Image

സ്റ്റീവ്‌ ജോബ്‌സ്‌; വിടവാങ്ങിയത്‌ ഗാഡ്‌ജറ്റ്‌ ലോകത്തെ യുഗപുരുഷന്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 06 October, 2011
സ്റ്റീവ്‌ ജോബ്‌സ്‌; വിടവാങ്ങിയത്‌ ഗാഡ്‌ജറ്റ്‌ ലോകത്തെ യുഗപുരുഷന്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)
ലോസ്‌എയ്‌ഞ്ചല്‍സ്‌: പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാണ സ്ഥാപനമായ ആപ്പിളിന്റെ മുന്‍ സിഇഒ സ്റ്റീവ്‌ ജോബ്‌സ്‌(56) വിടവാങ്ങി. സിലിക്കണ്‍ വാലി ഇതിഹാസമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സ്റ്റീവ്‌ ജോബ്‌സിന്റെ മരണം സമാനതകളില്ലാത്ത ഒന്നിന്റെ അന്ത്യമാണ്‌. അര്‍ബുദബാധയെ തുടര്‍ന്ന്‌ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പാന്‍ക്രിയാസ്‌ ഗ്രന്ഥിയെ ബാധിക്കുന്ന, അര്‍ബുദരോഗത്തില്‍ തന്നെ വിരളമായി മാത്രം കണ്‌ടുവരുന്ന ന്യൂറോ എന്‍ഡേക്രൈന്‍ ട്യൂമറാണ്‌ സ്റ്റീവിന്റെ ജീവന്‍ കവര്‍ന്നത്‌.

അസുഖ ബാധിതനായതിനെ തുടര്‍ന്ന്‌ 2004ല്‍ ജോബ്‌സ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനായിരുന്നു. സാധാരണ അര്‍ബുദബാധിതര്‍ക്ക്‌ നല്‍കുന്ന കീമോ തെറാപ്പി, റേഡിയേഷന്‍ ട്രീറ്റ്‌മെന്റ്‌ എന്നിവയൊന്നും ആവശ്യമില്ലെന്നും സ്റ്റീവ്‌ പൂര്‍ണമായും രോഗവിമുക്തനാണെന്നുമാണ്‌ അറിഞ്ഞിരുന്നത്‌. എന്നാല്‍, ആരോഗ്യം തൃപ്‌തികരമല്ലാത്തതിനെ തുടര്‍ന്ന്‌ 2009ല്‍ സ്റ്റീവ്‌ അവധിയില്‍ പ്രവേശിച്ചു. ഹോര്‍മോണ്‍ ചികിത്സക്ക്‌ വേണ്‌ടിയായിരുന്നു ഇത്‌. 2009ല്‍ സ്റ്റീവ്‌ കരള്‍ മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയക്കും വിധേയനായിരുന്നു. ഇതുകൊണ്‌ടൊക്കെ ആയുസ്‌ കുറച്ചു നീട്ടിക്കിട്ടിയെങ്കിലും നൂറു വര്‍ഷത്തിനിടെ ലോകം കണ്‌ട ഏറ്റവും മികച്ച കമ്പനി മേധാവി ഒടുവില്‍ അനിവാര്യമായ വിധിക്ക്‌ മുമ്പില്‍ കീഴടങ്ങി.

ആപ്പിള്‍ കമ്പനിയുടെ ഉയര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്‌ സ്റ്റീവ്‌. സാങ്കേതിക രംഗത്തു ഐഫോണ്‍, ഐപാഡ്‌ തരംങ്ങള്‍ സൃഷ്ടിക്കാനും ആപ്പിളിനെ ലോകത്തെ മികച്ച കമ്പനികളിലൊന്നാക്കി മാറ്റുന്നതിലും ഇദ്ദേഹത്തിന്റെ പങ്ക്‌ വിലപ്പെട്ടതാണ്‌. 1976 ല്‍ താന്‍ കൂടി ചേര്‍ന്ന്‌ സ്ഥാപിച്ച ആപ്പിളില്‍ നിന്ന്‌ പുറത്തുപോയ അദ്ദേഹം, 1997 ലാണ്‌ വീണ്‌ടും കമ്പനിയില്‍ തിരിച്ചെത്തുന്നത്‌. ഐപോഡ്‌, ഐഫോണ്‍ മുതലായ സംവിധാനങ്ങള്‍ അവതരിപ്പിച്ച സ്റ്റീവ്‌ ലോകജനതയുടെ വിനോദവ്യവസായത്തിന്റെയും ആശയവിനിമയത്തിന്റെയും പരമ്പരാഗത കാഴ്‌ചപ്പാടുകള്‍ പൊളിച്ചെഴുതി.

ഒടുവില്‍ തന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്ന്‌ തിരിച്ചറിഞ്ഞ അദ്ദേഹം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആപ്പിളിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞു. `ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന്‌ കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും.' കഴിഞ്ഞ 33 വര്‍ഷത്തെ അദ്ദേഹത്തിന്റെ ജീവിത പ്രമാണം ഇതായിരുന്നു. ഇതാണ്‌ ജീവിതത്തില്‍ പുതിയ കണ്‌ടുപിടുത്തങ്ങള്‍ക്കും നഷ്‌ടബോധത്തെ അകറ്റിനിര്‍ത്താനും സ്റ്റീവിനെ പ്രാപ്‌തനാക്കിയത്‌. `മരണം അന്തിമവിധിയാണ്‌. അതില്‍ നിന്നാരും രക്ഷപ്പെട്ടിട്ടില്ല, രക്ഷപ്പെടുകയുമില്ല. അതു അങ്ങനെ തന്നെ ആയിരിക്കണം.' അവസാന ദിവസങ്ങള്‍ അദ്ദേഹം ബാക്കിവച്ചുപോയ വാക്കുകളായിരുന്നു ഇത്‌.

സ്റ്റീവ്‌ പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദത്തിന്റെ പിടിയിലായത്‌ 2004 ലാണ്‌. പക്ഷേ, രോഗം അദ്ദേഹത്തെ തളര്‍ത്തിയില്ല. ആപ്പിളിന്റെ ഏറ്റവും വിജയിച്ച രണ്‌ട്‌ ഉപകരണങ്ങള്‍ അതിന്‌ ശേഷമാണ്‌ പുറത്തു വന്നത്‌ഐഫോണും ഐപാഡും. ആപ്പിളിന്റെ ഐപോഡ്‌ എങ്ങനെയാണോ സംഗീതാസ്വാദനത്തിന്റെയും സംഗീത വ്യവസായത്തിന്റെയും വ്യാകരണം മാറ്റിയെഴുതിയത്‌, അതേ രീതിയില്‍ സ്‌മാര്‍ട്ട്‌ഫോണിന്റെ ശിരോലിഖിതം ഐഫോണ്‍ മാറ്റി വരച്ചു, പേഴ്‌സണല്‍ കമ്പ്യൂട്ടിങിനെ ഐപാഡും.

യുഎസിന്റെ അഫ്‌ഗാന്‍ അധിനിവേശത്തിന്‌ 10 വയസ്‌

കാബൂള്‍: യുഎസിന്റെ അഫ്‌ഗാന്‍ അധിനിവേശത്തിന്‌ ഇന്നു 10 വയസ്‌. അമേരിക്കയുടെ അഭിമാനസ്‌തംഭങ്ങളായിരുന്ന വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ തകര്‍ച്ചയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച അല്‍ക്വയ്‌ദ നേതാവ്‌ ഉസാമ ബിന്‍ ലാദനു താലിബാന്‍ സംരക്ഷണം നല്‍കുന്നുവെന്ന്‌ ആരോപിച്ചാണു യുഎസ്‌ അധിനിവേശം ആരംഭിച്ചത്‌. പ്രസിഡന്റ്‌്‌ ജോര്‍ജ്‌ ബുഷിന്റെ നേതൃത്വത്തിലായിരുന്നു ഭീകരതയ്‌ക്കെതിരേ യുദ്ധ പ്രഖ്യാപനം. എന്നാല്‍ അധിനിവേശത്തിന്റെ പത്തുവര്‍ഷം പൂര്‍ത്തിയാവുമ്പോഴും സെപ്‌റ്റംബര്‍ 11 ആക്രമണത്തിന്റെ യഥാര്‍ഥ പ്രതികളെക്കുറിച്ച്‌ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. ഭീകരതയെ തുടച്ചു നീക്കാനെന്നു പ്രഖ്യാപിച്ച അധിനിവേശം ഇറാഖ്‌, ലിബിയ, സിറിയ എന്നീ രാജ്യങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു.

അഫ്‌ഗാന്റെ നിയന്ത്രണം ഏറ്റെടുത്ത നാറ്റോ സൈന്യം പുതിയ സര്‍ക്കാരിനെ പ്രതിഷ്‌ഠിച്ചു. വിദേശ സേനകളുടെ സാന്നിധ്യവും അല്‍ക്വയ്‌ദ, ഹഖാനി ഗ്രൂപ്പ്‌ എന്നിവയുടെ ആക്രമണവും അഫ്‌ഗാന്‍ ജനതയുടെ സമാധാനം കെടുത്തുന്നു. 2014ല്‍ നാറ്റോ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുമെന്നു യുഎസ്‌ പ്രഖ്യാപിച്ചെങ്കിലും പുതിയ പ്രശ്‌നങ്ങള്‍ ഉയരുന്നതു തലവേദന സൃഷ്ടിക്കുന്നു.

താലിബാനുമായി ചര്‍ച്ച പുരോഗമിക്കുമ്പോഴാണു മുന്‍ പ്രസിഡന്റ്‌്‌ ബറാനുദ്ദീന്‍ റബ്ബാനിയെ വധിച്ചത്‌. ഇതു സമാധാന ചര്‍ച്ചകളെ തകിടം മറിച്ചു. താലിബാനെ പാക്‌ ചാരസംഘടന ഐഎസ്‌ഐ സഹായിക്കുന്നതായി യുഎസ്‌ ആരോപിച്ചു. യുഎസിന്റെ 10 വര്‍ഷത്തെ അഫ്‌ഗാന്‍ അധിനിവേശത്തില്‍ നിന്നു ലോകത്തിനു ലഭിച്ചത്‌ ഉസാമ ബിന്‍ ലാദനെന്ന ഭീകരന്റെ മരണം മാത്രം.

പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: സാറ പാലിന്‍

വാഷിംഗ്‌ടണ്‍ : അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.എസ്‌. പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ മുന്‍ അലാസ്‌ക ഗവര്‍ണര്‍ സാറ പാലിന്‍. എന്നാല്‍, തിരഞ്ഞെടുപ്പ്‌ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവമായിരിക്കുമെന്നും സാറ പാലിന്‍ പറഞ്ഞു.

ദീര്‍ഘനാളത്തെ ആലോചനകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശേഷമാണ്‌ മത്സരിക്കേണെ്‌ടന്ന തീരുമാനം കൈക്കൊണ്‌ടതെന്ന്‌ അവര്‍ പറഞ്ഞു. വരും ആഴ്‌ചകളില്‍ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കുമെന്നും സാറ പാലിന്‍ പറഞ്ഞു. കഴിഞ്ഞ തവണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ മത്സരിച്ച സാറ പാലിന്‍ ഇക്കുറി പാര്‍ട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായിരിക്കുമെന്ന്‌ അഭ്യൂഹങ്ങളുണ്‌ടായിരുന്നു.

വീണ്‌ടും ഏറ്റെടുക്കല്‍ അഭ്യൂഹം: യാഹൂ ഓഹരികളില്‍ കുതിപ്പ്‌

ന്യൂയോര്‍ക്ക്‌: യാഹുവിനെ ഏറ്റെടുക്കാനുള്ള നീക്കം മൈക്രോസോഫ്‌റ്റ്‌ വീണ്‌ടും ആരംഭിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെ യാഹുവിന്റെ ഓഹരികളില്‍ വന്‍കുതിപ്പ്‌. വ്യാഴാഴ്‌ച യാഹൂ ഓഹരികളില്‍ 10 ശതമാനം വര്‍ധനവാണ്‌ രേഖപ്പെടുത്തിയത്‌. യാഹൂ ഓഹരികള്‍ 10.1 ശതമാനം വര്‍ധിച്ച്‌ 15.92 ഡോളറിലെത്തിയപ്പോള്‍ മൈക്രോസോഫ്‌റ്റ്‌ ഓഹരികള്‍ 2.2 ശതമാനം വര്‍ധിച്ച്‌ 25.89 ഡോളറായി.

2008ല്‍ യാഹു ഏറ്റെടുക്കാനുള്ള മൈക്രോസോഫ്‌റ്റിന്റെ നീക്കം പരാജയപ്പെട്ടിരുന്നു. അതേസമയം ചൈനയിലെ ഇന്റര്‍നെറ്റ്‌ ഭീമനായ അലിബാബയും യാഹുവിനെ ഏറ്റെടുക്കാനുള്ള നീക്കവുമായി സജീവമായി രംഗത്തുണ്‌ട്‌. മൈക്രോസോഫ്‌റ്റിന്റെ ബിംഗ്‌ സേര്‍ച്ച്‌ എഞ്ചിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ യാഹുവുമായി മൈക്രോസോഫ്‌റ്റ്‌ ഇപ്പോള്‍ ധാരണയിലെത്തിയിട്ടുണ്‌ട്‌.

വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭത്തിന്‌ ചൂട്‌ പിടിയ്‌ക്കുന്നു

ന്യൂയോര്‍ക്ക്‌: കോര്‍പ്പറേറ്റ്‌ നയങ്ങള്‍ക്കെതിരേ വാള്‍സ്‌ട്രീറ്റ്‌ കേന്ദ്രമായി ആരംഭിച്ച പ്രതിഷേധം മറ്റ്‌ യുഎസ്‌ നഗരങ്ങളിലേക്കും വ്യാപിക്കുന്നു. ബോസ്റ്റണ്‍, ലോസ്‌ എയ്‌ഞ്ചല്‍സ്‌, ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ നഗരങ്ങളില്‍ ബുധനാഴ്‌ച നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ഇതിനു പുറമെ പ്രക്ഷോഭത്തിന്‌ പിന്തുണ അറിയിച്ച്‌ നിരവധി കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. ന്യൂയോര്‍ക്കിലാണ്‌ ബുധനാഴ്‌ച ഏറ്റവും വലിയ പ്രതിഷേധ പ്രകടനം നടന്നത്‌. ന്യൂയോര്‍ക്കില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ 5000ത്തോളം പേര്‍ പങ്കെടുത്തു.

സെപ്‌റ്റംബര്‍ 17നു ന്യൂയോര്‍ക്ക്‌ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിനു മുന്നില്‍ ഏതാനും പേര്‍ ചേര്‍ന്ന്‌ ആരംഭിച്ച സമരമാണ്‌ ഇപ്പോള്‍ വലിയ ജനകീയ പ്രക്ഷോഭമായി മാറുന്നത്‌. കഴിഞ്ഞ ശനിയാഴ്‌ച ബ്രൂക്‌ലിന്‍ ബ്രിഡ്‌ജില്‍ 700 പ്രക്ഷോഭകരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തതു പ്രക്ഷോഭത്തിനു ദേശീയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു.

`ഒക്കുപ്പൈ വാള്‍സ്‌ട്രീറ്റ്‌' എന്ന പേരിലായിരുന്നു സമരത്തിന്റെ തുടക്കം. അതിപ്പോള്‍ ഒക്കുപ്പൈ ഷിക്കാഗോ, ഒക്കുപ്പൈ ഫിലാഡല്‍ഫിയ, ഒക്കുപ്പൈ ബോസ്റ്റണ്‍ തുടങ്ങിയ പേരുകളില്‍ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമാകുകയാണ്‌. ഡൗണ്‍ വിത്ത്‌ ദ്‌ വേള്‍ഡ്‌ ബാങ്ക്‌, എന്‍ഡ്‌ ദ്‌ വാര്‍, ടാക്‌സ്‌ ദ്‌ റിച്ച്‌, സേ നോ ടു കോര്‍പ്പറേറ്റ്‌ അമേരിക്ക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളുമായാണു വിവിധ സ്ഥലങ്ങളില്‍ പ്രകടനം അരങ്ങേറുന്നത്‌. സെന്റ്‌്‌ ലൂയിസ്‌, കന്‍സാസ്‌ സിറ്റി, ഹാവായ്‌, ടെന്നസി, ബാള്‍ട്ടിമോര്‍ എന്നിവിടങ്ങളിലും പ്രകടനത്തിനു സംഘാടകര്‍ ആഹ്വാനം ചെയ്‌തിട്ടുണ്‌ട്‌.

ജോബ്‌സിന്റെ മരണം: നഷ്‌ടമായത്‌ ഏറ്റവും വലിയ പരിഷ്‌കര്‍ത്താവിനെയെന്ന്‌ ഒബാമ

ന്യൂയോര്‍ക്ക്‌: ആപ്പിള്‍ മുന്‍ സിഇഒ സ്റ്റീവ്‌ ജോബ്‌സിന്റെ മരണത്തില്‍ ലോകത്തെങ്ങുനിന്നും അനുശോചന പ്രവാഹം. ജോബ്‌സിന്റെ മരണത്തിലൂടെ ലോകത്തിനും യുഎസിനും നഷ്‌ടമായത്‌ ഏറ്റവും വലിയ പരിഷ്‌കര്‍ത്താവിനെയും മഹാനായ ദാര്‍ശനികനെയുമാണെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ പറഞ്ഞു. സ്റ്റീവിന്റെ മരണത്തില്‍ തനിക്കും കുടുംബത്തിനും അഗാധമായ ദു:ഖമുണ്‌ടെന്നും ഒബാമ പറഞ്ഞു.

സ്റ്റീവ്‌ തന്നെ കണ്‌ടുപിടിച്ച ഉപകരണത്തിലൂടെയാണ്‌ ലോകത്തിലെ ബഹുഭൂരിപക്ഷവും അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞത്‌ എന്നതില്‍ കൂടുതല്‍ വലിയൊരു ആദരാഞ്‌ജലി അദ്ദേഹത്തിന്‌ ലഭിക്കാനില്ലെന്നും ഒബാമ പറഞ്ഞു. സ്വന്തം ഗാരേജില്‍ നിന്ന്‌ ആരംഭിച്ച ചെറിയൊരു സ്ഥാപനത്തെ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാക്കി മാറ്റിയതിലൂടെ ജോബ്‌സ്‌ അമേരിക്കക്കാരുടെ അഭിമാനം ഉയര്‍ത്തി. ഓരോ ദിവസവും തന്റെ അവസാന ദിവസമായാണ്‌ അദ്ദേഹം കരുതിയിരുന്നത്‌. എന്നാല്‍ സ്വന്തം കണ്‌ടു പിടുത്തങ്ങളിലൂടെ അദ്ദേഹം നമ്മുടെയെല്ലാം ജീവിത്തെ മാറ്റി മറിച്ചുവെന്നും ഒബാമ പറഞ്ഞു. ജോബ്‌സിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, മൈക്രോസോഫ്‌റ്റ്‌ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്‌, ഗൂഗിള്‍ സിഇഒ എറിക്‌ ഷിമിഡിറ്റ്‌ തുടങ്ങിയ പ്രമുഖരും അനുശോചിച്ചു.
സ്റ്റീവ്‌ ജോബ്‌സ്‌; വിടവാങ്ങിയത്‌ ഗാഡ്‌ജറ്റ്‌ ലോകത്തെ യുഗപുരുഷന്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക