Image

മന്ത്രിമാരുടെ തുടര്‍ വിദേശയാത്രകള്‍ക്ക് പ്രധാനമന്ത്രിയുടെ വിലക്ക്‌

Published on 08 October, 2011
മന്ത്രിമാരുടെ തുടര്‍ വിദേശയാത്രകള്‍ക്ക് പ്രധാനമന്ത്രിയുടെ വിലക്ക്‌
ന്യൂഡല്‍ഹി: ആര്‍ഭാടങ്ങള്‍ കുറയ്ക്കണമെന്ന നിര്‍ദേശത്തിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ വിവിധ മന്ത്രിമാരുടെ 24 ഓളം വിദേശയാത്രാ പദ്ധതികള്‍ പ്രധാനമന്ത്രി ഇടപെട്ട് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. 2010 ല്‍ പത്തും ഈ വര്‍ഷത്തില്‍ പതിനാലും വിദേശയാത്രാ അപേക്ഷകളാണ് പ്രധാനമന്ത്രി ഇടപെട്ട് നിരസിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 ല്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേശഷം മന്ത്രിമാര്‍ ചെലവുചുരുക്കണമെന്നും ആര്‍ഭാടരീതികള്‍ കുറയ്ക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല എന്ന ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പ് മന്ത്രിമാരുടെ പല വിദേശയാത്രകള്‍ക്കും പ്രധാനമന്ത്രി അനുമതി നിഷേധിച്ചത്. ഇതില്‍ വയലാര്‍ രവി, ഫാറൂഖ് അബ്ദുള്ള, സല്‍മാന്‍ ഖുര്‍ഷിദ്, സുശീല്‍കുമാര്‍ ഷിന്‍ഡെ, ജയറാം രമേശ്, കുമാരി ഷെല്‍ജ, എം.എസ്.ഗില്‍, സുബോധ് കാന്ത് സഹായ്, അജയ് മാക്കന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

ടൂറിസം മന്ത്രി സുബോധ് കാന്ത് സഹായുടെ മൂന്ന് യാത്രയ്ക്കും വയലാര്‍ രവിയുടെ രണ്ട് യാത്രകള്‍ക്കും ഈ വര്‍ഷം അനുമതി നിഷേധിച്ചിട്ടുണ്ട്. മാര്‍ച്ച്, ജൂലൈ മാസങ്ങളിലായി അമേരിക്ക, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് വയലാര്‍ രവിയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലേതാണ് ഈ വിവരങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക