Image

അറബ്‌ വസന്തം സാഹിത്യത്തിലും വിപ്‌ളവം സൃഷ്ടിക്കും: ശിഹാബ്‌ ഗാനിം

Published on 06 October, 2011
അറബ്‌ വസന്തം സാഹിത്യത്തിലും വിപ്‌ളവം സൃഷ്ടിക്കും: ശിഹാബ്‌ ഗാനിം
മസ്‌കത്ത്‌: അറബ്‌നാടുകളില്‍ തുടരുന്ന ജനകീയവിപ്‌ളവങ്ങള്‍ അറബ്‌ സാഹിത്യത്തിലും പുതിയ വസന്തം വിരിയിക്കുമെന്ന്‌ പ്രശസ്‌ത അറബ്‌ കവി ഡോ. ശിഹാബ്‌ ഗാനിം. മസ്‌കത്തില്‍ തനിമ സംഘടിപ്പിച്ച കമലാ സുറയ്യ അനുസ്‌മരണത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം സംസാരിക്കുകയായിരുന്നു.

ആത്മാവിഷ്‌കാരത്തിന്‌ സ്വാതന്ത്ര്യം ലഭിക്കുന്നതോടെ അറബ്‌നാടുകളില്‍ നിന്ന്‌ കൂടുതല്‍ സ്വതന്ത്രമായ രചനകള്‍ സാഹിത്യലോകത്തിന്‌ പ്രതീക്ഷിക്കാം. ടുനീഷ്യയിലും, ഈജിപ്‌തിലും, ലിബിയയിലുമുണ്ടായ മാറ്റങ്ങളില്‍ താന്‍ സന്തോഷവനാണ്‌. ബുദ്ധിജീവികള്‍ക്കും, എഴുത്തുകാര്‍ക്കും വാ തുറക്കാന്‍ കഴിയാതിരുന്ന ഈ പ്രദേശങ്ങളില്‍ നിന്ന്‌ സാഹിത്യത്തിലേക്ക്‌ പുതിയ സംഭാവനകള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച്‌ വിപ്‌ളവം ഉള്‍പ്പെടെ എല്ലാ ജനകീയ വിപ്‌ളവങ്ങളും സാഹിത്യത്തിന്‌ കനത്ത സംഭാവനകളാണ്‌ നല്‍കിയത്‌.

ഇപ്പോള്‍ യമന്‍െറ ഭാഗമായ ഏഥനില്‍ ബ്രിട്ടീഷ്‌ ആധിപത്യത്തോടുള്ള പോരാട്ടം കണ്ടുവളര്‍ന്നവനാണ്‌ താന്‍. കോളനിവാഴ്‌ചക്കെതിരെ ഗാന്ധിജിക്കൊപ്പം സമരം നടത്തിയ വ്യക്തിയാണ്‌ തന്‍െറ മുത്തച്ഛന്‍ എം.എ. ലുഖ്‌മാന്‍. അതുകൊണ്ടുതന്നെ, സ്‌കൂള്‍ പഠനകാലഘട്ടത്തില്‍ ടാഗോറിനെയും അല്ലാമാ ഇക്‌ബാലിനെയും പരിചയപ്പെടാന്‍ മാതാവിന്‍െറ പിതാവായ ലുഖ്‌മാനിലൂടെ കഴിഞ്ഞിരുന്നു. അറബ്‌ മേഖലയിലെ ആദ്യ യൂനിവേഴ്‌സിറ്റി ബിരുദധാരികളിലൊരാളായ പിതാവ്‌ എം.എ. ഗാനിം ഇന്ത്യയിലെ നൈസാമുമാരെ കുറിച്ച്‌ നോവല്‍ എഴുതിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ, ഇന്ത്യ എന്‍െറ രക്തത്തിലുണ്ട്‌ അറബ്‌ ലോകത്തെ ഇന്ത്യന്‍ കവിതകളുടെ അംബാസഡര്‍ എന്ന്‌ വിളിക്കുന്ന ശിഹാബ്‌ ഗാനിം പറഞ്ഞു.
ഒരുകാലത്ത്‌ മലയാളവും അറബിയും തമ്മില്‍ ശക്തമായ സാംസ്‌കാരിക വിനിമയം നടന്നിരുന്നു.

അറബിയില്‍ നിന്ന്‌ മലയാളം കടം കൊണ്ട വാക്കുകയും കേരളത്തില്‍ നിലനിന്നിരുന്ന അറബ്‌ മലയാളവുമെല്ലാം ഇതിന്‌ തെളിവാണ്‌. ഗള്‍ഫ്‌ നാടുകളില്‍ അറബിയും മലയാളിയും ഇടകലര്‍ന്ന ജീവിക്കുമ്പോഴും ഈ സാംസ്‌കാരിക വിനിമയം പഴയതുപോലെ സജീവമാക്കാന്‍ കഴിയുന്നില്ല എന്നത്‌ പോരായ്‌മയാണ്‌ കമലാ സുറയ്യയെയും, സച്ചിദാനനെയും, ഒ.എന്‍.വിയെയുമെല്ലാം അറബ്‌ വായനാ ലോകത്തിന്‌ പരിചയപ്പെടുത്തിയ അദ്ദേഹം പറഞ്ഞു. അബൂദബി സര്‍ക്കാറിന്‌ കീഴിലെ കലിമയും, ദുബൈയിലെ തര്‍ജമയും വിവിധഭാഷകളിലെ രചനകള്‍ അറബിയിലേക്കും തിരിച്ചും വിവര്‍ത്തനം നടത്തുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്‌. ഇത്തരം ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാകണം. ഇന്‍റര്‍നെറ്റിന്‍െറ കടന്നുവരവ്‌ ഇതിന്‌ കുടുതല്‍ അവസരം നല്‍കുന്നത്‌ പുതുതലമുറ പ്രയോജനപ്പെടുത്തണം. ഗ്രീക്ക്‌ പുരാണങ്ങളുടെ യഥാര്‍ഥകൃതികള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ അവ വീണ്ടെടുത്തത്‌ അവയുടെ അറബ്‌ പരിഭാഷകളില്‍ നിന്നായിരുന്നു എന്നത്‌ വിവര്‍ത്തനത്തിന്‍െറ പ്രധാന്യം വ്യക്തമാക്കുന്നു. കമലാ സുറയ്യയുടെ രചനകളില്‍ നാണി എന്ന കവിതയാണ്‌ താന്‍ ആദ്യം വിവര്‍ത്തനം ചെയ്‌ത്‌ പ്രസിദ്ധീകരിച്ചത്‌.

ഈ കവിത നിരവധി വെബ്‌സൈറ്റുകള്‍ പുനഃപ്രസിദ്ധീകരിച്ചിതോടെ കമലാ സുറയ്യക്ക്‌ അറബ്‌ ലോകത്ത്‌ ലഭിച്ച സ്വീകാര്യത തന്നെ അല്‍ഭുതപ്പെടുത്തി. ഒരു നാടിന്‍െറ ആത്മാവറിയാന്‍ അവിടുത്തെ സാഹിത്യത്തേക്കാള്‍ മികച്ച ഒന്നില്ല. കേരള സര്‍ക്കാറിന്‍െറ അതിഥിയായി ഒമ്പത്‌ ദിവസം കേരളത്തില്‍ താമസിച്ചപ്പോള്‍ വായിച്ചറിഞ്ഞ ആത്മാവിനെ തൊട്ടറിഞ്ഞു. കേരള സാഹിത്യ അക്കാദമി ആദരിച്ച ആദ്യ അറബി എന്ന്‌ താന്‍ ഏറ്റവും അഭിമാനത്തോടെയാണ്‌ പറയാറ്‌. പ്രവാസി ഇന്ത്യക്കാരിയായ ഗീത ചാവ്‌ലയുടെ അറബ്‌ മണലാരണ്യത്തിലെ ഇന്ത്യന്‍ കവിതകള്‍ എന്ന ആശയമുള്ള രചന വിവര്‍ത്തനം ചെയ്യുന്ന തിരക്കിലാണ്‌ ഡോ. ശിഹാബ്‌ ഗാനിം ഇപ്പോള്‍. എഞ്ചിനീയറിങില്‍ ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമുള്ള ഗാനിം ഇന്ത്യയിലെ റൂര്‍ക്കിയില്‍ നിന്നാണ്‌ ജലവിഭവ വികസനത്തില്‍ ബിരുദാനന്തരബിരുദ പഠനം നടത്തിയത്‌. 70കളില്‍ യു.എ.ഇ പൗരത്വം ലഭിച്ച ഇദ്ദേഹം ദുബൈയിലാണ്‌ താമസം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക