Image

`അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ പ്രവാസികളുടെ അംബാസിഡര്‍'

ജോയിച്ചന്‍ പുതുക്കുളം Published on 06 October, 2011
`അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ പ്രവാസികളുടെ അംബാസിഡര്‍'
ന്യൂയോര്‍ക്ക്‌: മാര്‍ത്തോമാ സഭയുടെ അത്മായ ട്രസ്റ്റി ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വര്‍ഗീസ്‌ മാമ്മന്‌ പ്രവാസികളുടെ അഭിനന്ദന പ്രവാഹം. സുപ്രീം കോടതി അഭിഭാഷകനായും, കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗമായും പ്രവര്‍ത്തിക്കുന്ന അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ പ്രവാസി മലയാളികളുടെ ഇഷ്‌ടതോഴനും കേരളത്തിലെ പ്രവാസികളുടെ അംബാസിഡറുമാണെന്ന്‌ മുന്‍ ഫോമാ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌ അറിയിച്ചു.

1500-ഓളം സഭാ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍വെച്ചാണ്‌ മൂന്നുവര്‍ഷക്കാലയളവിലേക്ക്‌ സഭാ ട്രസ്റ്റി ആയി വര്‍ഗീസ്‌ മാമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടത്‌.

അഡ്വ. വര്‍ഗീസ്‌ മാമ്മന്റെ പുതിയ സ്ഥാനലബ്‌ദിയില്‍ മുന്‍ ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റ്‌ വര്‍ക്കി ഏബ്രഹാം, മുന്‍ ഫോമാ പ്രസിഡന്റ്‌ ജോണ്‍ ടൈറ്റസ്‌, ഇന്ത്യാ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ റെജി ജോര്‍ജ്‌, മുന്‍ ഫൊക്കാനാ പ്രസിഡന്റ്‌ പോള്‍ കറുകപ്പള്ളില്‍ തുടങ്ങിയ സംഘടനാ നേതാക്കള്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.

കഴിഞ്ഞ നാലുവര്‍ഷമായി സുപ്രീം കോടതിയില്‍ അഭിനന്ദനാര്‍ഹമായി പ്രാക്‌ടീസ്‌ ചെയ്യുന്ന വര്‍ഗീസ്‌ മാമ്മന്‍ ബാര്‍ അസോസിയേഷന്‍ മെമ്പര്‍, എല്‍.ഐ.സി. ബി.എസ്‌.എന്‍.എല്‍ തുടങ്ങിയ പൊതുസമേഖലാ സ്ഥാപനങ്ങളുടെ അഡൈ്വസറി ബോര്‍ഡിലും പ്രവര്‍ത്തിക്കുന്നു.

ഫോമയുടെ കേരളത്തിലെ കോര്‍ഡിനേറ്ററും തിരുവല്ല ഡവലപ്‌മെന്റ്‌ സൊസൈറ്റിയുടെ പ്രസിഡന്റുമായ വര്‍ഗീസ്‌ മാമ്മന്‍ വടക്കേ അമേരിക്കയിലെ പ്രവാസി മലയാളികളുടെ ആവശ്യങ്ങള്‍ കേരളാ ഗവണ്‍മെന്റിന്റേയും കേന്ദ്ര ഗവണ്‍മെന്റിന്റേയും ശ്രദ്ധയില്‍പ്പെടുത്തുവാന്‍ എപ്പോഴും ജാഗരൂകനാണെന്ന്‌ അനിയന്‍ ജോര്‍ജ്‌ അഭിപ്രായപ്പെട്ടു.

ഭാര്യ വിനിയും, മക്കളായ പ്രവീണും, നവീനും അഡ്വ. വര്‍ഗീസ്‌ മാമ്മന്റെ പുതിയ സ്ഥാനലബ്‌ദിയില്‍ സന്തുഷ്‌ടിയും ദൈവത്തോടുള്ള നന്ദിയും അറിയിച്ചു.
`അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ പ്രവാസികളുടെ അംബാസിഡര്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക