Image

കൂടുതല്‍ മണ്ടത്തരങ്ങള്‍ കാട്ടി സര്‍ക്കാര്‍ ജയിപ്പിക്കുന്ന പ്രതിപക്ഷ സമരം

Published on 09 August, 2013
കൂടുതല്‍ മണ്ടത്തരങ്ങള്‍ കാട്ടി  സര്‍ക്കാര്‍ ജയിപ്പിക്കുന്ന പ്രതിപക്ഷ സമരം
ഉപജാപകസംഘങ്ങളുടെ അഴിമതി കാരണം തകര്‍ന്നു നില്‍ക്കുന്ന യുഡിഎഫ്‌ ഗവണ്‍മെന്റ്‌ ഇപ്പോള്‍ കൂടുതല്‍ മണ്ടത്തരങ്ങള്‍ കാണിച്ച്‌ സ്വയം കുഴിതോണ്ടുകയാണ്‌ എന്ന്‌ മനസിലാക്കേണ്ടിവരും തിരുവനന്തപുരത്തെ തയാറെടുപ്പുകള്‍ കണ്ടാല്‍. തിങ്കളാഴ്‌ച തുടങ്ങുന്ന എല്‍.ഡിഎഫിന്റെ സെക്രട്ടറിയേറ്റ്‌ ഉപരോധ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്ന മുന്‍കരുതലുകളാണ്‌ ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും വലിയ ചര്‍ച്ചയായിരിക്കുന്നത്‌.

അടുത്ത ദിവസങ്ങളായി നടക്കാന്‍ പോകുന്ന ഒരു സമരം എങ്ങനെയാവും സ്വഭാവം കൈക്കൊള്ളുക എന്നു പോലും മനസിലാകുന്നതിനും മുമ്പു തന്നെ എന്തോ വലിയ കലാപം നടക്കാന്‍ പോകുന്നു എന്ന പ്രതീതി ഉണര്‍ത്തും വിധം പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചും സൈന്യത്തെ ഇറക്കിയും യുഡിഎഫ്‌ സൃഷ്‌ടിക്കുന്ന കോലാഹലങ്ങള്‍ പ്രതിപക്ഷ സമരത്തെ തുടങ്ങും മുമ്പേ തന്നെ വിജയിപ്പിച്ചിരിക്കുന്നു എന്നതാണ്‌ സത്യം. മലബാര്‍ മേഖലയൊഴിച്ചു നിര്‍ത്തിയാല്‍ മധ്യതിരുവതാംകൂര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ സിപിഎം അനുഭാവികള്‍ തന്നെ അത്രവലിയ കാര്യമായി ഈ സമരത്തെ കണ്ടിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ഈ സമരത്തെ വലിയൊരു സംഭവമാക്കി മാറ്റിയതോടെ ഇടതുപക്ഷ പാളയം ഉത്സാഹത്തിലായി എന്നതാണ്‌ സത്യം. ഇനിയിപ്പോള്‍ സിപിഎമ്മിന്‌ ഉറപ്പിക്കാം കുറഞ്ഞത്‌ അമ്പതിനായിരം പേരെങ്കിലും സമരത്തിന്‌ എത്തുമെന്ന്‌.

എങ്ങനെയായിത്തീരുമെന്ന്‌ ഇടതുപക്ഷത്തിന്‌ പോലും ഉറപ്പില്ലായിരുന്ന ഒരു സമരപ്രഖ്യാപനത്തെ ദേശിയ തലത്തില്‍ പോലും ശ്രദ്ധയില്‍ എത്തിച്ച്‌ കാര്യങ്ങള്‍ വഷളാക്കുകയും മാധ്യമ ചര്‍ച്ചയില്‍ ഒന്നാം നമ്പര്‍ വാര്‍ത്തയാക്കുകയും ചെയ്‌തത്‌ കോണ്‍ഗ്രസും യുഡിഎഫ്‌ മന്ത്രിമാരും തന്നെ. വ്യക്തമായി പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കുമുള്ള അങ്കലാപ്പ്‌ വിഡ്ഡിത്തങ്ങളായി പുറത്തു വരുകയാണിവിടെ.

യുഡിഎഫിന്റെ ഉപരോധ സമരത്തെ ബാബറി മസ്‌ജിദ്‌ തകര്‍ത്ത യുപിയിലെ സംഘപരിവാര്‍ കലാപത്തോടാണ്‌ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉപമിച്ചത്‌. ഒരു വയലന്റായ അക്രമണ പരമ്പരകള്‍ സമരത്തിനിടയില്‍ അരങ്ങേറാം എന്നതാവണം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറയാന്‍ ആഗ്രഹിച്ചത്‌. പക്ഷെ കേരളത്തിലെ ഇടതുപക്ഷത്തെ ഉത്തരേന്ത്യന്‍ തീവ്രഹിന്ദുത്വശക്തികളോട്‌ ഉപമിച്ചത്‌ ഒരിക്കലും ജനം അംഗീകരിക്കില്ല എന്ന്‌ തിരുവഞ്ചൂര്‍ ഓര്‍മ്മിക്കേണ്ടതായിരുന്നു.

ഇവിടെ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വങ്ങളെ മറന്നു കളയുന്നില്ല. സിപിഎം അടക്കമുള്ള ഇടതുപക്ഷ സംഘടനകള്‍ ഉപരോധ സമരത്തിന്‌ എത്തുമ്പോള്‍ അക്രമം സംഭവിക്കുമെന്നതിന്‌ ചരിത്രം തന്നെ സാക്ഷിയാണ്‌. തിങ്കാളാഴ്‌ച മുതല്‍ കല്ലേറും അനുബന്ധ പരിപാടികളും സഖാക്കള്‍ തിരുവനന്തപുരത്ത്‌ നടത്തുമെന്നും ഉറപ്പ്‌. അതിനെ നേരിടാന്‍ പോലീസിനെ സജ്ജമാക്കി നിര്‍ത്തേണ്ടതുണ്ട്‌. ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിക്കാം. ഒരു കരുതല്‍ എന്നപോലെ പട്ടാളത്തെ വിളിച്ചതു വരെയും അംഗീകരിക്കാം. പക്ഷെ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയും മറ്റു മന്ത്രിമാരും ചേര്‍ന്ന്‌ പോലീസിനെ ഉപയോഗിച്ച്‌ നടത്തുന്ന പ്രതിരോധമാര്‍ഗങ്ങള്‍ ജനാധിപത്യ സമൂഹത്തിന്‌ അംഗീകരിക്കാന്‍ കഴിയുന്നതല്ല.

സമരക്കാര്‍ വരുന്നത്‌ തടായന്‍ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ വെട്ടിച്ചുരുക്കുക. ദീര്‍ഘദുര ബസ്‌ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രക്ക്‌ മുന്‍കൂട്ടി ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നതു പോലും തടഞ്ഞിരിക്കുന്നു. ഇത്‌ ജനത്തിന്റെ സഞ്ചാര സ്വാതന്ത്രം തടയുന്നതിന്‌ തുല്യമാണ്‌. പെരുനാള്‍ അവിധി ദിവസങ്ങളും വരുന്ന ഞായര്‍ ദിവസവും ഈ പൊതുഗതാഗത സര്‍വ്വീസ്‌ വെട്ടിച്ചുരുക്കിയത്‌ വലിയ പ്രശ്‌നമായില്ലെങ്കിലും തിങ്കള്‍ മുതലുള്ള ദിവസങ്ങളില്‍ പൊതുഗതാഗതം മരവിപ്പിച്ചത്‌ ജനത്തെക്കൂടി ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്‌. ഇനി സമരക്കാരെ തിരുവനന്തപുരത്ത്‌ വരുന്നത്‌ തടയാനാണെങ്കില്‍ കൂടി ഈ മാര്‍ഗം ഒട്ടും ജനാധിപത്യപരമല്ല. ഇതിലും കടുത്ത ഫാസിസ്റ്റ്‌ നടപടിയാണ്‌ സമരത്തിനായി എത്തുന്നവരെ താമസിപ്പിക്കാന്‍ പാടില്ലെന്ന്‌ ഹോട്ടലുകള്‍ക്കും ലോഡ്‌ജ്‌ ഉടമകള്‍ക്കും നിര്‍ദ്ദേശം നല്‍കിയ പ്രവര്‍ത്തി. എന്തിന്‌ സമരക്കാരെ താമസിപ്പിക്കരുതെന്ന്‌ പാര്‍ട്ടി അനുഭാവമുള്ള കുടുംബങ്ങളെപ്പോലും വിലക്കിയിരിക്കുന്നു തിരുവനന്തപുരത്ത്‌. പൗരാവകാശ ലംഘനം എന്ന്‌ തന്നെയാണ്‌ ഇതിനെ വിളിക്കാന്‍ കഴിയുക. അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുന്നതിന്‌ തുല്യമായ പ്രവര്‍ത്തിയാണിത്‌.

ഇതിനൊപ്പം തിരുവനന്തപുരത്ത്‌ ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക്‌ സ്വാധീനമുള്ള യൂണിവേഴ്‌സിറ്റി കോളജ്‌, ആര്‍ട്ട്‌സ്‌ കോളജ്‌, സംസ്‌കൃത കോളജ്‌ എന്നിവ പോലീസ്‌ നിയന്ത്രണത്തിലാക്കിയിരിക്കുന്നു. പോലീസിന്‌ സമരക്കാരെ നേരിടുന്നതിനുള്ള സൗകര്യങ്ങള്‍ക്കും സന്നാഹമൊരുക്കുന്നതിനും വേണ്ടിയാണിത്‌ എന്ന്‌ പറയുന്നുണ്ടെങ്കിലും സമരത്തിനെത്തുന്നവര്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ക്യംപസുകള്‍ പോലും ഉപയോഗിക്കരുത്‌ എന്ന ലക്ഷ്യത്തോടെയാണ്‌ കോളജുകള്‍ പോലീസ്‌ നിയന്ത്രണത്തിലാക്കിയത്‌. തിരുവനന്തപുരത്ത്‌ തിങ്കളാഴ്‌ച മുതല്‍ സെക്രട്ടറിയേറ്റിനു സമീപത്തെ ഹോട്ടലുകള്‍ മിക്കവയും തുറക്കാതിരിക്കാനും പോലീസിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടെന്ന്‌ പറയപ്പെടുന്നു. സമരത്തിനെത്തുന്നവര്‍ ഒരു കാരണവശാലം തിരുവനന്തപുരം ജില്ലയില്‍ കടക്കാതിരിക്കാന്‍ മുന്‍കൂട്ടി അവരെ തടയുക. തിങ്കളാഴ്‌ച മുതല്‍ തിരുവനന്തപുരത്തേക്ക്‌ കടക്കുന്ന റോഡുകള്‍ പോലീസ്‌ നിരീക്ഷണത്തില്‍ വെച്ച്‌ സമരക്കാരെ ജില്ലയിലേക്ക്‌ കടക്കാതെ തിരിച്ചയക്കുക. പിന്നെയും തിരുവനന്തപുരത്തത്‌ എത്തിച്ചേരുന്ന സമരക്കാര്‍ക്ക്‌ പ്രാഥമിക ആവിശ്യങ്ങളും ഭക്ഷണവും പോലും മുടക്കി അവരെ സമരത്തില്‍ നിന്നും പുറത്താക്കുക എന്ന തരത്തിലുള്ള ഒരു ഫാസിസ്റ്റ്‌ തന്ത്രമാണ്‌ ഇപ്പോള്‍ തിരുവനന്തപുരത്ത്‌ പോലീസിന്റെ നേതൃത്വത്തില്‍ നടക്കുന്നത്‌. ഇതിനെ അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന്‌ തന്നെ വിളിക്കാവുന്നതാണ്‌. ഇത്തരത്തില്‍ സന്നാഹങ്ങളൊരുക്കി ഇടതുപക്ഷം വലിയൊരു സമരം നടത്താന്‍ പോകുന്നു എന്ന ധ്വനി ജനങ്ങള്‍ക്ക്‌ നല്‍കിയതാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്‌ത ആദ്യത്തെ തെറ്റ്‌. ഇവിടെ സമരം തുടങ്ങും മുമ്പേ വിജയിക്കുക തന്നെയാണ്‌.

ഈ സമരത്തിന്‌ വരുന്നവരുടെ കൈയ്യില്‍ എന്തായാലും മാരകായുധങ്ങള്‍ ഒന്നുമുണ്ടാകാന്‍ പോകുന്നില്ല. അത്തരമൊരു സമരത്തിന്‌ ഇടതുപക്ഷം തുനിഞ്ഞാല്‍ ജനം തന്നെ അവരെ കൈകാര്യം ചെയ്യും. എന്നാലിവിടെ കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞത്‌ പോലെ നിരോധിത സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ നേരിടുന്നത്‌ പോലെയാണ്‌ എല്‍.ഡി.എഫ്‌ സമരത്തെ സര്‍ക്കാര്‍ നേരിടാന്‍ ശ്രമിക്കുന്നത്‌. ഇത്‌ ജനാധിപത്യവിരുദ്ധം തന്നെ എന്ന്‌ ജനങ്ങള്‍ക്ക്‌ തോന്നിയാല്‍ അത്‌ സ്വാഭാവികം മാത്രം.

ഇപ്പോള്‍ തിരുവനന്തപുരത്ത്‌ നടക്കുന്ന സമരപ്രതിരോധ തന്ത്രങ്ങള്‍ക്ക്‌ സമാനമായ ഒരു പോലീസ്‌ നടപടി സമീപകാലത്ത്‌ നടന്നത്‌ തമിഴ്‌നാട്ടിലെ കൂടംകുളത്താണ്‌. കൂടംകുളം ആണവ നിലയത്തിനെതിരെയുള്ള സമരത്തെ അടിച്ചമര്‍ത്താന്‍ ജയലളിതാ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന്‌ സ്വീകരിച്ചത്‌ ഇതേ വഴിയാണ്‌. സമരക്കാര്‍ കൂടംകുളത്തേക്ക്‌ വരുന്നത്‌ തടയാന്‍ റോഡുകള്‍ ബ്ലോക്ക്‌ ചെയ്യുക, അവര്‍ക്ക്‌ ഭക്ഷണം എത്തിക്കുന്നത്‌ തടയുക, അവരുടെ താമസ സൗകര്യങ്ങള്‍ മരവിപ്പിക്കുക തുടങ്ങി ക്രൂരമായ സമര്‍ദ്ദങ്ങള്‍ പ്രയോഗിച്ച്‌ സമരത്തെ നേരിടുക. ഇവിടെ സമരം ചെയ്യുന്നവരും ഇതേ രാജ്യത്തെ പൗരന്‍മാരാണെന്നും, അവര്‍ക്കും അവകാശങ്ങളുണ്ടെന്നും അവരുടെ ഭാഗത്ത്‌ നിന്നു നോക്കുമ്പോള്‍ ന്യായമായ കാര്യങ്ങള്‍ക്കാണ്‌ സമരമെന്നുമുള്ള പ്രതിപക്ഷ മര്യാദ കാണിക്കാന്‍ ഭരണകൂടം മറന്നു പോയി. കരയിലെ എല്ലാവിധ മാര്‍ഗങ്ങളും ഭരണകൂടം അടച്ചപ്പോള്‍ കൂടംകുളത്തെ സമരക്കാര്‍ കടലില്‍കൂടി ബോട്ട്‌മാര്‍ഗം എത്തിയാണ്‌ സമരം നടത്തിയത്‌. അതിനു ശേഷമാണ്‌ അവിടെ വെടിവെപ്പില്‍ ഒരു മത്സ്യതൊഴിലാളി മരിച്ചത്‌. ഏതാണ്ട്‌ ഇതേ നിലയിലേക്കാണ്‌ യുഡിഎഫ്‌ ഗവണ്‍മെന്റിന്റെ അങ്കലാപ്പും മണ്ടത്തരങ്ങളും തിരുവനന്തപുരത്തെയും എത്തിക്കാന്‍ പോകുന്നത്‌.

കേരളത്തില്‍ കൊട്ടിഘോഷിക്കപ്പെട്ട സുതാര്യഭരണം അല്‌പം പോലും സുതാര്യമായിരുന്നില്ലെന്ന്‌ ഇന്ന്‌ ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു. നാളുകള്‍ പോകുന്തോറും യുഡിഎഫ്‌ ഗവണ്‍മെന്റ്‌ ക്ഷീണിച്ചു വരുകയാണ്‌. ഘടകക്ഷികളുമായുള്ള തര്‍ക്കവും ആഭ്യന്തര പ്രശ്‌നങ്ങളും കോണ്‍ഗ്രസിനെ തകര്‍ത്തിരിക്കുന്നു. അവസാനം സലിംരാജിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നേരിട്ട്‌ ഇടപെടുന്നു എന്നു കൂടി വന്നപ്പോള്‍ സോളാര്‍ കേസിലെ അന്വേഷണം അട്ടിമറിക്കുക തന്നെയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌ എന്ന്‌ പകല്‍ പോലെ വ്യക്തം. ഇവിടെ ഉമ്മന്‍ചാണ്ടിയും കൂട്ടരും സമരത്തെ ഭയക്കുന്നതില്‍ അസ്വഭാവികത ഒന്നുമില്ല. സമരം കടുത്താല്‍ രാജിയല്ലാതെ മറ്റൊരു മാര്‍ഗമില്ല എന്ന്‌ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കുമറിയാം. പക്ഷെ സമരത്തെ തടയാനെന്ന പേരില്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്നത്‌ ശുദ്ധ അസംബന്ധം കൂടിയാണ്‌. ഇതേ നടപടികള്‍ തുടരാനാണ്‌ സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍, സ്വയം പ്രതിപക്ഷ സമരത്തെ വിജയിപ്പിച്ച്‌ രാജിവെച്ചു പോകുക എന്ന വിധിയാവും ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ കാത്തിരിക്കുന്നത്‌.
Join WhatsApp News
Peter Neendoor 2013-08-09 21:10:46
Some facts....well done.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക