Image

പ്രവാസി ഓണാഘോഷങ്ങള്‍ക്ക്‌ ചാരുത കൂടുതല്‍ - പി.സി. വിഷ്‌ണുനാഥ്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 09 October, 2011
പ്രവാസി ഓണാഘോഷങ്ങള്‍ക്ക്‌ ചാരുത കൂടുതല്‍ - പി.സി. വിഷ്‌ണുനാഥ്‌
ന്യൂയോര്‍ക്ക്‌: പ്രവാസി ഓണാഘോഷങ്ങള്‍ക്കാണ്‌ കേരളത്തിലേക്കാള്‍ ശോഭയെന്ന്‌ യുവ എം.എല്‍.എ. ശ്രീ പി.സി. വിഷ്‌ണുനാഥ്‌ അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഓണക്കാലത്ത്‌ ഭൂരിപക്ഷം പേര്‍ക്കും ടെലിവിഷന്‍ ചാനലുകളിലൂടെയാണ്‌ ഓണം. എന്നാല്‍, അമേരിക്കയില്‍ മലയാളി അസ്സോസിയേഷനുകളുടെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ ഭക്ഷണം പാകം ചെയ്‌ത്‌ എല്ലാവരും ഒത്തൊരുമിച്ച്‌ സദ്യയുണ്ട്‌ ഓണാഘോഷങ്ങളില്‍ ഏര്‍പ്പെടുന്നതു കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു. പുലിക്കളി, ചെണ്ടമേളം, തിരുവാതിര, മഹാബലി എഴുന്നള്ളത്ത്‌, വള്ളം കളി എന്നിങ്ങനെ എത്ര സമൃദ്ധമായാണ്‌ നിങ്ങള്‍ ഓണം ആഘോഷിക്കുന്നത്‌. തന്റെ ആഹ്ലാദം അദ്ദേഹം പ്രവാസി മലയാളികളുമായി പങ്കിട്ടു. പ്രസിദ്ധമായ `കേരനിരകളാടും' എന്ന മനോഹരമായ ഗാനം ആലപിച്ച്‌ അദ്ദേഹം സദസ്സിനെ അത്ഭുതപ്പെടുത്തി.

ചടങ്ങില്‍ ഡോ. നിഷാ പിള്ള ഓണത്തിന്റെ ഐതിഹ്യത്തെപ്പറ്റി സംസാരിച്ചു. നാം കേട്ടിരിക്കുന്ന കഥകള്‍ക്ക്‌ ചില നാടോടിക്കഥകളുടെ ആധികാരികത മാത്രമാണ്‌ ഉള്ളതെന്ന്‌ ഭാഗവതത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ച്‌ അവര്‍ വ്യക്തമാക്കി. തുടര്‍ന്ന്‌ പ്രശസ്‌ത സിനിമാ സംവിധായകനും, ടെലിവിഷന്‍ അവതാരകനുമായ അടൂര്‍ ഗോവിന്ദന്‍കുട്ടി രസകരമായ തന്റെ പുത്തന്‍ അമേരിക്കന്‍ അനുഭവങ്ങള്‍ സദസ്സുമായി പങ്കിട്ടു.

വൈവിധ്യമാര്‍ന്ന നിരവധി കലാപ്രകടനങ്ങള്‍ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടി. ഈയ്യിടെ അന്തരിച്ച പ്രശസ്‌ത സംഗീതസംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്ക്‌ ആദരാജ്ഞലിയായി ശബരീനാഥ്‌, ശാലിനി, രവി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഗാനമേള ഏവര്‍ക്കും ഹൃദ്യമായ അനുഭവമായി. ഫൊക്കാനയുടെ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ വര്‍ഗീസ്‌ ചുങ്കത്തില്‍ സ്വാഗതവും സെക്രട്ടറി ചെറിയാന്‍ പെരുമാള്‍ നന്ദിയും രേഖപ്പെടുത്തി.
പ്രവാസി ഓണാഘോഷങ്ങള്‍ക്ക്‌ ചാരുത കൂടുതല്‍ - പി.സി. വിഷ്‌ണുനാഥ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക