Image

വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു

Published on 07 October, 2011
വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു
ന്യൂയോര്‍ക്ക്‌: ലിബിയ ഉള്‍പ്പടെയുള്ള അറബ്‌ രാജ്യങ്ങളിലെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ വിജയത്തിനു പിന്നാലെ അമേരിക്കയിലും യുവജനങ്ങളുടെ പ്രക്ഷോഭം. യു.എസിലെ `വാള്‍ സ്‌ട്രീറ്റ്‌ കയ്യടക്കുക' എന്ന പേരില്‍ കമ്പനിഭീമന്മാരുടെ ലാഭക്കൊതി, പെരുകുന്ന തൊഴിലില്ലായ്‌മ എന്നിവയ്‌ക്കെതിരെയാണ്‌ പ്രക്ഷോഭം.

പ്രക്ഷോഭത്തില്‍ വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികളും ക്ലാസ്‌ ബഹിഷ്‌കരിച്ച്‌ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. സെപ്‌റ്റംബര്‍ 17ന്‌ തുടങ്ങിവച്ച പ്രകടനങ്ങള്‍ കഴിഞ്ഞദിവസവും ആവര്‍ത്തിച്ചു.

അയ്യായിരത്തോളം ആളുകളാണ്‌ ന്യൂയോര്‍ക്കില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്‌. അമേരിക്കന്‍ പതാകയും കോര്‍പറേറ്റ്‌ അത്യാര്‍ത്തിക്കെതിരായ ബാനറുകളും പോസ്‌റ്ററുകളും പേറിയുള്ള പ്രകടനം ഇതുവരെ നടന്നതില്‍ ഏറ്റവും വലുതായിരുന്നു. അമേരിക്കയെ ചികിത്സിക്കുക, കോടീശ്വരന്മാരേ നിങ്ങളുടെ സമയമടുത്തു, ജനതയെന്നാല്‍ കമ്പനികളല്ല, വോള്‍ സ്‌ട്രീറ്റിനു നികുതി ചുമത്തുക, ജോലി കുറയ്‌ക്കുകയല്ല, ജോലി ഉണ്ടാക്കുകയാണു വേണ്ടത്‌ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്‌റ്ററുകളുമായാണു പ്രകടനക്കാര്‍ അണിനിരന്നത്‌.

സമരത്തിന്‌ ഗതാഗത ജീവനക്കാര്‍, നഴ്‌സുമാര്‍, അധ്യാപകര്‍, കൗണ്ടി-മുനിസിപ്പല്‍ ജീവനക്കാര്‍, കമ്യൂണിക്കഷന്‍ ജീവനക്കാര്‍ തുടങ്ങിയവരുടെ യൂണിയനുകളാണ്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക