Image

ഓസ്‌ട്രേലിയക്കാര്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നു

Published on 06 October, 2011
ഓസ്‌ട്രേലിയക്കാര്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നു
കാന്‍ബറ: ഓസ്‌ട്രേലിയന്‍ ജനതയ്‌ക്കു കുടിയേറ്റത്തോടുള്ള എതിര്‍പ്പു കുറയുന്നതായി പഠന റിപ്പോര്‍ട്ട്‌. മൊനാഷ്‌ സര്‍വകലാശാലയിലെ പ്രൊഫസറ ആന്‍ഡ്രൂ മാര്‍ക്കസിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടത്തിയ സര്‍വേ ഫലങ്ങളാണ്‌ കുടിയേറ്റത്തെ അനുകൂലിക്കുന്ന ഓസ്‌ട്രേലിയന്‍ വംശജരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതായി കണ്ടെത്തിയത്‌. പൊതുജനങ്ങളുടെ ഇടയില്‍ വിവിധ ചോദ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ സര്‍വേഫലങ്ങള്‍ ഇന്നലെയാണ്‌ പുറത്തുവിട്ടത്‌. അഭയാര്‍ഥികള്‍, അവരോടുള്ള സമീപനം, സര്‍ക്കാരിന്റെ ഇടപെടല്‍, ദേശീയത തുടങ്ങിയ കാര്യങ്ങളെ ആധാരമാക്കിയുള്ളതായിരുന്നു ചോദ്യങ്ങളില്‍ അധികവും.

ഓസ്‌ട്രേലിയ ഇപ്പോള്‍ അനുവര്‍ത്തിച്ചുപോരുന്ന കുടിയേറ്റനയ പ്രകാരം രാജ്യത്തെത്തുന്ന വിദേശികളുടെ എണ്ണത്തിലെ വര്‍ധനയില്‍ ആശങ്കപ്പെടുന്നവരുടെ എണ്ണം മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കുറഞ്ഞതായാണ്‌ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്‌. കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനെ അനുകൂലിച്ചവരുടെ എണ്ണം 55 ശതമാനമായിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിലൂടെ ഓസ്‌ട്രേലിയ കൂടുതല്‍ ശക്തമാകുന്നുവെന്നു ചിന്തിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്‌. 2010 ല്‍ 19 ശതമാനമായിരുന്ന ഇത്തരക്കാരുടെ എണ്ണം ഈ വര്‍ഷത്തെ സര്‍വേയില്‍ 24 ശതമാനത്തിലേക്കാണ്‌ ഉയര്‍ന്നത്‌. 16 ശതമാനം പേര്‍ വിയോജിപ്പു പ്രകടിപ്പിച്ചു. മുന്‍വര്‍ഷം എതിര്‍പ്പു പ്രകടിപ്പിച്ചവരുടെ എണ്ണം 19 ശതമാനമായിരുന്നു.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരില്‍ ഇന്ത്യക്കാരോടുള്ള 'നെഗറ്റീവ്‌ സെന്റിമെന്റാണ്‌ ഏറ്റവും ഉയര്‍ന്ന ശതമാനം രേഖപ്പെടുത്തിയത്‌; 14%. ഇംഗ്ലീഷ്‌ സംസാരഭാഷയായ രാജ്യങ്ങളായ യു.കെ., ന്യൂസിലാന്‍ഡ്‌ തുടങ്ങിയ രാജ്യക്കരോട്‌ നെഗറ്റീവ്‌ സെന്റിമെന്റ്‌ താരതമ്യേന കുറവാണെന്നതും ശ്രദ്ധേയമായി. അഞ്ചു ശതമാനം മാത്രമാണിത്‌. വിയറ്റ്‌നാം: 7%, ചൈന: 13% എന്നിങ്ങനെയാണ്‌ മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരോടുള്ള നെഗറ്റീവ്‌ സെന്റിമെന്റിന്റെ കണക്ക്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക