Image

പുലി വന്നു.. വന്ന പോലെ കയ്യും വീശി കണ്ണൂരേക്കു വണ്ടി കയറി (പൊളിട്രിക്‌സ്‌/ജോര്‍ജ്‌ തുമ്പയില്‍)

Published on 13 August, 2013
പുലി വന്നു.. വന്ന പോലെ കയ്യും വീശി കണ്ണൂരേക്കു വണ്ടി കയറി (പൊളിട്രിക്‌സ്‌/ജോര്‍ജ്‌ തുമ്പയില്‍)
ഒരാഴ്‌ച കഴിഞ്ഞേ നാട്ടിലേക്ക്‌ മടങ്ങൂ എന്നു പറഞ്ഞ്‌ കണ്ണൂരു നിന്നു ട്രെയ്‌ന്‍ കയറിയ സഖാക്കള്‍ ഇത്ര പെട്ടെന്നു മടങ്ങേണ്ടി വരുമെന്നു സ്വപ്‌നത്തില്‍ കരുതിയില്ല. ശംഖുമുഖവും മ്യൂസിയവും പാളയം പള്ളിയും എന്തിന്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പോലും ശരിക്കൊന്ന്‌ കാണാന്‍ കഴിഞ്ഞില്ല. അതിനു മുന്‍പേ സമരം തീര്‍ന്നു. കോടീശ്വരന്‍ പരിപാടിയില്‍ സുരേഷ്‌ഗോപി പറഞ്ഞതു പോലെ, ദാ പോയ്‌, ദാ വന്നു എന്ന നിലയിലായി പോയി കാര്യങ്ങള്‍. പണി പാളിയെന്ന്‌ എതിരാളികള്‍ പറയുന്നതു കേട്ട്‌ ഓടി രക്ഷപ്പെടുകയായിരുന്നു പ്രതിപക്ഷമെന്ന്‌ സെക്രട്ടേറിയറ്റിനു ചുറ്റുമുള്ള കാഴ്‌ചകള്‍ ടിവിയില്‍ കണ്ടപ്പോള്‍ മനസ്സിലായി. ആളൊഴിഞ്ഞ പൂരപ്പറമ്പ്‌ പോലെയായി അവിടം. ആര്‍ക്കും കഞ്ഞിയും പയറും വേണ്ട, തലസ്ഥാനം വിട്ടാല്‍ രണ്ടെണ്ണം വീശാമെന്നായിരുന്നു പലരുടെയും ചിന്ത. (ഇവിടെ മദ്യനിരോധനം പ്രഖ്യാപിച്ചതിന്‌ സര്‍ക്കാര്‍ ഇനി കോടതിയില്‍ മറുപടി പറയേണ്ടി വരും. അതു വേറൊരു സംഗതി ! )

സമരമുഖത്തു നിന്ന ആര്‍ക്കുമൊന്നും മനസ്സിലായില്ല. പ്രത്യേകിച്ച്‌ സമരനായകന്മാരായി പ്രൊമോഷന്‍ കിട്ടിയ കോടിയേരി ബാലകൃഷ്‌ണനും തോമസ്‌ ഐസക്കിനും. രണ്ടു പേരും, ഉമ്മന്‍ ചാണ്ടി രാജി വച്ചേ ഞങ്ങള്‍ അടങ്ങൂ എന്നു പ്രസംഗിക്കുമ്പോഴേയ്‌ക്കും അണികള്‍ പിന്നില്‍ നിന്നു മുണ്ടുമടക്കി കുത്തി എണ്ണീറ്റിരുന്നു. നേതാക്കള്‍ അറിയും മുന്‍പേ, അണികളറിഞ്ഞു. വിപ്ലവത്തിന്‌ പഴയ ഡിമാന്റില്ല.

സെക്രട്ടേറിയറ്റ്‌ സമരത്തിന്റെ ഇടനിലക്കാരനായി മാറി, യുഡിഎഫിന്റെ ന്യൂജനറേഷന്‍ ഹീറോയായി മാറിയ ഒരാള്‍ ഇതെല്ലാം കണ്ട്‌ ചിരിക്കുന്നുണ്ടായിരുന്നു. മാണി സാറിന്‌ നടത്താന്‍ പറ്റാഞ്ഞത്‌ കുഞ്ഞാലിക്കുട്ടിക്കു പറ്റി. ഇനി കോണ്‍ഗ്രസിനോട്‌ എണ്ണിയെണ്ണി ചോദിക്കാം. സെക്രട്ടേറിയറ്റ്‌ സമരം എന്നു കേട്ടപ്പോഴേ രമേശ്‌ ചെന്നിത്തല മുങ്ങിയെന്നു പറഞ്ഞവരും സമ്മതിക്കും, ഇദാണ്‌ മോനെ കളി, പാല്‍പായസത്തില്‍ പണി കൊടുത്ത കളി ! കുഞ്ഞാലിക്കുട്ടിയുടെ രഹസ്യചര്‍ച്ചയുടെ ഇമ്മീഡിയറ്റ്‌ ഇഫക്ടില്‍ ഉമ്മന്‍ചാണ്ടി പോലും ഒന്നും തുമ്മിപ്പോയി. അപ്പോള്‍ പിന്നെ, ഇനി ആറാം മന്ത്രിയെന്നല്ല, ഉപമുഖമന്ത്രി സ്ഥാനം പോലും ചോദിച്ചാല്‍ കൊടുക്കാതിരിക്കാനാവില്ല. ഭരണമുണ്ടെങ്കില്‍ അല്ലേ ഇതു രണ്ടുമുള്ളു എന്ന്‌ ഉമ്മന്‍ചാണ്ടിക്കും ശരിക്കും വ്യക്തമായി. വ്യക്തമാക്കി കൊടുത്തു, എല്‍ഡിഎഫ്‌. അതിനു വേണ്ടി പത്തു കോടി ചെലവഴിച്ചാലെന്താ... പലിശയും പലിശയ്‌ക്കു പലിശയും ചേര്‍ത്ത്‌ എല്ലാം കിട്ടില്ലേ...

സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജും കെ. മുരളീധരനും പറഞ്ഞ ന്യായങ്ങളൊന്നും പിണറായി വിജയന്‍ പോലും ഏറ്റുപിടിച്ചില്ല. അതായിരുന്നു സെക്രട്ടേറിയറ്റ്‌ സമരം. കഞ്ഞിയും പയറും തിന്നു കിടക്കാന്‍ ആര്‍ക്കായിരുന്നു താത്‌പര്യം. ഇതെല്ലാം എത്രയും പെട്ടെന്നു തീര്‍ക്കാനായിരുന്നു എല്‍ഡിഎഫിനു താത്‌പര്യം. പത്തുമിനിറ്റ്‌ കൊണ്ട്‌ അവസാനിച്ച എല്‍ഡിഎഫില്‍ ഘടകക്ഷികള്‍ക്കൊന്നും മുരടനക്കാന്‍ പോലുമുള്ള സമയം കിട്ടിയില്ലെന്നാണ്‌ കേള്‍ക്കുന്നത്‌. അതിനു മുന്‍പേ സിപിഎം പായ്‌ക്കപ്പ്‌ പറഞ്ഞു. ഇനി നാട്ടുകാരുടെ മുഖത്ത്‌ എങ്ങനെ നോക്കുമെന്ന സാധാരണ സഖാക്കളുടെ ചോദ്യത്തിനു ഒരേ ഒരു മറുപടി ഇങ്ങനെയാണ്‌. പൊളിറ്റിക്‌സ്‌ ഇങ്ങനെയാണ്‌, അതാതു സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അപ്പനെ വരെ തള്ളി പറയേണ്ടി വരും.. അതു ലാവ്‌ലിന്‍ കേസായാലും ടിപി വധമായാലും എന്തിന്‌ സോളാര്‍ കേസായാലും അങ്ങനെ തന്നെ.

ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കും വരെ സമരം നടത്തുമെന്ന്‌ പ്രഖ്യാപിച്ചാണ്‌ ഇടതുമുന്നണി സെക്രട്ടേറിയേറ്റ്‌ ഉപരോധം ആരംഭിച്ചത്‌. എന്നാല്‍, പൂര്‍ണ്ണ ലക്ഷ്യം നേടാതെ ഇടതുമുന്നണിക്ക്‌ സമരത്തില്‍ നിന്നും പിന്മാറേണ്ടി വന്നതു ഒരു പ്രത്യേക പാക്കേജിന്റെ കാര്യത്തിലാണ്‌. അതു വെളിപ്പെടുത്താന്‍ വയ്യ !. ഭരണ മുന്നണിയിലെ പ്രമുഖനായ ഘടകകക്ഷി നേതാവ്‌ (അതു കുഞ്ഞാലിക്കുട്ടിയല്ലെങ്കില്‍ പിന്നെ ആര്‌? ) ഇടതുമുന്നണി നേതാക്കളുമായി നടത്തിയ ആശയ വിനിമയങ്ങള്‍ക്കൊടുവിലാണ്‌ സമരം തീര്‍ത്തത്‌.

ജുഡീഷ്യല്‍ അന്വേഷണം അംഗീകരിച്ച്‌ പ്രഖ്യാപനം നടത്താമെന്നും സമരം തുടരരുത്‌ എന്നുമായിരുന്നു നിര്‍ദ്ദേശം. സമരം തുടര്‍ന്നുപോവുകയും കൈവിട്ട്‌ പോവുകയും ചെയ്‌താല്‍ ഉണ്ടാകുന്ന തിരിച്ചടികളെക്കുറിച്ച്‌ ബോധ്യമുള്ള നേതൃത്വം ജുഡീഷ്യല്‍ അന്വേഷണത്തില്‍ തൃപ്‌തിപ്പെടാന്‍ തീരുമാനിച്ചു. സമരക്കാരുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന്‌ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി.

അതേസമയം ധാരണയെക്കുറിച്ച്‌ തുറന്നുപറയാന്‍ ഇരുമുന്നണികളും തയ്യാറാകണമെന്ന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പറയുമ്പോള്‍ പൂച്ചയ്‌ക്ക്‌ പൊന്നുരുക്കുന്നിടത്ത്‌ എന്തു കാര്യമെന്ന്‌ തമ്പനൂര്‍ വിടാന്‍ തയ്യാറെടുക്കുന്ന സഖാക്കന്മാര്‍ തന്നെ ചോദിക്കുന്നു. പക്ഷേ, അവര്‍ ഉത്തരം പറയേണ്ട ചില കാര്യങ്ങളുണ്ട്‌, 'മധ്യസ്ഥര്‍ മുഖേന ഉണ്ടാക്കിയ ഒത്തു തീര്‍പ്പു ഫോര്‍മുല എന്താണെന്ന്‌ മുന്നണി നേതാക്കള്‍ വ്യക്തമാക്കണം. അത്‌ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ കാര്യത്തില്‍ ഗവണ്‍മെന്റ്‌ മൃദുസമീപനം എടുക്കുമെന്നാണോ? ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കുമെന്നോ?' ഈ ചോദ്യം തങ്ങള്‍ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണെന്ന്‌ അവര്‍ പറയുമ്പോള്‍ ലെഫ്‌റ്റ്‌ റൈറ്റ്‌ എന്നു മാത്രമല്ലേ ശരാശരി മലയാളിക്കും ഇതൊക്കെ കണ്ട്‌ പറയാന്‍ പറ്റുന്നുള്ളു...
പുലി വന്നു.. വന്ന പോലെ കയ്യും വീശി കണ്ണൂരേക്കു വണ്ടി കയറി (പൊളിട്രിക്‌സ്‌/ജോര്‍ജ്‌ തുമ്പയില്‍)പുലി വന്നു.. വന്ന പോലെ കയ്യും വീശി കണ്ണൂരേക്കു വണ്ടി കയറി (പൊളിട്രിക്‌സ്‌/ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
Raju Thomas 2013-08-14 05:14:42
നടന്ന കാര്യം രസകരമായി പറഞ്ഞിരിക്കുന്നു, കലാപരമായി. എന്നാൽ, അവസാനത്തെ ന്യായങ്ങൾ ഇവിടെ എന്തിനു പറയുന്നു? ഇന്നലത്തെ ഇമലയാളി സ്പെഷലിലെപ്പോലെ--അതാണു ഞാൻ അതിനെപ്പറ്റി എഴുതിയത് 'ലാഫബിൽ ആർട്ടിക്കിൾ' എന്ന. ഒരു കാര്യം പറഞ്ഞുവരുമ്പോൾ എല്ലാംകൂടി പറയേണ്ടല്ലോ, പറയരുതല്ലൊ. ഇക്കാര്യമൊഴിച്ചാൽ, ശ്രീ തുംപയിലിന്റെ റിപ്പോർട്ട് കലക്കൻ. ഇനി പ്രതിപക്ഷം എന്ത്(u) ചെയ്യും? മറ്റുള്ളിടത്തെപ്പോലല്ല കേരളത്തിൽ കാര്യങ്ങൾ എന്ന്(ഉ) കരുതിയാലും...
Tom 2013-08-14 06:33:14
സമര സഖാക്കളുടെ ചിലവിനായി പിരിച്ചെടുത്ത പണം എന്ത് ചെയ്തു? പാവപെട്ട സഖാക്കളേ ആശകൊടുത്ത് പറ്റിച്ചു ...ദിവസവും വീട് ചിലവിനുള്ള കാശ്, പ്രഭാത ഭക്ഷണം , ഉച്ച ഭക്ഷണം , വെള്ളമടി, വികുന്നേരം സിനിമ, എന്തെല്ലാം സ്വപ്‌നങ്ങൾ ആയിരുന്നു....ഈ വിജയൻറെ ഒരു കാര്യം....
S. Kumpiluvely 2013-08-14 07:52:35
സഖാവ് പിണറായി നമ്മളെ ശരിക്കും നിരാശപെടുത്തി കളഞ്ഞു. എന്തൊക്കെയോ നടക്കും എന്നാ പ്രതീക്ഷയിൽ ഇരുന്ന നമ്മളെ വെറും .......??
പുതുപ്പള്ളിക്കാർക്കും പാമ്പടിക്കര്കും ഒക്കെ അനക്കം വച്ചുതുടങ്ങിയിട്ടുണ്ട്  (lol).. - Congrats to George Thumpayil
Mallu kumar 2013-08-14 08:08:03
ഒര്‍ത്തഡോക്‌സ്‌കാരുടെ ഒരു സന്തോഷം!
നമ്മള്‍ കാണുന്ന ആളു തന്നെയാണൊ ഉമ്മന്‍ ചാണ്ടി? സൗമ്യതക്കു പിന്നില്‍ മറ്റൊരു മുഖമുണ്ടെന്നു വ്യക്തം. സരിക്കുമൊരി രാഷ്ട്രീയക്കാരന്‍. ദുഖം തോന്നുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക