Image

ഡീക്കന്‍ ജോസഫ്‌ വര്‍ഗീസിന്‌ കശ്ശീശ സ്ഥാനം നല്‍കി

Published on 06 October, 2011
ഡീക്കന്‍ ജോസഫ്‌ വര്‍ഗീസിന്‌ കശ്ശീശ സ്ഥാനം നല്‍കി
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സ്‌ സെന്റ്‌ ജോണ്‍സ്‌ ദി ബാപ്‌റ്റിസ്റ്റ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവകാംഗവും അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസിലെ ശെമ്മാശനുമായ ഡീക്കന്‍ ജോസഫ്‌ വര്‍ഗീസിന്‌ സെപ്‌റ്റംബര്‍ 17-ന്‌ ശനിയാഴ്‌ച ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സുകൊണ്ട്‌ കശ്ശീശ സ്ഥാനം നല്‍കി. യോങ്കേഴ്‌സ്‌ സെന്റ്‌ ജോണ്‍സ്‌ ദി ബാപ്‌റ്റിസ്റ്റ്‌ ദേവാലയത്തില്‍ നടന്ന പട്ടംകൊട ശുശ്രൂഷയില്‍ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീകശ്രേഷ്‌ഠര്‍, ശെമ്മാശന്മാര്‍, ഭക്തസംഘടന-ഭദ്രാസന ഭാരവാഹികള്‍, വിശ്വാസി സമൂഹം തുടങ്ങി ഒട്ടനവധി പേര്‍ പങ്കെടുത്തു.

ശനിയാഴ്‌ച രാവിലെ ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന ആര്‍ച്ച്‌ ബിഷപ്പിനെ ഇടവക വികാരി റവ.ഫാ. ഐസക്ക്‌ പൈലി കോര്‍എപ്പിസ്‌കോപ്പ കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ചാനയിച്ചു. ഇടവക ഗായകസംഘം `തോബസ്‌ലോം ആബൂന്‍ സഹയോ...' എന്നാരംഭിക്കുന്ന സുറിയാനി സ്വാഗതഗാനം ആലപിച്ചു. മോര്‍ തീത്തോസ്‌ തിരുമനസ്സിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേയാണ്‌ പട്ടംകൊട ശുശ്രൂഷ നടന്നത്‌. വര്‍ക്കി മുണ്ടയ്‌ക്കല്‍ കോര്‍എപ്പിസ്‌കോപ്പ, ഗീവര്‍ഗീസ്‌ തോമസ്‌ ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. ഗീവര്‍ഗീസ്‌ ജേക്കബ്‌ ചാലിശ്ശേരി, റവ.ഫാ. ജോസി അട്ടച്ചിറ, റവ.ഫാ. വര്‍ഗീസ്‌ പോള്‍, റവ.ഡീക്കന്‍ അനി സ്‌കറിയ, റവ. ഡീക്കന്‍ മാര്‍ട്ടിന്‍ ബാബു, ഡീക്കന്‍ അജീഷ്‌ തുടങ്ങിയവര്‍ സഹകാര്‍മികരായി. നവ വൈദീകന്‍ വിശുദ്ധ കുര്‍ബാനയുടെ ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതോടെ ശുശ്രൂഷകള്‍ക്ക്‌ വിരാമമായി.

തുടര്‍ന്ന്‌ നവാഭിഷിക്തനായ ജോസഫ്‌ വര്‍ഗീസ്‌ കശീശയെ അനുമോദിക്കുവാന്‍ ചേര്‍ന്ന പൊതുസമ്മേളനം ആര്‍ച്ച്‌ ബിഷപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. വികാരി വെരി റവ. ഐസക്‌ പൈലി കോര്‍എപ്പിസ്‌കോപ്പ സ്വാഗതവും ട്രഷറര്‍ ജോയി ഇട്ടന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. സെക്രട്ടറി ബാബു തുമ്പയില്‍ ആമുഖ പ്രസംഗവും, റവ പാസ്റ്റര്‍ സ്‌കോട്ട്‌ സമ്മര്‍വിന്‍ (ആസ്‌ബറി മെതഡിസ്റ്റ്‌ ചര്‍ച്ച്‌), മോണ്‍സിഞ്ഞോര്‍ ജെയിംസ്‌ ടൂറോ (സീറ്റണ്‍ ഹാള്‍ യൂണിവേഴ്‌സിറ്റി പ്രഫസര്‍, ന്യൂജേഴ്‌സി) എന്നിവര്‍ ആശംസയും അര്‍പ്പിച്ചു. ഇടവകയിലെ യുവജന പ്രതിനിധികളായ നിഷ ഏബ്രഹാമിന്റെ അവതരണം ചടങ്ങിനെ മികവുറ്റതാക്കി.

അനുമോദനങ്ങള്‍ക്കും ആശംസകള്‍ക്കും ഫാ. ജോസഫ്‌ വര്‍ഗീസ്‌ നന്ദി പ്രകാശിപ്പിച്ചു. സെന്റ്‌ ജോണ്‍സ്‌ ഇടവകയുടെ ഉപഹാരം തദവസരത്തില്‍ സമ്മാനിച്ചു. ന്യൂയോര്‍ക്കിലേയും സമീപ പ്രദേശങ്ങളിലേയും വിവിധ തുറകളില്‍പ്പെട്ട ഒട്ടനവധി പേര്‍ ചടങ്ങുകള്‍ക്ക്‌ സാക്ഷ്യംവഹിച്ചു. ബിജു ചെറിയാന്‍ (പി.ആര്‍.ഒ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
ഡീക്കന്‍ ജോസഫ്‌ വര്‍ഗീസിന്‌ കശ്ശീശ സ്ഥാനം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക