Image

ഉപരോധവും പ്രതിരോധവും : ആരു വിജയിച്ചു? (ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 14 August, 2013
ഉപരോധവും പ്രതിരോധവും :  ആരു വിജയിച്ചു? (ബാബു പാറയ്ക്കല്‍)
സോളാര്‍ പ്രശ്‌നത്തിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് ഉപരോധിച്ചു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും എത്തിയ പതിനായിരക്കണക്കിന് ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകര്‍ക്ക് ആവേശം നല്കിക്കൊണ്ട്  ദേശീയ നേതാക്കള്‍ തിരുവനന്തപുരത്തെത്തി സമരത്തിനു പച്ചക്കൊടി കാട്ടി. മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ യാതൊന്നു അംഗീകരിക്കില്ലെന്നു രാജിവയ്ക്കുന്നതുവരെ അനിശ്ചിതകാലത്തേക്ക് ഉപരോധം നടത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു. സംസ്ഥാന നേതാക്കളില്‍ പിണറായി, കൊടിയേരി, വി.എസ്, തോമസ് ഐസക്, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ സമരക്കാരുടെ മുന്‍പന്തിയില്‍ തന്നെ നിലകൊണ്ടു.

മറുവശത്ത് എന്തും നേരിടാന്‍ തയ്യാറായി ആയിരക്കണക്കിനു സായുധ പോലീസ്, സി. ആര്‍. പി. എഫ്, അര്‍ദ്ധസൈനിക സേന എന്നീ വിഭാഗങ്ങള്‍ നിലയുറപ്പിച്ചതോടെ തിരുവനന്തപുരം നഗരം കണ്ടിട്ടില്ലാത്ത വിധം ഭീതിജനകമായ അന്തരീക്ഷം നിലവില്‍ വന്നു. ഇടതുപക്ഷ പ്രവര്‍ത്തകരില്‍ ആരെങ്കിലും ഒരാള്‍ ഒരു കല്ലെടുത്തു പോലീസിനെ എറിഞ്ഞാല്‍ അവര്‍ വെറുതെയിരിക്കുമോ ? ലാത്തിച്ചാര്‍ജ്, വെടിവയ്പ്, എത്ര പേര്‍ രക്ത സാക്ഷികളാകും ?  സാധാരണക്കാര്‍ പുറത്തിറങ്ങിയില്ല. പോലീസുകാര്‍ ഒരു ഗേറ്റു തുറന്നു തന്നെ വച്ചതിനാല്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും 67 ശതമാനം ജോലിക്കാരും സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിച്ചു. അതോ സമരക്കാര്‍ ആ ഗേറ്റു തുറന്നു കിടന്നോട്ടെയെന്നു കരുതിയോ ? ഉച്ചയായപ്പോഴേക്കും ബേക്കറി ജംഗ്ഷനില്‍ രംഗം ചൂടായി. ആരോ ഒരുത്തന്‍ എറിഞ്ഞ കല്ല് പോലീസുകാരനിട്ടു കൊണ്ടു. എന്നിട്ടും കര്‍ശന നിര്‍ദ്ദേശമുണ്ടയിരുന്നതുകൊണ്ട് പോലീസുകാര്‍ സംയമനം പാലിച്ചു. രംഗം വഷളാക്കുമെന്നു മനസ്സിലായ ഇടതു പക്ഷ നേതാക്കള്‍ പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. കളി കൈവിട്ടുപോയാല്‍ പിന്നെയുള്ള അവസ്ഥയെപ്പറ്റി രണ്ടു കൂട്ടര്‍ക്കും മനസ്സിലായി.

വടക്കേ ഇന്ത്യയില്‍ നിന്നും വന്നവര്‍്ക്കു നേതാവാരാ, പ്രവര്‍ത്തകനാരാണെന്നറിയില്ലല്ലോ. ആരൊക്കെ വെടികൊണ്ടു വീഴും ? പക്ഷ, ചില നേതാക്കന്മാര്‍ അങ്ങനെയൊരു സംഗതി ആഗ്രപിച്ചിരുന്നുവോ എന്നു സംശയിക്കണം. അവര്‍ ഇടതുപക്ഷ നേതാക്കന്മാരായി#ുന്നില്ല എന്നതാണു രസകരമായക വസ്തുത. എന്തുതന്നെയായാലും അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ഉമ്മന്‍ ചാണ്ടിയുടെ രാജി ഉറപ്പ് ! പക്ഷേ, പിണറായിയുടെ ഇമേജുപോകും. ആര്‍ക്കും ഒന്നും നേടാനില്ല.

മുഖം രക്ഷിക്കേണ്ടത് രണ്ടുപേരുടെയും ആവശ്യമാണ്. മദ്ധ്യസ്ഥന്‍മാര്‍ മുഖേന പിണറായിയും ഉമ്മന്‍ ചാണ്ടിയും ബന്ധപ്പെട്ടു. സോളാര്‍ പ്രശ്‌നത്തിന്‍ ജുഡീഷ്യല്‍ അന്വേഷണമാകാമെന്ന് മന്തിസഭായോഗത്തില്‍ ഉമ്മന്‍ചാണ്ടി സമ്മതിച്ചു. തീരുമാനം പിണറായിയെ അിറയിച്ചതോടെ എ.കെ.ജി ഭവനില്‍ ഇടതുപക്ഷയോഗം കൂടി മറ്റു നേതാക്കന്മാരുടെ മുമ്പിന്‍ അദ്ദേഹം കാര്യം അവതരിപ്പിച്ചുകൊണ്ട് സമരം പിന്‍വലിക്കുന്നതാണു നല്ലതെന്ന് അഭിപ്രായപ്പെട്ടു. മറ്റുള്ളവര്‍ അഃംഗീകരിച്ചു. മുഖ്യമന്തി ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്നു സമ്മതിച്ചു. ഇടതുപക്ഷം സമരം പിന്‍വലിച്ചു. ഇതില്‍ ആരാണ് വിജയിച്ചത്. ആരാണുതോറ്റത് ? രണ്ടുപക്ഷവും വിജയം അവകാശപ്പെടുന്നു. അവര്‍ക്ക് അവരവരുടേതായ ന്യായീകരണങ്ങളുമുണ്ട്. ചാനലുകള്‍ അവര്‍ പിന്താങ്ങുന്നവരാണു വിജയിച്ചത് എന്നു തെളിയിക്കാന്‍ പാടുപെടുന്നു. ഉമ്മന്‍ചാണ്ടിയെ താഴെയിറക്കിയേ അടങ്ങൂ എന്നു വാശി പിടിച്ച് വാര്‍ത്തകള്‍ വളച്ചൊടിച്ചുകൊണ്ട് നയം മാറ്റിയ 'ഏഷ്യാനെറ്റ് ന്യൂസ് '  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരുത്തനായതായി പ്രഖ്യാപിച്ചു. പക്ഷേ , ഇതു മുഖ്യമന്ത്രിയുടെ മാത്രം വിജയമാണോ? അല്ല! ഇത് യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ വിജയമാണ്. രണ്ടു സമുന്നത നേതാക്കളുടെ പ്രബുദ്ധതയിലാര്‍ന്ന ഉത്തരവാദിത്തബോധത്തിന്റെ ഫലമാണ് കീറാമുട്ടിയായി ജനജീവിതം സ്തംഭിപ്പിച്ചു നിന്ന ഈ പ്രശ്‌നത്തിനു വിരാമമിട്ടത്.

കഴിഞ്ഞ രണ്ടു മാസക്കാലത്തോളമായി വാര്‍ത്താ മാധ്യമങ്ങളില്‍ ഇതു മാത്രമായിരുന്നു വാര്‍ത്ത. ജനകീയനെന്നു പേരെടുത്ത മുഖ്യമന്ത്രി അവഹേളനത്തിന്റെയും അപമാനത്തിന്റെയും ഭാണ്ഡക്കെട്ടു ചുമലിലേറ്റി ശിരസു കുനിക്കേണ്ടി വന്നു. വിശ്വസ്തരെന്നു കരുതി കൂടെ കൊണ്ടു നടന്നവര്‍ പിന്നില്‍ നിന്നു കുത്തി. ഇനി ഒരിക്കലും ഉമ്മന്‍ചാണ്ടി എഴുന്നേല്‍ക്കില്ലെന്നു തീര്‍പ്പു കല്‍പ്പിച്ച് കുറുമുന്നണിയുണ്ടാക്കാന്‍ ഘടക കക്ഷികളില്‍ നിന്നു തന്നെ ശ്രമമുണ്ടായി.  സ്വന്തം പാര്‍ട്ടിയില്‍ തന്നെ വെറും 3 രൂപയുടെ അിെസ്ഥാന അംഗത്വം മതിയെന്നു പറഞ്ഞ് കാലുപിടിച്ചു മടങ്ങിവന്നവര്‍ പാര്‍ട്ടി പ്രസിഡന്റിനെ കടത്തി വെട്ടുന്ന വക്താക്കളായി. കൂടാരത്തില്‍ ഒട്ടകത്തിനു തലവയ്ക്കാന്‍ ഇടം. ഇടം കൊടുത്തതുപോലെയാണ് പാര്‍ട്ടി പ്രസിഡന്റിന്റെ അവസ്ഥ.

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു മുറവിളികൂട്ടിയ പ്രതിപക്ഷത്തിനു വെടിമരുന്നു ടണ്‍ കണക്കിനാണു ചീഫ് വിപ്പ് നല്‍കിയത്. പൂഞ്ഞാറില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി പി.സി. ജോര്‍ജ് മത്സരിച്ചേക്കുമെന്നും പറയുന്നു.

മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണത്തിനു സമ്മതിച്ചതോടെ രാജി അനിവാര്യമാകുമെന്നു പലരും ധരിച്ചു. ടി.വി.യില്‍ നടന്ന അഭിമുഖത്തില്‍ ചില ഇടതുപക്ഷ നേതാക്കള്‍ അതു പരസ്യമായി പറയുകയും ചെയ്തു. എന്നാല്‍ 1957-ലെ കമ്യൂണിസ്റ്റു മന്ത്രി സഭയില്‍ അപവാദങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്തിയായിരുന്ന ഇ.എം.എസ് ഉത്തരവിട്ടെങ്കിലും അദ്ദേഹം രാജിവയ്ക്കാതെ അധികാരത്തില്‍ തുടര്‍ന്നു. ഇന്നു ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ എന്താണു പറയാന്‍ കഴിയുക?

സോളാറിന്റെ പേരില്‍ ഡസന്‍ കണക്കിനു കേസുകള്‍ കോടതിയിലുണ്ട്. ഒരു കേസില്‍ പോലും ഉമ്മന്‍ചാണ്ടിയെ സോളാറില്‍ പ്രതിയാക്കണമെന്നു കാണിച്ച് വി. എസ്.അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അതിലും അനുകൂലമായി ഇതുവരെ ഒരു വിധി വി.എസിനു കിട്ടിയില്ല. കേരള സര്‍ക്കാരിന്റെ ഖജനാവില്‍നിന്നും സോളാര്‍ തട്ടിപ്പില്‍ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല. എന്നിട്ടും മുഖ്യമന്ത്രി രാജിവയ്ക്കണം എന്നു മാത്രം ഏഴുനേരവും വിളിച്ചു പറയുന്ന പ്രതിപക്ഷത്തിനെ ഇനി ആരാണു ചെവിക്കൊള്ളുക. കേരളത്തില്‍ ഇരുപത്തി അയ്യായിരത്തില്‍ പരം ഏരിയ കമ്മിറ്റികളുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മുപ്പതിനായിരം പേരെ തിരുവനന്തപുരത്തുകൊണ്ടുവരാന്‍ കഴിഞ്ഞതു വലിയ സംഭവമൊന്നുമസല്ല. അതു കേഡര്‍ പാര്‍ട്ടിയാണ്. എന്നാല്‍ ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് തിരുവനന്തപുരത്തരങ്ങേറിയ സമരം സമയോചിതമായി പിന്‍വലിച്ച് പൗരബോധം കാണിച്ച നേതാക്കന്മാര്‍ അഭിനന്ദനമര്‍ഹിക്കുന്നു.

കൂടുതല്‍ പോലീസിനെ വിന്യസിച്ച് വിമര്‍ശനം ഏറ്റുവാങ്ങിയ മുഖ്യമന്ത്രിയുടെ തന്ത്രം വിജയിച്ചതുവഴി ഘടക കക്ഷികള്‍ക്കും ഇനി ആശ്വസിക്കാം. ഇടതുപക്ഷ കക്ഷികള്‍ അവരുടെ സംഘടനാ ബലം കാണിച്ചു കൊടുത്തു. അതുപോലെതന്നെ മുഖ്യമന്ത്രി ഉത്തരവാദിത്ത ബോധമുള്ള ജനകീയനായ ഭരണാധികാരിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
ഇടതുപക്ഷ സമരത്തിനു നേതൃത്വം നല്‍കിയ പിണറായിക്കും അവസരത്തിനൊത്തുയര്‍ന്ന മുഖ്യമന്ത്രിക്കും വൈമനസ്യത്തോടെയെങ്കിലും പരസ്യമായി ഉടക്കാന്‍ പോകാതിരുന്ന കെ.പി.സി.സി. പ്രസിഡന്റിനും കേരള ജനത നന്ദി പറയുന്നു. നമുക്കൊന്നായി ഭാരതത്തിന്റെ സ്വാതന്ത്ര്യം ആഘോഷിച്ച് മാവേലിയെ വരവേര്‍ക്കാന്‍ തയ്യാറാകാം. ഭരണപക്ഷവും പ്രതിപക്ഷവും ഉത്തരവാദിത്വത്തോടെ യോജിച്ചു പ്രവര്‍ത്തിച്ചാല്‍ കേരളത്തിന്റെ ഭാവിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് തെളിഞ്ഞിരിക്കുന്നു.

അഭിനന്ദനങ്ങള്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക