Image

കേരള സമാജം മയാമിയില്‍ വള്ളംകളി മത്സരം നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 06 October, 2011
കേരള സമാജം മയാമിയില്‍ വള്ളംകളി മത്സരം നടത്തുന്നു
ഫ്‌ളോറിഡ (മയാമി): കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരം ഈവര്‍ഷവും ഒക്‌ടോബര്‍ 22 -ന്‌ രാവിലെ 10 മണിക്ക്‌ മയാമിയിലെ അമേലിയാ പാര്‍ക്കിനോട്‌ ചേര്‍ന്നുള്ള വിശാലമായ തടാകത്തില്‍ വെച്ച്‌ പൂര്‍വ്വാധികം ഗംഭീരമായി നടത്തപ്പെടുന്നതാണ്‌.

കേരളത്തില്‍, ലോകപ്രശസ്‌തമായ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന ആലപ്പുഴയിലെ പുന്നമടക്കായലിനെ അനുസ്‌മരിപ്പിക്കുന്ന മയാമിയിലെ വിശാലമായ ജലപ്പരപ്പില്‍ എല്ലാവിധ സുരക്ഷാ സന്നാഹങ്ങളോടും, വര്‍ണ്ണപ്പൊലിമയോടുംകൂടിയാണ്‌ ഈ ജലമേള അണിയിച്ചൊരുക്കുന്നത്‌. രാവിലെ 10 മണിക്ക്‌ വര്‍ണ്ണശബളവും താളനിബിഡവുമായ ഘോഷയാത്രയോടുകൂടിയാണ്‌ പരിപാടികള്‍ ആരംഭിക്കുന്നത്‌. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പല ടീമുകളും ഇതിനോടകംതന്നെ രജിസ്‌ട്രേഷന്‍ നടത്തിക്കഴിഞ്ഞു. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളാണ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌.

വിശാലമായ ജലപ്പരപ്പിനെ കീറിമുറിച്ചുകൊണ്ട്‌ പ്രൗഢഗാംഭാര്യത്തോടും, വര്‍ണ്ണശബളിതവുമായി ജലരാജാക്കന്മാര്‍ മുന്നേറുന്ന ദൃശ്യം ഓരോ മലയാളിക്കും ഗൃഹാതുരത്വമുണര്‍ത്തുന്നതാണ്‌. ഈ അസുലഭ സന്ദര്‍ഭത്തിന്‌ അമേരിക്കയിലെ ഏറ്റവും വലിയ ഈ മലയാളി മാമാങ്കത്തിന്‌ സാക്ഷികളാകാന്‍ എല്ലാ മലയാളി സുഹൃത്തുക്കളേയും കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ മയാമിയിലേക്ക്‌ സഹര്‍ഷം സ്വാഗതം ചെയ്‌തുകൊള്ളുന്നു.

ഈ ജലോത്സവത്തിന്റെ വിജയത്തിനായി കേരള സമാജം പ്രസിഡന്റ്‌ ജെയ്‌സണ്‍ ചെറിയാന്‍ (954 381 5695), വൈസ്‌ പ്രസിഡന്റ്‌ സാം പാറത്തുണ്ടില്‍ (954 560 9937), ട്രഷറര്‍ ജോണ്‍സണ്‍ മാത്യു (954 734 5237) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി ജനറല്‍ സെക്രട്ടറി സാജന്‍ മാത്യു അറിയിച്ചു.
കേരള സമാജം മയാമിയില്‍ വള്ളംകളി മത്സരം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക