Image

കോഴിക്കോട് വിമാനത്താവള സ്ഥലമെടുപ്പ് വേഗത്തിലാക്കും: മന്ത്രി കെ. ബാബു

Published on 08 October, 2011
കോഴിക്കോട് വിമാനത്താവള സ്ഥലമെടുപ്പ് വേഗത്തിലാക്കും: മന്ത്രി കെ. ബാബു
കോഴിക്കോട്: കോഴിക്കോട് വിമാനത്താവള റണ്‍വേ വികസനത്തിന്റെ സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ നിയമസഭാസമ്മേളനം കഴിഞ്ഞാലുടന്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് തുറമുഖ എകൈ്‌സസ് മന്ത്രി കെ. ബാബു പറഞ്ഞു.

എം.പി. മാരെയും മലപ്പുറം ജില്ലയിലെ എം.എല്‍.എ. മാരെയും യോഗത്തില്‍ പങ്കെടുപ്പിക്കും. കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന വിമാനത്താവളങ്ങളുടെ വികസനം സംബന്ധിച്ച യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

117 ഏക്കര്‍ ഭൂമിയാണ് റണ്‍വേ വികസനത്തിനായി ഏറ്റെടുക്കുന്നത്. മൂന്നുമാസത്തിനകം ഭൂമി ഏറ്റെടുത്തു നല്‍കുമെന്നായിരുന്നു നേരത്തേ ഉറപ്പ് നല്‍കിയിരുന്നതെങ്കിലും അത് നടന്നില്ല. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസന കാര്യത്തില്‍ ഇനി വീഴ്ച വരില്ല. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മന്ത്രി പറഞ്ഞു.

പരിസ്ഥിതി ആഘാത പഠനം നടത്തുകയോ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യാതെയാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഭൂമി ഏറ്റെടുത്തത്. ഇപ്പോഴാണ് പരിസ്ഥിതി ആഘാത പഠനം നടക്കുന്നത്. പദ്ധതി റിപ്പോര്‍ട്ടും പഠന റിപ്പോര്‍ട്ടും നവംബറില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. 2014ല്‍ വിമാനത്താവളം തുറന്നുകൊടുക്കും. ഇതിന്റെ മുന്നോടിയായി 2012ല്‍ റണ്‍വേയുടെ നിര്‍മാണ പ്രവൃത്തിയും തുടങ്ങും. 782 ഏക്കര്‍ ഭൂമി കൂടെ കിന്‍ഫ്ര ഏറ്റെടുത്ത് ഉടന്‍ കിയാലിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.

കൊയിലാണ്ടി ഫിഷ് ലാന്‍ഡിങ് സെന്ററിന്റെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കും. ചോമ്പാല്‍ മത്സ്യ ബന്ധന തുറമുഖത്തിന്റെ വികസനത്തിന് 3.36 കോടി രൂപയുടെ പദ്ധതിക്ക് ഈ മാസം തന്നെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

എം.കെ. രാഘവന്‍ എം.പി., ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, പി.കെ. അഹമ്മദ്, ജെ.എ. മജീദ്, പി. സക്കീര്‍, എം.പി. എം. മുബാഷിര്‍, പി. സുന്ദര്‍ എന്നിവര്‍ സംസാരിച്ചു. മലബാര്‍ ചേംബര്‍ പ്രസിഡന്റ് അഡ്വ. പി.ജി. അനൂപ്നാരായണന്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ഗംഗാധരന്‍ സ്വാഗതവും മലബാര്‍ ചേംബര്‍ വൈസ് പ്രസിഡന്റ് എം. ഖാലിദ് നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക