Image

സവര്‍ണ്ണമേധാവിത്വം: പണിതെടുക്കേണ്ട സ്വര്‍ഗ്ഗരാജ്യം (പി.റ്റി. പൗലോസ്‌)

Published on 16 August, 2013
സവര്‍ണ്ണമേധാവിത്വം: പണിതെടുക്കേണ്ട സ്വര്‍ഗ്ഗരാജ്യം (പി.റ്റി. പൗലോസ്‌)
`അവതരണത്തില്‍ കലര്‍പ്പു കലരുമ്പോള്‍' എന്ന ഉല്‌കൃഷ്‌ടമായ ലേഖനത്തില്‍ ശ്രീ വാസുദേവ്‌ പുളിക്കല്‍ എഴുതിക്കണ്ടു: `ജാതീയമായ ഐഡന്‍റിറ്റി നിലനിര്‍ത്തിക്കൊണ്ട്‌എല്ലാവര്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാം എന്ന അവസ്‌ഥയില്‍ കേരളീയ ഹിന്ദുക്കള്‍ എത്തിയിട്ടുണ്ട്‌' ഞാന്‍ അല്‌പം വിയോജിക്കുകയാണ്‌.

കേരളത്തിലെ ഐതിഹാസികമായ ക്ഷേത്രപ്രവേശന സ്വാതന്ത്ര്യസമരം വിജയിച്ചതും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച മഹാന്മാരുടെ ത്യാഗപൂര്‍ണ്ണമായ കഥകളും നമുക്കറിയാം. എന്നാല്‍ ഹൈന്ദവ ക്ഷേത്രങ്ങളില്‍ സവര്‍ണ്ണമേധാവിത്വം ഇന്നും നിലനില്‌ക്കുന്നു. ആദ്‌ഭുതമെന്നു പറയട്ടെ, വടക്കന്‍ കേരളത്തിലെ പല ക്ഷേത്രങ്ങളിലും അവര്‍ണ്ണരായ ഹിന്ദുക്കള്‍ക്ക്‌ പ്രവേശനംപോലും ഇല്ല. 2006-ല്‍, `ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം: ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയചനില്‍ ഒരു ഫീച്ചര്‍ തയ്യാറാക്കുന്നതിന്‌ ബംഗാളിലെ ഒരു പത്രസ്‌ഥാപനം എന്നെ നിയോഗിച്ചു. വടക്കന്‍ കേരളത്തിലെ പല അവര്‍ണ്ണഹിന്ദുക്കളും അവര്‍ക്ക്‌ ആരാധനാവകാശം നിഷേധിക്കപ്പെട്ട ദയനീയ കഥകള്‍ എന്നോടു പറഞ്ഞു. ക്ഷേത്രത്തിനു പുറത്തു നില്‌ക്കാന്‍ വരെ ക്ഷേത്രഭരണാധികാരികള്‍ അവരെ അനുവദിക്കുന്നില്ല. രണ്ടു ക്ഷേത്രങ്ങള്‍ നേരില്‍ സന്ദര്‍ശിച്ചെങ്കിലും ആ ദൗത്യം നിര്‍വ്വഹിക്കാന്‍ എനിക്കായില്ല. കാരണം എന്‍െറ പേരുതന്നെ. തെക്കുനിന്ന്‌ ഒരു നസ്രാണി വന്ന്‌ ഞങ്ങളുടെ ക്ഷേത്രകാര്യങ്ങളില്‍ കൈകടത്തുന്നു, അത്‌ അനുവദിക്കാന്‍ പാടില്ല. ഇതിലെ രസകരമായ വസ്‌തുത, ക്ഷേത്രത്തില്‍ പ്രവേശനമില്ലാത്ത അവര്‍ണ്ണന്‍പോലും പറഞ്ഞു: ഞങ്ങളുടെ കാര്യങ്ങള്‍ എഴുതുന്നതിന്‌ ഒരു ക്രിസ്‌ത്യാനിയുടെ ആവശ്യമില്ല. കണ്ണൂര്‍ തളിപ്പറമ്പിലെ ഒരു ഹോട്ടലില്‍ ഒരു ദിവസം മുഴുവന്‍ ഞാന്‍ ബന്ദി ആവുകയും ചെയ്‌തു. ഇത്‌ വെറും വിശ്വാസത്തിന്‍െറ പ്രശ്‌നമല്ല, മനുഷ്യാവകാശലംഘനമാണ്‌.

അധികാരം നേടാനും നിയന്ത്രിക്കാനും, സംസ്‌കാരത്തിന്‍െറ ഗതിയെയും സ്വഭാവത്തെയും നിര്‍ണ്ണയിക്കനുമുള്ളൊരു ഉപാധിയായാണ്‌ `ചാതുര്‍വര്‍ണ്ണ്യം' യുഗങ്ങളിലൂടെ നിലവില്‍ വന്നത്‌. പിന്നീടത്‌ ദുഷിച്ച്‌ ജാതിവ്യവസ്‌ഥയുടെ ഗര്‍ത്തങ്ങളില്‍ വീണു. മഹത്തായ സന്ദേശമാണ്‌ ശ്രീനാരായണഗുരു നല്‍കിയത്‌: മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി; ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷന്‌. പക്ഷേ, അനുയായികള്‍ മതത്തെയും ദൈവത്തെയും ചേര്‍ത്തുനിര്‍ചനി, മനുഷ്യനെ അകറ്റിനിര്‍ത്തി ഗുരു ഉദ്ദേശിച്ചത്‌ മനുഷ്യനെയാണ്‌.

ഭാരതത്തിന്‍െറ ജീവനാഡിയായ ആധ്യാത്മികതയില്‍, അല്ലെങ്കില്‍ വേദചിന്തയില്‍, അധിഷ്‌ഠിതമായ ഹൈന്ദവമതം ഒരു ദര്‍ശനസംഹിതയാണ്‌. ആ തത്ത്വശാസ്‌ത്രത്തിന്‍െറ വലിപ്പമാണ്‌ ഭാരതത്തെ വേറിട്ടു നിര്‍ത്തുന്നത്‌. സഹിഷ്‌ണുതയിലും സാഹോദര്യത്തിലും അധിഷ്‌ഠിതമായ ആതിഥ്യമര്യാദ ഈ പുണ്യഭൂമിയുടെ മുഖമുദ്രയായിരുന്നു. അതുകൊണ്ടുതന്നെ ബുദ്ധരും ജൈനരും യഹൂദരും ക്രൈസ്‌തവരും മുഹമ്മദീയരും സിക്കുകളും സൊറൊവാഷ്‌ട്രീയരുമെല്ലാം ഇവിടെ സമ്മേളിക്കപ്പെട്ടു. എല്ലാ സംസ്‌കാരങ്ങളുടെയും സംഗമഭൂമിയായി ഭാരതം. ആ സംസ്‌കാരങ്ങളില്‍ വൈവിധ്യങ്ങളുണ്ടായിരുന്നു; എന്നാല്‍ അവ വ്യവസ്‌ഥകളില്ലാതെ അംഗീകരിക്കപ്പെട്ടു. വിവിധ മതസ്ഥരുടെ ദേവാലയങ്ങള്‍ പണിയാനും അവസരങ്ങള്‍ നല്‍കിയ ഇവിടത്തെ തനതായ സംസ്‌കാരത്തിന്‍െറ അവകാശികളായ ഹൈന്ദവരെ മതംമാറ്റുന്നത്‌ സാംസ്‌കാരികമായ ചൂഷണംതന്നെ. പക്ഷേ, എല്ലാം ഇവിടെ സംഭവിച്ചുകഴിഞ്ഞു;രാജ്യംതന്നെ വിഭജിക്കപ്പെട്ടു. മതങ്ങളുടെ വേരുകള്‍ താണിറങ്ങി അള്ളിപ്പിടിച്ചിരിക്കുന്നത്‌ മനുഷരുടെ ഹൃദയങ്ങളിലാണ്‌. ഭൂമി ഉള്ളിടത്തോളംകാലം ഇവിടെ ഹൈന്ദവരും മുസ്ലിംഗളും രണ്ടു തട്ടില്‍ തന്നെ.

മൂല്യങ്ങള്‍ വാര്‍ന്നുപോയ ജനാധിപത്യഭരണസംവിധാനത്തില്‍ ഇന്നു പിടിച്ചുനില്‌ക്കണമെങ്കില്‍ മതങ്ങള്‍ ആവശ്യമാണ്‌. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിനചനില്‍ ഡല്‍ഹിയിലെ റെഡ്‌ഫോര്‍ട്ടില്‍ ദേശീയപതാകയെ സല്യൂട്ടു ചെയ്യണമെങ്കില്‍, അമ്പത്തഞ്ചു ശതമാനം മനുഷ്യരും ദരിദ്രരും നിരക്ഷരരുമായ ഭാരതത്തിന്‍െറ നെഞ്ചിലൂടെ വര്‍ഗ്ഗീയതയുടെ മണ്ണിളക്കിക്കൊണ്ട്‌ രാമന്‍െറ രഥം ഉരുണ്ടേ മതിയാകൂ. രഥം ഉരുട്ടുന്നവന്‍െറ ഉള്ളിന്‍െറയുള്ളില്‍ രാമക്ഷേത്രമല്ല ലക്ഷ്യം, അധികാരത്തിന്‍െറ ചെങ്കോലാണ്‌. മതവും ജാതിയും ഇന്ന്‌ രാഷ്‌ട്രീയത്തിലെ തുരുപ്പുചീട്ടാണ്‌. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പറഞ്ഞ വിപ്ലവനേതാവിന്‍െറ അനുയായികള്‍ ലത്തീന്‍ കത്തോലിക്കരുടെ തമ്പുരാക്കന്മാരാകുന്നു അവര്‍ പോട്ട ആശ്രമത്തില്‍ സാക്ഷ്യം ചൊല്ലുന്നു, മലചവിട്ടലിന്‌ കെട്ടു നിറയ്‌ക്കുന്നു, പളനിയില്‍ തല മുണ്ഡനം ചെയ്യുന്നു എല്ലാം അധികാരത്തിന്‍െറ ചക്കരഭരണിക്കായി.

കൈവിട്ടുപോയ ഹൈന്ദവമൂല്യങ്ങളെ പടവെട്ടിപ്പിടിക്കുന്നത്‌ വര്‍ഗ്ഗീയതയാണ്‌. നമ്മുടെ ജനാധിപത്യത്തില്‍ വര്‍ഗ്ഗിയതയല്ല മതസഹിഷ്‌ണുതയാണ്‌ ആവശ്യം. കഴിഞ്ഞ ദിവസം ഞാനൊരു ശശികലടീച്ചറിന്‍െറ പ്രഭാഷണം കേട്ടു. മലപ്പുറത്തെ ബാങ്കുവിളിയെയും കോട്ടയത്തെ ഹല്ലേലുയ്യയെയും പരിഹസിച്ച്‌, നിലവിലുള്ള വ്യവസ്‌ഥിതിയെ മുഴുവന്‍ ഹൈന്ദവവത്‌ക്കരിക്കാനുള്ള സമരകാഹളമായിരുന്നു അവരുടെ വാക്കുകള്‍. മതവിദ്വേഷമല്ല മതസൗഹാര്‍ദ്ദമാണ്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍െറ ആവശ്യം. ആ പ്രബോധകയെ വിമര്‍ശിച്ചിട്ടു കാര്യമില്ല: മറുവത്ത്‌, നിയന്ത്രണമില്ലാതെ പെറ്റുപെരുകുന്ന ക്രൈസ്‌തവസഭകളും പോഷകസംഘടനകളുമാണുള്ളത്‌. അത്യുന്നതങ്ങളിലുണ്ടെന്നു പറയുന്ന ദൈവത്തെ നോക്കി, ഇല്ലെന്നുറപ്പുള്ള സ്വര്‍ഗ്ഗരാജ്യത്തിനുവേണ്ടി, ഭൂമിയില്‍ സമാധാനം നശിക്കുമ്പോള്‍, ശശികലടീച്ചര്‍ ഇവിടെ പടവാളെടുത്തില്ലെങ്കിലും പടയൊരുക്കമെങ്കിലും നടത്തേണ്ടേ!

കാലഘട്ടങ്ങളുടെ സംഭാവനയായി ഇവിടെ പുതിയ മനുഷ്യദൈവങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടു. അവര്‍ അവരുടെ നിലനില്‌പിനുവേണ്ടി പുത്തന്‍ തത്വശാസ്‌ത്രങ്ങള്‍ മെനഞ്ഞു. ആ രോഗാണുക്കള്‍ ഹിന്ദുമതത്തിലേക്കും കടന്നു; അങ്ങനെ ഹൈന്ദവ സംസ്‌കാരത്തിനും മതത്തിനും പുഴുക്കുത്തേറ്റു. ഹിന്ദുമതത്തിന്‌ മാനവികതയുടെയും ശാസ്‌ത്രീയതയുടെയും ആധുനികയുഗചിന്തയുടെയും പുതിയ മുഖം കൊടുത്തത്‌ സ്വാമി വിവേകാനന്ദന്‍ ആയിരുന്നു. അദ്ദേഹം പറഞ്ഞു: `മരം അറിയപ്പെടുന്നത്‌ അതിന്‍െറ ഫലത്തിലൂടെയാണ്‌. ഭാരതചനിലെ ഓരോ മാവിന്‍െറയും ചുവട്ടിലേക്കു പോകുക. പുഴുക്കുത്തേറ്റു വാടിവീണ മാമ്പഴങ്ങള്‍ മാഞ്ചോട്ടില്‍നിന്ന്‌ കൊട്ടക്കണക്കിനു പെറുക്കിയെടുത്ത്‌ അവയില്‍ ഓരോന്നിനെക്കുറിച്ചും ശതക്കണക്കിനു ഗ്രന്ഥങ്ങള്‍ എഴുതിക്കോളൂ. എന്നാലും നിങ്ങള്‍ ഒരു മാമ്പഴയും വിവരിച്ചുകഴിഞ്ഞിരിക്കയില്ല. മാവില്‍നിന്ന്‌ അതിമധുരമായ, മൂത്തുപഴുത്ത, നീരുള്ള ഒരു മാമ്പഴം പൊട്ടിച്ചുതിന്നുക; മാമ്പഴം എന്താണെന്ന്‌ അപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും. അതാണു ഹിന്ദുമതം'. ഗംഗ ഒഴുകുകയാണ്‌. ശാന്തമായല്ല, ആര്‍ത്തലച്ചുകൊണ്ട്‌, രാക്ഷസീയഭാവത്തില്‍, ധാര്‍മ്മികമൂല്യങ്ങള്‍ വെന്തുചീഞ്ഞ വിഷജലവുമായി. ആ ഗംഗയില്‍ നമുക്കു മുങ്ങാതിരിക്കാം! പകരം, നമുക്ക്‌ നമ്മിലേക്കുതന്നെ തിരിഞ്ഞുനോക്കാം. ഇവിടെയാണ്‌ `അഹം ബ്രഹാസ്‌മി'യുടെ പ്രസക്തി. പിശാചും ദൈവവും കൂടുകൂട്ടിയ നമ്മുടെ അകത്തളങ്ങളില്‍നിന്ന്‌ പിശാചിനെ അകറ്റി ദൈവത്തൈ തിരിച്ചറിയാം. അങ്ങനെ സ്വര്‍ഗ്ഗരാജ്യം നമ്മളില്‍ പണിതെടുക്കാം. ആ സ്വര്‍ഗ്ഗകവാടങ്ങള്‍ വരുംതലമുറയ്‌ക്കായ്‌ തുറന്നിടാം.

(2013 ഓഗസ്‌റ്റില്‍, ന്യൂയോര്‍ക്കിലെ `വിചാരവേദി'യില്‍, വാസുദേവ്‌ പുളിക്കലിന്‍െറ `അവതരണ
ത്തില്‍ കലര്‍പ്പു കലരുമ്പോള്‍' എന്ന ലേഖനത്തെപ്പറ്റിയുള്ള ചര്‍ച്ചയില്‍ അവതരിപ്പിച്ചത്‌)
സവര്‍ണ്ണമേധാവിത്വം: പണിതെടുക്കേണ്ട സ്വര്‍ഗ്ഗരാജ്യം (പി.റ്റി. പൗലോസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക