Image

കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് പി.രാമകൃഷ്ണന്‍ രാജിവെച്ചു.

Published on 08 October, 2011
കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് പി.രാമകൃഷ്ണന്‍ രാജിവെച്ചു.
കണ്ണൂര്‍ ‍: കെ.സുധാകരന്‍ എം.പിയ്‌ക്കെതിരായ പ്രസ്താവനയുടെ പേരില്‍ വിവാദത്തിലായ കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് പി.രാമകൃഷ്ണന്‍ രാജിവെച്ചു. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ഫാക്‌സ് ചെയ്യുകയായിരുന്നു. സുധാകരനെതിരായ രാമകൃഷ്ണന്റെ വിമര്‍ശനം കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിഷേധം വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് രാജി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും കണ്ണൂര്‍ കോണ്‍ഗ്രസ്സിലെ ഒരു പ്രബല വിഭാഗവും രാമകൃഷ്ണനെതിരെ പരസ്യമായി രംഗത്തുവന്നതും കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതുമാണ് രാമകൃഷ്ണനെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയത്.

കൂത്തുപറമ്പ് വെടിവെയ്പ്പുണ്ടായ ദിവസം എം.വി.രാഘവനെ അവിടേയ്ക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയത് കെ.സുധാകരനാണെന്ന പ്രസ്താവനയാണ് പി.രാമകൃഷ്ണന് വിനയായത്. എന്നാല്‍ തന്റെ പ്രസ്താവന ചാനലുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും താന്‍ പറഞ്ഞ മറ്റ് കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നുമാണ് രാമകൃഷ്ണന്റെ വിശദീകരണം.

പരസ്യ പ്രസ്താവന വിലക്കിയിട്ടും അത് ലംഘിച്ചതിന്റെ പേരിലാണ് കെ.പി.സി.സി. നേതൃത്വം ഡി.സി.സി.പ്രസിഡന്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കടുത്ത ഭാഷയിലാണ് പ്രസിഡന്‍റിനുവേണ്ടി ജനറല്‍ സെക്രട്ടറി എം. ഐ ഷാനവാസ് വിശദീകരണ നോട്ടീസ് നല്‍കിയത്. അതേസമയം സുധാകരനെതിരായ രാമകൃഷ്ണന്റെ പരാതി അന്വേഷിക്കുന്ന കരകുളം കൃഷ്ണപിള്ള ഒക്ടോബര്‍ 10, 11 തീയതികളില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ തെളിവെടുപ്പ് നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക