Image

'പൊതുആവശ്യത്തിന് ഏറ്റെടുത്ത ഭൂമി സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കൈമാറരുത്'

Published on 07 October, 2011
'പൊതുആവശ്യത്തിന് ഏറ്റെടുത്ത ഭൂമി സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കൈമാറരുത്'
ന്യൂഡല്‍ഹി: പൊതുആവശ്യത്തിന് വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമി റിയല്‍എസ്റ്റേറ്റ് കമ്പനികള്‍ക്കും മറ്റ് സ്വകാര്യസ്ഥാപനങ്ങള്‍ക്കും കൈമാറരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. പൊതു ആവശ്യത്തിനെന്നു പറഞ്ഞ്, ബലംപ്രയോഗിച്ച് സാധാരണക്കാരനില്‍നിന്ന് ഏറ്റെടുക്കുന്ന ഭൂമി സ്വകാര്യആവശ്യത്തിന് വിട്ടുകൊടുക്കുന്ന സര്‍ക്കാര്‍നടപടി തട്ടിപ്പിന് തുല്യമാണെന്നും ജസ്റ്റിസുമാരായ ജി.എസ്. സിംഘ്‌വി, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അത്തരം ഏറ്റെടുക്കലുകള്‍ പൂര്‍ണമായും റദ്ദാക്കണമെന്നും രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.

ബാംഗ്ലൂര്‍ വിമാനത്താവളത്തിന് സമീപം 37 ഏക്കര്‍ ഭൂമി കര്‍ണാടക ടൂറിസം വികസന കോര്‍പ്പറേഷനുവേണ്ടി ഏറ്റെടുത്ത ശേഷം പിന്നീട് റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പിന് കൈമാറിയത് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധി രണ്ടംഗബെഞ്ച് ശരിവെച്ചു. ഭൂവുടമകളില്‍നിന്ന് ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുത്ത ശേഷം, അവ സ്വകാര്യആവശ്യത്തിന് വിട്ടുകൊടുത്തത്, അധികാരം തട്ടിപ്പിന് ഉപയോഗിച്ചതിന് തുല്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാറിന്റെ അധികാരത്തെ കോടതി ആവര്‍ത്തിച്ചുള്ള വിധികളില്‍ അംഗീകരിച്ചതാണ്. എന്നാല്‍, ഭൂമിക്കുമേലുള്ള ഭൂവുടമയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഇല്ലാതാക്കിയുള്ള നിയമവിരുദ്ധവും ക്രമവിരുദ്ധവുമായ നടപടിക്ക് നിയമപരിരക്ഷ നല്‍കാനാവില്ലെന്ന് വിധിയെഴുതിയ ജസ്റ്റിസ് സിംഘ്‌വി വ്യക്തമാക്കി. ഈ കേസില്‍, കര്‍ണാടക ടൂറിസംവികസന കോര്‍പ്പറേഷന്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് സുപ്രീംകോടതി കണ്ടെത്തി. ഭൂമി ടൂറിസംവികസന പദ്ധതികള്‍ക്ക് ആവശ്യമാണെന്ന് സര്‍ക്കാറിനെ വിശ്വസിപ്പിക്കുകയായിരുന്നു കോര്‍പ്പറേഷന്‍. എന്നാല്‍, കോര്‍പ്പറേഷന്‍ ഡയറക്ടര്‍മാരുടെ യഥാര്‍ഥലക്ഷ്യം ഭൂമി സ്വകാര്യ റിയല്‍എസ്റ്റേറ്റുകാര്‍ക്ക് വില്‍ക്കലായിരുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക