Image

ഉമ്മന്‍ചാണ്ടിയുടെ പതനം

ജയമോഹനന്‍ എം Published on 10 August, 2013
ഉമ്മന്‍ചാണ്ടിയുടെ പതനം
മുമ്പില്‍ ഓടുന്നയാള്‍ വീണുപോയാല്‍ ഒപ്പം ഓടുന്നവര്‍ അയാളെ ഒന്ന്‌ പിടിച്ച്‌ എഴുനേല്‍പ്പിക്കുക പോലും ചെയ്യാതെ അയാളുടെ പുറത്ത്‌ ചവുട്ടി ഓടിപ്പോകുമോ?. ചോദ്യം ശ്രീമാന്‍ ഉമ്മന്‍ചാണ്ടിയോടാണെങ്കില്‍ അക്ഷരംപ്രതി ശരിയെന്നാവും മറുപടി. പതിറ്റാണ്ടുകളായി കേരള രാഷ്‌ട്രീയത്തിലെ തിളങ്ങുന്ന ഇമേജായിരുന്ന ഉമ്മന്‍ചാണ്ടി ഇടറിവീണിരിക്കുന്നു ഇപ്പോള്‍. ഒപ്പമുണ്ടായിരുന്നു എന്ന്‌ കരുതിയവരൊക്കെ ഉമ്മന്‍ചാണ്ടിയെ ചവുട്ടിത്തള്ളുകയുമാണ്‌. ചിരിച്ചു തോളില്‍ കൈയ്യിട്ടിരുന്നവരൊക്കെ ഉമ്മന്‍ചാണ്ടിയുടെ പതനം ഇത്രമേല്‍ ആഗ്രഹിച്ചിരുന്നോ എന്നത്‌ മറ്റൊരു ചോദ്യം. പക്ഷെ ഒന്നുണ്ട്‌ കേരള രാഷ്‌ട്രീയത്തില്‍ കെ.കരുണാകരന്‌ സംഭവിച്ചതിനേക്കാള്‍ ദയനീയമായ പതനത്തിലേക്കാണ്‌ ഉമ്മന്‍ചാണ്ടി പോകുന്നത്‌.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തെ നെഞ്ചുവിരിച്ചു നിന്ന്‌ തടയുകയും കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തിന്റെ നെടുംതൂണായി നില്‍ക്കുകയും ചെയ്‌ത കെ.കരുണാകരന്‌ അവസാനം കോണ്‍ഗ്രസ്‌ ഉപേക്ഷിച്ച്‌ ഇടതുപാളയത്തില്‍ ഭീക്ഷ ചോദിച്ച്‌ പോകേണ്ടി വന്നതും അവിടെ ഗതികിട്ടാതെ തിരിച്ചു മടങ്ങേണ്ടി വന്നതും സര്‍വ്വ പ്രതാപങ്ങളും നഷ്‌ടപ്പെട്ട്‌ തഴയപ്പെട്ടതുമെല്ലാം ചരിത്രം സാക്ഷിയാണ്‌. അതിലും ദയനീയമായ ഒരു പതനമാണോ ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത്‌ എന്ന്‌ അധികം താമസിയാതെ അറിയാന്‍ കഴിയും. എല്ലാവരും പറയുന്നത്‌ പോലെ ഇല്ലാത്ത ചാരക്കേസ്‌ ഉണ്ടാക്കി കെ.കരുണാകരനെ താഴെയിറക്കിയ അവിശുദ്ധ നാടകത്തിന്‌ തിരക്കഥയെഴുതിയവര്‍ ഇന്ന്‌ പശ്ചാത്തപിക്കുന്നുണ്ടവണം.

ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യം നോക്കുമ്പോള്‍ യുഡിഎഫ്‌ ഏതാണ്ട്‌ പാടെ തകര്‍ന്നിരിക്കുന്ന്‌ കുറുമുന്നണി രൂപപ്പെടുന്ന അവസ്ഥയിലേക്ക്‌ എത്തിയിരിക്കുന്നു. ഐക്യമുന്നണി തകര്‍ന്നു എന്ന്‌ പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്ക്‌ മുന്നണിയിലുള്ള നിയന്ത്രണം നഷ്‌ടമായി എന്നാണ്‌. ഐക്യമുന്നണിയെ ഒരുമിപ്പിച്ചു നിര്‍ത്തി സകല ജാതിരാഷ്‌ട്രീയ സമവാക്യവും കൂട്ടിക്കെട്ടി ഈ കറക്കുകമ്പിനിയെ ഇത്രകാലും കൊണ്ടു നടന്നത്‌ ഉമ്മന്‍ചാണ്ടിയുടെ മിടുക്കായിരുന്നു. ആ മിടുക്ക്‌ അവസാനിച്ചിരിക്കുന്നു.

കോണ്‍ഗ്രസ്‌ മുഖപത്രം വിലയിരുത്തിയത്‌ പോലെ പഴയൊരു അഞ്ചാം മന്ത്രിവിവാദത്തില്‍ തുടങ്ങിയതാണ്‌ സര്‍ക്കാരിന്റെ ഈ ശനിദശ. മുസ്ലിം ലീഗിന്‌ ഉമ്മന്‍ചാണ്ടിയുടെ ആശിര്‍വാദത്തോടെ അഞ്ചാം മന്ത്രിയെ നല്‍കിയപ്പോള്‍ രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസ്ഥാനത്തിന്റെ പേരില്‍ എന്‍.എസ്‌.എസ്‌ ഉടക്കിപ്പിരിഞ്ഞു. എന്‍.എസ്‌.എസിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ വെള്ളപ്പള്ളിയും സര്‍ക്കാരിന്‌ എതിരായി. ഐയും എയുമായി നിന്ന കോണ്‍ഗ്രസ്‌ ഗ്രൂപ്പുകള്‍ ഇപ്പോള്‍ രണ്ടു പാര്‍ട്ടികളെന്ന പോലെയായിരിക്കുന്നു. രമേശ്‌ ചെന്നിത്തലയും എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയുടെ പതനം കാണാന്‍ കാത്തുനില്‍ക്കുന്നു. മകന്‌ മന്ത്രിസ്ഥാനം വീണ്ടും നിഷേധിച്ചതിനാല്‍ കെ.എം മാണിയും മുഖ്യമന്ത്രിയെ കൈവിടുന്നു. ഒരുകാലത്ത്‌ വിശ്വസ്‌തനായി നിന്നിരുന്ന പി.സി ജോര്‍ജ്ജ്‌ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി മുറവിളികൂട്ടുന്നു. എപ്പോഴും ഒപ്പമുണ്ടായിരുന്ന മുസ്ലീം ലീഗ്‌ മുന്നണി ഉപേക്ഷിച്ചു കളയുമെന്ന ഭീഷണിയില്‍ വരെയാണ്‌. ഏറ്റവും ഒടുവിലായി യുഡിഎഫിലെ ചെറുകക്ഷികള്‍ ഐക്യമുന്നണിക്കുള്ളില്‍ കൂറുമുന്നണിയുണ്ടാക്കി ഉമ്മന്‍ചാണ്ടിക്കെതിരെ നീങ്ങുന്നു. ഫലത്തില്‍ യുഡിഎഫ്‌ ഒരു തകര്‍ന്ന ചീട്ടുകൊട്ടാരമായിരിക്കുന്നു എന്ന്‌ ചുരുക്കം. എല്ലാത്തിനും മുകളില്‍ സോളാര്‍ കേസിന്റെ വിവാദങ്ങളും.

യുഡിഎഫിന്റെ തകര്‍ച്ചക്കും ഉമ്മന്‍ചാണ്ടിയുടെ നിസഹായ അവസ്ഥക്കും ആക്കം കൂട്ടുന്നതാണ്‌ പി.സി ജോര്‍ജ്ജിന്റെ പുതിയ ആവിശ്യങ്ങള്‍. കെ.എം മാണി പരസ്യമായി പിസി ജോര്‍ജ്ജിനെ അനുകൂലിക്കുന്നില്ലെങ്കിലും ജോര്‍ജ്ജിനെ തള്ളിപ്പറയുന്നുമില്ല. പ്രതിപക്ഷ സമരത്തെ നേരിടാന്‍ സൈന്യത്തെ വിളിച്ചതു മുതല്‍ പി.സി ജോര്‍ജ്ജ്‌ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുന്നു. ഒപ്പം ഹൈക്കമാന്റുമായി ആലോചിക്കാതെ കെ.എം മാണിയെ ഡല്‍ഹിയിലേക്ക്‌ വിളിപ്പിച്ച്‌ അപമാനിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചു എന്ന ആരോപണവും ഇപ്പോള്‍ ജോര്‍ജ്ജിനുണ്ട്‌. മുമ്പ്‌ ഉമ്മന്‍ചാണ്ടിക്കൊപ്പം എന്ന്‌ തോന്നിപ്പിച്ചുകൊണ്ട്‌ ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫ്‌ അംഗങ്ങളെ ലക്ഷ്യം വെച്ചിരുന്ന പി.സി ജോര്‍ജ്ജ്‌ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെ തന്നെ ലക്ഷ്യം വെച്ചിരിക്കുന്നു. ഇതിനൊപ്പം കെ.ബാലകൃഷ്‌ണപിള്ളയും കേരളാ കോണ്‍ഗ്രസ്‌ ജേക്കബ്ബ്‌ വിഭാഗവുമെല്ലാം കൂറു മുന്നണിയും പ്രഖ്യാപിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി പാളയത്തില്‍ നിന്നു തന്നെ സമര്‍ദ്ദം ഏറുകയാണ്‌.

ഇവിടെ ഏവരുടെയും നോട്ടം രമേശ്‌ ചെന്നിത്തലയിലേക്ക്‌ തന്നെ. മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷ സമരം ശക്തമാകുകയും യുഡിഎഫ്‌ തന്നെ ശിഥിലപ്പെടുകയും ചെയ്യുന്ന സാഹചര്യം വന്നാല്‍ മുഖ്യമന്ത്രിയെ മാറ്റിക്കൊണ്ടുള്ള പുനസംഘടന എന്നതാവും പിന്നെയുള്ള ഒരേയൊരു പോംവഴി. ഹൈക്കമാന്‍ഡിനു മുമ്പില്‍ ഇതല്ലാതെ മറ്റൊരു ഫോര്‍മുലയുമില്ല. ഹൈക്കമാന്‍ഡ്‌ ഈ തീരുമാനത്തിലേക്ക്‌ എത്തണമെന്ന്‌ ആവിശ്യപ്പെട്ടുകൊണ്ട്‌ പി.സി ജോര്‍ജ്ജ്‌ ഒരുമുഴം മുമ്പേ എറിയുകയും ചെയ്‌തിരിക്കുന്നു. അതായത്‌ വരാന്‍ പോകുന്ന സംഭവ വികാസങ്ങള്‍ക്ക്‌ ഉമ്മന്‍ചാണ്ടി അറിയാത്ത ഒരു തിരക്കഥ നേരത്തെ തയാറാക്കപ്പെട്ടിരിക്കുന്നു. ഉമ്മന്‍ചാണ്ടി രാജിവെച്ചാല്‍ പിന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ രമേശ്‌ അല്ലാതെ മറ്റൊരു നേതാവ്‌ ഇല്ല തന്നെ. ഹൈക്കമാന്‍ഡിനും ഇതു തന്നെയാവും താത്‌പര്യം. ഉമ്മന്‍ചാണ്ടിയോട്‌ അത്രയെന്നും മമതയില്ലാത്ത ആന്റണി ഇന്ന്‌ ഹൈക്കമാന്‍ഡില്‍ സര്‍വ്വ പ്രതാപത്തോടെയും ഇരിക്കുമ്പോള്‍ മറിച്ചൊരു തീരുമാനത്തിന്‌ സാധ്യതയില്ല.

മുഖ്യമന്ത്രി സ്ഥാനം കൈവിട്ടാല്‍ പിന്നെ കേരള രാഷ്‌ട്രീയത്തിലും കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിലും ഉമ്മന്‍ചാണ്ടിയുടെ രാഷ്‌ട്രീയ ജീവിതം ഒന്നുമല്ലാതെയാകുന്നതാവും കാണേണ്ടി വരുക. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന്‌ തത്‌കാലത്തേക്ക്‌ മാറിനില്‍ക്കാം എന്ന്‌ ഉമ്മന്‍ചാണ്ടി തീരുമാനിച്ചാല്‍പ്പോലും ഉമ്മന്‍ചാണ്ടിയുടെ ചുറ്റുമായി സലിംരാജിലൂടെയും മറ്റും മുറുകുന്ന കുരുക്കുകള്‍ കൂടുതല്‍ ശക്തിപ്രാപിക്കും. നിഷ്‌പക്ഷമായി സോളാര്‍ കേസ്‌ അന്വേഷണം മുമ്പോട്ടു പോയാല്‍ അത്‌ ഉമ്മന്‍ചാണ്ടിക്ക്‌ പിടിച്ചു നില്‍ക്കാന്‍ കഴിയാതെവരും എന്നതും തീര്‍ച്ച. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിസ്ഥാനം വിടുന്നത്‌ ഉമ്മന്‍ചാണ്ടിയുടെ രാഷ്‌ട്രീയ അന്ത്യം തന്നെയാവും. കാരണം സോളാര്‍ കേസിലെ അണിയറ രഹസ്യങ്ങള്‍ അത്രത്തോളം പ്രബലവും ഭരണനേതൃത്വത്തെ ഭയപ്പെടുത്തുന്നതുമാണ്‌.

പ്രതിപക്ഷ സമരത്തെ സര്‍ക്കാര്‍ അഥവാ ഉമ്മന്‍ചാണ്ടി ഭയക്കുന്നതും ഇതേ കാരണങ്ങള്‍ കൊണ്ടു തന്നെ. ഇപ്പോള്‍ കൈവിട്ടാല്‍ എല്ലാം എന്നേക്കുമായി കൈവിട്ടു പോകും എന്നത്‌ ഉമ്മന്‍ചാണ്ടി വ്യക്തമായി അറിയുന്നുണ്ട്‌. അതിന്റെ ഭീതിയില്‍ നിന്നുമുണ്ടാകുന്ന അങ്കലാപ്പിലാണ്‌ ഈ സൈനീക സന്നാഹങ്ങള്‍.

എന്തായാലും കേരളത്തിന്റെ തലസ്ഥാനത്ത്‌ തെരുവുയുദ്ധം നടക്കാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. ഒരുലക്ഷം പേര്‍ സെക്രട്ടറിയേറ്റ്‌ പിടിച്ചെടുക്കാന്‍ വരുന്നുവെന്നും ബാബറി മസ്‌ജിദ്‌ സംഭവത്തിന്‌ തുല്യമായ എന്തോ നടക്കാന്‍ പോകുന്നുവെന്നുമൊക്കെ മണ്ടത്തരങ്ങള്‍ എഴുന്നെള്ളിച്ച്‌ ഇടതുപക്ഷ സമരത്തെ സര്‍ക്കാര്‍ തന്നെ ശക്തിയാക്കിക്കൊടുത്തു. തിങ്കളാഴ്‌ച ഇടതുപക്ഷത്തിന്‌ നേരെ പോലീസ്‌ അതിക്രമം ഉണ്ടായാല്‍ പിന്നെ കേരളമൊട്ടാകെ സമരം വ്യാപിക്കും എന്നുറപ്പ്‌. ഒരു നാല്‌പത്തിയെട്ട്‌ മണിക്കൂര്‍ ഹര്‍ത്താലിലേക്കു പോലും സ്ഥിതിഗതികള്‍ പോയേക്കാമെന്ന്‌ സിപിഎം ജില്ലാ കമ്മറ്റികള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. അങ്ങനെയെങ്കില്‍ സമരം കൊണ്ടും പോലീസ്‌ നിയന്ത്രണങ്ങള്‍ കൊണ്ടും സാധാരണ ജനജീവിതം ദുരിതമാകുന്ന ചില ദിവസങ്ങളാകും വരാന്‍ പോകുന്നത്‌. അതിന്റെ ജനരോഷം തീര്‍ച്ചയായും ഇടതുപക്ഷത്തിന്‌ പേറേണ്ടി വരില്ല. മറിച്ച്‌ കസേര നിലനിര്‍ത്താനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമങ്ങളുടെ തിക്തഫലം എന്നുമാത്രമേ സാമാന്യ ജനം കരുതു. അങ്ങനെയെങ്കില്‍ അടുത്ത ലോക്‌സഭാ ഇലക്ഷന്‍ വരെയൊന്നും മന്ത്രിസഭാ പുനസംഘടനക്ക്‌ സമയമെടുക്കില്ല തന്നെ. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളല്‍ തന്നെ അറിയാം ആരാവും അടുത്ത മുഖ്യമന്ത്രിയെന്ന്‌.
ഉമ്മന്‍ചാണ്ടിയുടെ പതനം
Join WhatsApp News
Surendran Nair, Yonkers. 2013-08-11 11:21:53
ഇതെന്തൊരു ന്യായം? ഇങ്ങനെ ഒരു വശം മാത്രം എഴുതി വിടാതെ! മുന്നണിയിലെ പ്രശ്നങ്ങൾ അഞ്ചാം മന്ത്രിയിൽ നിന്നും മാത്രമല്ല തുടങ്ങിയത്. നെല്ലിയാമ്പതിയിൽ പി. സി. ജോർജിൻറെ സ്വന്തം അച്ചായന്മാർ മൂവായിരത്തോളം ഏക്കെർ വനഭൂമി കയ്യേറിയപ്പോൾ ഗണേഷ്‌കുമാർ അവരെ ചവുട്ടി പുരത്താക്കിയപ്പോഴാണ് അദ്ദേഹം ശത്രുവായി മാറിയത്. ഉമ്മൻ ചാണ്ടി അതിനു കൂട്ട് നിന്നിരുന്നെങ്കിൽ ഈ അനുഭവം നേരിടേണ്ടി വരില്ലായിരുന്നു! വിമർശിക്കുന്നവരാരും എന്താ ഈ കാര്യം മനസ്സിലാക്കാതെ പോകുന്നത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക