Image

സ്റ്റീവ് ജോബ്‌സിന്റെ ആത്മകഥ 24 ന് പ്രകാശനം ചെയ്യും(അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 07 October, 2011
സ്റ്റീവ് ജോബ്‌സിന്റെ ആത്മകഥ 24 ന് പ്രകാശനം ചെയ്യും(അങ്കിള്‍സാം വിശേഷങ്ങള്‍)

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്നലെ അന്തരിച്ച ആപ്പിള്‍ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ ആത്മകഥ ഈ മാസം 24ന് പ്രസിദ്ധീകരിക്കും. ജോബ്‌സിന്റെ ആത്മകഥ അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കുമെന്നായിരുന്നു പ്രസാധകരായ സൈമണ്‍ ആന്‍ഡ് ഷൂസ്റ്റര്‍ നേരത്തെ അ
ിയിച്ചിരുന്നത്. എന്നാല്‍ ജോബ്‌സിന്റെ ആരോഗ്യനില മോശമായതോടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് ഈ വര്‍ഷം നവംബര്‍ 21 ലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ ജോബ്‌സ് ഇന്നലെ അന്തരിച്ചതോടെ പുസ്തകത്തിനായുള്ള പ്രീ ബുക്കിംഗ് കുതിച്ചുയര്‍ന്നതാണ് പ്രസിദ്ധീകരണം നേരത്തെയാക്കാല്‍ പ്രസാധകരെ നിര്‍ബന്ധിതരാക്കിയത്. പ്രീബുക്കിംഗ് കണക്കനുസരിച്ചു തന്നെ പുസ്തകം ആമസോണിന്റെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ജോബ്‌സിന്റെ ആത്മകഥയെന്ന പേരില്‍ മുമ്പ് വേറെയും പുസ്തകങ്ങളിറങ്ങിയിട്ടുണ്ടെങ്കിലും അവയൊന്നും അദ്ദേഹത്തിന്റെ ഔദ്യോഗിക ആത്മകഥകളായിരുന്നില്ല. ടൈം മാഗസിന്റെ മുന്‍ മാനേജിംഗ് എഡിറ്റര്‍ വാള്‍ട്ടര്‍ ഐസക്‌സണ്‍ ആണ് ജോബ്‌സിന്റെ ആത്മകഥ രചിച്ചിരിക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ , ബെഞ്ചമിന്‍ ഫ്രാങ്കളിന്‍ , ഹെന്റി കിസിഞ്ചര്‍ എന്നിവരുടെ ആത്മകഥ എഴുതിയ വ്യക്തിയാണ് ഐസക്‌സണ്‍ .

രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ യു.എസ് മുത്തശ്ശിക്ക് 35 വര്‍ഷം തടവ്

ന്യൂയോര്‍ക്ക് : രണ്ടുവയസുകാരിയായ പേരമകളെ കൊലപ്പെടുത്തിയ കേസില്‍ യു.എസ് മുത്തശ്ശിക്ക് 35 വര്‍ഷം തടവ്. തന്റെ മരുമകനോടുള്ള ദേഷ്യം തീര്‍ക്കാനായാണ് കാര്‍മെല ഡേല റോസ(51) എന്ന മുത്തശ്ശി രണ്ടു വയസുകാരിയായ പേരമകള്‍ ആഞ്ജലീന ഒഗ്‌ഡോക്കിനെ ഷോപ്പിംഗ് മാളിലെ നടപ്പാലത്തില്‍ നിന്ന് 45 അടി താഴേക്ക് വലിച്ചെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ആഞ്ജലീന ഒഗ്‌ഡോക്ക് (2) 12 മണിക്കൂറിനു ശേഷം ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ടൈസണ്‍സ് കോര്‍ണര്‍ സെന്റര്‍ ഷോപ്പിംഗ് മാളിലായിരുന്നു സംഭവം.

തന്റെ മകളെ വിവാഹം കഴിക്കാതെ രണ്ടാമതും ഗര്‍ണിയാക്കിയ മരുമകനെതിരെയുള്ള ദേഷ്യം തീര്‍ക്കുകയായിരുന്നു കാര്‍മെല. നിഷ്‌കളങ്കയായ കുട്ടിയോട് കാണിച്ച ക്രൂരതയ്ക്ക് കുറഞ്ഞ ശിക്ഷ മതിയാവില്ലെന്ന് ശിക്ഷ വിധിച്ച കോമണ്‍വെല്‍ത്ത് അറ്റോര്‍ണി റേ മോറോ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ചായിരുന്നു കാര്‍മെലയുടെ നടപടിയെന്നും അറ്റോര്‍ണി വ്യക്തമാക്കി.

അഫ്ഗാനിലെ യുഎസ് ലക്ഷ്യം അകന്നുനില്‍ക്കുന്നുവെന്ന് മുന്‍ സൈനിക ജനറല്‍

വാഷിംഗ്ടണ്‍ : അഫ്ഗാനിസ്ഥാനില്‍ അധിനിവേശത്തിന്റെ കൊടി നാട്ടി പത്തു വര്‍ഷം പിന്നിടുമ്പോഴും യു.എസ് ലക്ഷ്യത്തില്‍ നിന്നു അകന്നുനില്‍ക്കുകയാണെന്ന് മുന്‍ യു.എസ് സൈനിക ജനറലും അഫ്ഗാനിലെ സൈനിക മേധാവിയുമായിരുന്ന സ്റ്റാന്‍ലി മക് ക്രിസ്റ്റല്‍ . അഫ്ഗാനിലെ ദൗത്യം യു.എസും നാറ്റോയും അവസാനിപ്പിക്കാനിരിക്കുമ്പോഴും പകുതി ദൂരം മാത്രമാണ് പിന്നിടാന്‍ കഴിഞ്ഞതെന്നും അദ്ദേഹം തുറന്നുപറയുന്നു.

ഉസാമ ബിന്‍ ലാദനെ പിടികൂടുകയും താലിബാനെ അഫ്ഗാന്‍ മണ്ണില്‍ നിന്നു തുരത്തുകയുമായിരുന്നു ഓപ്പറേഷന്‍ എന്‍ഡറിംഗ് ഫ്രീഡം എന്നു പേരിട്ട സൈനിക ദൗത്യത്തിന്റെ ലക്ഷ്യം. അഫ്ഗാന്‍ യുദ്ധത്തിനു പത്തു വര്‍ഷം തികയുമ്പോള്‍ ലാദനെ വധിച്ചുവെന്നതുമാത്രമാണ് എടുത്തുപറയത്തക്ക ഏകനേട്ടം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പതിനായിരത്തോളം അഫ്ഗാന്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ 2500 നാറ്റോ സൈനികരാണ് തീവ്രവാദികളുടെ ആക്രമണത്തിനു ഇരയായത്. ഇതില്‍ അധികവും യു.എസ് സൈനികരാണ്. ജോര്‍ജ് ഡബ്ല്യൂ.ബുഷ് വരുത്തി വെച്ച ബാധ്യതയില്‍ നിന്നു തലയൂരാന്‍ ബറാക് ഒബാമ നടത്തുന്ന ശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടുമില്ല.

അഫ്ഗാനില്‍ നിന്നു യു.എസ് സൈനിക പിന്‍മാറ്റം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ താലിബാന്‍ തീവ്രവാദികള്‍ ആക്രമണം ശക്തമാക്കുകയും ചെയ്തു. ഈ വര്‍ഷാവസാനത്തോടെ പതിനായിരം സൈനികരെയും അടുത്ത വര്‍ഷം സെപ്റ്റംബറിനകം 23,000 പേരെയും പിന്‍വലിക്കുമെന്നായിരുന്നു പെന്റഗണിന്റെ പ്രഖ്യാപനം എന്നാല്‍ , പറയുന്നത്ര എളുപ്പമാവില്ല. ഈ പിന്‍മാറ്റം എന്നാണ് അഫ്ഗാനിലെ രൂക്ഷമാവുന്ന അസ്വസ്ഥതകള്‍ സൂചിപ്പിക്കുന്നത്.

പാക്കിസ്ഥാനു വീണ്ടും ഒബാമയുടെ മുന്നറിയിപ്പ്

വാഷിംഗടണ്‍ : പാക്കിസ്ഥാനു വീണ്ടും യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ മുന്നറിയിപ്പ്. ഇന്ത്യയുമായി സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രദ്ധിക്കണമെന്ന് വ്യക്തിമാക്കിയ ഒബാമ അഫ്ഗാനിലെ തീവ്രവാദികളുമായുള്ള പാക് ബന്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുമായി അടുക്കുന്നതിനെ തങ്ങള്‍ക്ക് ഭീഷണിയായാണ് പാക്കിസ്ഥാന്‍ കാണുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയെ പാക്കിസ്ഥാന്‍ എപ്പോഴും ശത്രുപക്ഷത്ത് നിര്‍ത്തുന്നു.

എന്നാ
ല്‍ ഇന്ത്യയുമായി സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതാണ് പാക്കിസ്ഥാന്റെ താല്‍പര്യങ്ങള്‍ക്കും വികസനത്തിനും നല്ലതെന്നാണ് അമേരിക്കയ്ക്ക് പറയാനുള്ളത്. സ്വതന്ത്രവും സുസ്ഥിരവുമായ അഫ്ഗാനിസ്ഥാന്‍തങ്ങള്‍ക്ക് ഭീഷണിയാവുമെന്നാണ് പാക്കിസ്ഥാന്‍ എപ്പോഴും കരുതുന്നതെന്നും അതിനാലാണ് അഫ്ഗാന്‍ ഇന്ത്യയുമായി അടുക്കുന്നതിനെ പാക്കിസ്ഥാന്‍ എതിര്‍ക്കുന്നതെന്നും ഒബാമ പറഞ്ഞു. ഇപ്പോഴുണ്ടായ സംഭവവികാസങ്ങളുടെ പേരില്‍ പാക്കിസ്ഥാനുള്ള ധനസഹായം വെട്ടിക്കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഐ.എസ്.ഐയുടെ നടപടിക്ക് പ്രളയബാധിത പ്രദേശങ്ങളിലെ സാധാരണക്കരായ പാക് ജനതയെ ശിക്ഷിക്കാനാവില്ലെന്നും ഒബാമ വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ യു.എസിന് പ്രതിച്ഛായ നഷ്ടമെന്ന് യു.എസ് വിദേശകാര്യവകുപ്പ്

വാഷിംഗ്ടണ്‍ : യു.എസിനെക്കുറിച്ച് പാക് ജനതയ്ക്കിടയില്‍ വലിയ മതിപ്പില്ലാത്തത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് യു.എസ് വിദേശകാര്യവകുപ്പ്. പാക്കിസ്ഥാനുമായുള്ള ഊഷ്മള ബന്ധം തുടരുമെന്നും യുഎസ് വിദേശകാര്യവകുപ്പ് വക്താവ് വിക്‌ടോറിയ ന്യൂലാന്‍ഡ്‌സ് പറഞ്ഞു. ധനസഹായമായി ലക്ഷകണക്കിന് ഡോളര്‍ നല്‍കിയിട്ടും പാക് ജനത ഇപ്പോഴും ഇന്ത്യയെക്കാള്‍ വലിയ ശത്രുവായി യു.എസിനെ കാണുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ന്യൂസ് ലാന്‍ഡ്‌സ്.

പാക്കിസ്ഥാനില്‍ ജനാധിപത്യം നിലനിര്‍ത്താനും ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരവും ജീവിത നിലവാരവും ഉയര്‍ത്താനും യു.എസ് നല്‍കുന്ന സഹായങ്ങളെക്കുറിച്ച് പാക് ജനതയെ ബോധവല്‍ക്കരിക്കാന്‍ പാക്കിസ്ഥാനിലെ യു.എസ് എംബസിയോട് ആവശ്യപ്പെടുമെന്നും ന്യൂലാന്‍ഡ്‌സ് വ്യക്തമാക്കി. ഇപ്പോള്‍ നയതന്ത്ര ബന്ധത്തിലുണ്ടായ വിള്ളലുകള്‍ പരിഹാരിക്കാനായി വൈകാതെ യു.എസ് പ്രതിനിധി പാകിസ്ഥാനുമായി ചര്‍ച്ച നടത്തും.

അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും യു.എസ് പ്രതിനിധിയായ മാര്‍ക്ക് ഗ്രാസ്മാന്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഈയാഴ്ച തന്നെ ഇസ്ലാമാബാദിലെത്തും ഇരുരാജ്യങ്ങളുടെയും മേഖലയുടെ ആകെതന്നെയും സുരക്ഷാ പ്രശ്‌നങ്ങള്‍ക്കായിരിക്കും ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കുക. അമേരിക്കയെയും പാക്കിസ്ഥാനെയും സംബന്ധിച്ച് പരക്കുന്ന തെറ്റായ ധാരണങ്ങള്‍ തിരുത്തുക എന്നൊരു ലക്ഷ്യം കൂടി ഈ ചര്‍ച്ചകള്‍ക്കുണ്ടെന്നും ന്യൂലാന്‍ഡ്‌സ് പറഞ്ഞു.

അഭിപ്രായ ഭിന്നത: കറന്‍സി ബില്ലിന്‍മേലുള്ള അന്തിമവോട്ടെടുപ്പ് നീട്ടി

വാഷിംഗ്ടണ്‍ : കറന്‍സി ബില്ലിന്‍മേലുള്ള അന്തിമ വോട്ടെടുപ്പ് യു.എസ് സെനറ്റ് അടുത്ത ആഴ്ചത്തേക്ക് നീട്ടി. റിപ്പബ്ലിക്കന്‍ , ഡെമോക്രാറ്റ് അംഗങ്ങള്‍ക്കിടയില്‍ കടുത്ത അഭിപ്രായഭിന്നത ഉണ്ടായിതിനെത്തുടര്‍ന്നാണ് ബില്ലിന്‍മേലുള്ള അന്തിമ വോട്ടെടുപ്പ് നീട്ടിയത്.

കയറ്റുമതി രംഗത്തു മേല്‍ക്കൈ നിലനിര്‍ത്തുന്നതിന് നാണയമൂല്യം ക്രൃത്രിമമായി കുറച്ചു കാണിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്താന്‍ സര്‍ക്കാരിന് അധികഭാരം നല്‍കുന്നതാണ് കറന്‍സി എക്‌സ്‌ചേഞ്ച് റേറ്റ് ഓവര്‍സൈറ്റ് റിഫോം ആക്റ്റ്. ഇതിനെതിരെ ചൈന അടക്കമുള്ള ലോക രാജ്യങ്ങള്‍ രംഗത്തു വന്നിരുന്നു. യുഎസ് സെനറ്റില്‍ അവതരിപ്പിച്ച ബില്‍ ലോക വിദേശ വാണിജ്യ മന്ത്രാലയങ്ങളും ആരോപിച്ചിരുന്നു.

ബില്ലിന്‍മേല്‍ തിങ്കളാഴ്ച മുന്‍കൂര്‍ വോട്ടെടുപ്പ് നടന്നിരുന്നു. ചൈന യുവാന്റെ മൂല്യം കൃത്രിമമായി കുറച്ചു കാണിക്കുന്നത് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കുകയാണ് യു.എസിന്റെ ലക്ഷ്യം. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കൂടുതലായി എത്തുന്നതു യു.എസില്‍ തൊഴില്‍ സാധ്യത ഇല്ലാതാക്കുന്നുമുണ്ട്. യുവാന്റെ മൂല്യം വര്‍ദ്ധിപ്പിക്കണമെന്ന് യു.എസ് നേരത്തെ ചൈനയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ , യു.എസിന്റെ അഭ്യര്‍ത്ഥന ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്ന
നിലപാടാണു ചൈന സ്വീകരിച്ചത്.

സൈബര്‍ ഭീഷണിക്കെതിരെ എഫ്ബിഐ പ്രചാരണം നടത്തും

വാഷിംഗ്ടണ്‍ : സൈബര്‍ ആക്രമണ ഭീഷണിക്കെതിരേ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നു യുഎസ് അന്വേഷണ ഏജന്‍സി എഫ്ബിഐ. ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി യോഗത്തില്‍ എഫ്ബിഐ ഡയറക്റ്റര്‍ റോബര്‍ട്ട് മുള്ളറാണ് ഇക്കാര്യമറിയിച്ചത്. ചൈന, ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയാണു എഫ്ബിഐ ക്യാംപെയ്ന്‍ സംഘടിപ്പിക്കു.

സൈബര്‍ രംഗത്തു നിന്നു വലിയ ഭീഷണിയാണു രാജ്യം നേരിടുന്നത്. വാണിജ്യ രേഖകള്‍ തകര്‍ക്കുകയാണു ചൈനീസ് ഹാക്കര്‍മാരുടെ ലക്ഷ്യം. 2006ല്‍ ഇത്തരത്തിലുള്ള പന്ത്രണ്ടിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കുറ്റക്കാരെ കണ്‌ടെത്തുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനു മുന്‍തൂക്കം നല്‍കുമെന്നും മുള്ളര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക