Image

ബാലകൃഷ്‌ണപിള്ളയുടെ വിളിയും കുറെ വെല്ലുവിളികളും

ജി.കെ. Published on 06 October, 2011
ബാലകൃഷ്‌ണപിള്ളയുടെ വിളിയും കുറെ വെല്ലുവിളികളും
അഴിമതിക്കേസില്‍ തടവില്‍ കഴിയുന്ന ആര്‍.ബാലകൃഷ്‌ണപിള്ള ഫോണില്‍ സംസാരിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്‌ട്‌ സംസ്ഥാന രാഷ്‌ട്രീയം കലങ്ങിമറിയുകയാണ്‌. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്‌ടിക്കുവേണ്‌ടി പി.സി.ജോര്‍ജ്‌ പരാതി നല്‍കിയെന്ന ആരോപണം നിറഞ്ഞു കത്തി നില്‍ക്കുമ്പോഴാണ്‌ `റിപ്പോര്‍ട്ടര്‍' ചാനലിന്റെ ലേഖകന്‍ ബാലകൃഷ്‌ണപിള്ളയെ ഫോണില്‍ വിളിക്കുന്നതും പാമോയില്‍ അണയുകയും മൊബൈല്‍ ഫോണ്‍ വിവാദത്തിന്റെ സിഗ്നല്‍ ഉയരുകയും ചെയ്‌തത്‌. ബാലകൃഷ്‌ണപിള്ളയുടെ സ്‌കൂളിലെ അധ്യാപകന്‍ കൃഷ്‌ണകുമാര്‍ അക്രമിക്കപ്പെട്ടതിന്റെ പിറ്റേദിവസമാണ്‌ ഫോണ്‍വിവാദം ഉയര്‍ന്നത്‌ എന്നതും സംഭവത്തിന്‌ പ്രാധാന്യം കൂട്ടി.

മുഖ്യമന്ത്രി ഫോണില്‍ വിളിച്ചോ പി.സി.ജോര്‍ജ്‌ വിളിച്ചോ എന്ന രീതിയിലുള്ള ചര്‍ച്ചകളാണ്‌ ഇപ്പോള്‍ ന്യൂസ്‌ ചാനലുകളുടെ ന്യൂസ്‌ അവറുകളില്‍ പൊടിപൊടിയ്‌ക്കുന്നത്‌. എന്നാല്‍ ആരു വിളിച്ചു എന്നതോ ആരെ വിളിച്ചു എന്നതോ അല്ല പ്രധാന വിഷയം. അഴിമതിക്കേസില്‍ തടവില്‍ കഴിയുന്ന ഒരാള്‍ ചികിത്സയുടെ ഭാഗമായാണെങ്കിലും പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും അവിടെ സര്‍വസൗകര്യങ്ങളോടെ ഇത്രയുംകാലം കഴിയുകയും ചെയ്‌തു എന്നതാണ്‌ കേരള സമൂഹം ചര്‍ച്ച ചെയ്യേണ്‌ടത്‌.

ജനാധിപത്യ സമൂഹത്തില്‍ ജനങ്ങള്‍ക്ക്‌ ലഭിക്കാത്ത അവകാശം ബന്ധങ്ങളുടെയും സ്വാധീനത്തിന്റെയും പേരില്‍ ഒരു മുന്‍മന്ത്രിക്ക്‌ ലഭ്യമായി എന്നത്‌ നമ്മെ ലജ്ജിപ്പിക്കേണ്‌ടതാണ്‌. സാധാരണ തടവുകാര്‍ക്ക്‌അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ പോലും പരോള്‍ ലഭിക്കാന്‍ അധികൃതര്‍ കനിയണമെങ്കില്‍ ഇവിടെ തടവിലാണെന്ന പേരില്‍ ഒരുമുന്‍മന്ത്രി അസുഖങ്ങളുടെ പേരു പറഞ്ഞ്‌ സര്‍വ സൗകര്യങ്ങളു അനുഭവിച്ച്‌ ആശുപത്രിയില്‍ കഴിയുകയായിരുന്നു.

അത്‌ ചൂണ്‌ടിക്കാട്ടാന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ തയാറായപ്പോഴാകട്ടെ തെറ്റ്‌ ചെയ്‌തവന്‍ മാത്രമല്ല ചൂണ്‌ടിക്കാട്ടിയവനും ശിക്ഷ ലഭിക്കുമെന്ന വിചിത്ര വാദവുമായി സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിനെപ്പോലുള്ളവര്‍ രംഗത്തുവരികയും ചെയ്‌തു. ഒടുവില്‍ വൈകിയാണെങ്കിലും ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ എല്‍ഡിഎഫ്‌ തീരുമാനിച്ചത്‌ ഉചിതമായ തീരുമാനമായി. ഇക്കാര്യത്തില്‍ സുപ്രീംകോടതി എന്തുനിലപാടെടുത്താലും അത്‌ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുമെന്ന കാര്യം ഉറപ്പാണ്‌. കാരണം ഇടമലയാര്‍ കേസിലെ ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി തന്നെ ശിക്ഷിച്ച പ്രതിയാണ്‌ ബാലകൃഷ്‌ണപിള്ള.

പിള്ള ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന്‌ മറുപടിയായി ഇംഎംഎസ്‌ അടക്കമുള്ള സിപിഎം നേതാക്കളും ജയിലില്‍ നിയമലംഘനം നടത്തിയിരുന്നുവെന്ന്‌ പി.സി.ജോര്‍ജിനെക്കൊണ്‌ട്‌ പറയിച്ച്‌ ഉമ്മന്‍ ചാണ്‌ടിക്ക്‌ ഇവിടെ പിടിച്ചുനില്‍ക്കാമെങ്കിലും സുപ്രീംകോടതി ഈ വിഷയം ഗൗരവമായി പരിഗണിച്ചാല്‍ അവിടെ ഈ വരട്ടുവാദങ്ങള്‍ക്ക്‌ വലിയ പ്രസക്തിയുണ്‌ടാവില്ല. ജയില്‍ ചടങ്ങള്‍ എല്ലാം അറിയാവുന്ന മുന്‍ ജയില്‍ മന്ത്രി കൂടിയായിരുന്നു പ്രതിയെന്ന വാദവും അറിഞ്ഞുകൊണ്‌ടാണ്‌ താന്‍ നിയമലംഘനം നടത്തുന്നതെന്നും ഇക്കാര്യം പുറത്തു പറയരുതെന്നും ചാനല്‍ റിപ്പോര്‍ട്ടറോട്‌ പറഞ്ഞ പ്രതിയുടെ നിലപാടും സുപ്രീംകോടതിക്ക്‌ പരിഗണിക്കേണ്‌ടി വരും.

അതുകൊണ്‌ടുതന്നെ പാമോയില്‍ കേസ്‌ ഉണ്‌ടാക്കിയ വഴുക്കലില്‍ തെന്നാതെ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന കുഞ്ഞൂഞ്ഞിന്‌ അവിടെ പി.സി.ജോര്‍ജിന്റെ നാക്കു മതിയാവാതെ വരികയും ചെയ്യും. ഇതൊക്കെയാണെങ്കിലും ഫോണ്‍ വിവാദത്തില്‍ ഇപ്പോള്‍ വാളെടുത്ത്‌ ഉറഞ്ഞുതുള്ളുന്ന പ്രതിപക്ഷത്തിന്‌ അതിനുള്ള അര്‍ഹതയുണ്‌ടോ എന്ന്‌ ജനങ്ങള്‍ ചിന്തിച്ചാല്‍ അവരെയും കുറ്റം പറയാനാവില്ല. അറസ്റ്റു ചെയ്‌ത പ്രതിയെ സ്റ്റേഷനിലെത്തി പാര്‍ട്ടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ തന്നെ മോചിപ്പിക്കുയും വേണ്‌ടി വന്നാല്‍ പോലീസ്‌ സ്റ്റേഷനു മുന്നില്‍ തന്നെ ബോംബ്‌ നിര്‍മിക്കുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌ത്‌ നേതാക്കളാണ്‌ ഇടതുമുന്നണിയിലുള്ളത്‌. എങ്കിലും ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ എല്‍ഡിഎഫ്‌ കൈക്കൊണ്‌ട തീരുമാനത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല.

എന്നാല്‍ വാളകത്ത്‌ സ്‌കൂള്‍ അധ്യാപകന്‌ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനടക്കമുള്ളവരുടെ പ്രതികരണം അപക്വവും മുന്‍വിധിയോടെയാകുകയും ചെയ്‌തു. അധ്യാപകനെ അക്രമിച്ചതിന്റെ പിറ്റേന്നു തന്നെ സംഭവത്തിന്‌ പിന്നില്‍ ബാലകൃഷ്‌ണപിള്ളയും മകനും മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാറുമാണെന്ന വി.എസിന്റെ പ്രസ്‌താവനയെ കാടടച്ചുള്ള വെടിവെയ്‌ക്കല്‍ എന്നല്ലാതെ മറ്റൊന്നും പറഞ്ഞ്‌ വിശേഷിപ്പിക്കാനാവില്ല.

അധ്യാപകന്റെ വ്യത്യസ്‌തമൊഴികള്‍ കാരണം കേസന്വേഷണം തന്നെ വഴിമുട്ടി നില്‍ക്കെ വി.എസ്‌ നടത്തിയ പ്രസ്‌താവന സത്യം പുറത്തുവരുന്നതിന്‌ തടയിടാനും രാഷ്‌ട്രീയലക്ഷ്യങ്ങളോടെയുള്ളതുമാണെന്ന്‌ സംശയിച്ചാല്‍ രമേശ്‌ ചെന്നിത്തലയെപ്പോലും കുറ്റപ്പെടുത്താനാവില്ല.

ഇപ്പോഴെങ്കിലും അധ്യാപകന്‍ അക്രമിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍, ചാനലിന്റെ റിപ്പോര്‍ട്ടര്‍ പിള്ളയെ ഫോണില്‍ വിളിച്ചില്ലായിരുന്നുവെങ്കില്‍ അദ്ദേഹം എല്ലാ സൗകര്യങ്ങളോടുകൂടി ശിക്ഷ പൂര്‍ത്തിയായി ജയില്‍ മോചിതനാവുമായിരുന്നു. എല്ലാം സുതാര്യമായിരിക്കണമെന്ന വാശിയില്‍ സ്വന്തം ഓഫീസ്‌ 24 മണിക്കൂറും ലൈവ്‌ സംപ്രേഷണം ചെയ്യുന്ന മുഖ്യമന്ത്രി ഇത്തരം വിഷയങ്ങളില്‍ കൂടി അല്‍പം സുതാര്യത പുലര്‍ത്തേണ്‌ടതല്ലെ എന്ന ചോദ്യമാണ്‌ പിള്ളയുടെ ഫോണ്‍ വിവാദവും ഉയര്‍ത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക