്തും. 

രാവിലെ 7.30-ന് അല്‍ഫോന്‍സാജന്മഗൃഹത്തില്‍ കുടമാളൂര്‍ ഫൊറോനാ വികാരി ഫാ. ജോര്‍ജ് കൂടത്തില്‍ കുര്‍ബാന അര്‍പ്പിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കും. 9.30-നു വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്നു റവ.ഡോ. മാണി പുതിയിടവും 12-നു റവ.ഡോ.ജോസഫ് മണക്കളവും സന്ദേശം നല്‍കും. 2.30-നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും.

കുടമാളൂര്‍ പള്ളിയില്‍ രാവിലെ 9.30-നു മധ്യസ്ഥ പ്രാര്‍ഥനയോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. 10.30-നു മിഷന്‍ലീഗ് അന്തര്‍ദേശീയ ഡയറക്ടര്‍ റവ.ഡോ. ജയിംസ് പുന്നപ്ലാക്കലും 12.15-നു മോണ്‍. ജോസഫ് മുണ്ടകത്തിലും സന്ദേശം നല്‍കും. മൂന്നിനു റംശ പ്രാര്‍ഥനയ്ക്ക് ഫാ. രാജീവ് പാലയ്ക്കശേരി നേതൃത്വം നല്‍കും.

കാല്‍നടയായി തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നവര്‍ സിഎംഎസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങി തീര്‍ഥാടനത്തില്‍ പങ്കുചേരണം. വാഹ നങ്ങള്‍ തിരിച്ച് സിഎംഎസ് കോളജ്, ബേക്കര്‍ ജംഗ്ഷന്‍, എംസി റോഡ്, ഗാന്ധിനഗര്‍ വഴി മെഡിക്കല്‍ കോളജ് -ചാഴികാടന്‍ റോഡില്‍ പാര്‍ക്ക് ചെയ്യണം. നേരിട്ട് വാഹനങ്ങളില്‍ എത്തുന്ന തീര്‍ഥാടകര്‍ ബേക്കര്‍ ജംഗ്ഷന്‍, എംസി റോഡ്, ഗാന്ധിനഗര്‍ വഴി അമ്പലക്കവലയില്‍ ഇറങ്ങി വാഹനങ്ങള്‍ മെഡിക്കല്‍ കോളജ്- ചാഴികാടന്‍ റോഡില്‍ പാര്‍ക്ക് ചെയ്യണം.
1989-ലാണു ചങ്ങനാശേരി കത്തീഡ്രലില്‍ നിന്ന് ആദ്യതീര്‍ഥാടനം നടന്നത്. 36 പേരായിരുന്നു ആദ്യ തീര്‍ഥാടനസംഘത്തിലുണ്ടായിരുന്നത്. മിഷന്‍ലീഗ് ഡയറക്ടര്‍ റവ. ഡോ. ജോബി കറുകപ്പറമ്പില്‍, ഫാ. ജോര്‍ജ് കൂടത്തില്‍, ഫാ. ജേക്കബ് അത്തിക്കളം, സിസ്റ്റര്‍ ആലീസ് മരിയ സിസ്റ്റര്‍ ലിസി കണിയാംപറമ്പില്‍, ജോണ്‍സന്‍ കാഞ്ഞിരക്കാട്ട്, ഷിബു കെ. മാത്യു, ഷാജന്‍ വി. ചുമപ്പുങ്കല്‍, ടോമി ജോസഫ് പഴൂപറമ്പില്‍, ടി.സി. ബിജോ, സോജന്‍ ചാക്കോ, നോയല്‍ സെബാസ്റ്റ്യന്‍, ജൂബിന്‍ റെജി, ജോസഫ് സെബാസ്റ്റ്യന്‍ പത്തുംപാടം, കെ.പി. മാത്യു കടന്തോട്, ബിജു തോപ്പില്‍, ടി.എം. മാത്യു തച്ചിലേട്ട്, സി.പി. തോമസ്, മനു വരാപ്പള്ളി, സിസ്റ്റര്‍ ആശാ മരിയ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. മിഷന്‍ലീഗ് ഡയറക്ടര്‍ റവ. ഡോ. ജോബി കറുകപ്പറമ്പില്‍, ഷിബു മാത്യു, ജോണ്‍സന്‍ കാഞ്ഞിരക്കാട്ട്, ഷാജന്‍ വി. ചുമപ്പുങ്കല്‍, ടി.സി. ബിജോ, ജോര്‍ജ് പുളിക്കപ്പറമ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക