Image

വയലാര്‍ അവാര്‍ഡ് കെ.പി.രാമനുണ്ണിക്ക്‌

Published on 08 October, 2011
വയലാര്‍ അവാര്‍ഡ് കെ.പി.രാമനുണ്ണിക്ക്‌
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന് പ്രശസ്ത എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി അര്‍ഹനായി. "ജീവിതത്തിന്റെ പുസ്തകം" എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥാകൃത്ത് എം.മുകുന്ദന്‍, പ്രൊഫ.എം.കെ.സാനു, വയലാര്‍ ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

പ്രാദേശിക ചരിത്രം ഇഴകലര്‍ന്ന പുതുമയാര്‍ന്ന ആഖ്യാനാനുഭവമാണ് കെ.പി.രാമനുണ്ണിയുടെ പുസ്തകമെന്ന് ജൂറി വിലയിരുത്തി. സ്വാതന്ത്ര്യം, സ്‌നേഹം, ലൈംഗികത എന്നിവയെ വിശാലമായ അര്‍ത്ഥത്തില്‍ സമീപിക്കുന്ന ശൈലിയാണ് രാമനുണ്ണി തന്റെ രചനകളിലൂടെ അവതരിപ്പിച്ചതെന്നും ജൂറിയംഗങ്ങള്‍ നിരീക്ഷിച്ചു. എം.മുകുന്ദന്‍, ഉമ്മര്‍ തറമേല്‍, കൃഷ്ണനുണ്ണി എന്നിവരുടെ ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണ്ണയിച്ചത്. കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയാണ് കഴിഞ്ഞ തവണ പുരസ്‌കാരത്തിന് അര്‍ഹനായത്.

മലപ്പുറം ജില്ലയിലെ പൊന്നാനിയാണ് കെ.പി.രാമനുണ്ണിയുടെ ദേശം. ജീവിതത്തിന്റെ പുസ്തകം എന്ന രചനയ്ക്ക് പുറമേ സൂഫി പറഞ്ഞ കഥ, ചരമവാര്‍ഷികം, വിധതാവിന്റെ ചിരി, വേണ്ടപ്പെട്ടവന്റെ കുരിശ്, പുരുഷവിലാപം, ജാതി ചോദിക്കുക എന്നിവയാണ് മറ്റ് പ്രധാന രചനകള്‍. സൂഫി പറഞ്ഞ കഥയ്ക്ക് സാഹിത്യ അക്കാദമി പുരസ്‌കാരവും ഇടശ്ശേരി അവാര്‍ഡും ലഭിച്ചു. പുരുഷവിലാപത്തിന് അബുദാബി ശക്തി അവാര്‍ഡും നേടിയിട്ടുണ്ട്. സൂഫി പറഞ്ഞ കഥ പിന്നീട് അതേപേരില്‍ സംവിധായകന്‍ പ്രിയനന്ദനന്‍ സിനിമയാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക